ഒക്‌ടോബര്‍ 17 സര്‍സയ്യിദ് അഹമ്മദ്ഖാന്റെ ഇരുനൂറാം ജന്മവാര്‍ഷികമാണ്. 19-ാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവും, ചിന്തകനും, താത്വിക ആചാര്യനുമായ സയ്യിദ് അഹമ്മദ്ബ്‌നുമുത്തഖിഖാന്‍ മുഗള്‍ രാജവംശത്തോട് ബന്ധമുള്ള കുടുംബത്തില്‍ 1817 ഒക്‌ടോബര്‍ 17ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എഡിന്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. 1838-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിയമിതനായ ഖാന്‍ 1867-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷണനും നിയമവിശാരദനും ആയി പ്രസിദ്ധനായ അദ്ദേഹം 1875-ല്‍ ആംഗ്ലോമുഹമ്മദന്‍ ഓറിയന്റല്‍ കോളജ് സ്ഥാപിച്ച് 19-ാം നൂറ്റാണ്ടിലെ മുസ്‌ലിം നവോത്ഥാനത്തിന് നാന്ദികുറിച്ചു.
സമൂഹത്തില്‍ നിലനിന്നിരുന്ന യാഥാസ്ഥിതിക മനോഭാവം ദുരീകരിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ശാസ്ത്ര സാങ്കേതികവിദ്യ അഭ്യസിക്കുന്നതിലൂടെയും മാത്രമേ സമൂഹം പുരോഗതി പ്രഖ്യാപിക്കുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രീയമായ ഉന്നത വിദ്യാഭ്യാസമാണ് മനുഷ്യനില്‍ അവകാശങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതെന്നും ഈ അവബോധമാണ് പരിഷ്‌കൃത സമൂഹസൃഷ്ടി സാധ്യമാക്കുന്നതെന്നും അദ്ദേഹം ദര്‍ശിച്ചു.
ബഹുമുഖ പ്രതിഭയായിരുന്ന ഖാന്‍ ഉജ്ജ്വല വാഗ്മിയും എഴുത്തുകാരനുമായിരുന്നു. ഇരുപത്തിമൂന്നാം വയസ്സ് മുതല്‍ ഉറുദുവില്‍ ഗ്രന്ധരചന ആരംഭിച്ച അദ്ദേഹം മത സാംസ്‌കാരിക രംഗങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. 1847-ല്‍ ഡല്‍ഹിയൈ സംബന്ധിച്ച് രചിച്ച ”ആസാര്‍ അസ്സനാദീദ്”, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പ്രമേയമാക്കി രചിച്ച ”ഇന്ത്യന്‍ വിപ്ലവത്തിന്റെ കാരണങ്ങള്‍”, പ്രവാചക തിരുമേനിയെ പ്രമേയമാക്കി രചിച്ച ”ജിലാലുല്‍ ഖുലൂബ് ബി ദിക്‌റില്‍ മഹബൂബ് ” എന്നീ ഗ്രന്ഥങ്ങള്‍ മത, സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്നു. ബൈബിളിന് വ്യാഖ്യാനം രചിച്ച ആദ്യം മുസ്‌ലിം എന്ന പ്രത്യേകതയും അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. ക്രിസ്തുമതത്തില്‍ അവഗാഹം നേടിയ സര്‍സയ്യിദ് ഇസ്‌ലാം-ക്രിസ്തു മതങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ശിപായി ലഹളയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ലെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വികസനത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ സ്വീകരിക്കുന്ന അധാര്‍മ്മികമായ നിലപാടുകളും ഇന്ത്യന്‍ സംസ്‌കാരത്തെ സംബന്ധിച്ച ബ്രിട്ടീഷുകാരുടെ അജ്ഞതയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളുമാണ് ജനങ്ങളുടെ അസംതൃപ്തിക്കും, രാജ്യവ്യാപകമായ ലഹളയ്ക്കും കാരണമായതെന്ന് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചു. ബ്രിട്ടീഷ് ജഡ്ജിയായ അദ്ദേഹത്തിന്റെ ഗ്രന്ഥം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ വ്യാപകമായി വായിക്കുകയും അവരുടെ നയങ്ങളില്‍ വലിയ തോതില്‍ മാറ്റത്തിന് ഇത് കാരണമാക്കുകയും ചെയ്തു.
സര്‍സയ്യിദിന്റെ രചനകളിലുടനീളം മിതത്വവും, ഉത്പതിഷ്ണുത്വവും ദൃശ്യമാണ്. ബൈബിള്‍ വ്യാഖ്യാനത്തോടൊപ്പം പ്രവാചക ചരിത്രത്തിലും അദ്ദേഹം നടത്തിയ ഉറുദു രചനകള്‍ പുത്രന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി. പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അതിന്റെ ആധുനിക വീക്ഷണവും ഇസ്‌ലാമിക വിശ്വാസത്തെ ശാസ്ത്രീയവും, രാഷ്ട്രീയവുമായ സമകാലിക പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതായി കാണാം.
ഇതൊക്കെ ആണെങ്കിലും സമൂഹത്തിന്റെ വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. മുറാദാബാദിലും (1858) ഗാസിയാബാദിലും (1863) സ്‌കൂളുകള്‍ സ്ഥാപിച്ചു. ശാസ്ത്രഗ്രന്ഥങ്ങള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുവേണ്ടി ശാസ്ത്രീയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലീഷിലും ഉറുദുവിലും ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുകയും വിവര്‍ത്തനം ചെയ്ത് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഉറുദുഭാഷ വ്യാപിപ്പിക്കുന്നതിനുവേണ്ടി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.
കേയിംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മാതൃകയില്‍ ഒരു മുസ്‌ലിം കേയിംബ്രിഡ്ജ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കി 1869-70 കാലത്ത് അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു. ലണ്ടനില്‍ നിന്നും മടങ്ങിയ ഉടനെ ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ പൂര്‍ത്തീകരണത്തിനായി സാമൂഹിക പരിഷ്‌കരണം ലക്ഷ്യമാക്കി ”തഹ്ദീബുല്‍ അഖ്‌ലാക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. 1875-ല്‍ അലീഗറില്‍ ആരംഭിച്ച ആംഗ്ലോമുഹമ്മദന്‍ ഓറിയന്റല്‍ സ്‌കൂള്‍ പൂര്‍ണമായ ഒരു കോളജായി വികസിപ്പിക്കുന്നതിന് 1876-ല്‍ റിട്ടയര്‍ ചെയ്ത ശേഷം തന്റെ ജീവിതം പൂര്‍ണമായും സമര്‍പ്പിച്ചു. 1877 ജനുവരിയില്‍ വൈസ്രോയിയെ കൊണ്ട് കോളജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. സമകാലിക പുരോഹിതന്മാരുടെ എതിര്‍പ്പുകളെ അതിജീവിച്ച് ഇന്ന് നാം കാണുന്ന അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി ഒരു യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.
മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സര്‍സയ്യിദ് 1886-ല്‍ ആരംഭിച്ച ഓള്‍ ഇന്ത്യ മുഹമ്മദന്‍ വിദ്യാഭ്യാസ സമ്മേളനം വിവിധ സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ചേരുകയും വിദ്യാഭ്യാസ രംഗത്തെ ഒരു മുസ്‌ലിം പൊതുവേദിയായി അത് വളരുകയും ചെയ്തു. 1906-ലെ മുസ്‌ലിംലീഗ് രൂപീകരണം വരെ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പൊതു വേദിയായി ഈ കോണ്‍ഫറന്‍സ് നിലനിന്നു. 1898 മാര്‍ച്ച് 27ന് ഇഹലോകവാസം വെടിഞ്ഞ സര്‍സയ്യിദിന്റെ സ്മരണകള്‍ ഉണര്‍ത്തി അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി വിജ്ഞാനരംഗത്ത് ഒരു പ്രകാശഗോപുരമായി നിലനില്‍ക്കുന്നു.
(മുന്‍ രജിസ്ട്രാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)