X
    Categories: columns

കിഫ്ബിയില്‍ മന്ത്രി ഒളിച്ചുവെക്കുന്നത്

മനു ജോര്‍ജ്

ധനകാര്യ മന്ത്രിയെ കള്ളന്റെ രാജാവ് എന്നു വിശേഷിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി സര്‍ക്കാറിന് നല്‍കിയത് കരട് റിപ്പോര്‍ട്ടല്ലെന്നും അന്തിമ റിപ്പോര്‍ട്ട് തന്നെയാണെന്നും സി.എ.ജി തന്നെ വ്യക്തമാക്കിയതോടെയാണ് മന്ത്രിയുടെ കള്ളത്തരം പൊളിഞ്ഞത്. അന്തിമ റിപ്പോര്‍ട്ട് ആറാം തിയ്യതി തന്നെ കൈമാറിയിരുന്നതായാണ് സി.എ.ജി തന്നെ പറയുന്നത്. കരട് റിപ്പോര്‍ട്ടാണ് കിട്ടിയതെന്ന് ഭരണഘടനാസ്ഥാനത്തിരിക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്ക് പറഞ്ഞത് പച്ചക്കള്ളമാണ്. അതിനാലാണ് മന്ത്രി തോമസ് ഐസക്കിനെ കള്ളന്റെ രാജാവ് എന്നു വിളിക്കേണ്ടിവരുന്നത്. ഇതുമാത്രമല്ല, കരട് റിപ്പോര്‍ട്ടിലുള്ള പല കാര്യങ്ങളും അന്തിമ റിപ്പോര്‍ട്ടില്‍ വരാറില്ല. കരട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കാറുണ്ട്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ കരട് റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും ശിപാര്‍ശകളും അന്തിമ റിപ്പോര്‍ട്ടില്‍ കാണാറില്ല. അതുകൊണ്ടാണ് കരട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വരുന്ന തെറ്റായ പരാമര്‍ശങ്ങളെ ഇപ്പോള്‍തന്നെ തിരുത്തുന്നതെന്നും മന്ത്രി പറയുകയുണ്ടായി. ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടാണ് കരട് റിപ്പോര്‍ട്ടില്‍ പറയുന്ന ചില പരാമര്‍ശങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാകാറില്ലെന്ന് ധനകാര്യ മന്ത്രി പറഞ്ഞത് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടാണ്. ലാവ്‌ലിന്‍ കേസില്‍ കരട് റിപ്പോര്‍ട്ടിലുണ്ടായിരുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ പ്രചാരണം നടന്നതായും എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ആ പരാമര്‍ശമുണ്ടായിരുന്നില്ലെന്നും മന്ത്രി പറയുകയുണ്ടായി. കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞത് പദ്ധതിക്കുവേണ്ടി ചെലവഴിച്ച 375 കോടി രൂപയും നഷ്ടപ്പെട്ടുപോയി എന്നായിരുന്നു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ചെലവിനനുസൃതമായി വൈദ്യുതി ഉത്പാദനത്തില്‍ വര്‍ധനവുണ്ടായില്ലെന്നായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. കരട് റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും തമ്മില്‍ ഇങ്ങനെയൊരു വ്യത്യാസമുണ്ടായിരുന്നുവെന്നും മന്ത്രി പറയുകയുണ്ടായി. എന്നാല്‍ കരടു റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും തമ്മില്‍ ഈയൊരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചാല്‍തന്നെ കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്തിമ റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നുവെന്നത് മന്ത്രി തമസ്‌കരിക്കുകയായിരുന്നു.
അക്കൗണ്ട് ജനറല്‍ ഓഫീസ് തയ്യാറാക്കുന്ന കരട് റിപ്പോര്‍ട്ട് സാധാരണ, സര്‍ക്കാരിന് നല്‍കാറില്ല. ഓഡിറ്റ് സമയത്തെ നിരീക്ഷണങ്ങളും സംശയങ്ങളും അതു സംബന്ധിച്ച ചോദ്യങ്ങളും അതത് വകുപ്പുകള്‍ക്ക് അയച്ചു കൊടുക്കും. മറുപടികൂടി പരിഗണിച്ച് ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് ധനകാര്യ സെക്രട്ടറി വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. പിന്നീട്, നിയമസഭയില്‍ വെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തോടെ സ്പീക്കര്‍ക്ക് അയയ്ക്കും. ഇത് സര്‍ക്കാരിന് ലഭിക്കുക നിയമസഭയില്‍ മാത്രമാണ്. ഇക്കാര്യം ഉന്നയിച്ചാണ് ധനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
കിഫ്ബിയുടെ സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് ഇതുവരെ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പിന്നീട് മന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നു. ഒറിജിനലും കരടും കണ്ടാല്‍ തിരിച്ചറിയാത്തയാളായി മാറിയോ തോമസ് ഐസക് ? മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനാ ലംഘനമെന്ന ഗുരുതര കുറ്റവും ഐസക് ചെയ്തിട്ടുണ്ട്. പരസ്യമായി കള്ളം പറയുകയയും സത്യപ്രതിജ്ഞ ലംഘിക്കുകയും ചെയ്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.
സി.എ.ജിയെ പാമോലിന്‍ കേസിന്റെ കാര്യത്തിലുള്‍പ്പെടെ വിശുദ്ധ മാലാഖയായാണ് സി.പി.എം കണ്ടിരുന്നത്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലൊക്കെ സി.എ.ജിയുടെ റിപ്പോര്‍ട്ട് എത്ര പവിത്രമായാണ് സി.പി.എം കണ്ടിരുന്നത്. ഇപ്പോള്‍ എന്താണ് സി.എ.ജിയോട് ഇത്ര വിരോധം? ഇടതുമുന്നണിയുടെ അഴിമതി ആരെല്ലാം കണ്ടെത്തിയോ അവരോടൊക്കെ വിരോധമാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാനുസൃതമായാണ്.
മസാല ബോണ്ടിനു പിന്നിലെ അഴിമതിയും കിഫ്ബിയില്‍ നടക്കുന്ന തീവെട്ടി കൊള്ളയുമാണ് യഥാര്‍ത്ഥ പ്രശ്‌നം. 9.723 ശതമാനം എന്ന കൊള്ളപ്പലിശക്ക് എന്തിന് കിഫ്ബി മസാല ബോണ്ടിറിക്കി. ലാവ്‌ലിനുമായി മസാല ബോണ്ടിനുള്ള ബന്ധം എന്താണ്. മസാല ബോണ്ട് വാങ്ങിയ ഡി.സി.പി.ക്യുവും ലാവ്‌ലിനുമായി എന്താണ് ബന്ധമുള്ളത്? ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്നത് ഡി.സി.പി.ക്യു എന്ന ഫണ്ടിംഗ് ഏജന്‍സിയാണ്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ലാവ്‌ലിനു വേണ്ടിയാണ് മസാല ബോണ്ടിറിക്കിയത്. കോടികള്‍ കമ്മീഷന്‍ തട്ടുന്നതിന്‌വേണ്ടിയാണ് ഭരണഘടനയെപ്പോലും ലംഘിച്ച് കൂടിയ പലിശ നിരക്കില്‍ ഈ വില്‍പ്പന നടത്തിയത്. ഈ അഴിമതി സി. എ.ജി ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞിട്ട് കാര്യമില്ല.
പദ്ധതികള്‍ നടപ്പാക്കുന്നതിനെ ഹൈജാക് ചെയ്തിരിക്കുകയാണ് ധനകാര്യ വകുപ്പെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതുതന്നെയാണ് മോദി പ്ലാനിങ് കമ്മിഷന്‍ പിരിച്ചുവിട്ടുകൊണ്ട് കേന്ദ്രത്തിലും ചെയ്തിരിക്കുന്നത്. ധനകാര്യ വകുപ്പിനും മന്ത്രിക്കും ഇഷ്ടമുള്ളവര്‍ക്ക് മാത്രം പണം നല്‍കുന്നതാണ് ഇവിടെ നടക്കുന്നത്. ഇടതു സര്‍ക്കാരിന് വികസന പ്ലാനിങ് എന്ന സങ്കല്‍പം ഇല്ലാതാകുന്നു. മണ്ഡല അടിസ്ഥാനത്തില്‍ എം.എല്‍.എമാര്‍ വന്നു ചോദിക്കുന്നു, പ്രപ്പോസ് ചെയ്യുന്നു, അവരത് ഡിപ്പാര്‍ട്‌മെന്റിന് കൊടുക്കുന്നു, ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറിമാര്‍ക്കു കൊടുക്കുന്നു, ധനമന്ത്രി കിഫ്ബിയുടെ അലോക്കേഷന്‍ നല്‍കുന്ന കുറെ പ്രോജക്ടുകള്‍ നടപ്പാക്കുന്നു ഇതാണ് ഇവിടെ നടക്കുന്നത്. കിഫ്ബിയിലൂടെ സര്‍ക്കാര്‍ ‘പ്ലാനിങ്ങി’നെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ‘പ്ലാനിങ് പ്രോസസി’ല്‍ നിന്ന് ‘പ്രോജക്ട് പ്രോസസി’ലേക്ക് മാറ്റിയിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. പ്രോജക്ട് പ്രോസസിലേക്കു മാറുകയെന്നത് അടിസ്ഥാനപരമായി ഇടതുപക്ഷ നിലപാടില്‍ നിന്നുള്ള വ്യതിയാനമാണ്. ഒരു പ്ലാന്‍ ഉണ്ടാക്കുക എന്നത് വലിയ പ്രോസസാണ്. അതത് ഡിപ്പാര്‍ട്‌മെന്റുകള്‍ പ്ലാനിങ് ബോര്‍ഡില്‍ വന്ന് ചര്‍ച്ച ചെയ്ത്, മന്ത്രിയുമായി ചര്‍ച്ച ചെയ്ത് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത് അത് മന്ത്രിസഭയില്‍ പോയി, നിയമസഭയില്‍ പോയാണ് പ്ലാനുകള്‍ നടപ്പാക്കുന്നത്. ഇവിടെ വിവിധ സെക്ടറുകള്‍ക്ക്, കൃഷി, വ്യവസായം, വിദ്യാഭ്യാസം, എസ്.ഇ.എസ്.ടി എന്നിങ്ങനെ എത്ര ശതമാനം വീതം തുക മാറ്റിവയ്ക്കണം എന്നതിലൂടെയാണ് സര്‍ക്കാരിന്റെ വികസനം സംബന്ധിച്ച രാഷ്ട്രീയ നിലപാട് വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ധനകാര്യ വകുപ്പ് മറ്റ് വകുപ്പുകളോട് സംസാരിക്കുന്ന രീതിയാണ്. കിഫ്ബി കടം വാങ്ങിയ പണം ആര് തിരികെ നല്‍കും എന്ന ചോദ്യത്തിന് മന്ത്രി തോമസ് ഐസക് വ്യക്തമായി ഉത്തരം നല്‍കുന്നില്ല. സര്‍ക്കാരില്‍ നിന്നല്ലാതെ കിഫ്ബിക്ക് വേറെ വരുമാനമില്ല. അതായത് കടം വാങ്ങുന്ന തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കണം. കടവും നികുതി വരുമാനവും മാത്രമാണ് കിഫ്ബിക്ക് വരുമാനം. മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് കിട്ടുന്നത് വര്‍ഷാവര്‍ഷം നല്‍കി തീര്‍ക്കാമെന്നാണ് പറയുന്നത്. ഇതു നികുതി തന്നെയാണ്. കൂടുതല്‍ പണത്തിനാണ് കിഫ്ബി മസാല ബോണ്ടിലേയ്ക്ക് പോയത്. പക്ഷേ നാഷനല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ പണം എടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ ഗാരന്റി വച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഉപയോഗിച്ചാണ്. ഭരണഘടന 292ാം വകുപ്പ് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ ഭരണഘടനയുടെ 293ാം വകുപ്പ് വിദേശത്തുനിന്ന് സംസ്ഥാനങ്ങള്‍ കടമെടുക്കുന്നതിനെ തടയുന്നുമുണ്ട്.
സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കുമ്പോള്‍ ഓഡിറ്റ് നിര്‍ബന്ധമാണ്. അത് സി.എ.ജിയുടെ സമ്പൂര്‍ണ ഓഡിറ്റായാല്‍ കിഫ്ബിയില്‍ നിക്ഷേപിക്കുന്നവരുടെ ആത്മവിശ്വാസം (ഇന്‍വെസ്റ്റര്‍ കോണ്‍ഫിഡന്‍സ്) വര്‍ധിക്കുകയാണ് ചെയ്യുക. മറിച്ച് സംഭവിക്കും എന്നു കരുതുന്ന കേരള സര്‍ക്കാര്‍ സമീപനം കാണുമ്പോള്‍ കിഫ്ബിയില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് സംശയിച്ചവരെ വിമര്‍ശിക്കാനാവില്ല. കിഫ്ബി കമ്പനി ആയതുകൊണ്ട് നല്ലതും അതോറിട്ടിയായതുകൊണ്ട് മോശവും ആവില്ല. പക്ഷെ സി.എ.ജി ഉയര്‍ത്തുന്ന പ്രസക്തമായ ചോദ്യങ്ങള്‍ക്ക് സമയാസമയം മറുപടി നല്‍കണം.

 

web desk 1: