X
    Categories: columns

കര്‍ഷകരുടെ അതിജീവന പോരാട്ടം

വരീന്ദര്‍ ഭാട്യ

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമനിര്‍മ്മാണങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ മുതല്‍ രാജ്യത്തെ കര്‍ഷകര്‍ സമരമുഖത്താണ്. കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി അതിര്‍ത്തിക്കടുത്താണ്. അതത് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടതിന്‌ശേഷം, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചു, അതിനാലാണ് അവര്‍ ഡല്‍ഹിയിലേക്ക് വരുന്നത്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകള്‍ കര്‍ഷക പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ നിയമനിര്‍മ്മാണങ്ങള്‍ പിന്‍വലിക്കുകയോ അല്ലെങ്കില്‍ അവരുടെ വിളകള്‍ക്ക് മിനിമം പിന്തുണ വില-തറവില (എം.എസ്.പി) ഉറപ്പ് നല്‍കുകയോ ചെയ്യണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നു.
ഹരിയാനയില്‍ നിന്നുള്ള പ്രതിഷേധക്കാരെ ഗുര്‍നംസിംഗ് ചാദുനിയാണ് നയിക്കുന്നത്. കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ നിയോജക മണ്ഡലത്തില്‍നിന്ന് 2019 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഗുര്‍നം മത്സരിച്ചെങ്കിലും 1,307 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നിരുന്നാലും, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം സജീവമായിരുന്നു, സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മൂന്ന് കര്‍ഷക ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചയുടന്‍ അദ്ദേഹം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചതിനും നിരവധി ക്രിമിനല്‍ കേസുകള്‍ ഗുര്‍നം നേരിടുന്നുണ്ട്. ഗുര്‍നമിനുപുറമെ, നിരവധി നേതാക്കളടങ്ങുന്ന അനവധി ദേശീയ, പ്രാദേശിക കര്‍ഷക യൂണിയനുകള്‍ സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ കുടക്കീഴില്‍ കൈകോര്‍ത്തിരിക്കുകയാണ്. നിരവധി നേതാക്കളെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അടുത്തിടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ ഗ്രൂപ്പുകളില്‍ ഭൂരിഭാഗത്തെയും ഹരിയാന സര്‍ക്കാര്‍ വിശേഷിപ്പിച്ചത് ‘ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമാധാനവും ക്രമസമാധാനവും തടസ്സപ്പെടുത്തുന്നതുമായ ചരിത്രമുള്ള സംഘടനകള്‍’ എന്നാണ്.
പുതിയ നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പരമാവധി വില ലഭിക്കുന്നതിന് രൂപീകരിച്ച കാര്‍ഷിക ഉത്പന്ന വിപണനസംഘ (അജങഇ) ത്തിനുപുറത്ത് വില്‍പ്പനയും വിപണനവും നടത്തേണ്ടിവരുമെന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്ക്പുറത്ത് ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് വ്യാപാരങ്ങളും ഇടപാടുകളും നടത്താനുള്ള അന്തര്‍ സംസ്ഥാന പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കി അതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരെക്കൊണ്ട് കച്ചവടം നടത്തിക്കുമെന്നതും അവര്‍ ഭയപ്പെടുന്നു. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്ക്പുറത്ത് കമ്പോള ഫീസ്, സെസ് അല്ലെങ്കില്‍ ലെവി എന്നിവ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നതിനാല്‍, ക്രമേണ മണ്ഡി സമ്പ്രദായം അവസാനിപ്പിച്ച് കോര്‍പറേറ്റുകളുടെ കൈകളില്‍ കര്‍ഷകരെ എത്തിക്കുമെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു. മണ്ഡി സമ്പ്രദായം പൊളിച്ചുമാറ്റുന്നത് തങ്ങളുടെ വിളകള്‍ക്ക് താങ്ങുവില ഉറപ്പുനല്‍കുന്നത് അവസാനിപ്പിക്കുമെന്ന് കര്‍ഷകര്‍ കരുതുന്നു. അതുപോലെ, വില ഉറപ്പാക്കല്‍ നിയമം കര്‍ഷകര്‍ക്ക് വില ചൂഷണത്തിനെതിരെ സംരക്ഷണം നല്‍കുമെന്ന് പറയുമ്പോഴും വില നിര്‍ണ്ണയിക്കാനുള്ള സംവിധാനം നിര്‍ദ്ദേശിക്കുന്നില്ല. തറവില രേഖാമൂലം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു, അല്ലാത്തപക്ഷം സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ളുടെ ചൂഷണത്തിലേക്ക് നയിക്കും. അര്‍ത്തിയാസും (കമ്മീഷന്‍ ഏജന്റുമാരും) കര്‍ഷകരും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. ഓരോ അര്‍ത്തിയയുമായി ശരാശരി 50-100 കര്‍ഷകരെങ്കിലും ബന്ധമുള്ളവരായിരിക്കും, അവര്‍ കര്‍ഷകരുടെ സാമ്പത്തിക വായ്പകള്‍ ശ്രദ്ധിക്കുകയും സമയബന്ധിതമായി സംഭരണവും വിളക്ക് മതിയായ വില ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങള്‍ ഈ ഏജന്റുമാരുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും ആവശ്യമുള്ള സമയങ്ങളില്‍ കോര്‍പറേറ്റുകള്‍ അവരോട് സഹതാപം കാണിക്കില്ലെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ നിര്‍ബന്ധബുദ്ധിയുള്ള മനോഭാവത്തിന് പേരുകേട്ടവരാണ്. ഭരണകൂടത്തിന്റെ ഏതെങ്കിലും ബലപ്രയോഗം അവരെ കൂടുതല്‍ പ്രകോപിതരാക്കും. കാര്‍ഷിക നിയമനിര്‍മ്മാണങ്ങള്‍ നടപ്പാക്കി ഒരു മാസത്തിനുശേഷം ഒക്ടോബറില്‍, പഞ്ചാബ് വിധാന്‍ സഭ പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായ പ്രമേയത്തിലൂടെ നിയമങ്ങള്‍ നിരസിക്കുക മാത്രമല്ല, കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക ഭേദഗതി ബില്ലുകളില്‍നിന്ന് പഞ്ചാബിനെ ഒഴിവാക്കുകയും ചെയ്തു. പഞ്ചാബിന്റെ ഈ നീക്കത്തിനുശേഷം ഹരിയാനയിലെ കര്‍ഷകരും അവരുടെ സര്‍ക്കാരിന്റെ പിന്തുണ തേടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെയും വൈദ്യുതി മന്ത്രി രഞ്ജിത് ചൗതാലയുടെയും സിര്‍സയിലെ വസതികള്‍ക്ക്പുറത്ത് കര്‍ഷകര്‍ തമ്പടിച്ചു. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് കരുതുന്ന ദുശ്യന്തിന്റെ പാര്‍ട്ടിയായ ജന്നായക് ജനതാപാര്‍ട്ടി (ജെ.ജെ.പി)ക്ക് ഗ്രാമീണ മേഖലയില്‍ വോട്ട് ബാങ്കുണ്ട്. എന്നാല്‍, ദുശ്യന്ത് ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുകയാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താര്‍ ചില കര്‍ഷക യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പുതിയ കേന്ദ്ര നിയമങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഹരിയാന സര്‍ക്കാര്‍ തങ്ങളെ സഹായിക്കില്ലെന്ന് മനസ്സിലാക്കി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിച്ചു. സെപ്തംബറിലും ബി.കെ.യു പ്രസിഡന്റ് ഗുര്‍നം സിംഗ് ചാഡൂണിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ അംബാല-ഡല്‍ഹി ദേശീയപാത മൂന്ന് മണിക്കൂറോളം തടഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിപ്രയോഗിച്ച പൊലീസ് ക്രിമിനല്‍ കുറ്റംചുമത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കൊലപാതകശ്രമം, പ്രകോപനം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഹരിയാനയില്‍ ഭരണകക്ഷിയായ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ജെ.പിയും ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ പിന്തുണക്കുന്നു. ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും അഭയ് ചൗതാലയുടെ നേതൃത്വത്തിലുള്ള ഐ.എന്‍.എല്‍.ഡിയും കര്‍ഷകരുടെ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി സഖ്യത്തില്‍നിന്ന് ജെ.ജെ.പിയെ അടര്‍ത്തിയെടുക്കാന്‍ ഹരിയാനയിലെ പ്രതിപക്ഷത്തിന് പറ്റിയ അവസരമാണിത്. കര്‍ഷക പ്രക്ഷോഭം രൂക്ഷമായശേഷം അടുത്തിടെ നടന്ന ബറോഡ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഫലം നല്‍കിയിട്ടുണ്ട്, അവിടെ എല്ലാ ശക്തിയും ചെലുത്തിയിട്ടും ബി.ജെ.പിയും ജെ.ജെ.പിയുമടങ്ങുന്ന ഭരണ സഖ്യത്തിന് വിജയിക്കാനായില്ല.
മറുവശത്ത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ (എസ്.എ.ഡി) ഇതിനകം തന്നെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെതന്നെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത്ത് ബാദല്‍ രാജിവെക്കുകയും ചെയ്തു. ഭരണകക്ഷികളില്‍നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും കര്‍ഷകര്‍ക്ക് പഞ്ചാബില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് പഞ്ചാബിലെ കര്‍ഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും റെയില്‍, റോഡ് ശൃംഖലകള്‍ തടയുകയും ചെയ്തത്. കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര-ഹരിയാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ഉറപ്പ്‌നല്‍കിയിട്ടും നിയമനിര്‍മ്മാണം അംഗീകരിക്കാന്‍ കര്‍ഷകര്‍ വിസമ്മതിച്ചു. കര്‍ഷകരെ ബോധ്യപ്പെടുത്താനുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ മുതല്‍ ട്രാക്ടര്‍ റാലികള്‍ വരെയുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു.
കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ച് അവിടെ തമ്പടിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ സ്ഥിതി വളരെ സങ്കീര്‍ണമാണ്. ഭക്ഷ്യ വസ്തുക്കളുമായി വന്നത് പ്രക്ഷോഭം മാസങ്ങളോളം തുടരുമെന്നതിന്റെയും പിന്നോട്ടില്ലെന്നതിന്റെയും സൂചനയാണ്. ഭരണകൂടത്തിന്റെ ഏതെങ്കിലും ബലപ്രയോഗം വലിയ ക്രമസമാധാന തടസ്സത്തിന് കാരണമായേക്കാം. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ സങ്കീര്‍ണ സാഹചര്യത്തിലാണ്. ഹരിയാന കടന്നുവേണം കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെത്താന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നും വരുന്ന കര്‍ഷകരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ അവരെ തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ഹരിയാനയിലെ ഭരണകക്ഷിക്കു മറ്റൊരു ക്രമസമാധാനപ്രശ്‌നംകൂടി നേരിടാന്‍ കഴിയില്ല, കാരണം 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ കാലയളവില്‍ ഇത്തരം സംഭവങ്ങള്‍ മൂലം കനത്ത നഷ്ടം നേരിട്ടിരുന്നു. 2014 നും 2019 നും ഇടയില്‍ ഹരിയാന മൂന്ന് പ്രധാന ക്രമസമാധാന സാഹചര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്: 30 ഓളം പേര്‍ കൊല്ലപ്പെട്ട ജാട്ട് പ്രക്ഷോഭം; ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവം; സ്വയംപ്രഖ്യാപിത ദൈവം രാംപാലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവം. നിലവിലെ സാഹചര്യത്തില്‍, പ്രക്ഷോഭം നേരിടുന്ന കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ഇതിനകം തന്നെ ജലപീരങ്കികളും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. എന്നാല്‍ രണ്ട് രീതികളും പരാജയപ്പെട്ടു.
(കടപ്പാട്: indianexpress.com)

web desk 1: