ഹാരിസ് മടവൂര്‍
മുഖം വികൃതമായതിന് കണ്ണാടി തച്ചുടക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്കെതിരായ നീക്കത്തിലൂടെ സി.പി.എം സ്വീകരിക്കുന്നത്. മാധ്യമ നുണകള്‍ക്കെതിരെ എന്നപേരില്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയ പാര്‍ട്ടി സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള അതിരൂക്ഷമായ വിമര്‍ശന ശരങ്ങളാണ് മാധ്യമങ്ങള്‍ക്കെതിരെ എയ്തുവിടുന്നത്. എല്ലാ കര്യങ്ങളിലുമെന്നപോലെ മാധ്യമങ്ങളോടുള്ള സമീപനത്തിലും സി.പി. എമ്മിന്റെ ഇരട്ടത്താപ്പാണ് ഇവിടെ പുറത്തുവരുന്നത്. മാധ്യമങ്ങള്‍ തങ്ങള്‍ക്കനുകൂലമായ നിലപാടെടുക്കുമ്പോള്‍ ആഹാ എന്ന സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിക്ക് എതിരഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ ഓഹോ എന്ന സമീപനമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പെ തന്നെ മാധ്യമങ്ങളുടെ വലതുപക്ഷ വ്യതിയാനത്തെക്കുറിച്ചും മൂലധന സ്വാധീനങ്ങളെ കുറിച്ചും അണികളെ ബോധ്യപ്പെടുത്താന്‍ തുടങ്ങിയ ഒരു പ്രസ്ഥാനത്തിന് ഇന്നും മാധ്യമങ്ങളോടുള്ള സമീപനങ്ങളുടെ കാര്യത്തില്‍ ഒരുറച്ച നിലപാടിലെത്താന്‍ കഴിയുന്നില്ല എന്നത് ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ ദൗര്‍ബല്യത്തിന്റെ മകുടോദാഹരണമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. പാര്‍ട്ടിയിലെ വിഭാഗീയത സകല സീമകളും ലംഘിക്കുകയും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്ത കാലത്ത് അതിനെ മാധ്യമ സിണ്ടിക്കേറ്റ് എന്ന ഓമനപ്പേര് നല്‍കിയായിരുന്നു പാര്‍ട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അന്നത്തേതിനേക്കാള്‍ സര്‍ക്കാറും പാര്‍ട്ടിയും ഒരുപോലെ പ്രതിരോധത്തിലാവുകയും സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ അണികള്‍ക്ക് പോലും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ കഴിയാതായ സാഹചര്യത്തിലാണ് പഴയ മാധ്യമസിണ്ടിക്കേറ്റ് ആരോപണം വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.
സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നു എന്നതാണ് ഇപ്പോള്‍ സി.പി.എം മാധ്യമങ്ങളില്‍ കാണുന്ന പൊറുക്കാനാവാത്ത അപരാധം. ഓരോദിവസവും പുതിയ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രതിപക്ഷത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നു എന്നതാണ് പാര്‍ട്ടിയുടെ പരാതി. എന്നാല്‍ വസ്തുതകളുടെ പിന്‍ബലത്തോടെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് വസ്തുതകള്‍കൊണ്ട് മറുപടി നല്‍കാന്‍ കഴിയാതിരുന്നപ്പോള്‍ വീണതു വിദ്യയാക്കാനുള്ള ശ്രമമാണ് അവര്‍ ഉപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്മുന്നില്‍ ഉത്തരമില്ലാതാവുകയും പ്രത്യേകിച്ച് ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ ‘ബബ്ബബ്ബ’ അടിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പുതിയ നീക്കം ആരംഭിക്കുന്നത്. എന്നാല്‍ ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ച്‌കൊണ്ട് തുടക്കംകുറിച്ച ഈ നിലപാട് തുടക്കത്തില്‍തന്നെ പാളിപ്പോവുകയായിരുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതിനിധികളില്ലാതായതോടെ പ്രതിപക്ഷത്തിന് സര്‍ക്കാറിനെ ആഞ്ഞടിക്കാനുള്ള അവസരം കൈവരികയും അബദ്ധം മനസ്സിലാക്കിയ നേതൃത്വം തീരുമാനം പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പ്രകോപനപരമായി നേരിട്ടും ചാനല്‍ ചര്‍ച്ചകളില്‍ അവതാരകരെ വ്യക്തിഹത്യ നടത്തിയുമെല്ലാം പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു നോക്കിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. നേതാക്കളുടെ ഈ സമീപനം പൊതു സമൂഹത്തിനിടയില്‍ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കപ്പെടുകയും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പരിഹസിക്കപ്പെടുകയും ചെയ്തതോടെയാണ് പരസ്യമായി മാധ്യമങ്ങള്‍ക്കെതിരെ തിരിയാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി എത്തുന്നത്. പാര്‍ട്ടി പ്രതിനിധികളായെത്തുന്നവര്‍ മറുപടിയില്ലാതെ എ. കെ.ജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂളിനായി നിലവിളിച്ചുകൊണ്ടിരിക്കുന്ന ദയനീയ സാഹചര്യം കൂടിയായപ്പോള്‍ സി.പി.എമ്മിന് ഇതല്ലാതെ മറ്റുവഴികളില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം.
ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകനായി മാറിയ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ ഇക്കാലത്തെ മാധ്യമ ബഹിഷ്‌കരണം സി.പി.എമ്മിന്റെ മറ്റൊരു ചരിത്രപരമായി മണ്ടത്തരമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. രേഖകളുടെ പിന്‍ബലത്തോടെ പുറത്തുവരുന്ന ആരോപണങ്ങളെ സാമ്രാജ്യത്വത്തിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്നത് എന്തായാലും പുതിയ കാലത്ത് വിലപ്പോകുന്ന ഒന്നല്ല. ചാനല്‍ ചര്‍ച്ചകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ ഉയര്‍ന്ന് വരുന്ന നൂറായിരം ചോദ്യങ്ങള്‍ പൊതുജനങ്ങളുടെ ബോധ്യത്തില്‍നിന്ന് കൂടിയാണ്. വസ്തുതയുടെ പിന്‍ബലമുള്ളിടത്തോളം കാലം അവക്കെതിരെ കണ്ണടയ്ക്കാന്‍ പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ല. ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ അവക്ക് മറുപടി നല്‍കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്.