ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്‍ തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും വ്യക്തമാക്കി.
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിച്ചു.
ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഒരു സംഘര്‍ഷത്തിനിടയാക്കുന്ന നടപടികള്‍ ഇന്ത്യയും പാക്കിസ്ഥാനും എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ ജമ്മുകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് യുഎഇ നിലപാടെടുത്തു.
നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന ഭാഗമാണ് പാക് അധീന കശ്മീര്‍. 13,297 ചതുരശ്ര കിലോമീറ്റര്‍ ആണ് പാക് അധീന കശ്മീരിന്റെ വിസ്തൃതി. ലഡാക്കിന്റെ ഭാഗമാണെന്ന് ഇന്ത്യ കരുതുന്ന ഭൂപ്രദേശമാണ് അക്‌സായ് ചിന്‍. ചൈനയും ഇന്ത്യയും തമ്മില്‍ 1962ല്‍ ഈ പ്രദേശത്തിന്റെ അധികാരത്തിന് വേണ്ടി യുദ്ധം ചെയ്തിരുന്നു.
അതേസമയം രാജ്യസഭ പാസ്സാക്കിയ ബില്‍ ലോക് സഭയിലും ഇന്ന് പാസായി. “ഞാന്‍ ജമ്മു കശ്‍മീര്‍ എന്ന് പറയുമ്പോള്‍ അതില്‍ പാക് അധീന കശ്‍മീരും ചൈനയുടെ കയ്യിലുള്ള അക്സായ് ചിന്‍ പ്രദേശങ്ങളും ഉള്‍പ്പെടും. ജമ്മു കശ്‍മീരിന്‍റെ പരിധിയില്‍ വരുന്നതാണ് ഇത് രണ്ടും” അമിത് ഷാ ലോക് സഭയില്‍ പറഞ്ഞു.