X

ഇന്ത്യയെ തുറിച്ചുനോക്കുന്നത് വന്‍ കാര്‍ഷിക ദുരന്തം

കാര്‍ഷികകടം തിരിച്ചടക്കാനാകാതെ ആത്മഹത്യയിലഭയം തേടുന്ന ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുവെന്ന വാര്‍ത്തക്കിടയിലേക്ക് മറ്റൊന്നുകൂടി. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇന്ത്യന്‍ കര്‍ഷകരെ കൊന്നൊടുക്കുന്ന മറ്റൊരു വിപത്തെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ 60,000 ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. താപനിലയില്‍ ഉണ്ടാവുന്ന വര്‍ധന ദുര്‍ബല സമൂഹങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് നടത്തിയ പഠനമാണ് പുതിയ വിവരങ്ങള്‍ നല്‍കിയത്. താപ നിലയോട് ഇന്ത്യന്‍ കാര്‍ഷികരംഗം കടുത്ത സംവേദനക്ഷമതയാണ് പുലര്‍ത്തുന്നതെന്ന് ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
വിളവിറക്കുന്ന സീസണിലെ ഒരു ശരാശരി ദിവസത്തില്‍ ഉണ്ടാവുന്ന ഒരു ഡിഗ്രിയുടെ താപനില വര്‍ധന 67 ആത്മഹത്യകള്‍ക്കാണ് ഇന്ത്യയില്‍ കാരണമാകുന്നത്. ഇത് അഞ്ച് ഡിഗ്രിയായി വര്‍ധിക്കുമ്പോള്‍ ആത്മഹത്യകളുടെ എണ്ണം ശരാശരി 335 ആയി ഉയരുന്നു. ആഗോള താപനം മൂലം മാത്രം കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയില്‍ 59,300 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. എന്നാല്‍ കാര്‍ഷിക വൃത്തികള്‍ നടക്കാത്ത സമയങ്ങളിലുള്ള താപനില വര്‍ധന ഇന്ത്യന്‍ സമൂഹത്തില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. വര്‍ഷത്തില്‍ ഒരു സെന്റിമീറ്റര്‍ മഴ ലഭിച്ചാല്‍ പോലും ആത്മഹത്യ നിരക്ക് ഏഴ് ശതമാനം കണ്ട് കുറയുന്നു എന്നതും ശ്രദ്ധേയമാണ്. ശക്തമായ മഴ ലഭിക്കുന്ന വര്‍ഷങ്ങളില്‍ ആത്മഹത്യ നിരക്ക് കുത്തനെ ഇടിയുന്നതായും ഗവേഷകയായ തമ്മ കാര്‍ലെട്ടണ്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പൊതുവില്‍ കാര്‍ഷിക ആത്മഹത്യകള്‍ കുറഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളില്‍ ഇത് പകര്‍ച്ചവ്യാധി പോലെ വര്‍ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വരള്‍ച്ച ബാധിത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആദ്യത്തെ നാല് മാസത്തിനിടയില്‍ 852 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുരിത വര്‍ഷങ്ങളിലൊന്നായ 2015ല്‍ ഇന്ത്യയില്‍ മൊത്തം 12,602 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. 1995ന് ശേഷം മൊത്തത്തില്‍ 300,000 കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് രാജ്യത്ത് ജീവനൊടുക്കിയത്.
സമീപ മാസങ്ങളില്‍ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ വര്‍ധിച്ച നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടേതെന്ന് അവകാശപ്പെടുന്ന തലയോട്ടിയും എല്ലുകളും ഇന്ത്യന്‍ പാര്‍ലമെന്റിന് വിളിപ്പാടകലെയുള്ള ജന്തര്‍ മന്ദിറില്‍ കര്‍ഷകര്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ 140 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരാണ് ഇവ തലസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചത്. നൂറ് കണക്കിന് കര്‍ഷക ആത്മഹത്യകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചതെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നു. കൃഷി ഉണങ്ങിപ്പോയതിനൊപ്പം ബാങ്ക് വായ്പകളുടെ കുരുക്കുകളും കര്‍ഷകര്‍ക്ക് ബാധ്യതയായി തീരുന്നുവെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ റാണി രാധാകൃഷ്ണന്‍ പറഞ്ഞു. 80,000 രൂപയുടെ വായ്പ അടച്ചുതീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ ഭര്‍ത്താവ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്കിനു മുന്നില്‍ വെച്ച് വിഷം കഴിച്ച് മരിച്ചിരുന്നു. രാധാകൃഷ്ണന്‍ മരിച്ച് അടുത്താഴ്ച അദ്ദേഹത്തിന്റെ മരുമകനുള്‍പെടെ ബന്ധുക്കളോടൊപ്പം ബങ്കിനു മുന്നിലെത്തിയ ഭാര്യ അവര്‍ക്കു നല്‍കാനുള്ള പണം നീട്ടി ചോദിച്ചു: ഞങ്ങള്‍ നിങ്ങള്‍ക്കു തരാനുള്ള പണം ഇതാ.. ഇനി എന്റെ ഭര്‍ത്താവിന്റെ ജീവിതം തിരികെ തരൂ.
വിള നാശത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിനും ആത്മഹത്യകള്‍ കുറക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ താപനിലയുടെ വര്‍ധനയുമായി പൊരുത്തപ്പെടാന്‍ കര്‍ഷകരെ പ്രാപ്തരാക്കുകയാണ് യഥാര്‍ത്ഥ പോംവഴിയെന്നാണ് ചാര്‍ലട്ടണ്‍ ചൂണ്ടിക്കാണിക്കുന്നത്. താപനിലയുടെ വര്‍ധനയുമായി പൊരുത്തപ്പെടാന്‍ കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ ചൂട് കൂടുംതോറും ആത്മഹത്യയും വര്‍ധിക്കുമെന്ന് അവര്‍ പറയുന്നു.
എന്നാല്‍ ആത്മഹത്യ നിരക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്നതിലും അധികമാകാനാണ് സാധ്യത. കാരണം, ഇന്ത്യയില്‍ മരണങ്ങള്‍ പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. മാത്രമല്ല, 2014 വരെ ആത്മഹത്യ ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്നതിനാല്‍ സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് തടസമാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ വലിയൊരു ദുരന്തത്തെയാണ് തുറിച്ചുനോക്കുന്നതെന്നും ഇത് ഭാവി തലമുറയുടെ പ്രശ്‌നമല്ലെന്നും വര്‍ത്തമാനകാലത്ത് തന്നെ പരിഹരിക്കപ്പെടേണ്ടതാണെന്നും ചാര്‍ലട്ടണ്‍ പറയുന്നു.
കടപ്പാട്: ദി ഗാര്‍ഡിയന്‍

chandrika: