X
    Categories: Views

കാലിച്ചന്തയില്‍ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി

 

ഷാഫി ചാലിയം

ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ വേളയില്‍ തന്നെ പശു രാഷ്ട്രീയ വിഷയമായിട്ടുണ്ട്. പാല്‍ ചുരത്തുന്ന പശുവിനെ ആഹാരമാക്കുന്നത് ‘ശരിയുമല്ല ആദായകരവുമല്ല’ എന്ന സങ്കല്‍പ്പത്തില്‍ ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനമുണ്ട്. എന്നാല്‍ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന പശുവിനെ തീറ്റിപ്പോറ്റാന്‍ പാവങ്ങളായ ക്ഷീര കര്‍ഷകന് സാധിക്കില്ല എന്ന് മാത്രമല്ല പോറ്റിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിവൃത്തികേടിന്റെ അവസ്ഥയില്‍ മാത്രമാണ് പശു അറവ് ശാലയിലേക്ക് എത്തുന്നത്. നിരോധിത സംസ്ഥാനങ്ങളിലെല്ലാം ഇത് നടന്നുവന്നിരുന്നു.
ഇന്ത്യന്‍ ജനസംഖ്യയില്‍ ഏകദേശം 30 ശതമാനത്തോളം ആളുകള്‍ നാല്‍ക്കാലികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ് എന്നാണ് കണക്ക്. ഇതില്‍ മുസ്‌ലിംകള്‍ 5 ശതമാനം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. താഴെ തട്ടില്‍ ജീവിക്കുന്ന പാവപ്പെട്ട ഹൈന്ദവ ജനതയാണ് ഇതിലെ വലിയ വിഭാഗം. കാലികളുടെ മേല്‍ കൊണ്ട്‌വരുന്ന ഏതൊരു നിയന്ത്രണവും ബാധിക്കുക ഈ സമൂഹത്തെയായിരിക്കും. ഇത് വ്യക്തമാക്കാതെ ഇതൊരു മുസ്‌ലിം വിരുദ്ധ സംഭവമാക്കി പരിമിതപ്പെടുത്തി എന്ന് മാത്രമല്ല രാഷ്ട്രീയമായി മുസ്‌ലിം വോട്ട് സമാഹരിക്കാന്‍ ദുരുപയോഗം നടത്തുകയും ചെയ്തു എന്ന കൊടും പാതകമാണ് ഈ വിഷയത്തില്‍ സി.പി.എം ചെയ്തത്. ബി.ജെ.പി ആഗ്രഹിച്ചതും അതായിരുന്നു. ഒരു ജനവിരുദ്ധ നീക്കത്തെ, ഹൈന്ദവ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെ ദ്രോഹിക്കുന്ന നീക്കത്തെ, അല്ലെങ്കില്‍ കര്‍ഷക വിരുദ്ധ നീക്കത്തെ മുസ്‌ലിം വിരുദ്ധ നീക്കമായി പരിമിതപ്പെടുത്തി കൊടുത്തപ്പോള്‍ ബി.ജെ.പിക്കത് കൂടുതല്‍ ഗുണകരമായി ഭവിച്ചു.
മുസ്‌ലിം വിരുദ്ധതക്ക് ആഗോള തലത്തില്‍ ഒരിടമുണ്ട് ഇപ്പോള്‍. മോദി ഇന്ത്യയില്‍ പരീക്ഷിച്ചതും അതുതന്നെയാണ്. കൂടുതല്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ലോകത്തെന്ന പോലെ ഇന്ത്യയിലും ഇടമുണ്ടെന്ന ചര്‍ച്ചയാണ് ഭുവനേശ്വറില്‍ ബി.ജെ.പി നടത്തിയത്. ഗോവധ നിരോധനത്തില്‍ ഏതെല്ലാം മൃഗങ്ങള്‍ ഉള്‍പ്പെടുന്നുവെന്നത് ഇന്ത്യയില്‍ തര്‍ക്ക വിഷയമാണ്. ഡല്‍ഹിയില്‍ പോത്തും കാളയും ഗോ വര്‍ഗത്തില്‍ പെടില്ല എന്ന വാദക്കാരുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും പോത്തും കാളയും ഗോ വര്‍ഗത്തില്‍ പെടുന്നുവെന്നും പറയുന്നുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പരിഷ്‌കാരമെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് എന്ത് ന്യൂനതയാണുള്ളതെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത എന്തെല്ലാമാണ്. ഇതില്‍ എന്തൊക്കെ ഈ നിയമം തടയുന്നുണ്ട്. 1. മൂക്ക് കുത്തുന്നത്. 2 . വെറ്ററിനറി ഡോക്ടര്‍ ചെവിയില്‍ ആയുധം കൊണ്ട് തുളയുണ്ടാക്കി കമ്മല്‍ പതിക്കുന്നത്. (ഇത് സര്‍ക്കാര്‍ നടപടി) 3. വൃഷണം ഉടക്കുന്നത് . 4. കുളമ്പില്‍ ലാട അടിക്കുന്നത്. 5. ഭാരം കയറ്റിയ വണ്ടി വലിക്കുന്നത്. 6. കിടാവ് കുടിക്കേണ്ട പാല്‍ കവര്‍ന്നെടുത്ത് മനുഷ്യന്‍ കുടിക്കുന്നത്. 7. എണ്ണയാട്ടുന്നതിനായി ഭാരം കയറ്റിയ ചക്ക് രാവിലെ മുതല്‍ വൈകും വരെ വൃത്താകൃതീയില്‍ ചുമന്ന് വലിക്കുന്നത്. ഇതൊക്കെ ക്രൂരതയല്ലേ?
തന്റെ കുഞ്ഞിനായി ദൈവം തന്ന പാല്‍ മനുഷ്യന്‍ കറന്നെടുക്കുന്നത് നിസ്സഹാതയോടെ നോക്കി നില്‍ക്കുന്ന ഗോ മാതാവിന്റെ വേദനയില്‍ ഒരു ഭക്തനും പരിഭവപ്പെട്ടതായി അറിവില്ല. ലോകത്തെ നിയമ വിധേയമായ മോഷണമാണ് (കുറ്റകൃത്യമാണ്) യഥാര്‍ത്ഥത്തില്‍ പശു കറവ. ഈ നിയമത്തില്‍ പശു, കാള, പോത്ത്, ഒട്ടകം ഇവ മാത്രമേയുള്ളൂ. ആട്, കുതിര, പന്നി തുടങ്ങിയവ എന്ത്‌കൊണ്ട് ഇല്ല? ഇവക്ക് നേരെ എന്ത് ക്രൂരതയും ആവാമോ. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട്‌വരുമ്പോള്‍ ഈ മൃഗങ്ങള്‍ എന്ത്‌കൊണ്ട് ഈ പരിധിയില്‍ വരുന്നില്ല.
കാലിച്ചന്തയില്‍ രേഖകള്‍ സഹിതം ഉരുവിനെ വാങ്ങാം. സത്യവാങ്മൂലത്തില്‍ കൃഷി ആവശ്യത്തിനാണെന്ന് എഴുതികൊടുക്കണം. ആറ് മാസത്തേക്ക് വില്‍ക്കാനും പാടില്ല. എന്നാല്‍ വാങ്ങിയ ഉരു കാര്‍ഷികാവശ്യത്തിന് ഉപയുക്തമല്ല എന്ന് ബോധ്യമായാല്‍ എന്ത് ചെയ്യും പാവം കര്‍ഷകന്‍? ആറ് മാസം വരെ കാത്തിരിക്കാനും അത് വരെയുള്ള ചെലവിന് വരുന്ന (ഉദ്ദേശം ഒരു ഉരുവിനാന് ദിവസം മിനിമം 150 രൂപ വെച്ച് 6 മാസത്തേക്ക് 6 ഃ 30 = 18000) ഏകദേശം ഉരുവിനെ വാങ്ങിയതിനേക്കാള്‍ വില) ഈ തുക കര്‍ഷകന് ആര് നല്‍കും.
കാലി ചന്തകള്‍ കാര്‍ഷികാവശ്യത്തിന് മാത്രം എന്ന നിഷ്‌കര്‍ഷകത ഇന്ത്യയില്‍ ഏത് നിയമത്തിലാണുള്ളത്. കാലികളെ വാങ്ങാനും വില്‍ക്കാനും പരസ്പരം വെച്ച് മാറാനുമാണ് ചന്തകള്‍. അത് കാര്‍ഷികാവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്നത് കാലികളോടോ കാര്‍ഷിക മേഖലയോടോ ഉള്ള താല്‍പര്യമല്ല എന്ന് സ്പഷ്ടം. കേരളം, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍ക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. ഈ സംസ്ഥാനങ്ങളിലെ കാലി ചന്തകളില്‍ എന്ത് കച്ചവടമാണ് നടക്കുക. കാലികളുടെ അറവ് അവശിഷ്ടങ്ങള്‍ സംസ്‌കരിക്കപ്പെട്ട് എന്ത് മാത്രം ഉത്പന്നങ്ങള്‍ രാജ്യത്ത് ഉണ്ടാക്കുന്നുണ്ട്. ഫാര്‍മ മേഖലയിലെ ജലാറ്റിന്‍, വള നിര്‍മ്മാണ മേഖലയിലെ എല്ല് പൊടി, തുകല്‍ ഉത്പന്നങ്ങള്‍, എടക്ക, ചെണ്ട, ആര്‍. എസ്.എസുകാരുടെ ഡ്രില്ലില്‍ ഉപയോഗിക്കുന്ന ബാന്‍ഡ് അങ്ങിനെയെത്രയെത്ര. ഈ മേഖലയില്‍ ജോലി ചെയ്യുന്ന അനേകായിരങ്ങള്‍ ഇനി എന്തു ജോലിയാണ് ചെയ്യുക. തുകല്‍ സംസ്‌കരണത്തിനാവശ്യമായ തൊലിയുരിയല്‍ ഉള്‍പെടെയുള്ള ജോലികള്‍ താഴ്ന്ന വിഭാഗത്തില്‍പെട്ട ദലിതുകളാണ് ചെയ്തു വരുന്നത്. ബി.ജെ.പിക്കെതിരെ ശക്തമായി പ്രതികരിച്ചുവരുന്ന ദലിതരെ സാമ്പത്തികമായി തകര്‍ക്കുകയെന്ന ലക്ഷ്യംകൂടി മോദി സര്‍ക്കാറിനുണ്ട്.
ബി.ജെ.പി അധികാരമേറ്റത് മുതല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളിലെല്ലാം മുസ്‌ലിം വിരുദ്ധതയുണ്ട്. ഈ നിയമവും അതിനൊരപവാദമല്ല. മതപരമായ ബലി ആവശ്യങ്ങള്‍ക്കും എന്നൊരു പരാമര്‍ശം ഈ പരിഷ്‌കരണത്തിലുണ്ട്. നിലവിലുള്ള 1960 ലെ നിയമത്തില്‍ മതപരമായ ബലി കര്‍മ്മങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല. പുതിയ നിയമം ബലി മൃഗങ്ങളെ കാലി ചന്തയില്‍ നിന്നും വാങ്ങുന്നത് മാത്രമാണോ വിലക്കിയതെന്നത് മദിരാശി ഹൈക്കോടതിയുടെ മധുരൈ ബഞ്ചില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സമര്‍പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലൂടെയേ അറിയാന്‍ കഴിയൂ. മാംസാഹാരത്തിന് അമിത പ്രാധാന്യം ഇസ്‌ലാം കൊടുത്തിട്ടില്ല. പ്രവാചകന്‍ പോലും ആഘോഷ വേളകളിലും അതിഥി സല്‍ക്കാരങ്ങളിലുമാണ് മാംസാഹാരം വിളമ്പാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഹദീസുകളിലുണ്ട്. (മാംസാഹാരം പരിമിതമായി ഉപയോഗിക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ട്). എന്നാല്‍ ലോകത്തെ ഇതര മത സമൂഹങ്ങള്‍ നിത്യേന തന്നെ മാംസ്യത്തിന്റെ ഉപഭോക്താക്കളാണ്. ഇന്ത്യയിലെ പ്രാചീന മതങ്ങളും ജാതികളും മതപരമായി തന്നെ മാംസ്യാഹാരം ഭുജിക്കുന്നവരാണെന്നതിന് വേദങ്ങളില്‍ തന്നെ തെളിവുകളുണ്ട്.
ഇന്ത്യയിലെ ബീഫ് കയറ്റുമതിക്കാര്‍ ബി.ജെ.പി അനുകൂലികളാണ്. അല്‍ കബീര്‍ എക്‌സ്‌പോര്‍ട്‌സ് ഉടമ സതീഷ് സബര്‍വാളിന് 650 കോടിയുടെ വ്യാപാരം നടത്തുന്ന ബീഫ് കയറ്റുമതി കമ്പനിയാണുള്ളത്. തെലുങ്കാനയില്‍ 400 ഏക്കറിലധികം വിസ്തൃതിയുള്ള അറവു ശാലയുണ്ട് സബര്‍വാളിന്. അല്‍ ആനം അഗ്രോ ഫുഡ്‌സ് ഉടമ സംഗീത് സോം ബി.ജെ.പി എം.എല്‍.എയാണ്. ഹലാല്‍ എക്‌സ്‌പോര്‍ട്‌സ് കമ്പനിയും അല്‍ ദുവാ ഫുഡ്‌സും സോമിന്റേത് തന്നെ. അല്‍ നൂര്‍ എക്‌സ്‌പോട്ടേഴ്‌സ് ഉടമ സൂദും ഭാര്യ പ്രിയാ സൂദും. എ.ഒ.പി എക്‌സ് പോര്‍ടേഴ്‌സ് ഉടമ ഒ.പി അറോറയാണ്. സ്റ്റാന്‍ഡേര്‍ഡ് ഫ്രോ സണ്‍ ഫുഡ്‌സ് ഉടമ കമല്‍ വര്‍മ്മയാണ്.
കന്നുകാലി വ്യാപാര നിരോധനത്തിന് പിറകിലെ കോര്‍പറേറ്റ് മൂലധന താല്‍പര്യങ്ങള്‍ മനസ്സിലാക്കുമ്പോഴാണ് സംഘ്പരിവാര്‍ അജണ്ടയുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാവുക. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനമാണ് കാലി വളര്‍ത്തലും കാലി കൈമാറ്റവും. ഇവ നിയന്ത്രിക്കുക വഴി ഈ മേഖലയിലുള്ളവര്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകും. പാലും ഇറച്ചിയും ചാണകവും കന്നുകാലി വളര്‍ത്തുന്നവരുടെ വരുമാന സാധ്യതയാണ്. വിവിധോദ്ദേശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് അവയെ വില്‍ക്കേണ്ടി വരും. ആ അവകാശമാണ് ഇവിടെ നിയന്ത്രിക്കപ്പെടുന്നത്. അതുവഴി കന്നുകാലി വ്യാപാരവും വ്യവസായവും കുത്തകളിലേക്ക് കേന്ദ്രീകരിക്കപ്പെടും.

chandrika: