ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ ന്യായീകരിക്കാനുള്ള പെടാപാടിലാണ് സി.പി.എം ഇപ്പോള്‍. സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന ട്രോളുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാര്‍ട്ടി അണികളും നന്നേ പാടുപെടുന്നു. കേന്ദ്ര ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി വേട്ടയാടുന്നു, മകന്‍ ചെയ്തതിന് അച്ഛന്‍ എന്തു പിഴച്ചു തുടങ്ങിയ ക്യാപ്‌സൂകളുകള്‍കൊണ്ട് പക്ഷേ ഇപ്പോഴത്തെ ആരോപണങ്ങളെ പ്രതിരോധിക്കാനാവുമെന്ന് തോന്നുന്നില്ല. കാരണം പറഞ്ഞൊഴിയാന്‍ കഴിയുന്ന ബന്ധമല്ല ബിനീഷ് കോടിയേരിക്ക് സി.പി.എമ്മുമായുള്ളത്.
അഭിനേതാവ്, ക്രിക്കറ്റ് കളിക്കാരന്‍, ബിസിനസ് മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, സി.പി.എം നേതാവും മുന്‍ കേരള ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍- സാമൂഹ്യ മാധ്യമങ്ങളില്‍ ബിനീഷ് കോടിയേരി തന്നെ സ്വയം പരിചയപ്പെടുത്തുന്ന വാക്കുകളാണിത്. ഒപ്പം നല്‍കിയിരിക്കുന്നത് എ.കെ.ജി സെന്ററിന്റെ പടവുകളില്‍ നില്‍ക്കുന്ന ചിത്രവും.
കൃത്യമായ സി.പി.എം പശ്ചാത്തലത്തില്‍ നിന്നാണ് ബിനീഷിന്റെ വരവ്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായി. പാര്‍ട്ടി സമ്മേളനങ്ങളിലും സമരങ്ങളിലും മുന്‍നിരക്കാരന്‍. വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിലും പ്രതിയായി. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായതിനു സമാന്തരമായിരുന്നു ബിനീഷിന്റെ ‘വളര്‍ച്ച’യും. 18 കേസുകള്‍ നിലനില്‍ക്കെ ഒരു തടസ്സവുമില്ലാതെ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും നിരന്തരം വിദേശയാത്രകള്‍ നടത്തുകയും ചെയ്തു. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നിട്ടും ദുബൈ കേന്ദ്രീകരിച്ചുള്ള കമ്പനിയുട വൈസ് പ്രസിഡണ്ടായി. അപ്പോഴും പ്രവര്‍ത്തനം കേരളത്തില്‍ തന്നെയായിരുന്നു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലും പോള്‍ മൂത്ത് വധക്കേസിലും ബിനീഷിന്റെ പേരുകള്‍ ഉയര്‍ന്നു വന്നു. 2003ല്‍ പേരൂക്കര്‍ട സ്വദേശിയെ ആളുമാറി വെട്ടിയ കേസിലും പ്രതിയായി. ഡസന്‍ കണക്കിന് കേസുകള്‍ ഒരു ഭാഗത്ത്. മറുഭാഗത്ത് സിനിമയും ക്രിക്കറ്റ് കളിയും ആര്‍ഭാട ജീവിതവും. ഇതായിരുന്നു ബിനീഷ് കോടിയേരി. നിരന്തര വിദേശ യാത്രകള്‍, വിദേശവാസം, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം, സുഹൃത്തുക്കള്‍ക്ക് സമ്മാനമായി വലകൂടിയ വസ്തുക്കള്‍, കാറിന്റെ ഫാന്‍സി നമ്പറില്‍ തൊട്ട് ബി.കെ എന്ന ബ്രാന്റിലുള്ള ഷര്‍ട്ട് വരെ.. ഇങ്ങനെ പോകുന്നു ബിനീഷിന്റെ ആഡംബര ജീവിതം.