X
    Categories: columns

പാലം കടക്കാത്ത പിണറായിയുടെ നിലവിളി

ലുഖ്മാന്‍ മമ്പാട്

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച തുറക്കും. രാവിലെ 10ന് പാലാരിവട്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലം നാടിനു സമര്‍പ്പിക്കും. ഇതോടെ, നഗരം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാകും. ഇതനുസരിച്ചുള്ള ഗതാഗത ക്രമീകരണങ്ങള്‍ക്ക് ഉടന്‍ അന്തിമ രൂപമാകുമെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പും നിര്‍മാണവും ഉള്‍പ്പെടെ 72.6 കോടി രൂപയുടേതാണ് പദ്ധതി. 620 മീറ്റര്‍ നീളമാണ് പാലത്തിന്. ദേശീയപാതയില്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്ന് തുടങ്ങി എസ്ബിഐക്കു മുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് മേല്‍പ്പാലം.
സര്‍ക്കാരിന്റെ ‘സ്പീഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014ല്‍ ആണ് പാലം നിര്‍മാണം ആരംഭിച്ചത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. 2014ല്‍ തുടങ്ങിയ മേല്‍പ്പാലം നിര്‍മാണത്തിന് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംമൂലം പലതവണ തടസ്സം നേരിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പലതവണ ‘ഉദ്ഘാടന തീയതി’ പ്രഖ്യാപിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല. എന്തുവന്നാലും 2016 ഫെബ്രുവരി 20ന് തുറക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചെങ്കിലും പാലത്തിന്റെ മധ്യഭാഗം പൂര്‍ത്തിയായില്ല. സെന്‍ട്രല്‍ ഗര്‍ഡര്‍ പൂര്‍ത്തിയാകാന്‍ താമസം നേരിട്ടതായിരുന്നു ഇതിന് കാരണം.
– ദേശാഭിമാനി 2016 ഒക്‌ടോബര്‍ 12

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം ജോലി പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തതും ഇതേ സര്‍ക്കാര്‍. അഞ്ഞൂറിലേറെ പാലങ്ങള്‍ നിര്‍മ്മിച്ച് കേരളത്തിന്റെ മുഖഛായ മാറ്റിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വില്ലനാക്കുന്നവര്‍ക്ക് അറിയാത്തതല്ല ഇതൊന്നും. പാലത്തിന്റെ ബലക്ഷയത്തിലോ ഉറപ്പിലോ അനുമതി കൊടുക്കുന്ന മന്ത്രിക്ക് എന്താണ് റോള്‍. ഒരു വീട് നിര്‍മ്മിക്കാന്‍ കരാര്‍ കൊടുക്കുന്നു. അതിനു ബലക്ഷയം വന്നാല്‍, കരാറുകാരനാണോ അതോ അദ്ദേഹത്തെ പണി ഏല്‍പ്പിച്ചയാളാണോ പ്രതിയാവുക. അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പ്രതിയാവില്ലേ. മന്ത്രി സുധാകരന്‍ തന്നെ പറയട്ടെ: ‘യു.ഡി.എഫ് പണിത വേറെ പാലം ഒന്നും വീണില്ലല്ലോ. യു.ഡി.എഫ് അല്ല, എഞ്ചിനീയര്‍മാരും, കോണ്‍ട്രാക്ടര്‍മാരും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും ചേര്‍ന്നാണ് പാലം പണിയുന്നത്. ലഘൂകരിച്ച് ലാഘവത്തോടെ അഭിപ്രായം പറയാതിരിക്കുന്നതാണ് ഇവിടെ എല്ലാവര്‍ക്കും നല്ലത്. രാഷ്ട്രീയ പ്രശ്‌നമായി മാറ്റാം എന്ന് ആരും കരുതേണ്ടതില്ല’.
എന്നിട്ടും വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ പിണറായി പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസ് കോണ്‍ട്രാക്ടര്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തു എന്നതാണ്. പണി തുടങ്ങുന്നതിന് മുമ്പേ കൊടുക്കുന്ന അഡ്വാന്‍സാണിത്. പലിശ സഹിതം അതു ഖജനാവിലേക്ക് തിരിച്ചെത്തിയതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാനോ അറസ്റ്റിനോ വകുപ്പില്ലെന്നാണ് അന്വേഷണശേഷം പിണറായി പൊലീസിന്റെ വിജിലന്‍സും വ്യക്തമാക്കിയത്. മുപ്പതു ശതമാനത്തോളം ജോലി ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് പൂര്‍ത്തീകരിച്ചതെന്നു മാത്രമല്ല, 70 ശതമാനം പണിയില്‍ ലഭിക്കാനുള്ള ബാക്കി തുക പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. അഡ്വാന്‍സ് വാങ്ങി മുങ്ങുകയോ അങ്ങിനെ ചെയ്യാന്‍ ഗൂഢപദ്ധതി തയ്യാറാക്കുകയോ ചെയ്താല്‍ മാത്രം പ്രതിയാക്കപ്പെടേണ്ട ഒരാളെയാണ് കരാരില്‍ പറഞ്ഞ തുകയുടെ ജോലി തീര്‍ത്ത ശേഷവും ‘നിയമപരമായ അഡ്വാന്‍സിന്റെ’ പേരില്‍ സംശയത്തിലേക്ക് വലിച്ചിഴക്കുന്നത്.
പാലം നിര്‍മ്മാണത്തിന്റെ അവസാനം നടന്ന 30 ശതമാനം ജോലിയായ ടാറിങിലാണ് അപാകത ദൃശ്യമായതെന്നും, അവസാന ഘട്ട ജോലിയിലാണ് ബലക്ഷയമെന്ന ആരോപണം പോലും ഉണ്ടായതെന്നതും മറച്ചുവെച്ചാണ് ഇബ്രാഹീം കുഞ്ഞിന്റെ ‘കമ്പിയില്ലാത്ത പാലം നിര്‍മ്മാണമെന്ന’ തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ പൊളിച്ച ഗര്‍ഡറുകള്‍ ഉള്‍പ്പെടെ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായി വന്നശേഷം നിര്‍മ്മിച്ചതും ദേശാഭിമാനി പിണറായിക്ക് ക്രെഡിറ്റ് ചാര്‍ത്തിക്കൊടുത്തതുമാണ്.
നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍ കരാറുകാരാണ് അതിനു ഉത്തരവാദി. പിണറായി സര്‍ക്കാറിട്ട ടാര്‍ ഇളകിയതുകൊണ്ടു മാത്രം പാലം തച്ചുടക്കുന്നതില്‍ ന്യായമെന്താണെന്നാണ് കരാറുകാരും വിദഗ്ധരും ചോദിച്ചതും ഹൈക്കോടതി തന്നെ ശരിവെച്ചതും. പാലത്തിന് ബലക്ഷയം ഉണ്ടായോ എന്ന് പറയേണ്ടത് രാഷ്ട്രീയക്കാരോ എ.കെ.ജി സെന്ററിലെ ക്യാപ്‌സൂള്‍ നിര്‍മ്മാതാക്കളോ അല്ല. വിദഗ്ധ സമതിയുടെ ശാസ്ത്രീയ പഠനത്തിന്‌ശേഷമാണ് അക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. അങ്ങിനെ ഒരേയൊരു പഠനം മാത്രമേ നടന്നിട്ടുള്ളൂ. മദ്രാസ് ഐ.ഐ.ടിയാണ് ഇത്തരമൊരു പഠനം നടത്തിയ ഏക ഏജന്‍സി. കെട്ടുകഥകള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം സര്‍ക്കാറും വിജിലന്‍സുമെല്ലാം മുഖവിലക്കെടുക്കേണ്ടത് ഏക ശാസ്ത്രീയ പഠനത്തെയായിരുന്നു. അല്ലെങ്കില്‍, സര്‍ക്കാര്‍ വിദഗ്ധ ശാസ്ത്രീയ സംഘത്തെ നിയോഗിച്ച് പഠനം നടത്തണമായിരുന്നു. പാലത്തിന് കാര്യമായ ബലക്ഷയം ഇല്ലെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുത്താണ്, പാലം പൊളിക്കുന്നതിന് മുമ്പ് ലോഡ് ടെസ്റ്റ് നടത്തി ബലക്ഷയം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന 2019 നവംബര്‍ 21ലെ ഹൈക്കോടതി ഉത്തരവ്. ബലക്ഷയമുണ്ടോയെന്ന് ലോഡ് ടെസ്റ്റ് നടത്താതെ സുപ്രിംകോടതിയില്‍ അപ്പീല്‍ പോയി ‘പാലം തകര്‍ന്നുണ്ടാകുന്ന ഭീകരതയുടെ’ ആഴം പറഞ്ഞ് വിധിസമ്പാദിക്കുന്ന സര്‍ക്കാര്‍ പൊളിയാണ്.
പാലത്തിന് ബലക്ഷയമുണ്ടെന്ന് സ്ഥാപിച്ചെടുത്ത സര്‍ക്കാര്‍ ഇബ്രാഹിം കുഞ്ഞ് പണിത അടിത്തറയും തൂണും നിലനിര്‍ത്തി, അതിന്റെ മുകളിലാണ് ‘പൊളിച്ചു പണിയുന്നത്.’ ജി സുധാകരന്റെ കാലത്ത് പണിത സ്ലാബുകളും നൂറോളം ഗര്‍ഡറുകളും ഇളക്കി പ്രതിഷ്ഠിക്കുന്നതില്‍ നിന്ന് തന്നെ ഏതു കാലത്താണ് അപാകതക്ക് സാധ്യത വന്നിരിക്കുക എന്നെങ്കിലും വ്യക്തമാണ്. കരാറുകാര്‍ ശരിയായി കമ്പിയും സിമന്റും ഉപയോഗിക്കാതെ നിര്‍മ്മിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോപിക്കുന്നവര്‍ ഇതു സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി നടത്തിയ പഠന റിപ്പോര്‍ട്ടൊന്ന് വായിക്കണം. രൂപകല്‍പന പ്രകാരമുള്ള കമ്പി ഉപയോഗിച്ചിട്ടുണ്ടെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല, ഉപയോഗിച്ച സിമന്റിന്റെ തോത് അറിയാന്‍ ശാസ്ത്രീയ മാര്‍ഗമില്ലാത്തതിനാല്‍ പാലത്തിന്റെ മൊത്തം ബലം അളക്കണമെന്നും നിര്‍ദേശിക്കുന്നു.
എ.കെ.ജി സെന്ററില്‍ നിന്നുള്ള നിഗമന പ്രകാരം കരാറില്‍ പറഞ്ഞ പോലെ പാലം നിര്‍മ്മിച്ചില്ലെങ്കില്‍ കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തി മേലില്‍ സര്‍ക്കാറിന്റെ ഒരു പ്രവൃത്തിയും നല്‍കാതിരിക്കുകയെന്നതെങ്കിലും ചെയ്യേണ്ടതല്ലേ. ശതകോടിയുടെ പ്രവൃത്തിയാണ് ജി സുധാകരന്‍ മന്ത്രി മേലൊപ്പ് ചാര്‍ത്തി ഇതേ കരാറുകാര്‍ക്ക് നല്‍കിയതെന്ന് അറിയുമ്പോഴാണ് സി.പി.എമ്മിന്റെ ദുഷ്ടലാക്ക് ബോധ്യപ്പെടുക. നിയമപരമായി പ്രവര്‍ത്തിക്കുകയും സംസ്ഥാനത്ത് ഒട്ടേറെ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത വി.കെ ഇബ്രാഹിം കുഞ്ഞിന്റെ രക്തത്തിനായി ദാഹിക്കുന്ന പിണറായി, എല്ലാ നിയമോപദേശങ്ങളും കാറ്റില്‍പറത്തി വിജിലന്‍സിനെ വിട്ട് അറസ്റ്റ് ചെയ്യിക്കുമ്പോള്‍, വ്യാജ ഏറ്റുമുട്ടലിലൂടെയും 51 വെട്ടിനാലും തീര്‍ത്തു കളഞ്ഞില്ലല്ലോ എന്നാശ്വസിക്കുകയാവും എല്ലാം വ്യക്തമായറിയുന്ന പ്രബുദ്ധ കേരളം.
ചന്ദ്രനിലേക്ക് പാലം നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക അനുമതിയുടെയും വയനാട്ടിലേക്ക് തുരങ്കം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതിയുടെയും യു.ഡി.എഫ് പണിത സ്‌കൂളുകള്‍ക്ക് പെയിന്റടിച്ചതിന്റെയും മേനി തെരഞ്ഞെടുപ്പു ലാക്കാക്കി പെരുമ്പറ കൊട്ടുന്നതിന്റെ മറ്റൊരു പരീക്ഷണമാണ് വിജിലന്‍സിനെ വെച്ചും പിണറായി ചെയ്യുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ഉച്ചയോടെ വാര്‍ത്താസമ്മേളനം നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ കേസെടുത്തെന്നു മാത്രമല്ല, പിറ്റേദിവസം ഇറങ്ങിയ ദേശാഭിമാനി പത്രം ഇന്നേവരെ ഉത്തരവാദപ്പെട്ട ഒരു മാധ്യമ സ്ഥാപനവും ചെയ്യാത്ത രീതിയില്‍ ഒന്നാം പേജ് നിറയെ അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ നിരത്തിയാണ് അതു റിപ്പോര്‍ട്ട് ചെയ്തത്. യു.ഡി. എഫ് ഭരണത്തിന്റെ സൂജ്യതേജസിനെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍പെട്ട സ്ത്രീയെ മുന്‍നിര്‍ത്തി സോളാര്‍ കണ്‍കെട്ട് നടത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാറിന്റെ അതേ താരത്തെ വെച്ചുള്ള ഉപ തെരഞ്ഞെടുപ്പിലെ കളി പക്ഷേ, ചീറ്റിപ്പോയി. നിയമം നിയമത്തിന്റെ വഴിക്കു വിടാതെ പിണറായിയുടെ വഴിക്ക് തെളിക്കാനുള്ള അന്നത്തെ ശ്രമം പൊളിഞ്ഞതോടെ, ഇപ്പോള്‍ ആ ‘അശ്ലീല ദേശാഭിമാനി’ ഷെയര്‍ ചെയ്ത് സായൂജ്യമടയുകയാണ് സി.പി.എം.
ചരിത്രത്തിലെ വലിയ അഴിമതിപരമ്പരകളില്‍ കെട്ടുനാറിയപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ കത്തെഴുതി ക്ഷണിച്ചുകൊണ്ടു വന്നവര്‍ വെള്ളം കുടിച്ച് കുടിച്ച് ‘മോദിയുടെ ഏജന്‍സികള്‍ വേട്ടയാടുന്നേ’ എന്നു നിലവിളിക്കുമ്പോള്‍ തന്നെയാണ് സ്വന്തം പൊലീസിനെ ’51’ ആക്കുന്നത്. സെക്രട്ടേറിയറ്റിലിരുന്ന് പിണറായി വിജയന്‍ തിട്ടൂരം പുറപ്പെടുവിക്കുകയും എ. കെ.ജി സെന്ററിലിരുന്ന എ വിജയരാഘവന്‍ യു.ഡി.എഫ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ എല്ലാവരും പേടിച്ച് മാളത്തിലൊളിക്കുമെന്ന് കരുതിയോ. കള്ളന്‍ രക്ഷപ്പെടാനായി മാന്യന്മാരെ ചൂണ്ടി, ‘കള്ളന്‍ കള്ളന്‍’ എന്നു വിളിച്ചു കൂവുന്നതൊരു പഴകിയ തന്ത്രമാണ്. കള്ളന്റെ കയ്യില്‍ പൊലീസിനെ കൊടുത്താല്‍ എങ്ങനെയിരിക്കുമെന്നാണ് നാം കാണുന്നത്. പുസ്തകം വായിക്കുന്ന കുറ്റത്തിന് സ്വന്തം പാര്‍ട്ടിയിലെ ‘മുസ്‌ലിം’ യുവാക്കളെ മാവോയിസ്റ്റ്-ഇസ്‌ലാമിക തീവ്രവാദം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ തള്ളാനും അഭിനവ ചെഗുവേരമാരെ വെടിവെച്ച് കൊല്ലാനും പൊലീസിനെ പറഞ്ഞുവിടുന്ന പിണറായിയോട് യു.ഡി.എഫ് നേതാക്കളെ കയ്യാമം വെക്കുമ്പോള്‍, നിയമത്തെയും നീതിയെയും കുറിച്ച് പറയുന്നത് എത്രമാത്രം അശ്ലീലമാണ്. ലൈഫ് മിഷനിലെ അഴമതി കണ്ടെത്തിയ വിജിലന്‍സ് അതിന്റെ ചെയര്‍മാനായ സ്വന്തം വകുപ്പ് മന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ക്ക് കൊടുക്കാതെ കയ്യാമം വെച്ച് ഇഷ്ട ജയിലിലേക്ക് മാഹി ബൈപ്പാസ് വഴി കൊണ്ടുപോകുമ്പോള്‍ ആ പാലത്തിലൊന്നു നിര്‍ത്തുമായിരിക്കും. പപ്പടം മുതല്‍ പാര്‍പ്പിടം വരെയും കെ ഫോണ്‍ മുതല്‍ എസ്.എന്‍.സി ലാവലിന്‍ ബിനാമിയുടെ മസാല ബോണ്ടു വരെയും പ്രളയ ഫണ്ട് മുതല്‍ കിഫ്ബി വരെയും തൊട്ടതെല്ലാം അഴിമതിയാക്കി ‘കൊക്കൈനടിച്ച് നടക്കുന്ന’ സര്‍ക്കാറിനെയും സി.പി.എമ്മിനെയും രക്ഷിച്ചെടുക്കാന്‍ യു.ഡി. എഫ് നേതാക്കളെയും എം.എല്‍.എമാരെയും ചെളിവാരി എറിഞ്ഞാല്‍ സാധിക്കുമെന്നായിരിക്കും എ.കെ.ജി സെന്ററിലെ ക്യാപ്‌സൂള്‍ നിര്‍മ്മാണ ബുജികളുടെ കണക്കുകൂട്ടല്‍.

web desk 1: