സൈനുദ്ദീന്‍ വൈത്തിരി
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘നാടോടിക്കാറ്റി’ലെ ശ്രീനിവാസന്റെ ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം’ ഇതാണ് വയനാട് തുരങ്കപാതയുടെ കാര്യത്തിലും സംഭവിക്കാനിരിക്കുന്നത്. എല്‍.ഡി. എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയെന്ന മുഖവുരയാണ് കോഴിക്കോട്-വയനാട് തുരങ്കപാതയെ വിശേഷിപ്പിക്കുന്നത്. വയനാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച്, തെരഞ്ഞെടുപ്പുകള്‍ നെഞ്ചൂക്കോടെ നേരിടാനുള്ള ആത്മവീര്യം ചോര്‍ന്ന സര്‍ക്കാറും മുന്നണിയും കണ്ടെത്തിയ പിടിവള്ളിയാണ് തുരങ്കപാതയുടെ പ്രചാരണം. വിവിധ കാലങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച, നടപ്പിലാക്കാന്‍ സാധ്യമല്ലാത്ത പട്ടികയില്‍ ഒന്നാണ് വയനാട് തുരങ്കപാതയുടെ സ്ഥാനവും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷ പോലും നല്‍കാതെ പദ്ധതി ലോഞ്ചിംഗ് നടത്തിയതിലൂടെ തെരഞ്ഞെടുപ്പ് നാടകമായിരുന്നുവെന്ന് പകല്‍പോലെ സ്പടഷ്ടമാണ്. അതീവ പരിസ്ഥിതിലോല മേഖലകളിലൂടെ കടന്നുവരുന്ന തുരങ്കപാതക്ക് അനുമതിയെന്നത് വളരെ വിരളമാണ്. വയനാടിന്റെ സ്വപ്‌നമായി കഴിഞ്ഞ കാലങ്ങളില്‍ കൊട്ടിഘോഷിച്ച നിരവധി വന്‍കിട പദ്ധതികളെല്ലാം വനവുമായും പരിസ്ഥിതിലോല മേഖലകളുമായും ബന്ധപ്പെട്ടതിനാല്‍ ഇന്നും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത, മൈസൂര്‍-നഞ്ചന്‍ഗോഡ്- വയനാട് റെയില്‍വേ പാത, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബദല്‍പാത, വയനാട് ചുരം റോഡ് നവീകരണം, ബൈരന്‍കുപ്പ പാലം തുടങ്ങിയവയെല്ലാം വനംപരിസ്ഥിതി മന്ത്രാലയ അനുമതിയില്ലാത്തതിനാല്‍ മുടങ്ങി കിടക്കുന്ന പദ്ധതികളാണ്. ദേശീയപാതയിലെ രാത്രിയാത്ര നിരോധനം പോലും വനവുമായി ബന്ധപ്പെട്ടതാണ് കുരുക്കിലായത്.
പശ്ചിമഘട്ടത്തിലെ അതീവ പാരിസ്ഥിതിക മേഖലയിലാണ് ആനക്കാംപൊയില്‍-മേപ്പാടി റോഡിന്റെ ഭാഗമായി തുരങ്കം നിര്‍മ്മിക്കേണ്ടത്. കോഴിക്കോട് ജില്ലയിലെ കുണ്ടന്‍തോടിനു സമീപം സ്വര്‍ഗംകുന്നില്‍ നിന്നും ആരംഭിച്ചു വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പെട്ട കള്ളാടിയില്‍ അവസാനിക്കുന്നതാണ് തുരങ്കം. 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കണക്കാക്കുന്നത്. പ്രഫ. മാധവ് ഗാഡ്ഗില്‍, ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി ദുര്‍ബലമായി അടയാളപ്പെടുത്തിയ പ്രദേശത്തുകൂടിയാണ് തുരങ്കപാത നിര്‍മ്മിക്കേണ്ടത്. പ്രകൃതിയെ കീറിമുറിച്ചുള്ള പദ്ധതിക്ക് ഒരിക്കലും അനുമതി ലഭിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞിട്ടും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പ്രഥമ ബജറ്റില്‍ തന്നെ തുരങ്കപാതക്കായി 20 കോടി രൂപ വകയിരുത്തിയത് വയനാട്ടുകാരെ കബളിപ്പിക്കാനായിരുന്നു. കഴിഞ്ഞ പ്രളയ ഘട്ടത്തില്‍ വന്‍ദുരന്തമുണ്ടാകുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്ത പുത്തുമല, കവളപ്പാറ എന്നിവ തുരങ്കപാതയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ്.
തുരങ്കപാത ഇടിയുന്ന താമരശേരി ചുരത്തിനു ബദലായി ആകാമെങ്കില്‍ എല്ലാവര്‍ക്കും നല്ല കാര്യമാണെന്നും, കുറെ കാര്‍ബണ്‍ എമിഷന്‍ പോലും തടയാനാകുമെന്നും എന്നാലത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കപ്പെടേണ്ട ഒന്നാണെന്നുമെന്നുമാണ് ഹരിഷ് വാസുദേവന്‍ അടക്കമുള്ള പരിസ്ഥിതി സംരക്ഷകരുടെ നിഗമനം. നിലനില്‍ക്കുന്ന വികസനം വേണമെന്ന പരിസ്ഥിതി ദിനത്തിലെ പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, പദ്ധതിയുടെ സമഗ്രമായ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കണമെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യണമെന്നും അല്ലാതെ ഭൂരിപക്ഷമുള്ളതിന്റെ പേരില്‍ എന്തും എങ്ങനെയും നടപ്പാക്കിക്കളയാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ഇടതു സര്‍ക്കാറിന്റെ പ്രഥമ ബജറ്റില്‍ തന്നെ തുരങ്കപാതയുടെ പേരില്‍ കോടികള്‍ വകയിരുത്തി യാതൊരു നടപടികളും സ്വീകരിക്കാതെ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ തുരങ്കപാതയുമായെത്തിയത് വയനാട്ടില്‍ മറ്റൊരു വന്‍കിട പദ്ധതിയും ഉയര്‍ത്തികാട്ടാന്‍ കഴിയാത്തത് മൂലമാണ്. വയനാട് ഗവ.മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തികാട്ടി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാറിന് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാനാണ് ഇപ്പോള്‍ തുരങ്കപാതയുമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന പദ്ധതി പ്രായോഗവല്‍ക്കരിക്കാന്‍ കടമ്പകള്‍ ഏറെയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും പ്രൊജക്ടിന്റെ പ്രാഥമിക സാങ്കേതിക പഠനം, വിശദമായ പഠനം, പാതയുടെ രൂപരേഖ തയാറാക്കല്‍, വനമേഖലയുടെ മാപ്പ് തയാറാക്കല്‍, അതിര്‍ത്തി നിര്‍ണയം, പരിസ്ഥിതി ആഘാത പഠനം എന്നീ ഘട്ടങ്ങള്‍ക്കുശേഷം അന്തിമ രൂപരേഖ സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനു ഓണ്‍ലൈനായി അപേക്ഷിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. ആരോഗ്യ വികസന രംഗത്തും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും ആദിവാസികളുടെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സമ്പൂര്‍ണ്ണ പരാജിതരായ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ പ്രചാരണായുധമായി കണ്ടെത്തിയ പദ്ധതികളിലൊന്നായിരുന്നു തുരങ്കപാതയും. എന്നാല്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയില്ലെന്ന വസ്തുത പുറത്തുവന്നതോടെ എല്‍. ഡി.എഫ് ആവനാഴിയിലെ അവസാന ആയുധവും നഷ്ടപ്പെട്ടിരിക്കയാണ്.