X
    Categories: Culture

കെടാത്ത തീയും ചാവാത്ത പുഴുക്കളും

അടവു നയവും, നനഞ്ഞിടം കുഴിക്കാനുള്ള വിദ്യയും കരിങ്കോഴക്കല്‍ മാണി എന്ന രണ്ടിലയുടെ ആശാന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ടിയാന്റെ കയ്യില്‍ ഏതാണ്ട് നോട്ടെണ്ണുന്ന യന്ത്രവും വിദ്യയുമൊക്കെയുണ്ടെന്നു മഷിയിട്ട് നോക്കി പണ്ട് കണ്ടെത്തിയ അധ്വാനിക്കുന്നവരുടെ പടനായകന്‍മാര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടിട്ടാണേലും ഒരു അടവു നയം ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പറഞ്ഞപ്പോള്‍ അത് കോട്ടയം പാല വഴി പോകുമെന്ന് സാക്ഷാല്‍ സീതാറാം യെച്ചൂരി പോലും ചിലപ്പോള്‍ കണക്കു കൂട്ടിക്കാണില്ല. അതിപ്പോ ഓരോരോ കീഴ് വഴക്കമാകുമ്പോള്‍ അങ്ങനെയാണല്ലോ. കാണേണ്ടവരെ കാണേണ്ടതു പോലെ കാണുക തന്നെ വേണം. വളരും തോറും പിളരുമെന്ന 21-ാം നൂറ്റാണ്ടിലെ കേരള കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കണ്ടു പിടിച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതവു കൂടിയായ മാണിയെ പുല്‍കാന്‍ മുമ്പ് പറഞ്ഞതൊക്കെ സഖാക്കള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയുംചെയ്തു. കേവലം കോട്ടയത്തൊരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാണിയെ സി.പി.എം പിന്തുണച്ചതിന് യു.ഡി.എഫും ഭരണ പക്ഷത്തെ പ്രതിപക്ഷമായ സി.പി.ഐയും ഇത്രമേല്‍ കുണ്ഠിതപ്പെടുന്നതെന്തിനെന്നാണ് നേരുനേരത്തെ അറിയിക്കുന്ന പാര്‍ട്ടി പത്രം ചോദിക്കുന്നത്. സംഗതി വശാല്‍ നിയമസഭയില്‍ വേറിട്ടു ഇരിക്കുന്ന മേപ്പടി പാര്‍ട്ടി മണിപ്രവാളത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു പോകുന്നതായി പറഞ്ഞ് അംഗങ്ങളെ മുഴുവന്‍ ഞെട്ടിച്ച വിദ്വാനാണ് സാക്ഷാല്‍ മാണി. സംഗതി മാണി ഇടത്തോട്ടോ വലത്തോട്ടോ അതോ മോനു വേണ്ടി താമരത്തണ്ടൊടിക്കുമോ എന്നൊക്കെ നോക്കി ഇരുന്ന പാപ്പരാസികള്‍ക്ക് പോയിട്ട് സ്വന്തം അണികള്‍ക്കു വരെ എത്തും പിടിയും കിട്ടാതെയാണ് ചുവപ്പിനെ രണ്ടില പുല്‍കിയത്. ഈ പുണ്യാളനെയാണ് പണ്ട് നിയമസഭയില്‍ എണ്ണയിലിട്ട് വറുത്ത് കെടാത്ത തീയും ചാവാത്ത പുഴുക്കളും, കെടാത്ത തീയും ചാവാത്ത പുഴുക്കളുമുള്ള നരകത്തിലേക്കയക്കാന്‍ കാസ്‌ട്രോ സഖാവ് മിനക്കെട്ടിരുന്നത്. സ്‌തോത്രം. ടിയാന്‍ യു.ഡി.എഫ് ധനമന്ത്രിയായിരുന്നപ്പോള്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ്തും സഭയില്‍ വെട്ടിയിട്ട പോലെ വീണു കിടന്നതും കടിച്ചതും എല്ലാം ഇപ്പോള്‍ വെറും മായ. താന്‍ താന്‍ ചെയ്യുന്നതിന് താന്‍ താന്‍ അനുഭവിച്ചീടണം പാരില്‍. കോണ്‍ഗ്രസുകാരും യു.ഡി.എഫുകാരുമൊക്കെ മാണിയുടെ ഈ കരണം മറിച്ചിലിനെ അവസരവാദമെന്നോ രാഷ്ട്രീയ മര്യാദ കേടെന്നൊക്കെ പറയും. പക്ഷേ ഗ്രാമീണ ഭാഷയും സ്വന്തമായ പദാവലിയുമൊക്കെയുള്ള സി.പി.എമ്മിന് അങ്ങനെ പറയാനൊക്കില്ലല്ലോ എല്ലാം കേവലം അടവ് നയം. അപ്പോള്‍ നോട്ട് എണ്ണന്ന യന്ത്രമോ എന്നൊന്നും ചോദിച്ചേക്കരുത്. അതിന്റെയൊക്കെ കാലം കഴിഞ്ഞില്ലേ. മോദി 500, 1000 രൂപ നോട്ട് നിരോധിച്ചതോടു കൂടി ഇപ്പോ എണ്ണേണ്ട ആവശ്യമൊന്നുമില്ലല്ലോ. അതോ എന്റ വക മാണിക്ക് 500 എന്നും പറഞ്ഞ് പണ്ട് ഹാഷ് ടാഗ് നടത്തിയ വകയില്‍ വല്ലതും തടഞ്ഞിരുന്നോ?. സംഗതി എന്തായാലും പണ്ട് കയര്‍ പിരി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും ഇതേ മാണിയെ കൊണ്ട് വന്ന് ധനകാര്യ ക്ലാസ് പ്ലീനം സമ്മേളനത്തില്‍ എടുപ്പിച്ചതും ബാര്‍കോഴ എന്ന ഉമ്മാക്കി വരും മുമ്പ് മുഖ്യമന്ത്രിക്കുപ്പായം എടുത്ത് കാണിച്ചതും ഇതേ സി.പി.എം നേതാക്കള്‍ തന്നെയായിരുന്നുവെന്നതും നഗ്നമായ സത്യമാണ്. അതൊക്കെ അന്തകാലം കോഴയും കോഴിയും ബാറുമെല്ലാം വെന്ത് ആറി മൂന്നാറില്‍ എത്തി നില്‍ക്കുമ്പോള്‍ നരകത്തിലെ പുഴുക്കളും കെടാത്ത തീയുമൊക്കെ ഒന്നു ഊതിക്കെടുത്തി അടവെങ്കില്‍ അടവ് അതാണല്ലോ നയം. വീണിടം വിഷ്ണു ലോകമാക്കാന്‍ സഖാക്കളോളം മെയ് വഴക്കമുള്ളവര്‍ ഭൂമി മലയാളത്തില്‍ വേറെയില്ലെന്നത് പ്രത്യേകിച്ച് തെളിയിക്കേണ്ടതുമില്ല. എന്തായാലും നിലവിലെ മന്ത്രിസഭയില്‍ റഗുലര്‍ കോളജില്‍ പഠിച്ച സ്വകാര്യ അഹങ്കാരം വെച്ചു പുലര്‍ത്തുവരെ പോലെ അധ്യാപകനൊന്നുമല്ലെങ്കിലും കൊച്ച് കുട്ടികള്‍ മുതല്‍ പടു കിളവന്‍മാര്‍ വരെ മാണി സാര്‍ എന്നാണ് മേപ്പടിയാനെ വിളിച്ചിരുന്നത്. എന്നാല്‍ ടിയാന്റെ കരണം മറിച്ചില്‍ കാരണം കോണ്‍ഗ്രസുകാരെല്ലാവരും കൂടി ചേര്‍ന്ന് ആ സാറങ്ങോട്ട് വെട്ടി. അങ്ങനെ ചരിത്രത്തിലാദ്യമായി മാണി സാര്‍ വെറും മാണിയായി. മാണിയോളം ചരിത്രമൊന്നും ജനപക്ഷം പി.സി ജോര്‍ജ്ജിനില്ലെങ്കിലും ഇരുവരും തമ്മില്‍ എക്കാലത്തും കൊണ്ടും കൊടുത്തും നടന്ന ചരിത്രമുണ്ട്. പി.സിയുടെ വായടക്കാന്‍ സര്‍ക്കാറില്‍ നിന്നു ഫണ്ട് ചോദിച്ച മാണിയെ അങ്ങനങ്ങ് വിടാനൊക്കില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. കുതികാല്‍ വെട്ടും രാഷ്ട്രീയ വഞ്ചനയും കാട്ടി ചുവക്കാന്‍ പോയ മാണിയെ ജോസഫും കൂട്ടരും കൈവിടുമെന്നാണ് ടിയാന്റെ പ്രവചനം. പി.സി പണ്ടേ പ്രവചനക്കാരനായതിനാല്‍ ഇക്കാര്യത്തിലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്.
…………………………………………………………………………………………………………………
കോളജ് കാമ്പസുകളില്‍ ഈയിടെയായി പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മുദ്രാവാക്യം പോലും സിനിമ ഇറങ്ങുമ്പോള്‍ മാത്രം വിളിക്കുന്ന സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്കാര്‍ വാര്‍ക്കപ്പണിക്ക് സാധാനങ്ങള്‍ ശേഖരിക്കുന്ന പണിയാണിപ്പോള്‍. പക്ഷേ മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ വാര്‍ക്കപ്പണിക്കായി കൊണ്ടു വെച്ച സാധനങ്ങള്‍ കത്തിയും വടിവാളുമൊക്കെയായിരുന്നു. എന്നാല്‍ സ്വന്തമായി എത്ര ഉപദേശകരുണ്ടെന്ന് ഉപദേശകരെ വെച്ച് എണ്ണിക്കേണ്ട അവസ്ഥയിലായ മുഖ്യന്‍ പറയുന്നത് ഇതെല്ലാം വാര്‍ക്കപ്പണി സാധനങ്ങളാണെന്നാണ്. പക്ഷേ ടിയാനെ സുല്ല് പറയിച്ച് തോല്‍പിച്ച് തൊപ്പി വാങ്ങിയ ഡി.ജി.പിയുടെ പൊലീസ് സംഗതി ക്ലാസായി തിരുത്തി. മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളെ നിയമസഭയില്‍ വാര്‍ക്കപ്പണിക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ജാലവിദ്യ പൊളിച്ച് പൊലീസ് കുപ്പിയിലാക്കി. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലുമാണ് മഹാരാജാസിലെ ഹോസ്റ്റലില്‍നിന്ന് കണ്ടെടുത്തത് വാര്‍ക്കപ്പണിക്കുള്ള കമ്പിയും സിമന്റുമല്ല മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ഗ്രാമീണ ഭാഷയില്‍ അല്ലാതെ വ്യക്തമായും പറയുന്നു. ആയുധ നിയമ പ്രകാരമാണ് ഹോസ്റ്റലിലെ എസ്.എഫ്.ഐ മേസ്ത്രിമാര്‍ക്കെതിരെ കസെടുത്തതെന്നും പൊലീസ് പറയുന്നു. പക്ഷേ മഹാരാജാസ് ഹോസ്റ്റലില്‍നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യന്‍ പറഞ്ഞിരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി ഏണി എന്നിവയാണു കണ്ടെത്തിയത്. കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാമെന്നും കുട്ടികള്‍ മറ്റ് സംഘടനകളിലേക്ക് തിരിഞ്ഞു നോക്കാത്തതിന് എസ്എഫ്‌ഐയെ ഭള്ള് പറഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു ടിയാന്റെ വാദം. അല്ലേലും ആളുകള്‍ക്ക് വിശുദ്ധ പദവി നല്‍കാന്‍ ടിയാനെ കഴിഞ്ഞേ ആരും ഉള്ളൂ. ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നേരിടുന്ന ഇടുക്കി എംപി ജോയിസ് ജോര്‍ജിനെ ഈയിടെ വിശുദ്ധനാക്കി സഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇനിയിപ്പോള്‍ സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായി സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് കണ്ടെത്തി പ്രഖ്യാപിച്ചിട്ടുണ്ട്. താമസിയാതെ രാജേന്ദ്രനും ഇതേ പട്ടം ലഭിച്ചേക്കും.

ലാസ്റ്റ് ലീഫ്:
അരവിന്ദ് കെജ്‌രിവാള്‍ രണ്ട് കോടി കൈക്കൂലി വാങ്ങുന്നത് കണ്ടതായി ആപ് എം.എല്‍.എ കപില്‍ ശര്‍മ. കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ.

chandrika: