X

യു.പി തെരഞ്ഞെടുപ്പിലെ ബി.ജെ.പി അജണ്ട

ഡോ. രാംപുനിയാനി

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിലുപരി രാജ്യത്തെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിക്കും വളരെ നിര്‍ണായകമാണ് അടുത്തുവരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. രാമക്ഷേത്ര പ്രചാരണത്തിലൂടെ ദേശീയ തലത്തില്‍ ബി.ജെ.പി ഉയര്‍ച്ചയുടെ ഉന്നതിയിലെത്തുകയും അനന്തരഫലമായി വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുകയും ചെയ്തതാണ്. അതിനു ശേഷം ഇത് കൂടുതല്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള നല്ല ആയുധവുമായി പരിണിതപ്പെട്ടു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് നിരവധി ബി.ജെ.പി നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണം, ലൗ ജിഹാദ്, കൈരാനയില്‍ നിന്നുള്ള ഹിന്ദുക്കളുടെ കൂട്ട പലായനം തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഗുജറാത്ത് കലാപത്തെ ‘സ്വാഭാവിക പ്രതികരണം’ അഥവാ ആക്ഷന്‍ റിയാക്ഷന്‍ തിയറിയായാണ് മോദി വിശേഷിപ്പിച്ചത്. മാത്രമല്ല അഭയാര്‍ത്ഥി ക്യാമ്പുകള്‍ ‘കുട്ടികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണെ’ന്നും അതിനാല്‍ അടച്ചുപൂട്ടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

സാഹചര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരം വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കു ശേഷം വികസന അജണ്ടയിലേക്ക് മാറി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്്. മാധ്യമങ്ങളിലൂടെയുള്ള മിന്നലാക്രമണത്തിലൂടെയും വന്‍തോതിലുള്ള പ്രചാരണങ്ങളിലൂടെയും ‘വികസന പുരുഷനെന്ന’ പ്രതിച്ഛായ വില്‍പ്പന നടത്താനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം കോര്‍പറേറ്റ് ലോകത്തെ പ്രീതിപ്പെടുത്തുന്ന നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ വഴുതി വീഴാതിരിക്കാന്‍ എപ്പോഴും ജാഗരൂകവുമാണ്.

2014ലെ പൊതു തെരഞ്ഞെടുപ്പു വേളയില്‍ ഏറ്റവും സന്തോഷം പകര്‍ന്ന ‘അച്ഛേ ദിന്‍’ പ്രഖ്യാപന സമയത്ത് പിങ്ക് റെവല്യൂഷനെപ്പറ്റിയും (ബീഫുമായി ബന്ധപ്പെട്ടത്) ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റത്തെക്കുറിച്ചും ആസാമിലെ കണ്ടാമൃഗ സംരക്ഷണത്തെക്കുറിച്ചും വാചാലനായിരുന്നു.
അതേസമയം, അദ്ദേഹത്തിന്റെ കൂട്ടാളികളാകട്ടെ ഹിന്ദുത്വ അജണ്ടകളുമായി ബന്ധപ്പെട്ട വിഷയങ്ങളായ രാമ ക്ഷേത്ര നിര്‍മ്മാണം, മുത്തലാഖ്, ഭരണഘടനയിലെ 370 ാം വകുപ്പ് എന്നിവയെക്കുറിച്ച് സംസാരിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. വികസനവും വര്‍ഗീയതയും പ്രചാരണ വിഷയമാക്കിയതോടെ 2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷം ലഭിച്ചു.

മുസ്‌ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്ന അഭിപ്രായ പ്രകടനം നടത്തിയതിന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെ ശാസിച്ചിരിക്കുകയാണ്.
പാക്കിസ്താനില്‍ നടത്തിയ സൈനിക മിന്നലാക്രമണം, കള്ളപ്പണം തടയാന്‍ നോട്ട് നിരോധിച്ച നടപടി എന്നീ രൂപത്തില്‍ ‘ദേശീയ അഭിമാനം’ വില്‍ക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍. ഇതു രണ്ടും സര്‍ക്കാറിന്റെ വീഴ്ചയായാണ് പൊതു സമൂഹം വിലയിരുത്തുന്നത്. നിരവധി ഇന്ത്യന്‍ സൈനികര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മിന്നലാക്രമണം നടത്തേണ്ടി വന്നത്. നോട്ട് അസാധുവാക്കലിന്റെ പീഢ സാധാരണക്കാര്‍ ഏറെ അനുഭവിച്ചതാണ്.

അത് പെട്ടെന്നൊന്നും മറക്കാനാകില്ല. വിഭാഗീയ പ്രചാരണം ശക്തമാക്കുകയാണ് ഈ പാര്‍ട്ടി. ബി.ജെ.പി പ്രകടന പത്രിക വളരെ സമര്‍ത്ഥമായ നിലയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. സമ്പൂര്‍ണ ഹിന്ദു സമൂഹം, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ സംസാരങ്ങളിലൂടെ ഹിന്ദുക്കളുടെ അഭിമാനത്തെ പ്രചോദിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആവശ്യമുള്ളപ്പോഴൊക്കെ ഉപയോഗിക്കാന്‍ പര്യാപ്തമായ വോട്ട് ബാങ്കിലെ സ്ഥിര നിക്ഷേപമാണ് ബി.ജെ.പിക്ക് രാമക്ഷേത്ര വിഷയമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതു മുതല്‍ എല്ലാ ബി.ജെ.പിക്കാരും ഈ വിഷയം നന്നായി ഉപയോഗിക്കുന്നുണ്ട്.

ഇപ്പോള്‍ നിരവധി ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് പുതിയ മാനം കണ്ടെത്തിയിട്ടുണ്ട്. വര്‍ഗീയ പ്രശ്‌നങ്ങളോ അല്ലെങ്കില്‍ അതിനെ സമര്‍ത്ഥമായി അവതരിപ്പിക്കുന്നതിനോ തിരശീലക്കു പിന്നില്‍ നിന്ന് മോദി കരുക്കള്‍ നീക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ തുറന്നടിച്ച് വൈകാരിക പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. കൈരാനയില്‍ നിന്നുള്ള ഹിന്ദുക്കളുടെ കൂട്ട പലായനം കുറച്ചുമുമ്പ് ബി.ജെ.പി പാര്‍ലമെന്റംഗം ഹുകും സിങാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്.

പടിഞ്ഞാറന്‍ യു.പിയെ കശ്മീരാക്കിമാറ്റുകയാണെന്നും ഭയചകിതരായ ഹിന്ദുക്കള്‍ പ്രദേശത്തുനിന്ന് പേടിച്ചോടുകയാണെന്നുമുള്ള പ്രസ്താവനയിലൂടെ ഇപ്പോള്‍ മറ്റൊരു എം.പി യോഗി ആദിത്യനാഥ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. മുസാഫര്‍ നഗര്‍ കലാപത്തിനു മുമ്പ് ആയിരക്കണക്കിനു മുസ്‌ലിംകളെ പ്രദേശത്തുനിന്ന് നിര്‍ബന്ധപൂര്‍വം ആട്ടിയോടിച്ചിരുന്നുവെന്നത് വസ്തുതയാണ്. കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ വന്‍ തോതില്‍ പലായനം ചെയ്തുവെന്ന ഹുകും സിങിന്റെ വാദം വസ്തുതക്കു നിരക്കാത്തതാണ്.

ഓടിപ്പോയെന്ന് പറഞ്ഞവര്‍ പലരും ഇപ്പോഴും അവിടെ തന്നെ താമസിക്കുന്നുണ്ട്. അവിടം വിട്ടു പോയവരില്‍ പലരും സാമൂഹികം, സാമ്പത്തികം തുടങ്ങിയ മറ്റു പല കാരണങ്ങളാലാണ് സ്ഥലം വിട്ടത്. ഈ വിഷയത്തില്‍ ധവള പത്രം ഇറക്കുന്നതിനെക്കുറിച്ചാണ് ബി.ജെ.പിയുടെ പ്രകടനപത്രിക പറയുന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയമാണ് മുസാഫര്‍ നഗര്‍ കലാപത്തിനു വഴിവെച്ചത്. ഇപ്പോള്‍ ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത് ‘ആന്റി റോമിയോ സ്‌ക്വാഡ്’ രൂപവത്കരിക്കുമെന്നാണ്.

വ്യത്യസ്ത മത വിഭാഗക്കാര്‍ തമ്മിലുള്ള വിവാഹത്തിനെതിരെയുള്ള രഹസ്യ സന്ദേശമാണ് ഇത് നല്‍കുന്നത്. അതായത് ലൗ ജിഹാദ് വിഷയം മറ്റൊരു ഭാഷയില്‍ അവതരിപ്പിക്കുകയാണ്. ബീഫ് വിഷയം ബി.ജെ.പിക്ക് പ്രധാന ധ്രുവീകരണ ബിന്ദുവാണ്. ദാദ്രി സംഭവത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ വോട്ട് ധ്രുവീകരിക്കാന്‍ കഴിഞ്ഞതിലൂടെ ലാഭക്കൊയ്ത്താണ് നടത്തിയത്. യന്ത്രവത്കൃത കശാപ്പുശാലകള്‍ അടച്ചുപൂട്ടുമെന്നാണ് പ്രകടന പത്രിക വാഗ്ദാനം നല്‍കുന്നത്. ലിംഗ സമത്വത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ ഇരട്ടത്താപ്പ് പേടിപ്പെടുത്തുന്നതാണ്.

മുത്തലാഖിന്റെ പേരില്‍ മുസ്‌ലിം വനിതകളെക്കുറിച്ച് ഉത്കണ്ഠപ്പെടുമ്പോള്‍ ദലിത്, ആദിവാസി, ഹിന്ദു സ്ത്രീകള്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്. നീതി നടപ്പാക്കുന്നതില്‍ ബി.ജെ.പിക്കുള്ള ജാഗ്രതയൊന്നുമല്ല മുത്തലാഖ് വിഷയത്തില്‍ അവര്‍ കാണിക്കുന്നത്, മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ അടിക്കാനുള്ള നല്ല വടിയായണ് അവര്‍ ഇതിനെ കാണുന്നത്.

ദാദ്രിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പതിപ്പ് പോസ്റ്റ് ചെയ്ത് ബി.ജെ.പി എം.എല്‍.എ സംഗീത് സോം അടുത്തിടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിയമവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു സമാനമായി, താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ കൈരാന, ദയൂബന്ദ്, മുറാദാബാദ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ മറ്റൊരു ബി.ജെ.പി എം.എല്‍.എ സുരേഷ് റാണക്കെതിരെ വിദ്വേഷ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു മുമ്പ് വോട്ടര്‍മാര്‍ തീര്‍ച്ചയായും കലാപങ്ങളും ബലാത്സംഗങ്ങളും ഓര്‍ക്കണമെന്നാണ് യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്.

ഇത്തരക്കാരുടെ നിരവധി പ്രസംഗങ്ങളില്‍ നിന്നുള്ള ചുരുക്കം ചിലതാണിത്. മതവുമായി ബന്ധപ്പെട്ട ധ്രുവീകരണ പ്രക്രിയയാണ് ഇവരുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ കാതല്‍. രാമക്ഷേത്ര നിര്‍മ്മാണം, 370 ാം വകുപ്പ് തുടങ്ങി നേരത്തെ നിലനിന്നുപോരുന്ന വിഷയങ്ങള്‍ക്കു പുറമെ പുതിയ വിഷയങ്ങള്‍കൂടി ചേര്‍ത്താണ് അവരുടെ യന്ത്രം പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ഇത്തരം നിരവധി വിഷയങ്ങളാണ് വിവിധ നേതാക്കള്‍ വഴി പ്രചാരത്തിലെത്തിച്ചത്. നേതാക്കള്‍ തമ്മില്‍ വിഭജനമുണ്ടെന്നതാണ് ഈ പ്രചാരണത്തിന്റെ മറ്റൊരു വശം.

ചിലര്‍ വികസന കാര്‍ഡ് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലര്‍ രഹസ്യമായി വര്‍ഗീയ അജണ്ട അവതരിപ്പിക്കുന്നു. മറ്റു ചിലരാകട്ടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തില്‍ തുറന്നടിച്ച് പ്രസംഗിക്കുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തീര്‍ച്ചയായും മതേതര പ്രക്രിയയാകണമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. നാം നമ്മെത്തന്നെ ഇത് ഓര്‍മ്മിപ്പിക്കല്‍ ആവശ്യമാണ്. കൂടുതല്‍ ഫലപ്രദമായ വഴിയിലൂടെ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കഴിയണം.

chandrika: