X

‘പാഷാണം വര്‍ക്കികളെ’ വേങ്ങര ഇലയും കൂട്ടി പുറത്തിടും

കെ.പി.എ മജീദ്/ ലുഖ്മാന്‍ മമ്പാട്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ ഇക്കാലമത്രയും എടുക്കാചരക്കായിരുന്നവര്‍ പുതിയ പരീക്ഷണങ്ങളാണ് നടപ്പാക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഇവിടെ കുളം കലക്കി മീന്‍പിടിക്കാമെന്നത് വ്യാമോഹമാണെന്ന് സാമാന്യ രാഷ്ട്രീയ ബോധമുള്ളവര്‍ക്കെല്ലാം വ്യക്തം. ഒന്നേകാല്‍ ലക്ഷത്തോളം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ വേങ്ങരയുടെ പശ്ചാത്തലത്തില്‍ പൊതുരാഷ്ട്രീയത്തെ കുറിച്ച് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനസ്സ് തുറക്കുന്നു.
? വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം
– തെരഞ്ഞെടുപ്പുകള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ഭരിക്കുന്നവരെ വിലയിരുത്തുന്നതോടൊപ്പം സ്വതന്ത്രമായി സമ്മതിദാനത്തിലൂടെ പ്രതികരിക്കാന്‍ ലഭിക്കുന്ന അവസരം എന്നതാണതിന്റെ പ്രാധാന്യം. ‘അച്ഛാദിന്‍’വാഗ്ദാനം ചെയ്ത് കേന്ദ്രത്തിലും ‘എല്ലാംശരിയാവുമെന്ന്’ പറഞ്ഞ് കേരളത്തിലും അധികാരത്തിലേറിയവരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മനോഹരമായി കണക്കു ചോദിക്കാനുള്ള അവസരമാണിത്. പ്രത്യേകിച്ചും, അസംബ്ലി തെരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന ഭരണമാണ് മുഖ്യമായും വിലയിരുത്തപ്പെടുക.
? സംസ്ഥാന ഭരണത്തിന്റെ വലയിരുത്തലാവില്ല ജനവിധി എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പോലും പറയുന്നത്
– അതുതന്നെയാണ് അതിന്റെ മര്‍മ്മവും. കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന ഭരണത്തിന്റെ വലയിരുത്തലാവുമെന്ന് പറഞ്ഞ കൊടിയേരിക്ക് മാസങ്ങള്‍ക്കിപ്പുറം അതിന് ധൈര്യമില്ല. കേരള ചരിത്രത്തിലെ ഏറ്റവുമധികം വോട്ടു നല്‍കി യു.ഡി. എഫിനെ വിജയിപ്പിച്ചാണ് അന്ന് മറുപടി കൊടുത്തത്. മാസങ്ങള്‍ക്കിപ്പുറം ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പറയാന്‍പോലും സാധിക്കാത്തവിധം ജനദ്രോഹത്തില്‍ മുങ്ങിയിരിക്കുന്നു. ആരുടെയും കല്‍പ്പനയില്ലാതെ തന്നെ കേന്ദ്ര-സംസ്ഥാന ഭരണ കൂടങ്ങളെ ജനം വിലയിരുത്തും.
? മുഖ്യമന്ത്രി, മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നുവെന്നതാണ് പുതിയ പ്രചാരണം. സംസ്ഥാന ഭരണത്തിന് എത്ര മാര്‍ക്ക് കൊടുക്കാം
– ഒരു വകുപ്പിലൊഴികെ മൈനസ് മാര്‍ക്കാണുള്ളത്. മാര്‍ക്കിടുന്ന മുഖ്യമന്ത്രിയുടെ വകുപ്പുകളാണ് ഏറ്റവും ദയനീയം. മോന്തായം വളഞ്ഞാല്‍ എന്ന ചൊല്ല് പോലെയാണ് അവസ്ഥ. പൊലീസ് കാവിവല്‍ക്കരിക്കപ്പെട്ടോ ചുവപ്പുവല്‍ക്കരിക്കപ്പെട്ടോ എന്നതാണ് സംശയം. നിഷ്പക്ഷ പൊലീസ് എന്നത് കേരളത്തിന്റെ സ്വപ്‌നമാണ്. പ്രത്യേകിച്ചും, മുസ്്‌ലിം-ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക്. യു.എ.പി.എ, 153(എ) തുടങ്ങിയ കരിനിയമങ്ങള്‍ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ ദുരുപയോഗം ചെയ്യുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്ത മുസ്്‌ലിം നേതാക്കളെ രാജ്യദ്രോഹികളാക്കി വേട്ടയാടുന്നു. ഹൈന്ദവതയുമായി ബന്ധമില്ലാത്ത ഹിന്ദുത്വ തീവ്രവാദികളെ കയറൂരി വിടുമ്പോള്‍, സി.പി.ഐ പോലും പലപ്പോഴും പൊലീസ് നയത്തിനെതിരെ പരസ്യമായി രംഗത്തു വന്നു. ഭൂരിപക്ഷ വര്‍ഗീയത-ന്യൂനപക്ഷ വര്‍ഗീയത എന്നൊക്കെ സാങ്കേതികം പറഞ്ഞ് പ്രസംഗിച്ചിരുന്നവര്‍ ഇരുതല മൂര്‍ച്ചകൂട്ടുകയാണ്. സംഘ്പരിവാറിനെതിരെ കനമുള്ള വാക്കുകള്‍ പ്രയോഗിക്കുന്നവര്‍ പ്രവൃത്തിയില്‍ അവരുടെ തിട്ടൂരത്തിന് അനുസരിച്ച് തുള്ളുന്നതായാണ് ഫൈസല്‍ വധം മുതല്‍ റിയാസ് മൗലവി കൊലവരെയും കണ്ടത്. അതേസമയം, ബീഫ് ഫെസ്റ്റുകള്‍ നടത്തി, ഇസ്്‌ലാമിനെ തീവ്രവാദത്തിന് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ കയ്യടി നേടാനും ശ്രമിക്കുന്നു. പല വര്‍ഗീയതകളെയും ഊതിക്കത്തിച്ച് ഫലം കൊയ്യാനാണ് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും രഹസ്യ ബാന്ധവം. രാഷ്ട്രീയ അന്തര്‍ധാര എന്നതാവും കൂടുതല്‍ യോജിച്ചത്.
? ഒരു വകുപ്പിന് മാത്രം നല്ല മാര്‍ക്കെന്ന് പറഞ്ഞിരുന്നു
– അതെ. എക്‌സൈസ് വകുപ്പിന് ഫുള്‍മാര്‍ക്കിടാതെ തരമില്ല. പൂട്ടിയ ബാറുകള്‍ തുറന്നതും ദേശീയ പാതയോരത്തെ മദ്യ വില്‍പനക്ക് കോടതി അനുമതി നിഷേധിച്ചത് അട്ടിമറിച്ചതും മാത്രമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ അക്കാര്യത്തിലെ അധികാരം കവര്‍ന്നും ആരാധനാലയങ്ങള്‍ക്കും പള്ളിക്കൂടങ്ങള്‍ക്കും സമീപം മദ്യശാലകള്‍ തുറക്കാന്‍ സൗകര്യം ഒരുക്കിയും മദ്യ രാജാക്കന്മാരുടെ ഇംഗിതത്തിന് അനുസരിച്ച് തുള്ളുകയാണ്. അരി കിട്ടാതെ കേരളത്തില്‍ പലരും പട്ടിണിയിലും അര്‍ധ പട്ടിണിയിലുമാണ്. പക്ഷെ, മദ്യം കിട്ടാതെ ഒരു കുടിയനും വിഷമിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി-റേഷന്‍ കടകള്‍ വഴി മദ്യം വില്‍ക്കുന്നതിന്റെ സാധ്യതകളാണ് ആലോചിക്കുന്നത്.
? കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ താരമതമ്യം ചെയ്യുമ്പോള്‍
– ജനത്തെയാകെ വലച്ച നോട്ടു നിരോധന പീഡന കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വേവലാതിപ്പെട്ട് നിരന്തരം കണ്ടിരുന്ന ധനമന്ത്രി തോമസ് ഐസക് തലതിരിഞ്ഞ ആ നയത്തെ വിമര്‍ശിച്ചിരുന്നില്ല. നോട്ടു നിരോധന ദുരന്തത്തിന് മേല്‍ ദുരിതത്തിന്റെ ജി.എസ്.ടി അശാസ്ത്രീയമായി കേന്ദ്രം നടപ്പാക്കിയപ്പോള്‍ അതിന്റെ മുഖ്യ പ്രചാരകനായതും ഇതേ ഐസക്കാണ്. ജി.എസ്.ടി കൗണ്‍സിലുകളിലെല്ലാം സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ മനക്കോട്ടയെ കുറിച്ച് സംസാരിച്ച് പിന്തുണക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ ‘ബുദ്ധിരാക്ഷസനായ’ സി.പി.എം ബുദ്ധിജീവി പോലും അംഗീകരിച്ച ജി.എസ്.ടി എന്നാണ് ബി.ജെ.പി പൊക്കിപിടിച്ചത്. ഫലത്തില്‍, നോട്ടു നിരോധനത്തിന്റെ പേരില്‍ കൊള്ള ചെയ്യപ്പെട്ട ജനത്തെ ജി.എസ്.ടിയുടെ പേരില്‍ പോക്കറ്റടിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. കര്‍ഷകരും ചെറുകിട വ്യവസായികളും ചില്ലറ വ്യാപാരികളും സാധാരണക്കാരും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
? ബി.ജെ.പിയെ എതിര്‍ക്കുന്നത് സി.പി.എമ്മാണ് എന്നാണ് അവരുടെ വാദം
– അങ്ങനെയൊരു വാദം ശരിയാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷെ, എന്താണ് യാഥാര്‍ത്ഥ്യം. കേവലം രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പിയെ ഈ നിലയിലേക്ക് വളര്‍ത്തിയതില്‍ സി.പി.എമ്മിന്റെ പങ്ക് എല്ലാവര്‍ക്കും അറിയാം. അന്ധമായ കോണ്‍ഗ്രസ് വിരോധമായിരുന്നു അതിന് കാരണം പറഞ്ഞിരുന്നത്. ഒന്നാം യു.പി.എയെ പുറത്തുനിന്ന് പിന്തുണച്ചപ്പോള്‍ ഇനിയെങ്കിലും ബി.ജെ.പിയെ എതിര്‍ക്കുന്നവരോടൊപ്പമുണ്ടാവുമെന്ന് സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍, 2014ല്‍ മോദി കേന്ദ്രത്തില്‍ അധികാരത്തിലേറി ഫാഷിസ സ്വഭാവത്തോടെ പ്രവര്‍ത്തനം തുടങ്ങിയതോടെ സി.പി.എം കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിച്ചത്. വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു ആരെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്ന പ്രമേയം ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും മുഖ്യ ശത്രുവെന്ന നയത്തിലേക്ക് കൂടുതല്‍ ആണ്ടിറങ്ങുന്നതായിരുന്നു തീരുമാനം. ആള്‍ക്കൂട്ട കൊലയും സി.പി.എം ഭരണമായ കേരളത്തില്‍ പോലും കൊലക്ക് കൊലയുമായി രക്തം ചിന്തുമ്പോഴും മുഖ്യ എതിരാളിയായി ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും കാണുന്നില്ലെങ്കില്‍, അവരുടെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ അര്‍ത്ഥം എന്താണ്.
? മോദി ഭരണം ഫാഷിസ്റ്റ് ഭരണമാണെന്ന് പറയാനാവില്ലെന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്
– സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ പിന്തുണക്കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം പോലും അക്കാരണം പറഞ്ഞ് തള്ളിക്കളഞ്ഞത് നമ്മള്‍ കണ്ടു. ചെറിയ സംസ്ഥാനമായ കേരളത്തിലും കൊച്ചു സംസ്ഥാനമായ ത്രിപുരയിലും മാത്രമുള്ള സി.പി.എമ്മിന് തനിച്ച് ബി.ജെ.പിയെ തോല്‍പ്പിക്കാനാവുമെന്ന് പറയുന്നത് ഫലത്തില്‍ ആരെയാണ് സഹായിക്കുക. എല്ലാ സംസ്ഥാനത്തിലും വേരുകളുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരന്ന് ബി.ജെ.പിയെ ചെറുക്കുകയാണ് കരണീയം. കോണ്‍ഗ്രസിന് പോലും ബി.ജെ.പിയെ തനിച്ച് എതിരിട്ട് കീഴ്‌പ്പെടുത്തുന്നതില്‍ പരിമിതിയുണ്ടെന്നാണ് മുസ്്‌ലിംലീഗ് നിലപാട്. അതിനെ മുസ്്‌ലിംലീഗിന് ബി.ജെ.പിയെ എതിര്‍ക്കാന്‍ പരിമിതിയുണ്ടെന്ന തരത്തില്‍ ദുരാരോപണം ഉന്നയിക്കുകയാണ്. കായികമായി പരസ്പരം പോരടിക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും ഫാഷിസ്റ്റ് രീതിയുമാണ്. ആശയപരമായി സംഘ്പരിവാറിനെ ചെറുത്തു തോല്‍പ്പിക്കുന്നതിന് ജനാധിപത്യ മതേതര കക്ഷികള്‍ക്ക് സാധിക്കും. അതിന് മുസ്്‌ലിംലീഗിന് ഒരു പരിമിതിയുമില്ല. രാഷ്ട്രീയ പരിമിതിയെ മറികടക്കാനാണ് കേരളത്തില്‍ യു.ഡി.എഫിന്റെയും കേന്ദ്രത്തില്‍ യു.പി.എയുടെയും ഭാഗമായി മുസ്‌ലിംലീഗ് നിലകൊള്ളുന്നത്. രാജ്യത്തിന്റെ പ്രതീക്ഷ അതിലാണ്. അതു ദുര്‍ബലപ്പെടുത്താന്‍ ഡല്‍ഹിയിലും ഗോവയിലും പഞ്ചാബിലും ഹരിയാനയിലുമൊക്കെ ആംആത്മിയാണ് ബി.ജെ.പിയുടെ തുറുപ്പ്. കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസ് മുന്നണിയെ ദുര്‍ബലമാക്കാന്‍ സി.പി.എമ്മാണ് സംഘ്പരിവാറിന്റെ ആയുധം.
? പ്രചാരണ രംഗത്തെ കാഴ്ചകള്‍
– ഇത്തരം രാഷ്ട്രീയ സാഹചര്യത്തില്‍ സ്വന്തം ഭരണ നേട്ടം പറഞ്ഞ് ജനങ്ങളെ സമീപിക്കാനാവാത്ത സി.പി.എം അപവാദ പ്രചാരണവും ഭരണ സ്വാധീനവും പണത്തിന്റെ പളപളപ്പുമൊക്കെയാണ് പുറത്തെടുക്കുന്നത്. മുസ്‌ലിംലീഗ് നേതാക്കളെ സമുദായം തിരിച്ച് വീതംവെച്ചും പറയാത്തത് വായില്‍ തിരുകിയും വ്യക്തിഹത്യ ശ്രമങ്ങളുമുണ്ടായി. പാഷാണം വര്‍ക്കിയുടെ കഥപോലെ, തരാതരം കളവുകള്‍ വീതംവെച്ചാണ് എല്‍.ഡി.എഫ് പ്രചാരണം. ഇതാവും, കൊടിയേരി പറഞ്ഞ വേങ്ങരയിലെ പുതിയ രാഷ്ട്രീയ പരീക്ഷണം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വം നേടിയെന്ന പെരും നുണ പറയുന്നത് സി.പി.എം പി.ബി അംഗമായ സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങളായി. എന്നിട്ടും പുതിയ ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷാ ഫോമുകളുമായി എല്‍.ഡി.എഫുകാര്‍ വീട്ടിലെത്തുന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ വാഗ്ദാന പെരുമഴകളാണ്. പക്ഷെ, പല മന്ത്രിമാരോടും ഇങ്ങനെയൊരാളെ അറിയില്ലല്ലോ എന്നായിരുന്നു കുടുംബ യോഗങ്ങളിലെ പ്രതികരണം.
? വേങ്ങരയിലെ മേല്‍ക്കൈ
-തീര്‍ച്ചയായും യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയുളള മണ്ഡലമാണ്. അസംബ്ലിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പാണെന്ന പ്രാധാന്യം ഉള്‍ക്കൊണ്ട് യു.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന സി.പി.എം ആരോപണത്തിന് ജാതി-മത-രാഷ്ട്രീയ ഭേദമന്യെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നാണ് പ്രതീക്ഷ. പാഷാണം വര്‍ക്കികളെ വേങ്ങര ഇലയും കൂട്ടി പുറത്തിടും. ഭരണകൂടങ്ങള്‍ക്ക് കനത്ത പ്രഹരമാവുന്ന വിധിയാണ് പുറത്തുവരിക.

chandrika: