X
    Categories: columns

ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെ പിറകോട്ട് വലിക്കരുത്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും,കരുത്തുമാണ് വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍.
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ മുന്‍പും ശേഷവും നിലവില്‍ വന്ന പല രാജ്യങ്ങളുടേയും നിലനില്‍പ്പ് തന്നെ അപകടപ്പെട്ടുപോയപ്പോഴും ഏഴു പതിറ്റാണ്ടു പിന്നിട്ട് ഇന്ത്യ മുന്നോട്ട് പോകുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പാണ്.പാര്‍ലമെന്റ്,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പോലെ തന്നെ തദ്ധേശ തെരഞെടുപ്പും അഞ്ചാണ്ടിന്റെ അതിര്‍ത്ഥികുളളില്‍ തന്നെ മുടക്കം കൂടാതെ നടന്നു വരുന്നു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശയമായ ഗ്രാമ സ്വരാജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്നതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്.പ്രാദേശിക ഭരണകൂടങ്ങളിലേക്ക് വിവിധ കാലങ്ങളിലായി കൂടുതല്‍ അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെ കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനം ലോകത്തിനു തന്നെ മാതൃകയായി.അധികാര വികേന്ദ്രീകരണത്തിലും ആസൂത്രണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.അധികാര വികേന്ദ്രീകരണം നടപ്പില്‍ വരുത്തുന്നതില്‍ കേരളം ഭരിച്ച എല്ലാ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളും പങ്കാളികളായിട്ടുണ്ട്.
ഐക്യജനാധിപത്യമുന്നണിയും വിശിഷ്യാ മുസ്ലിംലീഗും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ആരംഭിച്ച തദ്ദേശ ഭരണ സംവിധാനമായിരുന്നു മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ്.സ്വാതന്ത്ര്യാനന്തരം സംസ്ഥാന രൂപീകരണത്തിനുശേഷം കേരള പഞ്ചായത്ത് നിയമം നിലവില്‍ വരുന്നതുവരെ പൗരപ്രമുഖര്‍ യോഗം ചേര്‍ന്ന് കൈപൊക്കി വോട്ട് രേഖപ്പെടുത്തി ഭരണ സമിതിയെ തിരഞ്ഞെടുക്കുന്ന രീതിയിലുള്ള പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്.ആ പഞ്ചായത്തുകള്‍ക്ക് അധികാരവും ഭൂവിസ്തൃതിയും കുറവായിരുന്നു.1962ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പിരിച്ച് വിട്ട് കേരള സംസ്ഥാനത്ത് വ്യാപകവും വ്യവസ്ഥാപിതവുമായി പഞ്ചായത്തുകള്‍ രൂപീകൃതമായി.
1963ല്‍ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഭരണ സമിതി 1979 വരെ അധികാരത്തില്‍ തുടര്‍ന്നു.ചുരുങ്ങിയ അധികാരങ്ങള്‍ മാത്രമായിരുന്നു അന്നും പഞ്ചായത്തുകള്‍ക്കുണ്ടായിരുന്നത്.നിയമ നിര്‍മ്മാണ സഭകളിലെ നിരന്തരമായ ഇടപെടലുകളും വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപാടുകളിലൂടെയുമാണ് തദ്ധേശ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കാണുന്ന വികാസമുണ്ടായത്.ഒന്നാം നിയമസഭയുടെകാലത്തെ ഭരണ പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ കേരളാ പഞ്ചായത്ത് ബില്ല് മുതല്‍ 1994ല്‍ നടപ്പിലാകിയ പഞ്ചായത്ത് രാജ് ആക്ടുമടക്കം നിരവധി നിയമങ്ങളും ഭേദഗതികളും പല ഘട്ടങ്ങളിലായി നടപ്പിലാക്കി.
ഇതില്‍ ഏറെ ശ്രദ്ധേയമായതായിരുന്നു 1967ല്‍ മുസ്ലിംലീഗ് നേതാവും അന്നത്തെ തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കള്‍ നിയമസഭയില്‍ അവതരിപ്പിച്ച കേരള പഞ്ചായത്തീ രാജ് ബില്ല്.ജലസേചനം മുതല്‍ പോലിസ് വരെ അടിസ്ഥാന വിഷയങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു അത്.ശ്രീ രാജീവ്ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായകാലത്ത് അധികാര വികേന്ദ്രീകരണ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടായി.അദ്ധേഹം നടപ്പില്‍ വരുത്തിയ രണ്ട് പ്രധാനകാര്യങ്ങള്‍ വിവരസാങ്കേതികരംഗത്ത് വന്‍ മുന്നേറ്റവും, അധികാര വികേന്ദ്രീകരണ രംഗത്തെ പുതിയ നിയമങ്ങളുമായിരുന്നു.
64,65 നിയമ ഭേദഗതി വരുത്തി തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികാസത്തിനും മുന്നേറ്റത്തിനും ഭരണഘടനയുടെ പിന്‍ ബലം നല്‍കി.
73, 74 ഭരണഘടനഭേദഗതിയോടെ1993ല്‍ പഞ്ചായത്ത് നഗരപാലിക നിയമം നിലവില്‍ വന്നു.തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ സമാന നിയമം പാസാക്കി അധികാര വികേന്ദ്രീകരണത്തിലേക്കുളള ആദ്യചുവടുവെപ്പ് നടത്തിയത്.1994 ല്‍ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ നിലവില്‍വന്നു. ഇത് പാസാക്കിയെടുത്തത് മുസ്‌ലിംലീഗ് നേതാവും യു ഡി എഫ് മന്ത്രിസഭയിലെ അംഗവുമായിരുന്ന സി.ടി അഹമ്മദലിയായിരുന്നു.ഭരണഘടന ഭേഭഗതിക്കു ശേഷം കേരളത്തില്‍ ആദ്യത്തെ തദ്ദേശ തെഞ്ഞെടുപ്പ് നടന്നത് 1995ലായിരുന്നു.പ്രാദേശിക തലത്തില്‍ ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് കേരളം ഈ സംവിധാനത്തെ വരവേറ്റത്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തില്‍ 1996ല്‍ ജനകീയാസൂത്രണം നടപ്പിലാക്കി.
അധികാരം ജനങ്ങളിലേക്ക് എന്ന ജനാധിപത്യത്തിന്റെ എക്കാലത്തേയും ശക്തമായ മുദ്രാവാകൃത്തെ ക്രിയാത്മകമായ പദ്ധതികളിലൂടെ ആവിഷ്‌കരിച്ച കേരളത്തില്‍ ഇന്ന് ഭരണം നിര്‍വ്വഹിക്കുന്ന ഇടതു സര്‍ക്കാര്‍പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും അധികാരം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന കാഴ്ചകളാണ് കാണുന്നത്. തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുതിയൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നിന്നുകൊണ്ട് ഇന്ന് കേരളം ഭരിക്കുന്നവര്‍ തദ്ധേശ സ്ഥാപനങ്ങളോട് കാണിച്ച അവഗണനയും അകല്‍ച്ചയും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.തദ്ധേശ സ്ഥാപനങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കേണ്ടത് അനിവാര്യമാണ്.എന്നാല്‍ ഇന്നത്തെ കേരള സര്‍ക്കാര്‍ നിലവില്‍ കൊടുത്തു കൊണ്ടിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചും,നല്‍കിയ ഫണ്ടുകള്‍തന്നെ തിരിച്ച് പിടിച്ചും തദ്ദേശസ്ഥാപനങ്ങളെ കടുത്ത നിയന്ത്രണത്തിലാക്കി.ട്രഷറി നിയന്ത്രണം കാരണം വളരെ പ്രയാസപ്പെടുത്തി. ഭവന പദ്ധതി അപേക്ഷകരില്‍ സിംഹഭാഗം ആളുകള്‍ക്കും ഭവനം എന്നത് യാഥാര്‍ത്ഥ്യത്തോട് അടുക്കാത്ത സ്വപ്‌നം മാത്രമായി മാറി.
ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത്‌കൊണ്ടിരിക്കുകയാണ്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം(അതു കൊണ്ട് പ്രാദേശിക ജന വികാരങ്ങള്‍ മാനിക്കാതെ ലൈസന്‍സ് ലഭ്യമാകുന്നു) വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം തദ്ദേശ ഭരണ സ്ഥാപനങള്‍ക്ക് ഇല്ലാതെയാക്കി.തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരങ്ങളും ചുമതലകളും ഇല്ലാതാക്കി.തദ്ധേശ സ്ഥാപനങ്ങളിലെ അധികാരങ്ങള്‍ ഇല്ലാതെയാക്കിയതു പോലെ ജനാധിപത്യത്തിലെ ജനങ്ങളുടേയും ജനപ്രതിനിധികളുടേയും അവകാശങ്ങളും ആവശ്യങ്ങളും ഇല്ലാതെയാക്കുകയാണ് കേരള സര്‍ക്കാര്‍. മന്ത്രിസഭയുടെ പോലും അവകാശങ്ങള്‍ ഹനിക്കുന്ന നിയമഭേദഗതികള്‍ വരാനിരിക്കുന്നു എന്ന് പത്രമാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു.കേരള സര്‍ക്കാര്‍ ബിസിനസ് റൂള്‍സില്‍ വരുത്തുന്ന പരിഷ്‌കരണങ്ങള്‍ അത്തരം വാര്‍ത്തകള്‍ സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നു.
മന്ത്രിസഭയുടെ അധികാരാവകാശങ്ങള്‍ വിശദീകരിച്ചിട്ടുഉളത് ബിസിനസ്സ് റൂള്‍സിലാണ്.സെക്രട്ടേറിയറ്റില്‍ ഭരണ നിര്‍വ്വഹണം എങ്ങനെയായിരിക്കണം എന്ന് പറയുന്ന ചട്ടങ്ങളാണ് സംസ്ഥാനത്തിന്റെ ബിസിനസ് റൂള്‍സ്.മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിമാരും ബിസിനസ് റൂള്‍ പ്രകാരമാണ് ഭരണം നിര്‍വ്വഹിക്കേണ്ടത്.ബിസിനസ് റൂള്‍സില്‍ കാലാനുസൃതമായി പരിഷ്‌കരണങ്ങള്‍ വരുത്തേണ്ടതുണ്ട് വരുത്തിയിട്ടുമുണ്ട്.ഏറ്റവും ഒടുവില്‍ പരിഷ്‌കരിച്ചത് 2002ലാണ്.എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി.
ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ബിസിനസ് റൂള്‍സില്‍ പരിഷ്‌ക്കരണങള്‍ക്ക് ഒരുങ്ങുകയാണ്. കരട് രേഖാ പ്രകാരം അധികാരം മുഖ്യമന്ത്രിയിലേക്കും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരിലേക്കും മാത്രം ചുരുങ്ങി പോവുമെന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.കേരളം എല്ലാ കാലത്തും മുന്നണി സംവിധാനത്തില്‍ ഭരണം നടക്കുന്ന സംസ്ഥാനമാണ്.മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കൊന്നും അധികാരമില്ലാത്ത അവസ്ഥ വരുന്നത് ജനാധിപത്യ വിരുദ്ധമായിരിക്കും.സെക്രട്ടേറിയറ്റില്‍ കെട്ടികിടന്ന അധികാരം ജനങ്ങളിലേക്ക് ഒഴുക്കുകയാണ് കഴിഞ്ഞ കാലത്ത് വിപ്ലവകരമായ അധികാര വികേന്ദ്രീകരണത്തിലൂടെ നാം ചെയ്തത്. എന്നാല്‍ ഇന്ന് അത് സെകട്ടറിയറ്റിലേക്ക് തിരിച്ച് കൊണ്ടുപോവുകയും അവിടെ തന്നെ മുഖ്യമന്തിയുടെ ഓഫീസില്‍ മാത്രം തളച്ചിടാനുമുള്ള നിയമഭേദഗദികള്‍ക്കുള്ള ചരടുവലികളുമാണ് നടക്കുന്നത്.
ഇത് ജനാധിപത്യവിരുദ്ധമാണ് സേഛാധിപത്യമാണ്.അധികാര വികേന്ദ്രീകരണം കേന്ദ്രീകരണ അധികാരമാക്കി മാറ്റരുത്. ഗാന്ധിജിയുടെ ഗ്രാമ സ്വരാജിനെ പിറകോട്ട് വലിക്കരുത്.

 

web desk 1: