മുജീബ് കെ താനൂര്‍
ആര്‍.എസ്.എസിനുവേണ്ടി സര്‍വസ്വവും ത്യജിച്ചിട്ടും ദലിതനായതിന്റെ പേരില്‍ ജാതിക്കോമരങ്ങളില്‍നിന്നും അനുഭവിച്ച തിക്താനുഭവങ്ങള്‍ പറഞ്ഞു തരികയാണ് രജസ്ഥാനിലെ സിര്‍ദിയ എന്ന സ്ഥലത്തുള്ള ഭന്‍വര്‍ മെഘ് വന്‍ഷി. ക ഇീൗഹറ ചീ േആല ഒശിറൗ:ഠവല ടീേൃ്യ ീള അ ഉമഹശ േശി വേല ഞടട എന്ന ഭന്‍വര്‍ മെഘ് വന്‍ഷിയുടെ പുസ്തകം രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും സംഘ്പരിവാര്‍ വിഭാഗത്തെ പ്രതിരോധത്തിലാക്കിയതുമായ കൃതിയായി മാറി. സജീവ സംഘം പ്രവര്‍ത്തകനായിരുന്നപ്പോള്‍ തന്റെ ദലിത് സ്വത്വം മൂലം ഭന്‍വര്‍മെഘ് വന്‍ഷിക്ക് നിരവധി പീഡാനുഭവങ്ങളുണ്ടായി. സംഘ്പരിവാരത്തിന്റെ സവര്‍ണ്ണരായ പ്രവര്‍ത്തകരില്‍നിന്നും നേരിട്ട ജാതിവിവേചനത്തിന്റെ ദുരനുഭവങ്ങള്‍ പുസ്തകത്തില്‍ തുറന്നെഴുതുന്നു.
ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’യും മറ്റു ചിലതുമായിരുന്നു അക്കാലത്ത് ഭന്‍വര്‍ നിത്യേന വായിച്ചത്. അതിലൂടെ അവന്‍ ഒരു ഹിന്ദു മത ഭ്രാന്തനായിത്തീര്‍ന്നു’. മുസ്‌ലിംകള്‍ നിതാന്ത ശത്രുക്കളായി. സിര്‍ദിയ ഗ്രാമത്തില്‍ ഒരൊറ്റ മുസ്‌ലിം കുടുംബം പോലും താമസമുണ്ടായിരുന്നില്ല. ശാഖയില്‍നിന്നു കേട്ട പൊലിപ്പിച്ചെടുത്ത കഥകളിലൂടെയും വികലമാക്കിയ ചരിത്ര ശകലങ്ങളിലൂടെയും തന്റെ മനസ്സില്‍ പ്രതിഷ്ഠിതമായിരിക്കുന്ന ആജന്മശത്രുവിനെ ഭന്‍വര്‍ നേരില്‍ കാണുന്നത് പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഗ്രാമത്തിലെ ഗവ. ആയുര്‍വേദ ക്ലിനിക്കിലേക്ക് സ്ഥലംമാറ്റം ലഭിച്ചുവന്ന ജീവനക്കാരനായ ആ മുസ്‌ലിം പുരുഷനെ ഭീകരജീവിയെ പോലെയാണ് താന്‍ നോക്കിക്കണ്ടതെന്ന് അദ്ദേഹം എഴുതുന്നു.
ഹിന്ദു രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായിരുന്ന കാലത്ത് ഭന്‍വറിന്റെ ജീവിതാഭിലാഷം ആര്‍.എസ്.എസ് പ്രചാരക് ആവുക എന്നതായിരുന്നു. ആര്‍.എസ്.എസില്‍ പ്രചാരക് പദവിയിലിരിക്കുന്നവര്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. അവര്‍ വിവാഹ ജീവിതം ഉപേക്ഷിച്ച് സംഘത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുന്നു. പ്രചാരക്മാരില്‍ നിന്നാണ് സര്‍ സംഘ്ചാലകിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. പ്രചാരക് ആകണമെന്ന തന്റെ ആഗ്രഹം ഭന്‍വര്‍ തനിക്ക് അടുപ്പമുള്ള ഒരു പ്രചാരകിനോട് പറഞ്ഞു. അയാള്‍ അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പ്രചാരകിന് സമൂഹത്തിന്റെ പല തട്ടിലുള്ളവരുമായി അടുത്തിടപഴകേണ്ടി വരും. ഏതെങ്കിലും സന്ദര്‍ഭത്തില്‍ താഴ്ന്ന ജാതിക്കാരനാണെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ സംഘം പ്രവര്‍ത്തനത്തിന് അത് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു അയാള്‍ പറഞ്ഞ കാരണം. പ്രചാരകിന് പകരം ‘വിസ്താരക്’ ആകാനായിരുന്നു അയാള്‍ ഭന്‍വറിനെ ഉപദേശിച്ചത്. വിസ്താരകര്‍ക്ക് ഗാര്‍ഹസ്ഥ്യ ജീവിതം നയിച്ചുകൊണ്ട് സംഘ പ്രവര്‍ത്തനങ്ങള്‍ നടത്താം.
ബാബരി മസ്ജിദ് തകര്‍ക്കല്‍ യജ്ഞത്തിന്റെ ആദ്യ ഉദ്യമത്തില്‍ ഭന്‍വര്‍ പങ്കെടുത്തിരുന്നു. മുലായംസിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള യു.പി ഗവണ്‍മെന്റ് കര്‍ശനമായി ചെറുത്തതിനാല്‍ പരാജിതനായി മടങ്ങേണ്ടിവന്നു. 1992ല്‍ ‘കര്‍സേവ’ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീടാണ് ഭന്‍വര്‍ മെഘ് വന്‍ഷി അംബേദ്കര്‍ ആശയങ്ങളില്‍ ആകൃഷ്ടനായി ആര്‍.എസ്.എസ് ഉപേക്ഷിച്ചത്.
സിര്‍ദിയാസ് ഗ്രാമത്തില്‍ ഒരു ദലിത് കുടുംബത്തില്‍ ജനിച്ച ഭന്‍വര്‍ മെഘ് വന്‍ഷി തന്റെ സ്‌കൂള്‍ പഠനകാലത്ത്, ഭൂമിശാസ്ത്ര അധ്യാപകനായിരുന്ന ബെന്‍ഷിലാലിന്റെ സ്വാധീനത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ ചേര്‍ന്നു. തീവ്രഹിന്ദുത്വ വാദിയായിരുന്ന അധ്യാപകന്‍ അയാളുടെ വിദ്യാര്‍ത്ഥികളെ ഒഴിവു സമയങ്ങളില്‍ പുറത്തുകൊണ്ടുപോയി ചില വ്യായാമമുറകള്‍ പരിശീലിപ്പിക്കുന്നതോടൊപ്പം ഹിന്ദുത്വ ആശയങ്ങളും പകര്‍ന്നുകൊടുത്തിരുന്നു. അങ്ങനെ ഭന്‍വര്‍ തന്റെ ഗ്രാമത്തിലെ ആദ്യത്തെ ആര്‍.എസ്.എസ് ശാഖയിലെ സ്വയം സേവകനും പ്രധാന ചുമതലകളുടെ നിര്‍വാഹകനുമായിത്തീര്‍ന്നു. ജിജ്ഞാസുവും വായനാ തല്‍പരനുമായിരുന്ന ഭന്‍വര്‍ മനസ്സിലുണരുന്ന സംശയങ്ങള്‍ തുറന്നു ചോദിക്കുന്ന പ്രകൃതക്കാരനായിരുന്നു.
സൂര്യന്‍ കത്തിജ്വലിക്കുന്ന ഗോളമാണെന്നും ആര്‍ക്കും അതിന് സമീപത്തെത്താന്‍ സാധ്യമല്ലെന്നും സ്‌കൂളില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍, അതേ അധ്യാപകന്‍ ശാഖയില്‍ ഹനുമാന്‍ സൂര്യഗോളത്തെ വിഴുങ്ങിയ പുരാണകഥ പറഞ്ഞപ്പോള്‍ ഭന്‍വര്‍ അതിന്റെ പൊരുത്തക്കേട് തുറന്നു ചോദിച്ചു. അറിഞ്ഞ കാര്യങ്ങളെ യുക്തിപരമായി പരിശോധിക്കുന്ന ആ കൗമാരക്കാരന്റെ ശീലം ബൗദ്ധിക പ്രമുഖന്മാര്‍ക്ക് തലവേദനയായി. അനുയായികള്‍ അനുസരിക്കുകയും എതിര്‍ത്തൊന്നും പറയാതെ നല്‍കുന്നത് മാത്രം സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് അവര്‍ക്ക് കൂടുതലിഷ്ടം. ‘സംശയം പുലര്‍ത്തുന്നവര്‍ക്ക് വിനാശമായിരിക്കും ഫലം’ (സംശയാത്മാ വിനാശ്യതി) എന്നര്‍ത്ഥം വരുന്ന സംസ്‌കൃത വചനം കൊണ്ട് ഒടുവില്‍ അവര്‍ ഭന്‍വറിന്റെ സ്വതന്ത്ര ചിന്താശീലത്തിന്റെ തളിര്‍പ്പുകളെ താല്‍ക്കാലികമായി കരിച്ചുകളഞ്ഞു. മാനവികവും സാമൂഹ്യോന്മുഖവുമായ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള വായനയുടെയും മതേതര സാംസ്‌കാരിക കൂട്ടായ്മകളുടേയും വഴികള്‍ ഭന്‍വറിന്മുന്നില്‍ വിലക്കപ്പെട്ടു. പുരോഗമനപരമായ ചിന്താധാരകള്‍ ഏതെങ്കിലും വിധത്തില്‍ സ്വയം സേവകരില്‍ കടന്നുകൂടാതിരിക്കാന്‍ പ്രചാരകന്മാര്‍ എപ്പോഴും ശ്രദ്ധിച്ചു. ആര്‍.എസ്.എസിന്റെ ഉയര്‍ന്ന നേതൃത്വത്തില്‍നിന്നും നേരിട്ട ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് അകന്നു നില്‍ക്കുന്ന സ്വയം സേവകനെ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു പ്രചാരകനുമൊത്ത് പോയതിനെക്കുറിച്ച് ഭന്‍വര്‍ മെഘ് ഷെന്‍വി പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. സ്വയംസേവകന്‍ അനുനയ വാക്കുകള്‍ക്ക് വഴങ്ങിയില്ല. ആര്‍.എസ്.എസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. തിരിച്ചുപോരാന്‍ നേരം അയാള്‍ അവര്‍ക്ക് ‘ഓഷോ ടൈംസ്’ എന്ന പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ നല്‍കി. പ്രചാരക് അത് സ്വീകരിച്ചില്ല. കയ്യില്‍ സൂക്ഷിച്ച ‘ഓഷോ ടൈംസ്’ ഭന്‍വര്‍ പിന്നീട് വായിക്കാനെടുത്തപ്പോള്‍ പ്രചാരക് അത് തട്ടിയെടുത്ത് ദേഷ്യപ്പെട്ടു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരങ്ങള്‍ ‘ഓഷോ ടൈംസി’ലൂടെ വായിച്ചതിനാലായിരുന്നു ആര്‍. എസ്.എസ് സ്വയംസേവകന്‍ പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുപോയത്.
ജീവന്റെ ജീവനായി ചേര്‍ത്തുനിര്‍ത്തിയ ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ കാപട്യം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ഭന്‍വറിനെ സഹായിച്ചത് ഒരു ‘അസ്ഥികലശ യാത്ര’യായിരുന്നു. ആദ്യ കര്‍സേവയില്‍ പങ്കെടുത്ത് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുവരുന്ന ‘അസ്ഥികലശ യാത്ര’ ജില്ലാ കേന്ദ്രത്തിലേക്ക് സിര്‍ദിയ ഗ്രാമത്തിലൂടെയാണ് കടന്നുപോയത്. അസ്ഥികലശ യാത്ര സംഘ്പരിവാര്‍ സംഘടനകളുടെ പൊതു സംഘാടകത്വത്തിലാണ് നടന്നത്. സന്യാസിമാരും ബ്രാഹ്മണ പ്രമുഖരും മറ്റും പങ്കെടുക്കുന്ന ആ പരിപാടി തന്റെ ഗ്രാമത്തിലെത്തുമ്പോള്‍ പ്രധാന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഭന്‍വര്‍ ആഗ്രഹിച്ചു. സംഘ്പരിവാറിന്റെ സവര്‍ണ്ണ നേതാക്കള്‍ ദലിത് കുടുംബങ്ങളില്‍വന്ന് ഭക്ഷണം കഴിക്കില്ലെന്ന് ഭന്‍വറിന്റെ പിതാവ് പറഞ്ഞു. ജാതിരഹിത ഹിന്ദുസമൂഹം ലക്ഷ്യംവെക്കുന്നുവെന്ന ആര്‍.എസ്.എസ് വാചാടോപങ്ങള്‍ കേട്ടു ശീലിച്ച ഭന്‍വറിന് അത് വിശ്വസിക്കാനായില്ല. അക്കാര്യം പിതാവിനോടുള്ള വെല്ലുവിളിയായെടുത്ത് തന്റെ പ്രിയപ്പെട്ട നേതാക്കള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ ഭന്‍വര്‍ മുന്നൊരുക്കങ്ങള്‍ നടത്തി. സംഘാടകനായ സേവാഭാരതി ഭാരവാഹി നന്ദലാലിനോട് ഭക്ഷണമൊരുക്കുന്ന കാര്യം പറഞ്ഞു. അയാള്‍ ഭന്‍വറിനെ നിരുത്സാഹപ്പെടുത്തി. ഉന്നത ജാതിക്കാരും പുരോഹിതരും പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ അവര്‍ക്ക് ജാതിയില്‍ താഴ്ന്ന വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ വൈമനസ്യമുണ്ടാവുമെന്നായിരുന്നു ന്യായം. പക്ഷേ അവര്‍ നിര്‍ബന്ധിച്ചതിനാല്‍ തയ്യാറാക്കുന്ന ഭക്ഷണം പൊതികളിലാക്കി പരിപാടി സ്ഥലത്തെത്തിക്കാന്‍ അയാള്‍ നിര്‍ദ്ദേശിച്ചു. ഭന്‍വര്‍ അങ്ങനെ ചെയ്തു. പരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനത്തിലിരുന്ന് പ്രവര്‍ത്തകര്‍ ഭക്ഷണം കഴിച്ചു കൊള്ളുമെന്നായിരുന്നു ഭന്‍വറിനെ അറിയിച്ചത്. എന്നാല്‍ അസ്ഥികലശയാത്ര അടുത്ത കേന്ദ്രത്തിലേക്കു പോകുന്നതുവഴി ദലിത് ഭവനത്തില്‍ പാചകം ചെയ്ത ‘അയിത്താഹാരം’ അവര്‍ വാഹനത്തില്‍നിന്നും റോഡരികിലേക്കു വലിച്ചെറിഞ്ഞു. സുഹൃത്ത് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സൈക്കിളില്‍ അവിടെയെത്തിയ ഭന്‍വറിന് ഭക്ഷണപ്പൊതികള്‍ റോഡരികില്‍ ചിതറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമായി തോന്നി. ഇതിനെക്കുറിച്ച് ഭന്‍വര്‍ സംഘ്പരിവാറിന്റെ ഉന്നതഘടകങ്ങളില്‍ പരാതിപ്പെട്ടു. എല്ലാവരും സംഭവത്തെ നിസ്സാരവത്കരിച്ചു. പ്രതീക്ഷ കൈവിടാതെ സര്‍സംഘചാലകിന് വിശദമായി എഴുതി. ഒരു മറുപടിയും ലഭിച്ചില്ല. സംഘ്പരിവാറില്‍ ഹിന്ദു മത ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ഥാനമില്ലെന്ന് ഭന്‍വര്‍ തിരിച്ചറിയുകയായിരുന്നു.
ദലിതനായതിനാല്‍ എല്ലാ രംഗങ്ങളിലും നേരിടേണ്ടിവന്ന വിവേചനങ്ങളെ ഹൃദയസ്പര്‍ശിയായി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അധ്യാപകനായി നിയമനം ലഭിച്ചപ്പോള്‍ സഹ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒറ്റപ്പെടുത്തി പരിഹസിച്ചു. സ്‌കൂളില്‍ ദലിത് അധ്യാപകന് കുടിക്കാന്‍ പ്രത്യേകമായി വെള്ളം കരുതണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഭന്‍വര്‍ അത് അനുസരിച്ചില്ല. ഒടുവില്‍ കുട്ടികളെല്ലാം വീട്ടില്‍നിന്നും കുപ്പികളില്‍ വെള്ളം കൊണ്ടുവന്നു. നിരന്തരമായ വിവേചനത്തെത്തുടര്‍ന്ന് അദ്ദേഹം ജോലി രാജിവച്ചു. ഭൂരിപക്ഷവും മറ്റു പിന്നാക്ക സമുദായ (ഛആഇ)ത്തിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായിരുന്നു അത്. ദലിതനായ ഒരു അധ്യാപകന് ഇതാണ് നേരിടേണ്ടിവരുന്നതെങ്കില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ? ബ്രാഹ്മണന് അഗ്രസ്ഥാനമുള്ള ഉച്ചനീച ഘടനയില്‍ അധിഷ്ഠിതമായ ചാതുവര്‍ണ്യത്തെ പിന്താങ്ങുന്നവരെയാണ് ഭന്‍വര്‍ ബ്രാഹ്മണ്യ ചിന്താഗതിയുള്ളവര്‍ എന്നു വിളിക്കുന്നത്. അതിന് ജനനവുമായി ബന്ധമില്ല. ജാതിയില്‍ താഴ്ന്നവരായവര്‍ ബ്രാഹ്മണ്യത്തെ ആദരിക്കുകയും തങ്ങളുടെ അധസ്ഥിതിയെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ബ്രാഹ്മണ വ്യവസ്ഥയെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ അത് ഒരു മനോഭാവമാണ്. അങ്ങനെ വരുമ്പോള്‍ദലിത് വിഭാഗത്തിനെതിരെ ബില്ല് കൊണ്ടുവന്ന നരേന്ദ്രമോദിയും അതിനു അനുമതി നല്‍കിയ രാംനാഥ് കോവിന്ദും രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ബ്രാഹ്മണ്യ മനോഭാവമുള്ളവരാണ്. ഭക്ഷണപ്പൊതികള്‍ റോഡില്‍ വലിച്ചെറിഞ്ഞത് കണ്ട് മനസ്സ് വിഷമിച്ച് അത് ഭന്‍വറിനോട് വന്നു പറയുന്ന സുഹൃത്ത് ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചയാളായിരുന്നു.
തത്വത്തില്‍ ജാതിവിരുദ്ധത പ്രസംഗിക്കുന്ന ആര്‍.എസ്.എസ് പ്രയോഗത്തില്‍ ജാതി സംസ്ഥാപനത്തിനാണ് ശ്രമിക്കുന്നതെന്ന് പുസ്തകം പറഞ്ഞു തരും. ആര്‍.എസ്.എസിന്റെ ഗണവേഷം ധരിക്കുന്ന സ്വയം സേവകരായ എല്ലാ ദലിത് ആദിവാസി വ്യക്തികളോടും ഭന്‍വര്‍ ചോദിക്കുന്നു: ‘ആര്‍.എസ്.എസിന്റെ തൊണ്ണൂറിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ജാതിക്കും തൊട്ടുകൂടായ്മക്കുമെതിരെ ഒരൊറ്റ സമരമെങ്കിലും നടത്തിയത് ചൂണ്ടിക്കാട്ടാമോ? എന്തുകൊണ്ടാണ് ആര്‍.എസ്.എസ് ജാതി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിന് തുനിയാത്തത്? ഗംഗ മുതല്‍ പുഷ്‌കര്‍ വരെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദലിതര്‍ക്ക് പ്രത്യേക കുളിക്കടവുകള്‍ വേര്‍തിരിക്കുന്നതിനെതിരെ ആര്‍.എസ്.എസ്.എന്തുകൊണ്ടാണ് മിണ്ടാത്തത്? എല്ലാ ഗ്രാമങ്ങളിലും വ്യത്യസ്ത ഹിന്ദു ജാതികള്‍ക്ക് പ്രത്യേകം ശ്മശാനമുണ്ടാക്കുന്നതിനെതിരെ എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്താത്തത്? പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ദലിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുംവേണ്ടി രംഗത്തുവരാത്തതുമെന്താണ്? ആര്‍.എസ്.എസ് ജാതി സംവരണത്തെ എതിര്‍ക്കുന്നു. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു. ഇവര്‍ ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്?’ അങ്ങിനെ നീളുന്നു ഭന്‍വറിന്റെ ചോദ്യങ്ങള്‍.