X

പ്രസ്താവനേമാന്‍

മോദിക്ക് പഠിക്കുകയാണോ പിണറായി എന്നുചോദിച്ചത് നമ്മുടെയെല്ലാം പ്രതിപക്ഷ നേതാവാണെങ്കില്‍ മുണ്ടുടുത്ത മോദിയാണ് പിണറായിയെന്ന് സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് പറയിച്ചത് സര്‍ക്കാരിനുള്ളിലെ പ്രതിപക്ഷനേതാവാണ്. ഭരണമുന്നണിയുടെ രണ്ടാംകക്ഷിയുടെ നേതാവാണെങ്കിലും വലത്തോട്ടുനോക്കി ഇടതുകൈകൊണ്ട് കണ്ണട ശരിയാക്കി പ്രസ്താവനയിറക്കലാണ് മെയിന്‍ പണി. ഇപ്പോള്‍, ച്ചാല്‍, കഴിഞ്ഞ എട്ടുമാസമായാണ് സഖാവിന് പെരുത്തപണി കിട്ടിയിരിക്കുന്നത്. ചിലപ്പോഴൊക്കെ പണികൊടുക്കുകയും ചെയ്യും.

വല്യേട്ടന്‍മാരുടെ വിരട്ടലും ശകാരവുംകൊണ്ട് എട്ടുമാസം കൊണ്ടുതന്നെ പ്രസ്താവനേമാനായി മടുത്ത കാനം സഖാവിന് സ്വന്തം മുന്നണിയുടെ മുഖ്യമന്ത്രിയെ ഇത്രക്കങ്ങ് പുകഴ്ത്തണമെങ്കില്‍ അതങ്ങ് മുന്നണി യോഗത്തില്‍ നേരിട്ടു പറ്റില്ലല്ലോ. വിശ്വസ്തന് ചീട്ടുകൊടുത്തു. പാര്‍ട്ടി കൗണ്‍സിലില്‍ ശിഷ്യന്‍ അതങ്ങെടുത്ത് വീശി. അതുപിന്നെ പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിലാണ് സഖാവിന്റെ പ്രതിപക്ഷ വീറ്. വിദ്യാര്‍ഥി യൂണിയനിലൂടെയാണ് രാഷ്ട്രീയപ്പണിതുടങ്ങിയത്. അറിയപ്പെട്ടത് ട്രേഡ് യൂണിയനിസ്റ്റായി. ഇന്ത്യ റിപ്പബ്ലിക്കാകുമ്പോള്‍ പിറവി.

കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ അരച്ചുകലക്കിയെങ്കിലും മുഴുവനും കുടിച്ചോയെന്നുസംശയം. മലബാര്‍ സിമന്റ്‌സ് അടക്കം നൂറുകൂട്ടം കമ്പനികളിലെ പാര്‍ട്ടി തൊഴിലാളിയൂണിയന്റെ ഭാരവാഹിത്വമുള്ളതിനാല്‍ കമ്പനിപ്പടിക്കലായിരിക്കും മുമ്പ് മിക്കവാറും കിടപ്പ്. അങ്ങനെ പാര്‍ട്ടി യൂണിയന്റെ കേരള സെക്രട്ടറിയായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നിട്ട് മാര്‍ച്ച് രണ്ടിന് രണ്ടു കൊല്ലം. ദേശീയ നിര്‍വാഹകപ്പണിയുമുണ്ട്. 1982 മുതല്‍ പത്തുകൊല്ലം തുടര്‍ച്ചയായി വാഴൂരില്‍ നിന്ന് നിയമ സഭയിലെത്തിയെങ്കിലും പിന്നെ സീറ്റുകിട്ടിയില്ല. വാഴൂര്‍ കാഞ്ഞിരപ്പള്ളിയായപ്പോള്‍ സ്വയംവേണ്ടെന്നുവെച്ചതാണെന്നാണ് സഖാവ് പറയുക. ഇതൊക്കെകൂടാതെയാണിപ്പോള്‍ ഭരണ മേല്‍നോട്ടപ്പണി.

വിദേശങ്ങളില്‍ നിരവധി കറങ്ങി. ആരുവിളിച്ചാലും ഫോണെടുക്കും. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും. കോട്ടയത്തെ കാര്‍ഷിക ഗ്രാമമായ ഇതേനാട്ടില്‍ നിന്നൊരു കഥാകാരനുണ്ടായിരുന്നു പണ്ട് മലയാളത്തില്‍. പൈങ്കിളിയെഴുത്തായിരുന്നു ആ കാനത്തുകാരന് പണിയെങ്കില്‍ രാജേന്ദ്രന്‍ കാനത്തിന് പണി ഇപ്പോള്‍ ഗൗരവമാര്‍ന്ന ഫെയ്‌സ്ബുക്ക് എഴുത്താണ്.

ദിനം ഒന്ന് എന്ന കണക്കില്‍. വല്യേട്ടന്‍ വീരശൂര പരാക്രമിയായതിനാല്‍ മുന്നണി യോഗത്തില്‍ കയറിപ്പറയാന്‍ പറ്റാത്ത പലതും സുക്കര്‍ബര്‍ഗ് സായിപ്പിന്റെ മാധ്യമത്തിലൂടെയാണിപ്പോഴെന്നുമാത്രം. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നപ്പോഴും വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തപ്പോഴും ജയരാജന്‍ സഖാവ് സ്വജനപക്ഷമുന്നണിയുണ്ടാക്കിയപ്പോഴും എന്നുവേണ്ട പാചകക്കാരി പ്രിന്‍സിപ്പലിന് പണി കൊടുക്കാനും സദാതയ്യാര്‍. ഒന്നും തനിക്കുവേണ്ടിയല്ല. ഇടതുപക്ഷം ജനങ്ങളുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കളയരുത് എന്നു കരുതിയാണ് ഈ പൊല്ലാപ്പൊക്കെ പേറുന്നത്.

ബി.ജെ.പിക്കാരോട് കമ്യൂണിസ്റ്റുകാര്‍ എങ്ങനെ പെരുമാറണമെന്ന് നമ്മെ പഠിപ്പിക്കുന്നതും ഇതേ സഖാവാണ്. ‘സി.പി.ഐ നേതാക്കള്‍ സമരം ചെയ്യുന്ന ബി.ജെ.പി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സി.പി.ഐ രാഷ്ട്രീയത്തെപ്പറ്റി അറിയാത്തവരാണ്. ബി.ജെ.പിക്കാര്‍ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചുവെന്ന് മേനി നടിക്കാം എന്നതില്‍ കവിഞ്ഞ് അത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പും ഇല്ല.

രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകമാണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസ്സിന് ഉടമകളുമല്ല സി.പി.ഐ പ്രവര്‍ത്തകര്‍.’ സഖാവ് തന്റെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റാണിത്. ബി.ജെ.പിക്കാരെ ശരിക്കും കാണാന്‍ പോയതാണോ ഫോട്ടോഷോപ്പ് പണിയാണോ എന്നൊന്നും പോസ്റ്റില്‍നിന്ന് വ്യക്തമല്ല. എന്തായാലും കിടക്കട്ടെ. ഇനി വല്ലെങ്ങാനും പഴയ വലതുപക്ഷത്തേക്ക് ഇറക്കിവിട്ടാല്‍ ഒരു മുറിവേണമല്ലോന്ന് കരുതിക്കാണും സഖാവ്. പാരവെപ്പുപോലെ പാലംവെപ്പും ചിലപ്പോള്‍ ഉപകാരപ്പെടും.

രാജ്‌നാഥ്‌സിങ് ഭരിച്ചാലും പിണറായി ഭരിച്ചാലും പൊലീസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്ന് ഇടക്കൊക്കെ പറയുമെന്നുമാത്രം. ലോഅക്കാദമിയിലെ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സി.പി.ഐ നേതാക്കള്‍ സമരപ്പന്തലുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ അവിടെ നിരാഹാരം കിടക്കുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിനെയും കണ്ടു എന്നതാണ് മുന്നണിയിലെ വല്യേട്ടന്റെ കുറ്റപത്രം. തിരുവനോന്തോരത്ത് ഭാര്യവനജ സമേതം കഴിയുന്നെങ്കിലും എം.എന്‍ സ്മാരകത്തില്‍ നിന്ന് രാവിലെ ഇറങ്ങുന്നത് നേരെ മേല്‍നോട്ടപ്പണിയിലോട്ടാണ്.

സര്‍ക്കാര്‍ ശരിക്കും ചലിക്കുന്നുണ്ടോ, ഏതെല്ലാം വകുപ്പുകളിലാണ്, സി.പി. എമ്മിന്റെ മാത്രം കേട്ടോ, കാര്യക്ഷമതയില്ലാത്തത്, ഇല്ലെങ്കില്‍ എന്തുചെയ്യണം എന്നെല്ലാം നോക്കി ഉപദേശിക്കണം. നക്‌സലൈറ്റിനെ കൊന്നതും റേഷനരി കിട്ടാത്തതും എം.എന്‍ മന്ത്രി മറ്റൊരു നായര്‍ക്ക് 11.49 ഏക്കര്‍ഭൂമി കൈനീട്ടം നല്‍കിയതുമൊന്നും തിരിച്ചുചോദിച്ചുകളയരുത്. മാവോയിസ്റ്റുകളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്നത് ഞങ്ങളുടെ പോണ്ടിച്ചേരി കോണ്‍ഗ്രസ് പ്രമേയമാണെന്നൊക്കെ പറഞ്ഞെങ്കിലായി. ചിലപ്പോള്‍ കാനം വിദ്വാനാകും, മൗനിയാകും.

chandrika: