സി കെ സുബൈര്‍
അര്‍ധരാത്രിവരെ നീണ്ട ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ നേരിയ വ്യത്യാസത്തിന് ബീഹാറില്‍ മഹാസഖ്യത്തിന്റെ പോരാട്ടം 110 സീറ്റുകളില്‍ അവസാനിച്ചു. സുശാസന്‍ ബാബു, സദ്ഭരണത്തിന്റെ പ്രതിപുരുഷന്‍ എന്നവകാശപ്പെടുന്ന നിതീഷ്‌കുമാറിന് ഭരണത്തില്‍ നാലാമൂഴം. ലാലുപ്രസാദ് യാദവ് എന്ന കറകളഞ്ഞ മതേതര നിലപാടുള്ള അതികായന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ച് അസാമാന്യമായ പോരാട്ടവീറ് പ്രകടിപ്പിച്ച തേജസ്വിയാദവ് പരാജയപ്പെടുന്നത് നിരാശാജനകമായ കാഴ്ചയാണ്. കാരണം ബി.ജെ.പിക്കെതിരെ കേവലമായ ഒരു രാഷ്ട്രീയ സഖ്യ രൂപീകരണം എന്നതിനുമപ്പുറത്തുള്ള മാനങ്ങള്‍ മഹാസഖ്യത്തിനുണ്ടായിരുന്നു. പരമാവധി ഉള്‍കൊള്ളുക എന്നതായിരുന്നു തേജസ്വി സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസിനുപുറമേ ബീഹാറില്‍ നല്ല വേരോട്ടമുള്ള സി.പി.ഐ (എം.എല്‍) സി. പി.ഐ, സി.പി.ഐ.എം അടക്കമുള്ള ഇടതുകക്ഷികളെയും ചേര്‍ത്തുനിര്‍ത്തിയാണ് തേജസ്വി പൊരുതാനിറങ്ങിയത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇടതുകക്ഷികള്‍ മാത്രമായി ഒരു മുന്നണി രൂപീകരിച്ചാല്‍പോലും ഒരുമിച്ച്‌നില്‍ക്കാന്‍ കഴിയും എന്നുറപ്പുപറയാന്‍ സാധിക്കാത്തവണ്ണം പ്രത്യയശാസ്ത്ര ഭിന്നതകളുള്ള പാര്‍ട്ടികളാണ് സി.പി. ഐ.എം.എല്ലും സി.പി.ഐയും സി.പി. എമ്മും എന്നോര്‍ക്കണം. അവിടെയാണ് സാധ്യമായവരെയൊക്കെ ചേര്‍ത്തുനിര്‍ത്തി തേജസ്വി രൂപീകരിച്ച മഹാസഖ്യം പ്രസക്തമാകുന്നത്. അങ്ങനെയൊരു മുന്നണിക്ക് സംസ്ഥാന കേന്ദ്ര ഭരണത്തിന്റെ എല്ലാ സംവിധാനങ്ങളുടെയും പിന്തുണയുള്ള എന്‍.ഡി. എയോട് ഇഞ്ചോടിഞ്ച് പൊരുതാനും ആര്‍.ജെ. ഡിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഭരണവിരുദ്ധ വികാരം ബീഹാറില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ നരേന്ദ്രമോദി, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രംഗത്തിറങ്ങി രാമക്ഷേത്രം, കശ്മീര്‍ തുടങ്ങിയ ചര്‍ച്ചകളുയര്‍ത്തി ഹിന്ദുത്വ വൈകാരികതയുടെ വിത്തെറിഞ്ഞു നടത്തിയ വിളവെടുപ്പാണ് ബി.ജെ.പിയുടെ പ്രകടനം. ഭരണവിരുദ്ധ വികാരം മഹാസഖ്യത്തിനനുകൂലമാകാതെ ചിരാഗ് പസ്വാനെ മുന്‍നിര്‍ത്തി നടത്തിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് ഗുണം ചെയ്തപ്പോള്‍ 30 ലധികം സീറ്റുകള്‍ നഷ്ടമായ നിതീഷ്‌കുമാര്‍ നന്നായി മെലിഞ്ഞു. എഴുപതിടത്ത് മല്‍സരിച്ച കോണ്‍ഗ്രസിന് 19 സീറ്റാണ് നേടാനായത്. കോണ്‍ഗ്രസിന്റെ മോശം പ്രകടനം മഹാസഖ്യത്തിന്റെ പ്രകടനത്തെ ബാധിച്ചു എന്നത് സത്യമാണ്. എന്തുകൊണ്ടിത് സംഭവിച്ചു എന്ന് പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാസംവിധാനം, ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ച, അടിക്കടി ഉണ്ടാകുന്ന കൂറുമാറ്റം ഉണ്ടാക്കിയ വിശ്വാസ്യതാനഷ്ടം തുടങ്ങിയ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതൊക്കെ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും പരമപ്രധാനമായ കാരണം ബി.ജെ.പി ഇന്നും എന്നും ടാര്‍ജറ്റ് ചെയ്യുന്നതും മുഖ്യശത്രുവായി കാണുന്നതും കോണ്‍ഗ്രസിനെയാണ് എന്നത് തന്നെയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബി. ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികളെ തങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ഒരുമിച്ച്‌നിര്‍ത്താന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ട് എന്നവര്‍ ഭയപ്പെടുന്നു. ഒറ്റക്ക് നില്‍ക്കുക എന്ന് തീരുമാനിക്കുക സംസ്ഥാനങ്ങളില്‍ കര്‍ണാടക, മഹാരാഷട്ര, ബീഹാര്‍ മോഡലില്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വം അംഗീകരിക്കുന്ന സഖ്യരൂപീകരണത്തിനും കോണ്‍ഗ്രസ് സന്നദ്ധമാകുന്നു. പഴയതിനേക്കാള്‍ ദുര്‍ബലമായെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് മുഖ്യ അജണ്ടയായി കാണുന്ന സ്വാധീനമുള്ള ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ് എന്നത് ഇടതുപക്ഷംപോലും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. പശ്ചിമബംഗാളില്‍ പോലും ഒന്നെഴുന്നേറ്റ് നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ കൈക്കരുത്തിനെ ആശ്രയിക്കാനൊരുങ്ങുന്നവരാണ് ഇടതുപക്ഷം.
മഹാസഖ്യത്തിന് പിന്നാക്ക സമുദായങ്ങളുടെ വിശേഷിച്ച് മുസ്‌ലിം ജനസാമാന്യത്തിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ല എന്നും അത് നഷ്ടമാക്കുന്നതില്‍ അസദുദ്ദീന്‍ ഉവൈസി വഹിക്കുന്ന പങ്കും നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഇതിനെ സാധൂകരിക്കുന്ന ചില കണക്കുകളും പറയാനുണ്ടായിരുന്നു. പക്ഷേ ബീഹാറിലെത്തുമ്പോള്‍ ഉവൈസി അഞ്ച് മണ്ഡലങ്ങള്‍ ഒറ്റക്ക് ജയിച്ചിരിക്കുന്നു. മുസ്‌ലിം ജനസാന്ദ്രത കൂടുതലായി കേന്ദ്രീകരിക്കുന്ന സീമാഞ്ചല്‍ മേഖലയില്‍ 20 സീറ്റുകളിലാണ് ഉവൈസി മല്‍സരിച്ചത്. അമോര്‍, കൊച്ചദമന്‍, ബഹാദൂര്‍ ഗഞ്ച്, ജോക്കി ഹട്ട്, ബായ്‌സി എന്നീ മണ്ഡലങ്ങളിലെ വിജയത്തിനുശേഷം അദ്ദേഹം കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ബി.എസ്.പി, ഉപേന്ദ്ര കുശ്‌വാഹ എന്നിവരെ കൂടെക്കൂട്ടി അദ്ദേഹം രൂപീകരിച്ച മുന്നണി പലയിടങ്ങളിലും മതേതര മുന്നണിക്കു പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഉവൈസിയുടെ സാന്നിധ്യത്തെയും പ്രചാരണ രീതികളെയും ബി.ജെ.പി ഇഷ്ടപ്പെടുന്നതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന പരിമിതി. ഒരു പാര്‍ട്ടി എന്ന നിലക്ക് അദ്ദേഹത്തിന്റെ സാന്നിധ്യവും മതേതര കക്ഷികളും ബി.ജെ.പിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന ആത്യന്തിക സമീകരണവാദവും തങ്ങള്‍ക്ക് ഗുണകരമാണെന്ന് ബി.ജെ.പി കാണുന്നു. ഉവൈസിയെ വിമര്‍ശിക്കുംപോലെ തന്നെ ഈ മേഖലയില്‍ മുസ്‌ലിം സമൂഹം എന്ത്‌കൊണ്ട് മഹാസഖ്യത്തെ വിശ്വാസത്തിലെടുത്തില്ല എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കേണ്ടത് കൂടിയാണ്. ഒരു സ്വത്വവിഭാഗം എന്ന നിലയില്‍ ഫാസിസ്റ്റ് വാഴ്ചയുടെ ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയിലെ മുസ്‌ലിം സമുദായം. പൗരാവകാശങ്ങള്‍പോലും റദ്ദു ചെയ്യപ്പെട്ടേക്കാം എന്ന ഭീതിയാണ് പൗരത്വ കരിനിയമം അവര്‍ക്കു മുന്നിലുയര്‍ത്തിയത്. സ്വാഭാവികമായും ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കണം എന്ന് വാദിക്കുന്ന രാഷ്ട്രീയകക്ഷികളുടെനേരെ അവര്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു. ആ അശങ്കയെയും പ്രതീക്ഷയെയും അഭിസംബോധന ചെയ്യുന്നതില്‍ കോണ്‍ഗ്രസും മറ്റ് മതേതര കക്ഷികളും എത്രത്തോളം വിജയിക്കുന്നു എന്ന പരിശോധന ഈ ഘട്ടത്തില്‍ നടക്കണം. ദേശീയ തലത്തില്‍ ഗാന്ധി കുടുംബവും കോണ്‍ഗ്രസിലെ നെഹ്‌റുവിയന്‍ ചിന്താഗതിക്കാരായ നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളുടെ ആത്മാര്‍ത്ഥതയില്‍ ആര്‍ക്കും തര്‍ക്കമില്ല. അതുപക്ഷേ താഴെതട്ടില്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചകളുണ്ടാകുന്നുണ്ട്. തങ്ങള്‍കൂടി പങ്കാളികളായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നേയില്ല എന്ന മുസ്‌ലിം സമുദായത്തിന്റെ നിരാശാബോധത്തെ പോസിറ്റീവായി കാണുക എന്നത് മാത്രമാണ് പോംവഴി. ഝാര്‍ഖണ്ഡ് ഒന്നാന്തരം ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഝാര്‍ഖണ്ഡിലെ മൊഹല്ല കമ്മിറ്റികളുമായും മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വവുമായും മുന്‍കൂര്‍ ചര്‍ച്ചകള്‍ നടത്താന്‍ ജെ.എം.എമ്മും കോണ്‍ഗ്രസും തയാറായി. സംഘ്പരിവാര്‍ ആള്‍ക്കൂട്ട ഭീകരത ഏറ്റവും മൃഗീയമായി അഴിഞ്ഞാടിയ സംസ്ഥാനത്ത് തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കര്‍ശനമായ സമീപനം സ്വീകരിക്കും എന്നുറപ്പ് കൊടുത്തു. കാടിളക്കി പ്രചരണം നടത്തിയിട്ടും ഉവൈസി അവഗണിക്കപ്പെട്ടു. ഇതൊരു മാതൃകയായിരുന്നു. ഒരു സമൂഹവും നിരുപാധികം ആരെയും പിന്തുണക്കുന്നില്ല. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ആ സമുദായവുമായും അവരുടെ രാഷ്ട്രീയ നേതൃത്വവുമായും സംവാദാത്മകമായ ബന്ധം വികസിപ്പിച്ചു കൊണ്ടാണ് മുന്നോട്ട്‌പോകേണ്ടത്. പറയാനുള്ള അവസരവും കേള്‍ക്കാനുള്ള സന്നദ്ധതയും വേണം. ഉവൈസിയെ പോലെയുള്ളവരുടെ രാഷ്ട്രീയ രീതിശാസ്ത്രം സ്വീകാര്യമല്ല എന്ന് തീരുമാനിക്കാന്‍ മതേതര കക്ഷികള്‍ക്ക് അവകാശമുണ്ട്. പക്ഷേ ഇന്ത്യന്‍ മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തിന്റെ അഭിമാനബോധത്തെ അവഗണിക്കരുത്. ഉവൈസി ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ആദ്യത്തെ ചോയ്‌സോ ഏക ചോയ്‌സോ അല്ല. പക്ഷേ ഉവൈസി ഒരു മുന്നറിയിപ്പാണ്. ബീഹാറില്‍ തന്നെയും മുസ്‌ലിം വോട്ടുകള്‍ മഹാസഖ്യത്തിനും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ജെ.ഡി.യുവിന് ലഭിച്ച മുസ്‌ലിം വോട്ടുകള്‍ കുറവ് വന്നിട്ടുണ്ട്.
നേര്‍ക്കുനേരെ അവകാശങ്ങള്‍ അംഗീകരിച്ച് കൊണ്ട്, അതുറപ്പാക്കും എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് പിന്തുണ തേടുന്ന സമീപനം സ്വീകരിക്കാനായാല്‍ ഈ വെല്ലുവിളിയെ മറികടക്കാന്‍ മതേതര ചേരിക്കാവും. മുസ്‌ലിം സ്വത്വ പ്രതിസന്ധിയോടുള്ള അകാരണമായ ഭയത്തെ മറികടക്കാന്‍ കേരളം മതേതര കക്ഷികള്‍ക്കു മുന്നില്‍ ഒരു പാഠപുസ്തകമാണ്. കൃത്യമായ ഒരു പൊളിറ്റിക്കല്‍ സ്റ്റാറ്റജി വികസിപ്പിച്ചെടുത്തുകൊണ്ട് മതേതരപക്ഷം എന്ന വിശാല ചേരിയെ കരുപിടിപ്പിച്ചെടുക്കാന്‍ ബീഹാര്‍ അനുഭവ പാഠമാണ്. അതിനാവശ്യമായ രാഷ്ട്രീയ ഭാഷ സ്വായത്തമാക്കണം. അതു സംസാരിക്കാനുള്ള ആര്‍ജവം വേണം. കേരളത്തിലെ ജനാധിപത്യചേരിയെ ആ അര്‍ത്ഥത്തില്‍ ഒരു ദേശീയ മാതൃകയായി മുന്നാട്ട്‌വെക്കാനാവും. ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ആഗ്രഹിച്ചത് പോലെയല്ലായിരിക്കാം. പക്ഷേ ജനവിധിയും ജനഹിതവും ശുഭകരമാണ് എന്ന് കാണണം. ജനഹിതമായിരിക്കില്ല എപ്പോഴും തെരഞ്ഞെടുപ്പ് ഫലമായി പുറത്ത്‌വരിക. ജനാഭിലാഷത്തെ കുതന്ത്രങ്ങള്‍കൊണ്ട് അട്ടിമറിച്ച് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്ന ബി.ജെ.പിയുടെ അജണ്ട ഒരു വട്ടം കൂടി വിജയിക്കുന്നു. എല്ലാ വിഭാഗം മനുഷ്യരുടെയും ആശങ്കകളെയും പ്രതീക്ഷകളെയും ഒരൊറ്റ ബിന്ദുവുണ്ട് ഈ രാജ്യത്തിന്റെ ആത്മാവില്‍. മതേതരത്വം എന്ന ആ മഹാബിന്ദുവില്‍ കാലൂന്നിനിന്ന് മുഴുവന്‍ പാര്‍ശ്വവല്‍കൃതരെയും ഉള്‍ക്കൊള്ളുന്ന സഖ്യങ്ങള്‍ തുടരണമെന്നും വിട്ടുപോയവരെകൂടി ഉള്‍ക്കൊള്ളുന്ന ആ മഹാസഖ്യത്തിന് ഇന്ത്യയുടെ ഭാവി തീരുമാനിക്കാനാകും എന്നുമാണ് ബീഹാര്‍ നല്‍കുന്ന പാഠം.
(മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)