മുജീബ് കെ താനൂര്‍
ഇന്ത്യന്‍ ചരിത്രത്തിനു ‘നാഗ്പൂരില്‍നിന്നും വമിക്കുന്ന വിഷക്കാറ്റിന്റെ ഗന്ധം’ പടര്‍ത്താന്‍ കേന്ദ്രഭരണകൂടം ഒരുങ്ങുന്നു. 3500 കൊല്ലങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ സംസ്‌കാരങ്ങളെ അക്രമങ്ങളിലൂടെ കീഴടക്കിയ ആര്യ സംസ്‌കാര മേധാവിത്തം വീണ്ടും ഒരു അധിനിവേശം നടത്തുകയാണ്. ലോകത്തിലെ മികച്ച നാഗരികതയുടെ വിളനിലമായ ഹാരപ്പ മോഹന്‍ ജെതാരോ സാംസ്‌കാരിക ഭൂമികയായ ഇന്ത്യ ഉപഭൂഖണ്ഡത്തെ യൂറോപ്പില്‍നിന്നും മധ്യേഷ്യയില്‍നിന്നും കുടിയേറിയ ആക്രമണകാരികളായ ആര്യവംശവിഭാഗമാണ് നശിപ്പിച്ചതെന്നു നാമെല്ലാം പഠിച്ച ചരിത്രമാണ്. ഇന്ത്യയുടെ അതിമനോഹരമായ ചരിത്ര പൈതൃകത്തിനു നേര്‍ക്കാണ് പുതിയ കയ്യേറ്റം.
കഴിഞ്ഞാഴ്ച പാര്‍ലമെന്റില്‍ സാംസ്‌കാരിക ടൂറിസം വകുപ്പുമന്ത്രി പ്രഹ്ലാദ് ജോഷി 12000 വര്‍ഷത്തെ ഇന്ത്യ ചരിത്രം പുതിയ രൂപത്തില്‍ എഴുതിപ്പിടിപ്പിക്കാനുള്ള വിദഗ്ധ സമിതിയുടെ പേര് വിവരം പ്രഖ്യാപിക്കുകയുണ്ടായി. രണ്ട് എക്‌സ് ഓഫീഷ്യോ അംഗങ്ങളും മറ്റു പതിനാലു പേരും ചേര്‍ന്നതാണ് വിദഗ്ധ സമിതി. എല്ലാവരും ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യന്‍ ബ്രാഹ്മണന്‍. മുസ്‌ലിം സിഖ് ക്രിസ്ത്യന്‍ ജൈന പാഴ്‌സി വിഭാഗത്തെ മാത്രമല്ല ദലിതനെയും മറ്റു പിന്നാക്കക്കാരനെയും സമിതിയില്‍ എടുത്തിട്ടില്ല. വനിതകള്‍ക്കും കലാകാരന്മാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും സമിതിയില്‍ ഇടം നല്‍കിയില്ല. ആര്യന്മാരുടെ പിന്മുറക്കാരെന്നു അവകാശപ്പെടുന്ന, മികച്ച വംശ ശുദ്ധിയുള്ള വിഭാഗമെന്നു മേനി പറയുന്ന ബ്രാഹ്മിണ സംഘത്തെ തന്നെവെച്ച് ചരിത്രമെഴുതിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യം മുഴുക്കെ ചോദ്യം ചെയ്യപ്പെടുകയാണ്.
വ്യാജ ചരിത്രം ഒരുക്കുകയാണെങ്കിലും അതിനു പേരിട്ടിരിക്കുന്നത് ‘ദി ഹോളിസ്റ്റിക് സ്റ്റഡി ഓഫ് ഒറിജിന്‍ ആന്റ് എവൊല്യൂഷന്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍ ടു സിന്‍സ് 12000 ഇയേഴ്‌സ് ബിഫോര്‍ പ്രസന്റ് ആന്റ് ഇറ്റ്‌സ് ഇന്റര്‍ഫേസ്സ് വിത്ത് അദര്‍ കള്‍ച്ചര്‍ ഓഫ് ദി വേള്‍ഡ്’ എന്നാണ്. കഴിഞ്ഞ വര്‍ഷം സി.എ.എ, എന്‍.ആര്‍.സി ബില്ല് കൊണ്ട്‌വന്നു ആപ്പിലായ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രം നാഗ്പൂര്‍ കാല്‍പനികതയില്‍ ഒന്ന് അണിയിച്ചൊരുക്കണമെന്നുള്ള വ്യഗ്രതയിലായി. കഴിഞ്ഞ വര്‍ഷം ഭരണഘടനാ സംരക്ഷണ പ്രക്ഷോഭ സമയത്ത് കേന്ദ്രം ഭരിക്കുന്നവരുടെ ചരിത്രം ഏറെ പരതാതെയും ചികയാതെയും നാലു വയസ്സുള്ള കുട്ടികള്‍ മുതല്‍ വിളിച്ചു പറഞ്ഞത് ‘ആരുടെയൊക്കെയോ ഷൂ നക്കികളെന്നും രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊന്നവരുടെ കക്ഷികളെന്നുമാണ്’എന്നൊക്കെയാണ്. ഇതൊക്കെ കേട്ടു സഹികെട്ടാണ് തങ്ങള്‍ക്കുപറ്റിയവിധം ഒരു കഥയുണ്ടാക്കി ഇന്ത്യയുടെ ചരിത്രവും ചാരിത്ര്യവും കവരാനുള്ള പിന്‍വാതില്‍ നീക്കങ്ങള്‍.
വിദഗ്ധ സമിതിയില്‍ ഡോക്ടര്‍ ബി.ആര്‍ മണി എന്നു പേരുള്ള ആള്‍ തെക്കേ ഇന്ത്യക്കാരന്‍ ആണെന്ന് സംശയം തോന്നി അങ്ങേരെ കുറിച്ചുള്ള പ്രൊഫൈല്‍ പരതി നോക്കി. അങ്ങേരും യു.പി ക്കാരന്‍ ആണെന്ന് മനസ്സിലായി. ബ്രഹ്മണന്‍ ആണോ എന്ന് അപ്പോഴും സംശയം ബാക്കി ആയി. അങ്ങനെ യു.പിക്കാരന്‍ ഒരു സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചു. അവിടത്തെ ത്രിപാഠി എന്ന ബ്രാഹ്മണ വിഭാഗമാണ് മണി എന്ന ടൈറ്റില്‍ ഉപയോഗിക്കുന്നത് എന്ന വിവരം ലഭിച്ചു. ഇയാള്‍ ചില്ലറക്കാരനൊന്നുമല്ല. 2003 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ ഒന്നാം എന്‍.ഡി.എ ഭരണകാലത്ത് ആര്‍ക്കിയോളജി സൂപ്രണ്ടായി നിയോഗിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഖനനം നടത്തിയപ്പോള്‍ അവയില്‍ കണ്ടെടുത്ത വസ്തുതകള്‍ക്കുനേരെ കണ്ണടക്കുകയും ഇല്ലാക്കഥകള്‍ ഇറക്കുകയും ചെയ്തയാളാണ് കക്ഷി. ഈ വര്‍ഷം സുപ്രീംകോടതി ബാബരി മസ്ജിദ് കേസില്‍ നിലപാടെടുത്തത് മണിയുടെ വാദവും റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരുന്നു.
കാനഡയിലെ ഗ്വെല്‍ഫ് വാഴ്‌സിറ്റിയില്‍ സവര്‍ക്കരുടെയും ഗോള്‍വാള്‍ക്കറുടെയും ചിന്താസരണികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തു പരിവാര്‍ പ്രിയനായ, ആഗോള ബ്രാഹ്മണന്‍ ഫെഡറേഷന്‍ സംഘാടകനായ കൗശിക് ആണ് സമിതിയിലെ മറ്റൊരംഗം. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റര്‍നാഷണല്‍ ആസൂത്രകനായ മാക്കന്‍ ലാല്‍ ആണ് വേറൊരംഗം. മറ്റൊരാള്‍ സന്തോഷ്‌കുമാര്‍ ശുക്ലയാണ്. ഇങ്ങേര്‍ പണ്ടെന്നോ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖം ഏറെ വിവാദമായിരുന്നു.
ഹിന്ദു മതത്തിനു ദശ ലക്ഷക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ടെന്നുപറഞ്ഞ ഇദ്ദേഹത്തെ റിപ്പോര്‍ട്ടര്‍ തിരുത്തുകയും ലോകത്ത് മനുഷ്യ വംശം ഉണ്ടായ വര്‍ഷവും ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ജനവാസമുണ്ടായ കാലവും മറ്റും പഠിപ്പിക്കുകയും വെള്ളം കുടിപ്പിച്ചു ഇറക്കിവിടുകയും ചെയ്ത സംഭവം മാധ്യമ ലോകത്ത് ഇന്നും ചര്‍ച്ചയാണ്. കെ.എന്‍ ദീക്ഷിത് ചെയര്‍മാനായ സമിതിയില്‍ ആര്‍.എസ് ബിഷ്ത്, രമേശ്കുമാര്‍ പാണ്ഡെ, ജി.എന്‍ ശ്രീവാസ്തവ, മുകുന്ദ് കാം ശര്‍മ്മ,പി.എന്‍. ശാസ്ത്രി, ആര്‍.സി ശര്‍മ്മ, കെ.കെ മിശ്ര, ബല്‍റാം ശുക്ല, എം.ആര്‍ ശര്‍മ്മ, തുടങ്ങിയവരാണ് മറ്റംഗങ്ങള്‍. കുറ്റം പറയരുതല്ലോ, എല്ലാവരും ഒന്നാം നമ്പര്‍ നാഗ്പൂര്‍ ഫിലോസോഫിയുടെ പ്രയോക്താക്കളും പ്രചാരകരുമാണ്. ഇന്ത്യ ചരിത്രം ആണോ ബ്രാഹ്മണ ചരിത്രം ആണോ കേന്ദ്ര സര്‍ക്കാര്‍ എഴുതിക്കാന്‍ പോകുന്നത്? അന്താരാഷ്ട്ര ബ്രാമിന്‍ ഫെഡറേഷന്റെ മിക്ക പ്രമുഖരും സമിതിയിലുണ്ട്. ബ്രഹ്മണര്‍ അല്ലാത്ത (ശൂദ്രന്‍, വൈശ്യന്‍, ക്ഷത്രിയന്‍) ആര്‍ക്കും ഇന്ത്യയുടെ 12000 വര്‍ഷത്തെ ചരിത്രമെഴുതാന്‍ യോഗ്യത ഇല്ലേ? ഇനി ബ്രഹ്മണര്‍ അല്ലാത്ത ആര്‍ക്കും ചരിത്ര ഗ്രാഹ്യം ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് എങ്കില്‍ എന്ത്‌കൊണ്ട് തെക്കേ ഇന്ത്യയില്‍ നിന്നോ കിഴക്കേ ഇന്ത്യയില്‍ നിന്നോ ഒരു ബ്രഹ്മണനെ ഉള്‍പ്പെടുത്തിയില്ല എന്നൊക്കെ വിമര്‍ശനമുയരുകയാണ്.
12000 കൊല്ലത്തെ ഇന്ത്യ ചരിത്രമെഴുതാന്‍ ശൂദ്രന്‍ വേണ്ട, വൈശ്യന്‍ വേണ്ട, ക്ഷത്രിയനും വേണ്ട. ദലിതനും മുസ്‌ലിംകളും ക്രിസ്ത്യാനികളും പണ്ടേ കളരിക്ക് പുറത്തായത്‌കൊണ്ട് അവര്‍ ലിസ്റ്റില്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നത്തന്നെ തെറ്റാണ്. 134 കോടി ജനങ്ങളുടെ 12000 വര്‍ഷത്തെ ചരിത്രം ജനസംഖ്യയില്‍ വെറും 5 ശതമാനം മാത്രമുള്ള ബ്രാഹ്മണര്‍ എഴുതും. കുഴിച്ചു കുഴിച്ചു നുണകളുടെ ഫോസില്‍ കണ്ടെത്തുന്ന ചില ആര്‍ക്കിയോളജിക്കല്‍ സര്‍വേയര്‍മാരും സമിതിയിലുണ്ട്.
പുതിയ ചരിത്രരചനയെക്കുറിച്ച് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ നീര ഛന്ദോക്കെ പ്രസ്താവിച്ചത് ഇവര്‍ ഇന്ത്യയുടെ ചരിത്രമല്ല, ഹിന്ദുവിന്റെ അതും സനാതനധര്‍മ്മം ഒഴിവാക്കിക്കൊണ്ടുള്ള ചരിത്രമായിരിക്കും രചിക്കുകയെന്നാണ്. 1925 ല്‍ നാഗ്പൂരില്‍ സ്ഥാപിച്ച ആര്‍.എസ്.എസ് എന്ന സംഘടനയുടെ പൊലിഞ്ഞുപോയ സ്വപ്‌നങ്ങളെല്ലാം വിളക്കിച്ചേര്‍ക്കാനുള്ള വ്യായാമണിതെന്നും ഛന്ദോക്കെ വ്യക്തമാക്കി. 12000 കൊല്ലത്തെ ചരിത്രം പറഞ്ഞാല്‍ രാജ്യം 1947 ല്‍ സ്വതന്ത്രമായി എന്നതും ചോദ്യം ചെയ്യപ്പെടും. ഫലത്തില്‍ രാഷ്ട്രപിതാവല്ല ഗാന്ധിജിയെന്നും ആ വധം വെറും രാഷ്ട്രീയ കൊലപാതകമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഇത്തരം നുണകള്‍ പ്രേരണയാകും-ഛന്ദോക്കെ അടിവരയിടുന്നു. ‘ഇത് രാജ്യത്തിന്റെ മതേതര ശവപ്പെട്ടിക്കുമുകളിലെ അവസാനത്തെ ആണിയായിരിക്കുമെന്നാണ്’ രാജ്യാന്തര പ്രശസ്തയായ ചരിത്രകാരി റൊമീളാ ഥാപ്പര്‍ അഭിപ്രായപ്പെട്ടത്. ഈ നീക്കം ചരിത്രം പറയാനല്ല, പല നുണകള്‍ ഒന്നിച്ചുചേര്‍ത്ത് സത്യമാക്കാനുള്ള ഗൂഢനീക്കമാണ്-ഥാപ്പര്‍ പറഞ്ഞു. ചരിത്രകാരന്‍ ജെ.എന്‍ ദത്ത പ്രതികരിച്ചത് ഭീകരമായ ഒരു വര്‍ഗീയ ചരിത്രം തട്ടിക്കൂട്ടാനുള്ള കുത്സിത ശ്രമം എന്നാണ്. ജാമിഅ മില്ലിയയിലെ പ്രമുഖ ചരിത്രകാരനായ സയ്യിദ് അലി നദീം റിസാവി പ്രസ്താവിച്ചത് ആരും കേള്‍ക്കാത്ത, പറയാത്ത, ഇല്ലാത്ത അസംബന്ധങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള തീവ്രശ്രമം എന്നാണ്. അക്ബറിന്റേയും താജ്മഹലിന്റെയും പുതിയ കഥകള്‍ നിര്‍മ്മിക്കും. പറ്റുമെങ്കില്‍ നെഹ്‌റുവിനെയും ടാഗോറിനെയും വിദേശികളാക്കും. നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ സവര്‍ക്കറിന്റെ ഭാരത സ്വപ്‌നമാക്കും- റിസാവി പരിഹസിക്കുന്നു.
നാഗ്പൂര്‍ ചരിത്രം വിന്ധ്യക്കിപ്പുറം കടത്തില്ലെന്നു ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, കര്‍ണാടക ജനതാദള്‍ നേതാവ് കുമാരസ്വാമി എന്നിവരും വ്യക്തമാക്കി. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുപ്പത്തി രണ്ടു എം.പിമാര്‍ ബില്ലിനെതിരെ രാഷ്ട്രപതിയെ സമീപിച്ചെങ്കിലും പഴയ ആര്‍.എസ്.എസ് നിയമോപദേശകനായ രാംനാഥ് കോവിന്ദ് കണ്ണ് തുറന്നില്ല.