കെ.പി ജലീല്‍
തിരുവനന്തപുരം
സോളാര്‍കേസില്‍ അന്നത്തെ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാടുനീളെ സമരപരമ്പരതീര്‍ത്തവരുടെ നേതാവിന് ഇന്ന് അതിനേക്കാള്‍ വലിയ ആരോപണം നേരിടുമ്പോഴും സ്വന്തം നാവ് വിഴുങ്ങേണ്ടിവരുന്നു. സോളാര്‍ അഴിമതിക്കേസ് കത്തിനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പി.എയെ കേരളപൊലീസ് കുറ്റക്കാരനാണെന്ന് മുദ്രകുത്തിയത്. അതിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടത്.
2013 ജൂണ്‍ 30ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞതിങ്ങനെ: മുഖ്യമന്ത്രിയുടെ പി.എയുടെ കേസിലെ പങ്ക് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി രാജിവെക്കേണ്ടത് അനിവാര്യമായിരിക്കുന്നു.’ ഇത് മാത്രമല്ല, ജുഡീഷ്യല്‍കമ്മീഷന്റെ സിറ്റിംഗില്‍ മണിക്കൂറുകളോളം ഇരുന്നുകൊടുത്ത മുഖ്യമന്ത്രിക്കെതിരെ സമരകോലാഹലം നടത്താനും സി.പി.എമ്മും അതിനെനയിക്കുന്ന പിണറായിവിജയനും തയ്യാറായി. എന്നാല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായിവിജയന്‍ തന്റെ മുന്‍പിന്‍സിപ്പല്‍സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് സംബന്ധിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ: ഒരു ഉദ്യോഗസ്ഥന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. അതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് ഉമ്മന്‍ചാണ്ടിയുടെ പി.എയെയാണ് കുറ്റക്കാരനെന്ന് പൊലീസ് കണ്ടെത്തിയതെങ്കില്‍ ഇന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നാലുവര്‍ഷത്തോളം ഇരുന്നആളാണ് ഇ.ഡിയുടെ കസ്റ്റഡിയിലായിരിക്കുന്നത്. അതും സംസ്ഥാനം ആവശ്യപ്പെട്ട് നടന്ന കേന്ദ്രഅന്വേഷണത്തില്‍. എന്നിട്ടും അന്ന് താന്‍തന്നെ ആവശ്യപ്പെട്ട രാഷ്ട്രീയധാര്‍മികത തനിക്ക് ഇപ്പോള്‍ ബാധകമല്ലെന്ന് പറയാതെപറയുകയാണ് പിണറായിവിജയന്‍. ഉമ്മന്‍ചാണ്ടിയുടെ പി.എയെ പോയിട്ട് ഒരാള്‍പോലും സോളാര്‍കേസില്‍ ശിക്ഷിക്കപ്പെട്ടുമില്ല.
പാര്‍ട്ടിസംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസിലും മുഖ്യമന്ത്രിക്ക് വാക്കുകളില്ലെന്ന് പറയുമ്പോള്‍ അദ്ദേഹവും പാര്‍ട്ടിയും അകപ്പെട്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ ബിനീഷിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാന്‍ പിണറായി തയ്യാറായില്ല. ശിവശങ്കറിനെതിരെ എം.എല്‍.എയുടെ ആവശ്യപ്രകാരം കേസെടുത്തിട്ടും അതില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ വിജിലന്‍സ് തയ്യാറാകാതിരുന്നതും പിണറായിയുടെ കരങ്ങളാലാണെന്ന് വ്യക്തമാകുകയാണ്. ആദ്യം കേന്ദ്രഏജന്‍സികളെ സ്വാഗതംചെയ്ത മുഖ്യമന്ത്രിക്ക് പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ അറസ്റ്റുണ്ടായതോടെ തന്നിലേക്കും അന്വേഷണം നീളുമോ എന്ന ഭയമായിരിക്കണം ഏജന്‍സികളെ കുറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് അദ്ദേഹമിപ്പോള്‍ മാറിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കവെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് എങ്ങനെ തലയൂരാനാകുമെന്ന ആലോചനയിലാണ് സര്‍ക്കാരും സി.പി.എമ്മും. ലാവലിന്‍കേസില്‍ പിണറായിക്ക് രാജിവെക്കേണ്ടിവന്നാല്‍ മുഖ്യമന്ത്രിസ്ഥാനം കോടിയേരിക്ക് കൈമാറാമെന്ന് കരുതിയിരിക്കുമ്പോഴാണ് കോടിയേരിയുടെ മേലിലേക്കും അഴിമതിക്കരങ്ങള്‍ നീണ്ടിരിക്കുന്നതെന്നത് സി.പി.എമ്മിനെ ചരിത്രത്തിലെ ഏറ്റവുംവലിയ കുരുക്കിലേക്കാണ് വലിച്ചിഴച്ചിരിക്കുന്നത്.