X
    Categories: columns

അന്വേഷണ സംഘം അടുത്തെത്തുന്ന വെപ്രാളം

വിശാല്‍ ആര്‍

സ്വപ്‌നാസുരേഷുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് അവസാനം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന ഭീതി ഭരണ നേതൃത്വത്തെയും സി.പി.എമ്മിനെയും വല്ലാതെ അലട്ടുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുവരുന്നതിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ പോലും കരുത്തില്ലാതെ വട്ടംകറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും രക്ഷപ്പെടുത്താന്‍ സി.പി.എം ഉപശാലയില്‍ ഉരുത്തിരിഞ്ഞ പുതിയ തിരക്കഥയാണ് സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശമെന്നു വേണം കരുതാന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നിര്‍ബന്ധിക്കുന്നു എന്നാണു സ്വപ്‌നയുടെ സന്ദേശം. എന്നാല്‍, ഈ സന്ദേശം സ്വപ്‌ന എപ്പോള്‍ എവിടെവെച്ച് ആരോടു വെളിപ്പെടുത്തിയതാണെന്നതിന് ഉത്തരമില്ല. ശബ്ദം തന്റേതാണെന്നു സ്വപ്‌ന സമ്മതിക്കുന്നെങ്കിലും പറഞ്ഞത് എന്ന്, എവിടെവെച്ചാണെന്ന് ഓര്‍മയില്ലെന്നാണു ഇപ്പോള്‍ പറയുന്നത്. ഇത് അന്വേഷണ ഏജന്‍സികളോ മറ്റുള്ളവരോ വിശ്വസിക്കുന്നില്ല.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു എന്നു വെളിപ്പെടുത്തുന്ന ആദ്യത്തെ പ്രതിയല്ല സ്വപ്‌ന. ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ഇതേ ആരോപണവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ രാഷ്ട്രീയ ചോദ്യങ്ങളൊന്നും ചോദിച്ചില്ലെന്നും രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഒരു അന്വേഷവും നടത്തിയില്ലെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചതോടെ ശിവശങ്കര്‍ പിന്‍വലിഞ്ഞു. ശിവശങ്കര്‍ മുഖേന പൊട്ടിക്കാന്‍ നോക്കിയ വെടി ചീറ്റിപ്പോയപ്പോഴാണ് സ്വപ്‌ന സുരേഷ് മുഖേന ബോംബ് പരീക്ഷണം നടത്തിയത്. എന്നാല്‍ അതിനു കുറേക്കൂടി വ്യക്തമായ പ്ലാനിങ് വേണ്ടി വന്നു എന്നാണ് കരുതുന്നത്.
സ്വപ്‌നയുടെ സന്ദേശം ആദ്യം സംപ്രേഷണം ചെയ്തത് മുഖ്യധാരാ മാധ്യമങ്ങളായിരുന്നില്ല. ഒരു സമാന്തര പോര്‍ട്ടലാണ്. സാധാരണ നിലക്ക് ഇത്തരം സന്ദേശങ്ങളോടു മുഖം തിരിക്കാറുള്ള സര്‍ക്കാര്‍ അതിനെ ഗൗരവത്തിലെടുത്തു. അന്വേഷണത്തിന് ജയില്‍ ഡി.ജി.പി തന്നെ നേരിട്ടിറങ്ങി. സ്വപ്‌നയെ ജയിലില്‍ സന്ദര്‍ശിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നു പ്രതിപക്ഷത്തെ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍, അതേക്കുറിച്ചല്ല, ആവശ്യം ഉന്നയിച്ചവര്‍ക്കെതിരേ നിയമ നടപടി എന്ന നിലയിലേക്കാണ് ജയില്‍ ഡി.ജി.പി മാറിയത്.
ശബ്ദരേഖയെക്കുറിച്ചു ജയില്‍ ഡി.ഐ.ജി നടത്തിയ അന്വേഷണത്തില്‍ ശബ്ദരേഖ സ്വപ്‌ന സുരേഷ് തിരിച്ചറിഞ്ഞു. പക്ഷേ, ശബ്ദം റെക്കോഡ് ചെയ്തത് എവിടെ വെച്ചാണെന്ന ചോദ്യത്തിന് ഓര്‍മയില്ലെന്ന് അവര്‍ കളവ് പറഞ്ഞു. ഈ കളവിലാണ് ശബ്ദസന്ദേശമെന്ന തിരക്കഥയുടെ ക്ലൈമാക്‌സ് ഒളിഞ്ഞിരിക്കുന്നത്. വരുംദിവസങ്ങളില്‍ അതു പുറത്തുവരും. ഇ.ഡിയെക്കൂടാതെ കസ്റ്റംസ്, വിജിലന്‍സ് എന്നിവരും സ്വപ്‌നയെ ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ അവരുടെ അടുത്ത പല ബന്ധുക്കളും ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇവരില്‍ ആരെങ്കിലും മുഖേനയാണ് ശബ്ദസന്ദേശം പുറത്തെത്തിച്ചതെന്ന് കരുതാം.
മുഖ്യമന്ത്രി നേരിട്ടു ഭരിക്കുന്ന വിജിലന്‍സ് വിഭാഗത്തിലെ ആരൊക്കെയാണ് സ്വപ്‌നയെ സന്ദര്‍ശിച്ചതെന്നതാണ് കാതലായ ചോദ്യം. അവര്‍ മുഖേന മുഖ്യമന്ത്രിയുടെ സമ്മര്‍ദം സ്വപ്‌നയുടെ മുന്നിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്വര്‍ണക്കടത്തിന്റെ അന്വേഷണം പാരമ്യതയിലേക്കെത്തിയപ്പോഴേക്കും സര്‍ക്കാര്‍ വളരെ പെട്ടെന്നാണ് ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. കാര്യങ്ങള്‍ ശിവശങ്കറിലും സ്വപ്‌നയിലും മാത്രം ഒതുങ്ങുന്നില്ലെന്ന ബോധ്യത്തിലാണ് നീക്കങ്ങള്‍ ചടുലമാക്കിയത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സി.എം.ഒയിലെ പാര്‍ട്ടി വിശ്വസ്തനുമായ സി.എം രവീന്ദ്രനിലേക്ക് അന്വേഷണം എത്തിയപ്പോള്‍ മുഖ്യമന്ത്രി ആശങ്കയിലായി. രണ്ടു വര്‍ഷമായി നേരിട്ട് അറിയാമായിരുന്നിട്ടും സ്വപ്‌ന സുരേഷിനെ താന്‍ കണ്ടിട്ടുപോലുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതു ശരിവെക്കാന്‍ ക്ലിഫ്ഹൗസിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ വരെ മായ്ച്ചുകളഞ്ഞു. ശിവശങ്കറെ രക്ഷിക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഒടുവില്‍ കൈവിട്ടു. എന്നാല്‍ ഈ രണ്ടു പേരോടു കാണിച്ച സമീപനമാവില്ല, മുഖ്യമന്ത്രി രവീന്ദ്രനോടു കാണിക്കുക. രവീന്ദ്രനുമായി അദ്ദേഹത്തിനു വര്‍ഷങ്ങളുടെ ആത്മബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ സ്വകാര്യ താത്പര്യങ്ങളെല്ലാം സംരക്ഷിക്കുന്ന, സ്വകാര്യ ഇടപാടുകള്‍ക്കു നേതൃത്വം നല്‍കുന്ന പ്രധാനിയാണ് രവീന്ദ്രന്‍. രവീന്ദ്രനെ ചോദ്യം ചെയ്തു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ സ്വാഭാവികമായും ഇ.ഡി മുഖ്യമന്ത്രിയുടെ അടുത്തെത്തും. ചോദ്യം ചെയ്യലായാലും അറസ്റ്റ് അടക്കമുള്ള നടപടിയായാലും പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്റെ പതനമാവും സംഭവിക്കുക. അതിനു തടയിടുക എന്ന ഭഗീരഥപ്രയത്‌നമാണ് മാധ്യമ ഉപദേശകന്റെ സഹായത്തോടെ മുഖ്യമന്ത്രി നടത്തി നോക്കുന്നതെന്നാണു സംശയിക്കേണ്ടത്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ വലിയ വീരവാദമായിരുന്നു മുഖ്യമന്ത്രി മുഴക്കിയത്. താന്‍ തന്നെയാണ് അന്വേഷണ ഏജന്‍സികളെ വിളിച്ചുവരുത്തിയതെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നുമൊക്കെയുള്ള മൊഴികളായിരുന്നു കേട്ടിരുന്നത്. എന്നാല്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സ്വരത്തില്‍ കാതലായ മാറ്റമാണ് സംഭവിച്ചത്. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ പറയുന്നത് അന്വേഷണ ഏജന്‍സികള്‍ പരിധി ലംഘിക്കുന്നുവെന്നും ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നുമൊക്കെയാണ്. അന്വേഷണത്തിന്റെ ഒരറ്റം തന്നിലേക്കെത്തുന്നുവെന്ന ഭയപ്പെടലിന്റെ ഭാഗമാണിത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നിര്‍ബന്ധിക്കുന്നു എന്ന സ്വപ്‌നയുടെ മൊഴി പുറത്തുവന്നത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് ഇ.ഡി കരുതുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം വേഗത്തിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കോവിഡ് ബാധയെത്തുടര്‍ന്നു നീണ്ടുപോയ രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ച ഉണ്ടാകും. അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളാകും ഇനി കേസിന്റെ വഴിത്തിരിവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവിയും.
സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെല്ലാം ശരിയാണെന്ന് ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കെ മുഖംരക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമേ സി.പി.എം നേതാക്കള്‍ ഇപ്പോള്‍ ആലോചിക്കുന്നുള്ളൂ. അതിന് എന്ത് നെറികെട്ട വഴിയും സ്വീകരിക്കാന്‍ അവര്‍ തയാറാണ്. ഇതിന്റെ മറ്റൊരു ഭാഗമാണ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി ജനശ്രദ്ധതിരിക്കാനുള്ള ശ്രമം. ഇല്ലാത്ത പല കേസുകളും ഇനി കുത്തിപ്പൊക്കും. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ സ്ത്രീകളെ കൂട്ടുപിടിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇനിയും രംഗത്ത്‌വരാനും മടിക്കില്ല. എന്നാല്‍ അതൊരു പുകമറ മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം.
മകന്‍ മയക്കുമരുന്ന്, കള്ളപ്പണക്കേസുകളില്‍പെട്ട് അറസ്റ്റിലായതിനെത്തുടര്‍ന്ന്് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയേണ്ടിവന്നതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍കൂടി രാജിവെക്കേണ്ടിവന്നാല്‍ അതും തെരഞ്ഞെടുപ്പുകാലത്ത്, അത് പാര്‍ട്ടിക്കുണ്ടാക്കുന്ന പരിക്ക് ഏറെ വലുതായിരിക്കുമെന്ന നേതാക്കളുടെ ഭയപ്പാടില്‍ നിന്നുരുത്തിരിഞ്ഞ നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നതെല്ലാം. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാകുമെന്നുതന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്ന തേട്ടം മാത്രമേ അവര്‍ക്കുള്ളൂ. തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ സ്വന്തം നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കാനാണ് സി.പി.എം നിര്‍ബന്ധിതമായിരിക്കുന്നത്.

web desk 1: