X
    Categories: columns

കിഫ്ബി വിവാദത്തിലൂടെ തോമസ് ഐസക് ലക്ഷ്യമിടുന്നത്

രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു കച്ചവടവും കാരണം സംസ്ഥാന മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ബോധപൂര്‍വമാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബി സംബന്ധിച്ച വിവാദം കുത്തിപ്പൊക്കുന്നത്. സ്വര്‍ണ്ണക്കടത്തു പ്രതി സ്വപ്‌നാസുരേഷിനെയും മയക്കുമരുന്നു കടത്തു കേസില്‍ കുരുങ്ങിയ ബിനീഷ് കോടിയേരിയെയും സഹായിക്കുന്നതിന് പാവയായി വേഷംകെട്ടുന്ന തോമസ് ഐസക്കിനോട് സഹതാപം മാത്രമേയുള്ളൂ. രാഷ്ട്രീയ ദുഷ്ടലാക്കോടെ ഏതറ്റംവരെയും തരംതാഴാന്‍ മടിയില്ലാത്ത ആളായി അദ്ദേഹം മാറിയിരിക്കുന്നു. കിഫ്ബിയുടെ മറവില്‍ നടക്കുന്ന അഴിമതിയും കൊള്ളയും പിടിക്കപ്പെടുമെന്നായപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന് മുട്ടിടിച്ചുതുടങ്ങിയിരിക്കുകയാണ്. അതിനാലാണ് ഭരണഘടനാസ്ഥാപനമായ സി.എ.ജിക്കെതിരെ അദ്ദേഹം ചന്ദ്രഹാസമിളക്കുന്നത്.
സി.എ.ജി റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍പോലും സി.എ.ജി റിപ്പോര്‍ട്ട് ഒരു മന്ത്രി ചോര്‍ത്തിയിട്ടില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് വെക്കുന്നതിന്മുമ്പ് മന്ത്രിതന്നെ അത് പുറത്തുവിട്ടത് നിയമസഭയെ അവഹേളിക്കുകയും സഭയുടെ അവകാശങ്ങളെ ലംഘിക്കുന്നതുമാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടന ലംഘിക്കുന്നത് ഗുരുതരപ്രശ്‌നമാണ്. മന്ത്രിക്ക് ഇതിന്റെ ഭവിഷ്യത്ത് അറിയാഞ്ഞിട്ടില്ല. പക്ഷേ, അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിക്കാനും അദ്ദേഹം തയ്യാറായിരിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാന്‍ സി.എ.ജി ശ്രമിക്കുകയാണെന്നും ഇതിനായി കോണ്‍ഗ്രസും ബി.ജെ.പിയും സി.എ.ജിയോടൊപ്പംചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നുമാണ് അദ്ദേഹം തട്ടിവിടുന്നത്. സംസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് സി.എ.ജി ശ്രമിക്കുന്നതെന്നും തോമസ് ഐസക് പറയുന്നു. കള്ളത്തരം കണ്ടുപിടിക്കപ്പെടുകയും, അഴി എണ്ണേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാവുമ്പോള്‍ ഇതല്ല ഇതിനപ്പുറവും പറയും.
ഞങ്ങള്‍ കക്കും കൊള്ള നടത്തും അഴിമതി നടത്തും അതാരും കണ്ടുപിടിക്കരുത് എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് ഏകാധിപത്യഭരണം നടക്കുന്ന രാജ്യമല്ല. ഉത്തരകൊറിയ പോലുള്ള രാജ്യമായിരുന്നെങ്കില്‍ പിണറായിക്കും തോമസ് ഐസക്കിനുമൊക്കെ എന്തു തോന്ന്യാസവും കാണിക്കാമായിരുന്നു. ആരും ചോദ്യം ചെയ്യാന്‍ വരില്ല. ഇവിടെ കേരളത്തിലെ ഇടതുസര്‍ക്കാരിന് ഇന്ത്യന്‍ ഭരണഘടന ബാധകമല്ല, ഭരണഘടനാസ്ഥാപനങ്ങള്‍ ബാധകമല്ല, നിയമങ്ങളും ചട്ടങ്ങളും ബാധകമല്ല എന്നാണ് പറയുന്നത്. അതിന് കേരളം ഒരു കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് അല്ല. കിഫ്ബി വായ്പ്പകള്‍ ഭരണഘടനക്ക് വിരുദ്ധമെന്ന് സി.എ.ജി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയാന്‍ പോകുന്നു എന്നാണ് തോമസ് ഐസക്ക് പറയുന്നത്. (റിപ്പോര്‍ട്ട് പുറത്തു വരാത്തതുകൊണ്ട് അതിന്റെ നിജിസ്ഥിതി അറിയില്ല). സി.എ.ജി ഇങ്ങനെ പറയാന്‍ പോകുന്നു എന്ന് പറഞ്ഞ് നിലവിളിക്കുന്നത് തന്നെ ദയനീയ കാഴ്ചയാണ്. സി. എ.ജി ഏകപക്ഷീയമായി ഒരിക്കലും പരാമര്‍ശങ്ങള്‍ നടത്താറില്ല. ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന്റെ മറുപടി വാങ്ങിയശേഷം ഓഡിറ്റ് പാരാ തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. അതിന്മേലുള്ള മറുപടി വാങ്ങിയശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമൊന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയാണ് കരട് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുക. അത്രയും വിശദമായ പരിശോധനയില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ട്. അതൊക്കെ കഴിഞ്ഞ് അവസാന റിപ്പോര്‍ട്ട് വരുന്നതിന്മുമ്പ് ആ റിപ്പോര്‍ട്ട് ഇങ്ങനെയാകുമെന്ന് നിലവിളിക്കുന്നത് അഴിമതി നടത്തിയിട്ടുണ്ട് എന്ന കുറ്റബോധം കൊണ്ടാണ്.
സി.എ.ജിയോട് എന്നു മുതലാണ് സി.പി.എമ്മിന് ഇത്ര അലര്‍ജി തോന്നിത്തുടങ്ങിയത്? പാമോയില്‍ കേസില്‍ ലീഡര്‍ കെ. കരുണാകരന്റെ ജീവിതാവസാനംവരെ, ഏതാണ്ട് രണ്ട് ദശാബ്ദത്തിലേറെ അദ്ദേഹത്തെ വേട്ടയാടിയത് സി.എ. ജി റിപ്പോര്‍ട്ട് വച്ചാണ്. ബ്രഹ്മപുരം, ഇടമലയാര്‍, കേസുകളിലും സി.പി.എം വേട്ടയാടല്‍ നടത്തിയത് സി.എ.ജി റിപ്പോര്‍ട്ടുകളിന്മേലാണ്. അന്നൊന്നും സി.എ.ജി ആരുടെയെങ്കിലും ഉപകരണമാണെന്നോ, വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണെന്നോ, സി.പി. എമ്മിന് തോന്നിയിട്ടില്ലല്ലോ? അത് പഴങ്കഥകള്‍. എന്നാല്‍, വിഴിഞ്ഞം തുറമുഖ പദ്ധതിയിന്മേലുള്ള സി.എ.ജി റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഇതേ സര്‍ക്കാര്‍ തന്നെയല്ലേ. ആ റിപ്പോര്‍ട്ട് വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ളതാണെന്ന് അന്ന് തോന്നിയില്ലല്ലോ? കള്ളം ചെയ്തിട്ട്, നിയമം ലംഘിച്ചിട്ട് അത് പിടിക്കപ്പെടുമ്പോള്‍ ഗൂഢാലോചന, അട്ടിമറി എന്നൊന്നും വിലപിച്ചിട്ട് കാര്യമില്ല. എല്ലാം സുതാര്യവും നിയമാനുസൃതവുമാണെങ്കില്‍ തോമസ് ഐസക്ക് എന്തിന് വെപ്രാളപ്പെടണം?
ലാവ്‌ലിന്‍ കേസില്‍ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്നല്ലേ ചര്‍ച്ചയാക്കിയതെന്ന് തോമസ് ഐസക് ചോദിക്കുന്നു. ലാവ്‌ലിന്‍മേലുള്ള കരട് റിപ്പോര്‍ട്ട് ചോര്‍ത്തിയത് മന്ത്രിയല്ല. അത് സി.പി.എമ്മിലെ അച്യുതാനന്ദന്‍ വിഭാഗമാണ്. ഏതായാലും ഇതിലൂടെ ഒരു കാര്യം വ്യക്തമായി. തോമസ് ഐസക് ലക്ഷ്യംവെക്കുന്നത് പ്രതിപക്ഷ നേതാവിനെയല്ല. പിണറായി വിജയനെയാണ്. ലാവ്‌ലിന്‍ കേസ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌നിന്ന് ഒഴിഞ്ഞു. ഇനി തോമസ് ഐസക്കിന്റെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. അതിന് പ്രതിപക്ഷത്തിന്റെ പുറത്ത് ചാരണ്ട.
യു.ഡി.എഫ് സമയത്ത് കിഫ്ബി വായ്പ എടുത്തിട്ടില്ലേ, അത് ഭരണഘടനാലംഘനമാണെന്ന് അന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് തോമസ് ഐസക്ക് ചോദിക്കുന്നു. മന്ത്രി ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യു.ഡി.എഫ് കാലത്ത് കിഫ്ബി വിദേശ വായ്പ എടുത്തിട്ടില്ല. ആഭ്യന്തര വായ്പ നിയമാനുസൃതം എടുക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സംസ്ഥാന ഖജനാവിനെ പണയപ്പെടുത്തി വിദേശ വായ്പ എടുക്കുമ്പോള്‍ അത് രാജ്യത്തിനുള്ളില്‍ നിന്നുതന്നെയാകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്. കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് വിദേശ വായ്പ എടുക്കാം, സംസ്ഥാനത്തിന് പാടില്ലേ എന്നും ധനമന്ത്രി ചോദിക്കുന്നു. എന്‍.ടി.പി.സി, റെയില്‍വേ തുടങ്ങിയവ വിദേശ വായ്പ എടുത്തിട്ടുണ്ട്. പക്ഷേ അത് അവയുടെ സ്വന്തം വസ്തുക്കളുടെ ഈടിന്മേലാണ്. അല്ലാതെ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലല്ല. അതിന് ഭരണ ഘടന അനുവദിക്കുന്നില്ല. ഇവിടെ കിഫ്ബി വായ്പ എടുത്തത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഗ്യാരണ്ടിയിന്മേലാണ്. ഭരണ ഘടന അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്. കിഫ്ബിയില്‍ 140 ഓളം പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നത്. അരലക്ഷംമുതല്‍ മൂന്നര ലക്ഷംവരെ മാസ ശമ്പളത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പമെന്റ് വഴിയാണ് വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഉപദേശികളെ കുത്തിനിറച്ച് ഖജനാവ് കൊള്ളയടിക്കു സങ്കേതമായി കിഫ്ബി മാറി. 10000 രൂപ, 6000 രൂപ, 4500 രൂപ, 2500 എന്നിങ്ങനെ വിവിധ നിരക്കുകളിലാണ് ഉപദേശികളുടെ ദിവസ ശമ്പളം. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ മാസ ശമ്പളം 3.32 ലക്ഷം രൂപ. ശമ്പളത്തില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന. ചീഫ് പ്രോജക്ട് എക്‌സാമിനറുടെ മാസ ശമ്പളം മൂന്നു ലക്ഷം രൂപ. ശമ്പളത്തില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന.
സ്വന്തമായി കിഫ്ബിക്ക് പ്രോജക്ട് അപ്രൈസര്‍ ഡിവിഷന്‍ ഉണ്ടെങ്കിലും വഴുതക്കാട് സ്ഥിതിചെയ്യുന്ന കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാമിനും വിവാദനായകന്‍ എം. ശിവശങ്കരനും വേണ്ടപ്പെട്ട ടെറാനസ് എന്ന സ്ഥാപനത്തിനാണ് ടെണ്ടര്‍ വിളിക്കാതെ പ്രോജക്ടുകള്‍ അപ്രൈസ് ചെയ്യാന്‍ കരാര്‍ നല്‍കിയത്. 63.38 ലക്ഷം രൂപ ആ ഇനത്തില്‍ നല്‍കി. ഓഡിറ്റില്‍ ഇത് പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് മനസിലായതിനെത്തുടര്‍ന്ന് വഴുതക്കാടുള്ള രണ്ട് കടലാസ് കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. വീണ്ടും ടെറാനസ്സിനെ തന്നെ അത് ഏല്‍പിച്ചു. ഇതിനകം 10 കോടി രൂപയാണ് അപ്രൈസല്‍ ചാര്‍ജ്ജായി ടെറാനസ്സിന് നല്‍കിയത്. ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്ന അപ്രൈസല്‍ ഡിവിഷന്‍ സ്വന്തമായി ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്. കള്‍സള്‍ട്ടിങ് ചാര്‍ജ്ജായി 2019 ല്‍ 16.96 കോടിയും 2020 ല്‍ 31.3.2020 വരെ 15.53 കോടിയും കിഫ്ബി ചെലവഴിച്ചു. പല പ്രോജക്ടുകളിലും ടെണ്ടര്‍ ഇല്ലാതെയും ചില പ്രോജക്ടുകളില്‍ ടെണ്ടര്‍ വിളിച്ചുമാണ് കള്‍ട്ടന്‍സിയെ തിരഞ്ഞെടുത്തത്. 700 കോടിയുടെ നവോത്ഥാന സമുച്ചയം ഉള്‍പ്പെടെ കിഫ്ബിയിലെ പല പ്രോജക്ടുകളിലും കസള്‍ട്ടന്‍സി മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ആണ്. ലണ്ടര്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറാണ് കേരളീയ തനത് ശില്‍പ രൂപത്തില്‍ ഉണ്ടാക്കു നവോത്ഥാന സമുച്ചയങ്ങളുടെ കസള്‍ട്ടന്‍സി എന്നതാണ് വിരോധാഭാസം.
മസാല ബോണ്ടിന് നിയമോപദേശം നല്‍കിയത് അദാനിയുടെ മരുമകളുടെ കമ്പനിയാണ്. സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിന് 11 ലക്ഷം രൂപ ഈയിനത്തില്‍ നല്‍കി. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ ലേലവുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കിയത് ഇതേ വിവാദ കമ്പനിയായിരുന്നു. കിഫ്ബി നിക്ഷേപമായി സ്വീകരിക്കുന്ന എല്ലാ ഇന്‍വെസ്റ്റ്‌മെന്റിന്റേയും തിരിച്ചടവ് ആരംഭിക്കുത് രണ്ട് വര്‍ഷം കഴിഞ്ഞാണ്. രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം പിരീഡാണ്. മിക്ക നിക്ഷേപങ്ങളുടെയും തിരിച്ചടവ് ആരംഭിക്കുക അടുത്ത് അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ്. വരുന്ന സര്‍ക്കാരുകളുടെ തലയില്‍ ഭാരം കയറ്റി വെക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്യ ചിലവ് ഞെട്ടിക്കുന്നതാണ്. 2019ല്‍ പരസ്യചിലവ് 74.09 ലക്ഷം. 2020 ല്‍ പരസ്യ ചിലവ് 25.33 കോടി (31.3.2020 വരെ) അതിനുശേഷം 100 കോടിയാണെന്ന് മനസ്സിലാക്കുന്നു. ആകെ കിഫ്ബി സമാഹരിച്ച നിക്ഷേപം 16000 കോടി. ചിലവായത് 6000 കോടി. ബാക്കി കൈവശം 10000 കോടി. അംഗീകാരം നല്‍കിയ പദ്ധതികള്‍ 60000 കോടി രൂപയ്ക്കുള്ള പദ്ധതികള്‍. അതായത് 16000 കോടി രൂപ മാത്രം നിക്ഷേപം വച്ചുകൊണ്ടാണ് 60,000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചത്. ഇത് തട്ടിപ്പല്ലെങ്കില്‍ മറ്റെന്താണ്?
(ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്)

web desk 1: