X

കര്‍ഷക ആത്മഹത്യയും ആഗോള താപനവും

 

രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യാനിരക്കിനെപ്പറ്റി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ തമ്മ എ. കാര്‍ലട്ടന്‍ നടത്തിയ പഠനം അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കര്‍ഷക ആത്മഹത്യ കൂടുതല്‍ നടക്കുന്ന രാജ്യം മാത്രമല്ല വര്‍ധിച്ചുവരുന്ന ആഗോള താപനിരക്കും കര്‍ഷകരുടെ ആത്മഹത്യാനിരക്കിലുള്ള വര്‍ധനവും തമ്മിലുള്ള ബന്ധം വളരെ കൂടുതലുള്ള രാജ്യവും കൂടിയാണ് ഇന്ത്യ.
കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന അത്യുഷ്ണം, വരള്‍ച്ച, വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, പ്രകൃതിക്ഷോഭം തുടങ്ങിയവ വ്യാപകമായ കൃഷി നാശത്തിന് കാരണമാകുന്നു. ഇത്തരം അവസരങ്ങളില്‍ സര്‍ക്കാറില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കാതാകുന്നതോടെ കാര്‍ഷിക വായ്പ തിരിച്ചടക്കാന്‍ പറ്റാതെ കടം വര്‍ധിച്ച് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ്. കാര്‍ലട്ടന്റ കണക്കുപ്രകാരം കഴിഞ്ഞ മൂന്ന് ദശകത്തില്‍ 59700 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ 35 ശതമാനവും 2014 ന് ശേഷമാണ്. ഇത് ഔദ്യോഗിക കണക്കുമാത്രം. അരി, ചോളം, ഗോതമ്പ്, സോയാബിന്‍ തുടങ്ങിയ വിളകള്‍ കൃഷി ചെയ്തവരാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും ദോഷകരമായി ബാധിച്ച് ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും. ആഗോള താപനം വരുത്തിയ അത്യുഷ്ണംമൂലം 1995 നും 2016 നും ഇടയില്‍ കാര്‍ഷിക മേഖലയില്‍ മാത്രം മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ 70 ശതമാനവും 2012 ന് ശേഷമാണ്. ഇവരില്‍ അധികവും നെല്ല്, ഗോതമ്പ്, പയറ്, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്തവരാണ്. കൃഷി സീസണില്‍ അന്തരീക്ഷ ഊഷ്മാവ് 200ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഓരോ ഡിഗ്രി ഊഷ്മാവ് വര്‍ധിക്കുമ്പോഴും ശരാശരി 65 ആളുകള്‍ വീതം ആത്മഹത്യ ചെയ്യുന്നു. അമേരിക്ക, ചൈന തുടങ്ങി ഏറ്റവും കൂടുതല്‍ വിസര്‍ജ്ജനം നടത്തുന്ന രാജ്യങ്ങളില്‍പോലും താപന നിരക്ക് ഓരോ ഡിഗ്രി ഊഷ്മാവ് വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ ആഗോള താപന പ്രേരിത കര്‍ഷക ആത്മഹത്യ ശരാശരി 17 മാത്രമാണ്. ഇന്ത്യയില്‍ ഓരോ 30 മിനുട്ടിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. 2016-ല്‍ മഹാരാഷ്ട്രയില്‍ മാത്രം 3063 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ നാഗ്പൂര്‍ ജില്ലയിലെ വിദര്‍ഭയില്‍ മാത്രം 145 കര്‍ഷകര്‍ മരണം ഏറ്റുവാങ്ങി. ഇവര്‍ മുഴുവനും കൃഷിനാശം സംഭവിച്ചവരാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വിദേശ രാജ്യങ്ങളിലും കാര്‍ഷിക നാശം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അവിടെയൊന്നും കര്‍ഷക ആത്മഹത്യ ഇത്ര ഭീമമായി വര്‍ധിച്ചിട്ടില്ല. അമേരിക്ക, ചൈന, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വന്‍ തോതില്‍ സബ്‌സിഡിയും ക്രോപ് ഇന്‍ഷൂറന്‍സും നല്‍കുന്നതാണ് പ്രധാന കാരണം. കൃഷി നശിച്ചാലും ജോലി എടുത്തതിനുള്ള പ്രതിഫലം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കാര്‍ഷിക ഇന്‍ഷൂറന്‍സ് പോലും ബിസിനസ് അടിസ്ഥാനത്തില്‍ നല്‍കുമ്പോള്‍ എല്ലാ സുരക്ഷിതത്വവുമുള്ള വന്‍കിടക്കാര്‍ ഈ ആനുകൂല്യം തട്ടിയെടുക്കുന്നു. ജൂലൈയില്‍ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വറോണ്‍മെന്റും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ കാര്‍ഷിക ഇന്‍ഷൂറന്‍സ് ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് സ്‌കീം, വെതര്‍ ബേസ്ഡ് ക്രോപ് ഇന്‍ഷൂറന്‍സ് സ്‌കീം തുടങ്ങിയവ പ്രധാനമായും ലാഭ ഉദ്ദേശ്യത്തോടൂകൂടി ഇന്‍ഷൂറന്‍സ് നല്‍കുന്ന കമ്പനികളാണ്.
സി.എ.ജിയുടെ കണക്കുപ്രകാരം 2017 മാര്‍ച്ച് മാസം വരെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ 10000 കോടിയോളം സഞ്ചിത ലാഭം ഉണ്ടാക്കി. പ്രീമിയത്തെ അപേക്ഷിച്ചു കുറഞ്ഞുവരുന്ന ക്ലെയിം ആണ് പ്രധാന കാരണം. ഒരു വശത്ത് ഇന്‍ഷൂറന്‍സ് കിട്ടാത്തതിനാല്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമ്പോള്‍ മറുവശത്ത് ഇന്‍ഷൂറന്‍സ് പ്രീമിയത്തെ അപേക്ഷിച്ച് കുറഞ്ഞ ക്ലെയിം വരുന്നതിനാല്‍ വന്‍ ലാഭം കൊയ്യുന്ന ഇന്‍ഷൂറന്‍സ് കമ്പനികള്‍. വിരോധാഭാസത്തിനു പേരു ലഭിച്ചതുതന്നെ ഇന്ത്യന്‍ കാര്‍ഷിക രംഗത്തുനിന്നാണെന്നു തോന്നും. ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലാഭക്കൊതിയെ സഹായിക്കുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 2014ല്‍ ഒരു ലക്ഷത്തില്‍ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നത് 2016-17 ആയപ്പോഴേക്കും 15 ആയി ഉയര്‍ന്നത്. ജനങ്ങളുടെ 95 ശതമാനവും നാമമാത്ര കൃഷിയെ ആശ്രയിക്കുന്ന വിദര്‍ഭ പോലെയുള്ള സ്ഥലങ്ങളില്‍ ഇത് 34 ആയി ഉയര്‍ന്നത് അവിടെ ക്രോപ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ കുറവായതുകൊണ്ടല്ല. വലിയ പ്രീമിയം കര്‍ഷകര്‍ക്ക് താങ്ങാനാകില്ല. 2015-16 ല്‍ വീണ്ടും ക്രോപ് ഇന്‍ഷൂറന്‍സ് തുക 32 ശതമാനം വര്‍ധിപ്പിച്ച് കമ്പനികളുടെ ലാഭം 30000 (200 ശതമാനം) കോടിയായി ഉയര്‍ത്തിയപ്പോള്‍ കര്‍ഷക ആത്മഹത്യ 2011 നെ അപേക്ഷിച്ച് 230 ശതമാനം വര്‍ധിച്ചു. മൂന്നു നേരം ഭക്ഷണം ഉണ്ടാക്കിത്തരുന്ന കര്‍ഷകര്‍ക്ക് നേരിടുന്ന ദുരന്തം കണ്ടില്ലെന്നു നടിക്കുന്ന രാജ്യം ഇന്ത്യയല്ലാതെ ലോകത്തിലെവിടെയുമില്ല. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ നട്ടെല്ലായ കര്‍ഷകരുടെ ദുരന്തം പഠിക്കുന്നതിന് വിദേശ സര്‍വകലാശാലയില്‍നിന്നുപോലും ധാരാളം ഗവേഷക വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. ഇതിന് പ്രധാന തെളിവാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ താമ കര്‍ലട്ടന്‍ പ്രസീഡിങ്ങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ എഴുതിയ കാര്‍ഷിക ആത്മഹത്യയെപ്പറ്റിയുള്ള ലേഖനം. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും തെറ്റായ വിവരമാണ് ഇവര്‍ക്ക് നല്‍കിയത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ ഉഷ്ണവും വിളനാശവും വഴി ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ വെറും 59700 കര്‍ഷകര്‍ മാത്രമാണ് ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ നല്‍കിയ കണക്ക്. ആഗോള താപ വര്‍ധനവിന്റ ഫലമായി ഉണ്ടായ കൃഷി നാശവും കര്‍ഷക ആത്മഹത്യയും തടയുന്നതിന് നടപടി എടുക്കാത്തതിനെതിരെയും വൈക്കോല്‍ സൂക്ഷിക്കാന്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ നല്‍കാത്തതിനെതിരെ പഞ്ചാബിലെ പാണ്ടിയാല ജില്ലയിലെ കല്ലാര്‍മാജിരി ഗ്രാമത്തിലെ കര്‍ഷകര്‍ കറ്റകള്‍ കത്തിച്ചു പ്രതിഷേധിച്ചു. ഇതില്‍നിന്നുള്ള വായുമലിനീകരണം ഡല്‍ഹിയെവരെ ബാധിച്ചപ്പോഴാണ് സര്‍ക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ദേശീയ ഹരിത ട്രിബ്യൂണല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്തപ്പോള്‍ കറ്റകള്‍ കത്തിച്ച 21 പേരെ തടഞ്ഞു എന്ന തെറ്റായ വിവരം കോടതിക്ക് നല്‍കി പാണ്ടിയാല ജില്ലയിലെ 21 പേരെ കോടതിയില്‍ ഹാജരാക്കണം എന്ന ഉത്തരവിട്ടപ്പോഴാണ് സര്‍ക്കാരിന്റേത് കള്ള സത്യവാങ്മൂലമാണെന്ന് തെളിഞ്ഞത്.

chandrika: