X

മോദി ഭരിക്കുന്ന കാലത്തും മനുഷ്യര്‍ക്കു ജീവിക്കണം

സി. ജമാല്‍ നിലമ്പൂര്‍

ഇന്ത്യാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം കോര്‍പറേറ്റുകളുടെ ബ്രാന്റ് അംബാസഡറായിരിക്കുന്നു പ്രധാനമന്ത്രിയെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇതിന് രണ്ടു ഉദാഹരണങ്ങളാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് മുകേഷ് അംബാനിയുടെ ജിയോ സിം ലോഞ്ചിങുമായി ബന്ധപ്പെട്ടതാണ്. അതില്‍ പ്രധാനമന്ത്രിയെ ഉപയോഗിച്ചായിരുന്നു തുടക്കം. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പിറ്റേന്ന് പേ ടിഎം ഓണ്‍ലൈന്‍ ഇടപാടു കമ്പനിയും ഇതേ മാര്‍ഗമാണ് സ്വീകരിച്ചത്.

 

രാജ്യത്തെ സിനിമാ മേഖലയിലെ ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തുന്നതില്‍ 70 ശതമാനവും പേടിഎം ആണ്. ഇതു കൂടാതെ വന്‍കിട പണ കൈമാറ്റം, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെയും ഓഹരി കമ്പോളത്തിലേയും വാങ്ങല്‍, വില്‍പ്പനയിലും ഇവരുടെ ഇടപാട് ശതകോടികളുടേതാണ്. എന്തുകൊണ്ട് പേടിഎം കമ്പനി കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ധനകാര്യ മന്ത്രാലയം ഭാവിയില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളുടെ സൂചന അറിഞ്ഞാല്‍ മതിയാകും. ഇവയുടെ ചില സൂചനകള്‍ കഴിഞ്ഞ ബജറ്റുകളിലുണ്ട്. കടലാസ് പണത്തിന്റ വിനിമയം കുറച്ചുകൊണ്ടുവരിക, നിശ്ചിത മൂല്യത്തില്‍ കൂടുതലുള്ള ഇടപാട് ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങളിലൂടെയാക്കുക.

 

ലോകത്തെ വികസിത രാജ്യങ്ങളില്‍ ഇത്തരം പണമിടപാടാണ് നടക്കുന്നത്. ഇന്ത്യയിലും അത്തരം തീരുമാനങ്ങള്‍ ഏത് പാതിരാവിലും നടപ്പിലാകാന്‍ സാധ്യതയുമുണ്ട്. എന്നാല്‍ ഇന്ത്യയും വികസിത രാജ്യങ്ങളും തമ്മില്‍ പ്രധാന വ്യത്യാസം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിഗണിക്കുന്നില്ലെന്നത് ആശങ്കയുണര്‍ത്തുന്നതാണ്. സ്വന്തം ഭാഷയില്‍ പോലും സാക്ഷരതയില്ലാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗവും. ഇവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുക എളുപ്പമല്ല. കേരളം, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിന് അപവാദം.

 

മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളേയും മാറ്റി നിര്‍ത്തുക. ബാക്കിവരുന്ന കോടിക്കണക്കിന് ഗ്രാമീണരുടെ ജീവിതത്തില്‍ ഇത് നടപ്പിലാക്കുമ്പോഴുള്ള പ്രതസന്ധി എത്രയായിരിക്കും. ഈ ഇലക്‌ട്രോണിക് വിനിമയത്തിന്റെ ടെസ്റ്റ് ഡോസായി ഇപ്പോഴത്തെ നിയന്ത്രണങ്ങളെ കാണണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എങ്കില്‍ ഇനി മറ്റൊരു പാതിരാവിനു അല്‍പം മുമ്പ് പ്രധാന മന്ത്രി മോദി പ്രഖ്യാപിക്കാനിടയുണ്ട്, ഇനി എല്ലാം ഇന്റര്‍നെറ്റ് ബാങ്കിങിലൂടെയെന്ന്. എല്ലാ വ്യാപാരികളും അപ്പോള്‍ അത്തരത്തില്‍ പണം കൈമാറ്റത്തിന് മെഷീന്‍ സ്ഥാപിക്കേണ്ടിവരും. കള്ളപ്പണം ഇല്ലാതാക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ഇവിടെ ഇത്തരത്തില്‍ പ്രത്യാഘാതമുണ്ടാകുന്ന വലിയ തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് സാവകാശം അനുവദിക്കേണ്ടതുണ്ട്.

 

രാജ്യത്തെ പൗരന്‍മാരെ അത്തരത്തിലൊരു സംവിധാനത്തിലേക്ക് മാനസികമായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ജനങ്ങള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവും നല്‍കേണ്ടതാണ്്. ഇല്ലെങ്കില്‍ അവരുടെ പണം തട്ടിപ്പുകാരുടെ കൈവശമെത്തും. നിലവില്‍ എ.ടി.എം അക്കൗണ്ട് പോലും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യമാറിക്കഴിഞ്ഞു. കോടികളാണ് വിദേശികളും സ്വദേശികളുമായ ഗൂഢ സംഘങ്ങള്‍ തട്ടിയെടുത്തത്. ടെക്‌നോളജിയില്‍ ഇന്ത്യയുടെ നാലയലെത്താത്ത ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പോലും ഇത്തരം വാര്‍ത്തകള്‍ വരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ കടലാസ് രഹിത വിനിമയത്തിന് സര്‍ക്കാര്‍ ഇത്തരത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണോ ചെയ്യേണ്ടത്. അതിനുള്ള സൂചനയായി ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം കാണേണ്ടതുണ്ട്.
രാജ്യത്തെ മിക്ക സാമ്പത്തിക വിദഗ്ധരും പറയുന്നത് ഇത്തരം സ്‌ട്രൈക്ക് വേണ്ടിയിരുന്നില്ലെന്നു തന്നെയാണ്. ഇത് ദുരിതം വിതച്ചത് സാധാരണക്കാരായ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെയാണ്. കള്ളപ്പണക്കാരെ ഇത് ബാധിച്ചില്ല. അവര്‍ അതിന് മറുവഴി കണ്ടെത്തുക തന്നെ ചെയ്യും. പിന്നെയുള്ളത് കള്ള നോട്ടിന്റെ കാര്യമാണ്. കള്ളനോട്ടടിക്കുന്നവര്‍ക്കറിയാം ഫിഫ്റ്റി-ഫിഫ്റ്റി ചാന്‍സാണ് ഈ പണം ചെലവാക്കുന്ന കാര്യത്തിലെന്ന്. അഥവാ ഏത് സമയവും ഇത് പടികൂടാം. പിടികൂടിയാല്‍ ജയിലിലാകും.

 

ഇല്ലെങ്കില്‍ അവര്‍ക്ക് കോടികള്‍ ലഭിക്കുകയും ചെയ്യും. ഇപ്പോഴത്തെ അവസ്ഥയില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ പ്രയോജനം ചെയ്യില്ലായിരിക്കാം. അതുകൊണ്ട് അവര്‍ക്ക് ഉണ്ടായ നഷ്ടം അത്ര വലുതാണോ. കഴിഞ്ഞ ദിവസം പുറത്തിക്കിയ രണ്ടായിരം നോട്ടിന്റെ കാര്യത്തില്‍ ഇതുതന്നെയല്ലേ സംഭവിക്കുക. കാര്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നാണ് അവസാനം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എങ്കില്‍ എന്തിനുവേണ്ടിയാണ് ഇത്തരത്തില്‍ രാജ്യത്തെ സ്തംഭനാവസ്ഥയില്‍ കൊണ്ടെത്തിക്കുന്ന കാര്യം ചെയ്തത്. പ്രധാനമന്ത്രി വിശദീകരിക്കില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ ന്യായീകരിക്കുന്നവരെങ്കിലും അതിന് മറുപടി നല്‍കേണ്ടതുണ്ട്. കള്ള നോട്ടുകളുടെ കണ്ടൈനറുകള്‍ രാജ്യത്ത് എത്തിയിട്ടുണ്ടെങ്കില്‍ ആരാണ് അതിന് കുറ്റക്കാര്‍? വോട്ടു നല്‍കി വിജയിപ്പിച്ച പ്രജകളാണോ? അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാകിസ്താന്‍ പണമെത്തിക്കുന്നുവെങ്കില്‍ അതിന്റെ കുറ്റക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയല്ലേ? കള്ളന്‍ കപ്പലില്‍ തന്നെയാണെന്നതല്ലേ സത്യം.

 

അതിന് നടപടിക്കു മുതിരാതെ അര്‍ധരാത്രി മുതല്‍ പണം വിലയില്ലാതാക്കുന്ന ‘മഹത്തായ കാര്യം’ എങ്ങിനെയാണ് ഫലം ചെയ്യുക. സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ഓരോ ദിവസവും കഴിയുന്തോറും ബി.ജെ.പി നേതൃത്വം പെടാപെടുകയാണ്. രാജ്യത്ത് ബാങ്കുകളിലും എ.ടി.എമ്മിനു മുന്നിലും വരി നില്‍ക്കുന്ന ഏതൊരാളും മനസ്സുകൊണ്ടെങ്കിലും ശപിക്കുമെന്ന ബോധം അവര്‍ക്കുണ്ട്. ഒരു അപകര്‍ഷതാ ബോധം ബി.ജെ.പി നേതാക്കളെ പിടികൂടിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്, കേരളത്തിലെ നേതാക്കള്‍ സഹകരണ ബാങ്കുകള്‍ക്കെതിരെ തിരിയാന്‍ കാരണം. വിഷയ ദാരിദ്ര്യം വരുന്നത് ബി.ജെ.പിയുടെ കുറ്റമല്ല.

 

എന്നാല്‍ അവരുടെ ദേശീയ നേതൃത്വം രാജ്യത്തിന് സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന ജനകീയ ദുരിതത്തെ എങ്ങിനെ ന്യായീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് കഴിയുന്നു. കേരളത്തില്‍ വരി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ അടുത്തു പോയി നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ ന്യായീകരിക്കാന്‍ ധൈര്യമുണ്ടോ എന്ന് ബി.ജെ.പിക്കാരനോട് ചോദിക്കേണ്ടതില്ല. കാരണം അവരുടെ കുടുംബങ്ങളില്‍ നിന്നുപോലും അവരതിന് അനുഭവിച്ചിട്ടുണ്ടാവണം. മാധ്യമങ്ങളിലൂടെയല്ലാതെ ഒരു പൊതുസ്ഥലത്ത് വന്ന് ഇക്കാര്യം വിളിച്ചു പറയാന്‍ ഒരു ബി.ജെ.പി നേതാവിനും ധൈര്യം കാണില്ല. കേരളത്തിലെന്നല്ല, രാജ്യത്ത് ഒരിടത്തും അതിന് കഴിയുമെന്ന് തോന്നുന്നില്ല.
മോദി ഭരിക്കുന്ന കാലത്തും ജീവിക്കണം. അതിന് പണം വേണം. രാജ്യത്തെ അച്ചടിച്ച് വിതരണം ചെയ്ത നോട്ടുകളില്‍ 76 ശതമാനം നോട്ടുകളും 500, 1000 രൂപയുടെ നോട്ടുകളാണ്. അഞ്ചു രൂപ മുതല്‍ 100 രൂപവരെയള്ള മറ്റു നോട്ടുകള്‍ ബാക്കി ശതമാനമേ വരൂ. എന്നിട്ടും നോട്ടുകള്‍ പിന്‍വലിക്കുമ്പോഴുണ്ടാകുന്ന ദുരിതം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നത് അത്ഭുതപ്പെടുത്തുകയാണ്. ഇത്തരത്തില്‍ നോട്ട് പിന്‍വലിക്കാനുള്ള നിര്‍ദേശം പൊടുന്നനെ മുളച്ചുപൊങ്ങിയതല്ല.

 

റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെ യു.പി.എ സര്‍ക്കാറിന് മുമ്പില്‍ രണ്ടു തവണ ഇക്കാര്യം ശിപാര്‍ശ ചെയ്തതാണ്. എന്നാല്‍ നടപ്പിലാക്കേണ്ട രീതി ഇത്തരത്തിലായില്ലെന്നുമാത്രം. എന്നിട്ടും അന്ന് നടപ്പിലാക്കാതിരുന്നത് ഇത്തരത്തിലുള്ള ചെപ്പടി വിദ്യകൊണ്ട് ഇന്ത്യയിലെ കള്ളപ്പണം പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്നതിലാണ്. കാരണം കള്ളപ്പണം നല്ലൊരു ശതമാനം വിദേശ ബാങ്കുകളിലാണ്. മറ്റൊരു ഭാഗം വിദേശ കറന്‍സിയായും സ്വര്‍ണമായും മാറ്റിയിട്ടുണ്ടായിരുന്നു. കൂടാതെ റിയല്‍ എസ്‌റ്റേറ്റ്, സിനിമാ മേഖലകളില്‍ നിക്ഷേപിച്ചവ വേറെയും.

 

നോട്ടായി അലമാരകളില്‍ അട്ടിവെച്ചിരിക്കുന്നവര്‍ ചെറുമീനുകള്‍ മാത്രം. അത്തരം കള്ളപ്പണക്കാര്‍ അതില്‍ പകുതിയെങ്കിലും വെളുപ്പിക്കാന്‍ മാര്‍ഗം കാണും. ഇവരുടെ നഷ്ടം തുഛമായിരിക്കും. എന്നാല്‍ രാജ്യത്തെ സാധാരണക്കാരുടെ കാര്യം വളരെ സങ്കീര്‍ണ്ണമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും അവര്‍ക്ക് ഗുണം ചെയ്യുന്നില്ല. രാജ്യത്ത് എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണമില്ല. അക്കൗണ്ടില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും രാജ്യത്തുണ്ട്. അവര്‍ ഭീതിയിലാണ്. അവര്‍ക്ക് പുതിയ അക്കൗണ്ട് തുടങ്ങാമെന്നാണ് സര്‍ക്കാര്‍ വാ ഗ്ദാനം. സ്വതന്ത്ര ഇന്ത്യയുടെ കഴിഞ്ഞ കാലങ്ങളില്‍ ഒരു ശരാശരി ഇന്ത്യന്‍ പൗരന്‍ ഇത്രയും പ്രതിസന്ധി നേരിട്ട കാലയളവുണ്ടായിട്ടില്ല.

 

കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം തട്ടിപ്പു നയങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹത്തിന്റെ ചാപ്പ കുത്തുകയാണ് സംഘ് പരിവാറും, അനുകൂലികളും. ഇവര്‍ ആരുടെ ചട്ടുകമാവുകയാണ് എന്ന് ചിന്തിക്കണം. ഇന്ത്യന്‍ മാധ്യമങ്ങളുടെ നല്ലൊരു ശതമാനം കോര്‍പറേറ്റുകള്‍ കൈപ്പിടിയിലൊതുക്കി കഴിഞ്ഞു. മറ്റുള്ളവ സര്‍ക്കാര്‍ ഭീഷണിയില്‍ നിശബ്ദമാക്കുകയും ചെയ്യപ്പെടുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാറിന്് ഇത്ര വലിയ ജനവിരുദ്ധ സ്‌ട്രൈക്ക് നടത്താന്‍ ധൈര്യം നല്‍കുന്നത്.
ആസ്പപത്രിയും യാത്രയും സേവന മേഖലയും നിശ്ചലമാകുന്നു. കേരളത്തെ പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് ഇത് താങ്ങാവുന്നതിലും വലുതാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നിശ്ചലമായി. സര്‍ക്കാറിന് കാര്യമായ വരുമാനം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ നോക്കുകുത്തിയായി. സേവനമേഖലയിലും ഉത്പാദന മേഖലയിലും പ്രതിസന്ധി രൂക്ഷമായി. ചുരുക്കത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന് ഇതിലൂടെയുണ്ടായത് കോടികളുടെ നഷ്ടം.
പുതിയ 2000 രൂപയുടെ നോട്ടടിക്കാന്‍ ചെലവ് 20,000 കോടി രൂപയാണ്. 500, 1000 പിന്‍വലിക്കുന്നതോടെ കള്ളപ്പണം വെളുക്കുമെന്നും ഇതിലൂടെ ഖജനാവിലെത്തുക 20,000 കോടിക്ക് താഴെയെന്നും മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം വ്യക്തമാക്കിയതാണ്. എങ്കില്‍ ഈ സര്‍ജറിക്കല്‍ സ്‌ട്രൈക്കുകൊണ്ട് രാജ്യം എന്തു നേടിയെന്ന് വിശദീകരിക്കണം. ആ വിശദീകരണം ബി.ജെ.പി നേതൃത്വം ഉന്നയിക്കുന്നതുപോലെ നെഹ്‌റു കുടുംബത്തെ പരിഹസിച്ചുകൊണ്ടാവരുത്. ജനങ്ങള്‍ക്കു ബോധ്യമുള്ള മറുപടി വേണം.

 

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ഇലക്ഷന്‍ ഫണ്ടില്ല. ബി.ജെ.പി നേരത്തെ പണം വെളുപ്പിച്ചെന്ന കെജ്രിവാളിന്റെ ആരോപണം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. ബംഗാളില്‍ ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ വന്ന ഒരു കോടി രൂപ ഉദാഹരണം. രാജ്യത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് മോദി സര്‍ക്കാറെന്ന് ബി.ജെ.പിക്ക് വോട്ടുനല്‍കിയവരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

 

chandrika: