X

മലബാറിനെ ജ്വലിപ്പിച്ച യമനീ വെളിച്ചം

 

യമനില്‍ നിന്നും പായക്കപ്പലില്‍ പുറപ്പെട്ട കച്ചവട സംഘത്തോടൊപ്പമാണ് ഹിജ്‌റ 1159 ല്‍ ശൈഖ് ജിഫ്‌രി ബിന്‍ മുഹമ്മദ് കോഴിക്കോട് കപ്പലിറങ്ങുന്നത്. മാനവിക്രമനായിരുന്നു അക്കാലത്തെ കോഴിക്കോട്ടെ സാമൂതിരി. സാമുതിരിമാര്‍ ഇതര മതസ്ഥരോട് സ്വീകരിക്കുന്ന മാന്യമായ സമീപനത്തെക്കുറിച്ചുള്ള കേട്ടറിവാണ് ശൈഖ് ജിഫ്രിയെ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചത്.
വിക്രമന്‍ സാമൂതിരിയുടെ ദര്‍ബാറിലെത്തിയപ്പോള്‍ ഇവിടെ സ്ഥിര താമസമാക്കണമന്ന് ശൈഖ് ജിഫ്‌രിയോട് സാമൂതിരി അഭ്യര്‍ത്ഥിച്ചു. ചെലവിനായി സമീപ പ്രദേശമായ കല്ലായി ആനമാട് ഒരു വലിയ തെങ്ങിന്‍ തോപ്പും താമസിക്കാനായി കുറ്റിച്ചിറയിലെ മാളിയേക്കല്‍ തറവാടും (ഇന്നത്തെ ജിഫ്‌രി ഹൗസ്) വിട്ടു കൊടുത്തു. ശൈഖ് ജിഫ്‌രിയെ സ്വീകരിക്കാനെത്തിയ കോഴിക്കോട് ഖാളിയുടെയും മറ്റു മത നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൈമാറ്റം.
കേരളവുമായുള്ള കച്ചവട ബന്ധത്തിന് പഴയ കാലം തൊട്ടേ പേരുകേട്ട യമനിലെ ഹളറമൗത്തിന് സമീപത്തുള്ള തരീമിലെ അല്‍ ഹാവി എന്ന ഗ്രാമത്തിലാണ് ശൈഖ് സയ്യിദ് ജിഫ്‌രി ഹിജ്‌റ 1139 ല്‍ ജനിക്കുന്നത്. പിതാവ് ശൈഖ് മുഹമ്മദ് ജിഫ്‌രി ചെറുപ്രായത്തിലെ മരണപ്പെട്ടതിനാല്‍ കച്ചവട സംഘങ്ങള്‍ക്കൊപ്പം വിവിധ ദേശങ്ങള്‍ ചുറ്റി സഞ്ചരിക്കുകയായിരുന്നു പതിവ്. ജ്യേഷ്ഠ സഹേദരനായിരുന്നു മതത്തിലെ അടിസ്ഥാന കര്‍മ്മങ്ങളെയും മറ്റു ആത്മീയ പാഠങ്ങളും പകര്‍ന്നു നല്‍കിയത്.
കോഴിക്കോട്ടെത്തിയപ്പോള്‍ സയ്യിദ് മുഹമ്മദ് ഹാമിദ് എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചതായി ചരിത്ര രേഖകളില്‍ കാണുന്നു. ഇദ്ദേഹം കൊയിലാണ്ടിക്കാരനാണ്. ശൈഖ് ജിഫ്‌രിയുടെ ആത്മീയ ഔന്നിത്യവും സിദ്ധികളും മലബാറിലെ ജനങ്ങള്‍ക്കിടയില്‍ അതിവേഗം പ്രചരിച്ചു. ഒമ്പതാം വയസ്സ് മുതല്‍ തുടങ്ങിയ ദേശസഞ്ചാരങ്ങള്‍ ശൈഖ് ജിഫ്‌രി, മലബാറിലെത്തിയ ശേഷവും മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ് തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്ക് അനേകം തീര്‍ത്ഥാടനം നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മതാധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാനായി ഗുരു സയ്യിദ് ഹാമിദ് എന്നവരോടൊപ്പവും നാട്ടിന്‍ പുറങ്ങളിലൂടെ സഞ്ചരിക്കലും പതിവായിരുന്നു. ജാതിമത ഭേദമന്യേയാണ് ശൈഖ് ജിഫ്‌രിയുടെ കേളി പ്രചരിക്കപ്പെട്ടത്. ആത്മീയ സായൂജ്യം തേടി പോയവരില്‍ അനേകം അമുസ്‌ലിംകളും ഉണ്ടായിരുന്നു. ശൈഖ് ജിഫ്‌രി വഴി അനേകമാളുകളാണ് അക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നത്.
കോഴിക്കോട് സന്ദര്‍ശിച്ചിരുന്ന മൈസൂര്‍ രാജാവ് ഹൈദരലിയും മകന്‍ ടിപ്പു സുല്‍ത്താനും കോഴിക്കോട് മാളിയേക്കല്‍ തറവാട്ടില്‍ ചെന്ന് ശൈഖ് ജിഫ്‌രിയെ സന്ദര്‍ശിച്ചത് ചരിത്രകാന്മാര്‍ പ്രാധാന്യപൂര്‍വം അനുസ്മരിക്കുന്നുണ്ട്.
കുറ്റിച്ചിറയിലെ മാളിയേക്കല്‍ തറവാട്ടിലേക്ക് ടിപ്പു സുല്‍ത്താന്‍ വരുന്നുണ്ടെന്നറിഞ്ഞ് പ്രദേശം ജനനിബിഢമായി. ആളുകള്‍ ടിപ്പുവിന്റെ വരവും കാത്ത് രാവിലെ മുതല്‍ പരിസരപ്രദേശങ്ങളില്‍ നിലയുറപ്പിച്ചു. ഉച്ചയായപ്പോള്‍ കുറച്ചു സൈനികരുടെ കുതിരകളുടെ കുളമ്പടിയൊച്ച കേട്ടു ആളുകള്‍ തിരിഞ്ഞു നോക്കി. കുറച്ചു സൈനികര്‍ മാത്രം ശൈഖ് ജിഫ്‌രിയെ കാണാന്‍ കയറി ചെല്ലുന്നതായേ അവര്‍ക്ക് തോന്നിയുള്ളു. എന്നാല്‍ പെട്ടെന്നാണ് അകത്തു നിന്ന് ശൈഖ് ജിഫ്‌രി ഇറങ്ങി വന്ന് ഒരു സൈനികനെ മാത്രം ആശ്ലേഷിച്ച് സ്വീകരിച്ചിരുത്തുന്നതായി അവര്‍ കാണുന്നത്. ആളുകള്‍ ആശ്ചര്യം പൂണ്ടു. ടിപ്പു സുല്‍ത്താന്‍ സൈനിക വേഷത്തിലെത്തിയിരിക്കുകയാണെന്ന് പിന്നെയാണവര്‍ തിരിച്ചറിഞ്ഞത്. രാജ വേഷത്തില്‍ ജിഫ് രിയെ സന്ദര്‍ശിക്കാനുള്ള മടി കാരണത്താലായിരുന്നു ടിപ്പു ഒരു സാധാരണ സൈനികന്റെ വേഷത്തിലെത്തിയത്. സൈനികര്‍ക്കിടയില്‍ നിന്ന് ശൈഖ് ജിഫ്‌രി തന്നെ തിരിച്ചറിഞ്ഞതിലുള്ള ആശ്ചര്യം ടിപ്പുവിനും അടക്കാനായില്ല. ശൈഖ് ജിഫ്‌രി ഭരണ കാര്യങ്ങള്‍ അന്വേഷിക്കുകയും ക്ഷേമം നേരുകയും ചെയ്തു. ടിപ്പുവിനും കൂടെ വന്നവര്‍ക്കും നാട്ടുകാര്‍ക്കും വിരുന്ന് സല്‍ക്കാരം നല്‍കി. ആതിഥേത്വം കൊണ്ട് ടിപ്പുവിനെയും കൂടെ വന്നവരെയും സന്തോഷിപ്പിച്ചു. ഖാദിരീ ആത്മീയ സരണിയിലെ കൈമാറ്റാവകാശമുള്ള സൂഫീ ഗുരുവായിരുന്ന ശൈഖ് ജിഫ്‌രിയോട് തന്നെ ഒരു ശിഷ്യനായി സ്വീകരിക്കണമെന്നായിരുന്നു ടിപ്പുവിന്റെ ഏക അഭ്യര്‍ത്ഥന. ദക്ഷിണയായി ഗുരുവിന് കുറ്റിച്ചിറയില്‍ ഇന്നത്തെ വലിയ ചിറയുണ്ടാക്കി കൊടുത്തെന്നും പറയപ്പെടുന്നു.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചൊരു പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു ശൈഖ് ജിഫ്‌രി. അനേകം രചനകള്‍ നടത്തി സാഹിത്യ മ്പുഷ്ടമായി അറബി ഭാഷയില്‍ തന്റെ ചിന്തകളെയും ആത്മാനുഭവങ്ങളെയും മനോഹരമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മിക്ക രചനകളും തന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ വേര്‍പാടിലുള്ള വിരഹ വേദനകളെ പകര്‍ത്തിയെഴുതാനുള്ള ശ്രമമായിരുന്നു.
കന്‍സുല്‍ ബറാഹീന്‍, അല്‍ കൗക്കബുല്‍ ദുരിയ്യ, അല്‍ കസബാത്തു വല്‍ അസ്‌റാര്‍, അല്‍ ഇര്‍ഷാദത്തുല്‍ ജിഫ്‌രി തുടങ്ങിയ രചനകള്‍ തന്റെ മറ്റൊരു ഗുരുവായ സയ്യിദ് ഹസനുബ്‌നു ഹദ്ദാദിന്റെ ഓര്‍മ്മക്കായി എഴുതിയ രചനയും ദുഃഖത്തില്‍ ചാലിച്ചതായിരുന്നു. നമസ്‌കാരത്തില്‍ ഗുരു ശിരസ്സ് വെക്കുന്ന ഭാഗം മുസല്ലയില്‍ നിന്ന് വെട്ടിയെടുത്ത് ഗുരുവിന്റെ ഓര്‍മ്മക്കായി തന്റെ മുസല്ലയില്‍ ചേര്‍ത്തായിരുന്നു ശൈഖ് ജിഫ്‌രി നമസ്‌കരിക്കാറ്.
കേരളത്തിന്റെ ഇരുള്‍മുറ്റിയ നാളുകളില്‍ മതചൈതന്യം പകര്‍ന്ന് ജീവസ്സുറ്റതാക്കാന്‍ കാലങ്ങളിലായി പുണ്യാത്മാക്കള്‍ ഇവിടേക്ക് കടന്നു വന്നിരുന്നു. ഓതിപ്പഠിച്ച താളിയോലകളേക്കാള്‍ പരിശീലിച്ചുറച്ച് കരുത്ത് കൂട്ടിയ ആത്മീയ സരണികളായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. ആ ഉന്നത പാരമ്പര്യത്തിലേക്ക് ചേര്‍ത്ത് പറയുന്ന തജല്ലിയത്തിന്റെ അവസ്ഥയിലുള്ള ശ്രേഷ്ഠരായിരുന്നു ശൈഖ് ജിഫ്‌രി. ഹിജ്‌റ 1222 ദുല്‍ ഖഅദ് 8 നായിരുന്നു ഇഹലലോകവാസം വെടിഞ്ഞത്. ഖുതുബുസ്സമാന്‍ മമ്പുറം സൈതലവി തങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാളി തുടങ്ങിയ ആത്മീയ പുരുഷന്മാരൊക്കെ അനുശോചന കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

chandrika: