X

പൗരത്വമില്ലാത്ത ലോകത്ത് ദുരിതംപേറുന്ന സമുദായം

 
മ്യാന്‍മര്‍ പട്ടാളക്കാരെയും നിരപരാധികളെയും വധിക്കുന്ന ജിഹാദികളും ഭീകരരുമായാണ് റോഹിങ്ക്യകള്‍ ചിത്രീകരിക്കപ്പെടുന്നത്. ആങ് സാങ് സൂക്കിയടക്കമുള്ള മ്യാന്‍മര്‍ നേതാക്കന്മാരും അതുതന്നെയാണ് പറയുന്നത്. 2016 ഒക്ടോബര്‍ 9 ന് അറകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (അഞടഅ) എന്നറിയപ്പെടുന്ന ഒരു ചെറിയ സായുധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതോടെയാണ് റോഹിങ്ക്യകള്‍ക്ക് മേലുള്ള മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭീകരവാദ പട്ടം കൂടുതല്‍ ശക്തമാകുന്നത്. ഈയടുത്ത ആഴ്ചകളില്‍ അത്തരം ആക്രമണങ്ങള്‍ തുടരുകയുണ്ടായി. പന്ത്രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഭരണകൂടം ആരോപിക്കുന്നത്. അതേസമയം, മ്യാന്‍മര്‍ സൈന്യവും അതിര്‍ത്തി പൊലീസും ചേര്‍ന്ന് 77 റോഹിങ്ക്യന്‍ മുസ്‌ലിംകളെ വധിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ കാലങ്ങളായി പട്ടാളം നടത്തിവരുന്ന മൃഗീയ കൂട്ടക്കൊലകളെ ആങ് സാങ് സൂക്കിയും അവരുടെ ഭരണകൂടവും അവഗണിക്കുകയാണ് ചെയ്യുന്നത്. അതേസമയം, മ്യാന്‍മര്‍ ഭരണകൂടം റോഹിങ്ക്യകളുടെ മേല്‍ നടപ്പിലാക്കുന്ന പീഢനങ്ങളെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലും മറ്റ് സ്വതന്ത്ര മനുഷ്യാവകാശ ഗ്രൂപ്പുകളും വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഒരു സമുദായം എന്ന നിലയില്‍ 1982ല്‍ റോഹിങ്ക്യകള്‍ക്ക് മ്യാന്‍മര്‍ പൗരത്വം നഷ്ടപ്പെടുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അവര്‍ ജയിലിലടക്കപ്പെടുകയും ജന്മ ഗേഹമായ റാഖൈനില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിനാലാണ് പതിനായിരക്കണക്കിന് റോഹിങ്ക്യകള്‍ ബംഗ്ലാദേശിലും മലേഷ്യയിലും സഊദി അറേബ്യയിലുമെല്ലാം അങ്ങേയറ്റം മോശമായ അവസ്ഥയില്‍ ജീവിക്കുന്നത്. അവിടങ്ങളിലെല്ലാം അതിജീവനത്തിന് വേണ്ടി അവര്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പീഢിത ന്യൂനപക്ഷമായാണ് യു. എന്‍ അവരെ വിശേഷിപ്പിക്കുന്നത്. നോബല്‍ ജേതാവ് പ്രൊഫസര്‍ അമര്‍ത്യാ സെന്‍ പറഞ്ഞത് പോലെ സാവധാനത്തിലുള്ള വംശഹത്യയുടെ ഇരകളാണ് റോഹിങ്ക്യക്കാര്‍.
റോഹിങ്ക്യക്കാര്‍ക്കെതിരായ വ്യാപക പീഢനങ്ങളെക്കുറിച്ച് ഒന്നും പ്രതിപാദിക്കാതെ ചെറിയൊരു വിഭാഗം റോഹിങ്ക്യകളുടെ അക്രമത്തെ മാത്രം അപലപിക്കുന്നത് സത്യത്തെയും നീതിയെയും പരിഹസിക്കലാണ്. കനത്ത നിരാശയും പ്രതീക്ഷയില്ലായ്മയുമാണ് അവരില്‍ ചിലരെ അക്രമത്തിലേക്ക് തള്ളിവിട്ടത്. അക്രമം ഒരു പരിഹാരമല്ല എന്നത് തീര്‍ച്ചയാണ്. റോഹിങ്ക്യകളുടെ അവകാശങ്ങള്‍ (പ്രത്യേകിച്ചും അവരുടെ പൗരാവകാശം) സംരക്ഷിക്കാന്‍ അതൊരിക്കലും സഹായിക്കുകയില്ല.
അക്രമം ഇനിയും വ്യാപിക്കുമെന്നത് തീര്‍ച്ചയാണ്. അതിന്റെ അടയാളങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ പ്രകടമാണ്. സംഘര്‍ഷത്തിന്റെ മതപരമായ സ്വഭാവം മൂലം (മതപരമായ വേരുകള്‍ സംഘര്‍ഷത്തിനില്ലെങ്കിലും) അക്രമം മ്യാന്‍മറിന്റെ അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് വ്യാപിക്കുകയും തെക്ക് കിഴക്ക് ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലുള്ള മുസ്‌ലിം, ബുദ്ധ സമുദായങ്ങളെ അത് ബാധിക്കുകയും ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. നാല്‍പ്പത്തിരണ്ട് ശതമാനം മുസ്‌ലിംകളും നാല്‍പത് ശതമാനം ബുദ്ധന്‍മാരുമുള്ള ആസിയാന്‍ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാവിപത്ത് തന്നെയാണ്.
മ്യാന്‍മര്‍ റോഹിങ്ക്യ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ ഈ സന്ദര്‍ഭത്തില്‍ മുന്‍ യു.എന്‍ സെക്രട്ടറി ജനറലായ കോഫി അന്നാന്റെ കീഴില്‍ സമര്‍പ്പിച്ച ‘റാഖൈന്‍’ സ്‌റ്റേറ്റിനെക്കുറിച്ച ഉപദേശക കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് എല്ലാവരുടെയും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. 2017 ആഗസ്റ്റില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് 1982 ലെ പൗരത്വ നിയമം പുനപരിശോധിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. ‘പൗരത്വമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ സമുദായമാണ് മ്യാന്‍മറിലെ റോഹിങ്ക്യക്കാര്‍’ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള പൗരന്‍മാര്‍ക്കിടയിലുള്ള തരംതിരിവുകള്‍ ഇല്ലാതാക്കണമെന്ന് റിപ്പോര്‍ട്ട് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
78 ശതമാനത്തോളമുള്ള റാഖൈനിലെ ദാരിദ്ര്യ നിരക്ക് കുറക്കുക, അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ മെച്ചപ്പെടുത്തുക, ആരോഗ്യ സേവനവും വിദ്യാഭ്യാസവും ഉറപ്പ് വരുത്തുക, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുക തുടങ്ങിയവയെല്ലാമാണ് റിപ്പോര്‍ട്ടിലെ മറ്റ് നിര്‍ദേശങ്ങള്‍. മ്യാന്‍മറിലെ അധികാര കേന്ദ്രങ്ങളോട് മാറ്റം അനിവാര്യമാണെന്ന സന്ദേശമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. മ്യാന്‍മര്‍ ഭരണകൂടം തന്നെയാണ് കമ്മീഷനെ നിയോഗിച്ചത് എന്നതിനാല്‍ തന്നെ ഈ സന്ദേശം വളരെ പ്രധാനമാണ്. ഭരണകൂടം അത് ചെവികൊള്ളാന്‍ തയ്യാറാകുമോ? കമ്മീഷന്റെ നിര്‍ദേശങ്ങളോട് അവര്‍ അനുകൂല സമീപനം സ്വീകരിക്കും എന്ന് തോന്നുന്നില്ല. എന്നാലിത് അത്ഭുതകരമൊന്നുമല്ല. പട്ടാള അധികാരം നടപ്പിലാക്കുന്ന ഭരണകൂടം റോഹിങ്ക്യകളെ അപരവര്‍ഗമായി കണ്ടുകൊണ്ട് വേട്ടയാടുകയാണ് ചെയ്യുന്നത്. ഏകാധിപത്യ പ്രവണതകളാണ് അവര്‍ കാണിക്കുന്നത്. നമ്മളിന്ന് കാണുന്ന വംശഹത്യ അതിന്റെ ഫലമാണ്.
മ്യാന്‍മര്‍ ഭരണകൂടത്തില്‍ നിന്ന് റിപ്പോര്‍ട്ടിനോട് അനുകൂല പ്രതികരണമൊന്നുമുണ്ടായില്ലെങ്കിലും ഇതര രാഷ്ട്രങ്ങളെ മ്യാന്‍മറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോഫി അന്നാന്‍ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ആസിയാന്‍ രാഷ്ട്രങ്ങളിലെ ഗവണ്‍മെന്റുകളോടൊപ്പം ചൈന, ജപ്പാന്‍, പാക്കിസ്താന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് റോഹിങ്ക്യന്‍ ജനതക്കനുകൂലമായ സമീപനം ലഭ്യമാക്കാന്‍ പൗരസമൂഹ സംഘങ്ങളും മാധ്യമങ്ങളും പരിശ്രമിക്കേണ്ടതുണ്ട്. വിവേചനങ്ങളില്ലാതെ പൗരന്മാരെ സംരക്ഷിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് ലോക രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. നീതിപൂര്‍വമായ പൗരസംരക്ഷണത്തില്‍ മ്യാന്‍മര്‍ പരാജയപ്പെടുകയാണെങ്കില്‍ അവരുമായുള്ള സാമ്പത്തിക സൈനിക ബന്ധങ്ങള്‍ അവര്‍ പുന:പ്പരിശോധിക്കുകയും വേണം.
റോഹിങ്ക്യകള്‍, കച്ചിനുകള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ മ്യാന്‍മര്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പെര്‍മനെന്റ് പീപ്പിള്‍സ് ട്രൈബ്യൂണല്‍ കോലാലംപൂരില്‍ ഈ മാസം 18 മുതല്‍ 22 വരെ ഒരു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും, റോഹിങ്ക്യന്‍ ജനതക്കും മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പല ഭാഗങ്ങളില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ മ്യാന്‍മറിന്റെ വാതിലുകള്‍ തുളച്ച് കയറുക തന്നെ ചെയ്യും.
(ഇന്റര്‍ നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ എ ജസ്റ്റ് വേള്‍ഡ് പ്രസിഡന്റാണ് ലേഖകന്‍.
കടപ്പാട്: രീൗിലേൃരൗൃൃലിെേ.ീൃഴ)

chandrika: