X

ജനങ്ങളുടെ ജാഗ്രതയും കാറ്റൊഴിഞ്ഞ യാത്രയും

 

ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് ഇപ്പോഴത്തെ മുഖ്യന്‍ പണ്ട് പറഞ്ഞപ്പോള്‍ കണ്ണ് മിഴിച്ചവനൊക്കെ ഇപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് അറിയുന്നത്. ഈ സി.പി.എമ്മിനെ കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ലെന്നത് എത്ര ശരി. പണ്ട് കട്ടന്‍ ചായയും പരിപ്പുവടയും തിന്ന് സിന്ദാബാദ് വിളിക്കുന്ന ദാരിദ്ര്യം പിടിച്ച പാര്‍ട്ടിയായി എക്കാലത്തും കേരളത്തിലെ സി.പി.എം തുടരുമെന്ന് ആരേലും ധരിച്ചിട്ടുണ്ടേല്‍ തെറ്റി. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലക്ഷ്യൂറിയസ് കമ്മ്യൂണിസത്തിന്റെ കാലമാണ്.
കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്ന് വിലപിക്കുന്നവര്‍ പക്ഷേ കമ്യൂണിസ്റ്റുകാര്‍ ഉത്തരാധുനികരാണെന്നത് പോസിറ്റീവായി കാണുന്നില്ല. എന്നും ശുഷ്‌കിച്ച് പിച്ചപ്പാത്രവുമായി പാട്ടപ്പിരിവും നടത്തി നടക്കുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് മുമ്പ് ഇ.പി ജയരാജന്‍ തന്നെ പറഞ്ഞതാണ്. സംഗതി പറഞ്ഞത് ജയരാജനാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടി സെക്രട്ടറി തന്നെ വേണ്ടിവന്നു. ടിയാന് മിനിമം നൂറു മീറ്റര്‍ നടക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു മിനികൂപ്പറെങ്കിലും വേണമെന്നാണ് ഇപ്പോള്‍ കിംവദന്തി.
കുമ്മനത്തിന്റെ അമിട്ടടി യാത്രക്കു ബദലായി തുടങ്ങിയ ജനജാഗ്രത യാത്ര അങ്ങനെ കോടിയേരിയുടെ ജാഗ്രതക്കുറവ് കൊണ്ട് ജാഗ്രതക്കുറവ് യാത്രയായി മാറി. ചുരുങ്ങിയത് സഖാവിന് യാത്രയുടെ പേരെങ്കിലും വായിക്കാമായിരുന്നു. എങ്കില്‍ ഒരു പക്ഷേ ജാഗ്രതക്കുറവ് ഒഴിവായേനെ. അല്ലേലും പേരിലെന്തിരിക്കുന്നു. ജനങ്ങള്‍ക്ക് ഇത്ര ജാഗ്രതയുണ്ടെന്ന് അറിയുമെങ്കില്‍ ഇന്തമാതിരി പുകില്‍ പേര് ഇടില്ലായിരുന്നുവെന്നത് കട്ടായം. ബി.ജെ.പി ടീംസിന്റെ യാത്രയുടെ ക്ഷീണം മാറ്റാന്‍ തുടങ്ങിയ യാത്ര അങ്ങനെ ഇരുമ്പുലക്ക വിഴുങ്ങിയതിന് ചുക്ക് കഷായം കുടിച്ച പരുവത്തിലായി. പക്ഷേ അസൂയക്കാര്‍ എന്തും പറഞ്ഞോട്ടെ (സി.പി.ഐ ഉള്‍പ്പെടെ) പാര്‍ട്ടി സെക്രട്ടറി യഥാര്‍ത്ഥത്തില്‍ പത്തു വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ഒരു ജാഥയുടെ റിഹേഴ്‌സലാണ് മിനികൂപ്പര്‍ രൂപത്തില്‍ നടത്തിയതെന്ന ജാഗ്രതയെങ്കിലും മിനിമം വിമര്‍ശകര്‍ക്ക് പരിഗണിക്കാമായിരുന്നു. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ മുതല്‍ താഴെക്കിടയിലുള്ള ശിങ്കിടികള്‍ വരെ വല്യക്കാട്ട് പെറ്റി ബൂര്‍ഷ്വാകളുടെ വൈസ് പ്രസിഡന്റോ, സെക്രട്ടറിയോ, സി.ഇ.ഒയോ, മിനിമം ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനമെങ്കിലും നടത്തി വിലസുന്ന കാലത്ത് കേരളത്തില്‍ നികുതിയടക്കാന്‍ പോലും ഗതിയില്ലാഞ്ഞിട്ട് അങ്ങ് പോണ്ടിച്ചേരിയില്‍ നികുതിയടച്ച് ഇറക്കിയ വെറും 40 ലക്ഷത്തിന്റെ കാറിലൊക്കെ എന്തിരിക്കുന്നു. 40 ലക്ഷമൊക്കെ എന്തൂട്ട് ലക്ഷ്വറി ഇത് വെറും ചെറുത്, വലുത് ഇനിയെത്ര വരാനിരിക്കുന്നു. ഛായ് ചുമ്മാ ഇത്രയും ചെറിയ ഒരു സാധനത്തിനെ വെറുതെ ആഢംബരമെന്നൊക്കെ കളിയാക്കാന്‍ വകയുണ്ടോ?. അല്ലെങ്കില്‍ തന്നെ വൈരുധ്യാത്മക ബൗദ്ധിക വാദം എന്നു പറയുന്നത് ഏതാണ്ടിതൊക്കെ തന്നെയാണല്ലോ. ഏതാണ്ട് വൈരുധ്യങ്ങളും പിന്നെ പാര്‍ട്ടിക്കാര്‍ അത് ന്യായീകരിക്കാന്‍ നടത്തുന്ന വാചക കസര്‍ത്തും. നമ്മള്‍ നികുതി കൊടുത്ത പണം കൊണ്ടുണ്ടാക്കിയ വിമാനത്താവളം വഴി അല്‍പം സ്വര്‍ണം കടത്തിയെന്ന ചെറിയൊരു കേസിലെ പ്രതി പൊതു പ്രവര്‍ത്തകനായതിനാല്‍ പ്രശ്‌നമില്ലെന്നാണ് സി.പി.എമ്മിനു വേണ്ടി ചര്‍ച്ച തൊഴില്‍ നടത്തുന്ന ന്യായീകരണ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നത്. സ്വര്‍ണക്കടത്ത് അത്ര വല്യ തെറ്റൊന്നുമല്ല!. ഇനി വേണ്ടിവന്നാല്‍ പാര്‍ട്ടി ഇതേകുറിച്ച് അന്വേഷിക്കുകയും ചെയ്യും, പിന്നെന്താ പ്രശ്‌നം. ഇനിയിപ്പോ ചിക്കന്‍ കാലും കടിച്ചു പിടിച്ചുള്ള ഫോട്ടോയും ബിരിയാണിയുമൊക്കെയാണ് പ്രശ്‌നമെങ്കില്‍ ഈ പാര്‍ട്ടി ബിരിയാണിക്കെതിരാണെന്ന് എവിടേയും പറഞ്ഞിട്ടില്ലല്ലോ. ഇനി സംഘികളെങ്ങാനും ബിരിയാണി നിര്‍ത്തലാക്കിയാലോ? അതിനു മുമ്പ് വേണ്ടേ. സംഘിസം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും താഴോട്ടേക്ക് വരുന്നതല്ലേ ഉള്ളൂ. എന്തിനും ഏതിനും താത്വികമായ അവലോകനം നടത്തുന്ന പാര്‍ട്ടിയായതിനാല്‍ ഇനി ജാഗ്രതയുള്ള ജാഥക്ക് എത്ര ലക്ഷത്തിന്റെ വാഹനമാവാം, ജാഗ്രതക്കുറവുള്ള യാത്രക്ക് എത്ര ലക്ഷം വരെ പോകാം, ചിക്കന്‍ ബിരിയാണി പാടുണ്ടോ, അതോ മട്ടന്‍ ബിരിയാണി വിത്ത് പെപ്‌സി, കൊക്കകോള ആവാമോ തുടങ്ങിയവ അടുത്ത ജാഥക്കു മുമ്പേ പാര്‍ട്ടിക്ക് തീരുമാനിക്കാവുന്നതേ ഉള്ളൂ. പെപ്‌സിക്കും കൊക്കകോളക്കുമൊക്കെ പാര്‍ട്ടി എതിരാണെങ്കിലും ഇപ്പോഴത്തെ ആഗോളീകരണ കാലത്ത് അല്‍പമൊക്കെയാവാം. ഇനിയിപ്പം സംഘികളുടെ ജാഥയില്‍ നിന്നും അമിട്ടടി നടന്നതു പോലെ വെറുമൊരു ആഡംബരത്തിന്റെ പേരില്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി ഓടിപ്പോയി ഭരിക്കുന്നത് എങ്ങിനെയെന്ന് പറഞ്ഞ് കൊടുക്കാനാവുമോ, എന്തിനും ഏതിനും അതിന്റേതായ സമയമുണ്ടല്ലോ. വടക്കു നിന്നും ബിരിയാണിയും പെപ്‌സിയുമൊക്കെയായി ഒരു ജാഥ നടക്കുമ്പോള്‍ തെക്കു നിന്നും ഒരു ജാഗ്രത യാത്ര നടക്കുന്നുണ്ട്. അതു പക്ഷേ കാനത്തിന്റെ നേതൃത്വത്തിലുള്ള പട്ടിണി ജാഥയാണെന്ന് പാപ്പരാസികള്‍ പറയുന്നത്.
ജനജാഗ്രത യാത്ര ഏതാണ്ട് ആഡംബരവും പട്ടിണിയുമായി ഒരു വശത്ത് ഇഴഞ്ഞു നീങ്ങുന്നതിനിടെ ഒരിടവേളക്കു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ കൊണ്ടും കൊടുത്തും ആചാര പൂര്‍വം കൊണ്ടാടുന്ന കലഹം തലപൊക്കിക്കഴിഞ്ഞു. ഇതും ഒരു ആഡംബരത്തിന്റെ പേരിലാണ്. വേദനിക്കുന്ന കോടീശ്വരനും സര്‍വോപരി മുഖ്യന്റെ പിന്തുണയുള്ള മന്ത്രിയുമായ ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിന്റെ പേരിലാണെന്നു മാത്രം. പാവപ്പെട്ടവരെ സഹായിക്കാനായി 150 കോടി ചുമ്മാ ചക്കച്ചുള പോലെ എണ്ണിക്കൊടുത്ത് റിസോര്‍ട്ട് തുടങ്ങിയ മന്ത്രിയെ തള്ളണോ, കൊള്ളണോ എന്നതിനെ ചൊല്ലി റവന്യൂ മന്ത്രിയും പാര്‍ട്ടിയും ഒരു ഭാഗത്തും സി.പി.എമ്മും എ.ജിയും മറുഭാഗത്തുമാണ്. മന്ത്രി കത്ത് കൊടുക്കുന്നു. എ.ജി കൊട്ടയിലിടുന്നു. മറുപടി കിട്ടിയില്ലെന്ന് മന്ത്രി, റവന്യൂ വിഷയം അങ്ങനെ ആരുടേയും തറവാട്ട് സ്വത്താക്കേണ്ടെന്ന് എ.ജി. ഇതാണ് ഇപ്പോഴത്തെ ഒരു രീതി. അല്ലെങ്കിലും ജാഗ്രതക്കുറവ് പരിഹരിക്കാന്‍ വിശദീകരണ യോഗം വിളിച്ച് പിള്ളാരെ കോളജില്‍ കയറി തല്ലിയ എം.എല്‍.എക്ക് പിന്തുണ പ്രഖ്യാപിച്ചതു പോലെ ഇനി എ.ജിയെ ന്യായീകരിക്കാന്‍ പിന്നാലെ ഒരു വിശദീകരണ യോഗം വിളിക്കാവുന്നതാണ്. കോടതിയില്‍ അഡീഷണല്‍ എ.ജി പോകണോ അതല്ല എ.ജി പോകണോ എന്ന തര്‍ക്കം പണ്ട് കത്തിക്കുത്ത് കേസില്‍ ആര് സര്‍ക്കാറിനെ പ്രതിനിധീകരിക്കണമെന്നതിനെ ചൊല്ലി കോടതിയില്‍ വക്കീലന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വാദം കേട്ടപോലെ ഒരു വാദം കേള്‍ക്കാവുന്നതാണ്. മുഖ്യന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അഭിഭാഷകനെ മാറ്റൂവെന്നാണ് എ.ജി പറയുന്നത്. 200 ഏക്കറില്‍ കൂടുതല്‍ കൈവശം വെച്ച് ഭൂ പരിഷ്‌കരണ നിയമം അട്ടിമറിച്ച എം.എല്‍.എയെ ന്യായീകരിക്കാന്‍ തന്നെ സമയമില്ല പിന്നെയാണിപ്പോള്‍ മൂപ്പിളമ തര്‍ക്കം. ജപ്പാന്‍കാര്‍ക്ക് മഴകിട്ടാതിരിക്കാന്‍ വേണ്ടി അറബിക്കടലിലേക്കുള്ള പുഴയുടെ നീരൊഴുക്ക് തടഞ്ഞ് തടയണ നിര്‍മിച്ചതിനെ ന്യായീകരിച്ചു ന്യായീകരിച്ച് ഒരുവിധം അഡ്ജസ്റ്റായി വരികയായിരുന്നു. അപ്പോഴാണ് ഏക്കര്‍ കണക്കിന് ഭൂമിയുടെ കാര്യം. ഇനി ഇതും തീര്‍ക്കണം. സി.പി.ഐ നോമിനി അങ്ങിനിപ്പം നാടു നന്നാക്കാനിറങ്ങേണ്ട. ഇതൊെക്ക തീര്‍ന്നിട്ട് സമയമുണ്ടേല്‍ നോക്കാം. അല്ല പിന്നെ.
ലാസ്റ്റ് ലീഫ്:
ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നില്‍ പോകരുതെന്ന് പ്രധാനമന്ത്രി. തള്ളലില്‍ മാത്രമായി എത്ര കാലം മുന്നില്‍ നില്‍ക്കാനൊക്കും.

chandrika: