X
    Categories: columns

മാനവരാശിയുടെ സ്‌നേഹ പ്രവാചകന്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

മനുഷ്യ നന്മയുടെയും സംസ്‌കാരത്തിന്റെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെയും ജീവിത പാഠങ്ങള്‍ ലോകത്തിനുപരിചയപ്പെടുത്തിയ പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ കുറിച്ചുള്ള ഓരോ സ്മരണയും ലോകത്തെ പുതുക്കലാണ്. അപരന് ഗുണത്തിനായി ആഗ്രഹിക്കുന്ന മാനസികാവസ്ഥ ശീലിപ്പിച്ച് പ്രശ്‌നസങ്കീര്‍ണ്ണമായ ചുറ്റുപാടുകളിലും ആത്മസംതൃപ്തിയുള്ള ജീവിതം നയിക്കാന്‍ മാനവരാശിക്ക് വെളിച്ചംകാട്ടുന്ന ദര്‍ശനമാണ് പുണ്യപ്രവാചകന്‍ പരിചയപ്പെടുത്തിയത്. ‘ലോകത്തിന് മുഴുവന്‍ അനുഗ്രഹമായിട്ടാണ് പ്രവാചകനെ അയച്ചിട്ടുള്ളത്’ എന്ന ഖുര്‍ആനിക വചനത്തെ അന്വര്‍ത്ഥമാക്കിയതാണ് ആ ജീവിതം.
മഹാനായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതവും സന്ദേശങ്ങളും പതിനാലു നൂറ്റാണ്ടിലേറെയായി ലോകത്തിലെ ഓരോ തലമുറയും പഠിക്കുകയും നിരീക്ഷിക്കുകയുമാണ്. മനുഷ്യകുലത്തിന്റെ വിമോചനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാന്‍മാരുടെ ഓര്‍മ്മകള്‍ കാലഘട്ടത്തെ എവ്വിധം സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കാന്‍ അവരുടെ സംഭാവനകളെക്കൂടി വിലയിരുത്തേണ്ടതുണ്ട്. മാര്‍ഗദര്‍ശകരുടെ ഇടപെടലുകളില്ലെങ്കില്‍ കാറ്റില്‍പെട്ട കരിയില പോലെഅലക്ഷ്യമായി പറന്നുപോകുന്നതാണ് മനുഷ്യജീവിതം. ഇച്ഛകളില്‍ അഭിരമിച്ചും തെറ്റുകളില്‍ ആപതിച്ചും മനുഷ്യസമൂഹം ശരിയായ വഴിയില്‍നിന്നും തെന്നിമാറുകയോ നാശത്തെനേരിടുകയോ ചെയ്യുമ്പോള്‍ അവരെ ഉപദേശിച്ചും നന്‍മയിലേക്കു പ്രചോദിപ്പിച്ചും നേര്‍മാഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണ് മഹത്തുക്കള്‍ ചെയ്തതും ചെയ്യുന്നതും. അവരുടെ അത്തരം ഇടപെടലുകള്‍ ഫലപ്രദമാവുകയും ലോകഗതിയെ സ്വാധീനിക്കുകയും ചെയ്തു.
അതുവഴി അനേകം മനുഷ്യര്‍ മഹിതമായ ജീവിതമൂല്യങ്ങളിലേക്കുമടങ്ങി. ഇതാണ് മഹാന്മാരുടെ സംഭാവന. സമൂഹത്തിന്‍െ ശരിയായനിലനില്‍പ്പ് ആഗ്രഹിക്കുന്നവരും അതിനു തകര്‍ച്ച സംഭവിക്കുന്നതില്‍ വേദനിക്കുന്നവരും ഓരോരോ കാലത്തും ആ മഹാപുരുഷ സ്മരണകള്‍ ഓര്‍ത്തെടുത്ത് അവര്‍ കാണിച്ചുതന്ന മാര്‍ഗങ്ങളും മഹിതമായ സന്ദേശങ്ങളും തലമുറകള്‍ക്ക് കൈമാറുന്നു. ഇതിലൂടെയാണ് സമുഹ നന്മകള്‍ പുന:സ്ഥാപിക്കപ്പെടുന്നത്. മനുഷ്യകുലത്തിന് പല മഹത്തുക്കളെയും ലഭിച്ചിട്ടുണ്ട്. ഓരോരുത്തരും ഓരോ മേഖലകളെയായിരുന്നു മുഖ്യമായും അഭിസംബോധന ചെയ്തിരുന്നത്. ചിലര്‍ സാമൂഹിക രംഗങ്ങളിലായിരുന്നു ശ്രദ്ധിച്ചത്. മറ്റുചിലരുടെ മേഖല രാഷ്ട്രീയമായിരുന്നു. സാമ്പത്തികരംഗത്തും ആത്മീയരംഗത്തുമെല്ലാം തങ്ങളുടേതായ ചിന്തകളും ഇടപെടലുകളും നടത്തിയവരും ധാരാളമുണ്ട്. അതിനാല്‍ അത്തരം മഹത്തുക്കളെ അനുസ്മരിക്കുന്നതും അവരുടെ ജീവിത സന്ദേശം ഓരോ ജനതക്കും പരിചയപ്പെടുത്തുന്നതും സാമൂഹികമായ ഉത്തരവാദിത്തമാണ്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ച മഹദ് ജീവിതത്തെയാണ് ലോകം അന്ത്യപ്രവാചക(സ) ന്റെ സ്മരണകളിലൂടെ ഈ ദിനത്തില്‍ വീണ്ടും അഭിമാനപൂര്‍വ്വം ഓര്‍ത്തെടുക്കുന്നത്. സംസ്‌കാരത്തിന്റെ വെളിച്ചം കെട്ടുപോയൊരു കാലത്ത് മാനവ സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശവുമായിവന്ന പ്രവാചക തിരുമേനി (സ) യുടെ പിറവിയാല്‍ ഈ റബീഉല്‍ അവ്വല്‍ ലോകത്തെ പുളകമണിയിക്കുന്നു.
മുഹമ്മദ് നബി (സ) മനുഷ്യ ജീവിതത്തിന്റെ എല്ലാമേഖലകളെയും സ്പര്‍ശിക്കുകയും അവിടങ്ങളിലൊക്കെയും സര്‍വകാല പ്രസക്തമായ ജീവിതപാഠങ്ങള്‍ പകരുകയും ചെയ്തുവെന്നത് ലോകംകണ്ട അനേകം ചിന്തകന്‍മാരും സാമൂഹ്യശാസ്ത്രജ്ഞന്‍മാരും പഠിച്ചും പരിശോധിച്ചും കണ്ടെത്തിയ വസ്തുതയാണ്. നബി തിരുമേനിയുടെ ജീവിത ചരിത്രമാണ ് അതിനു നിദാനം. ലക്ഷത്തിലധികംവരുന്ന അനുയായികള്‍ സമ്പൂര്‍ണ്ണമായി ശേഖരിച്ച ഒന്നാണ് ആ ജീവിത വചനങ്ങളും ചരിത്രവും. അതിനാല്‍ പൗരാണിക രേഖകളുടെ കൂട്ടത്തില്‍ അതിനു നല്ല വ്യക്തതയും ആധികാരികതയുമുണ്ട്. മുഹമ്മദ് നബി(സ)യുടെ ജീവിതം ആരാധനാലയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല; എല്ലാ ജീവിതതലങ്ങളെയും സ്പര്‍ശിച്ചതായിരുന്നു എന്നു വചന വിശുദ്ധമായ ആ രേഖകള്‍ വ്യക്തമായി പറയുന്നു. നബി (സ) സമൂഹത്തിന്റെ എല്ലാ തുറകളിലും ഇടപെടുമായിരുന്നു. സ്വന്തം വീട്ടിനുള്ളില്‍ എല്ലാകാര്യങ്ങളിലും ഏര്‍പ്പെടുകയും വീട്ടു ജോലികളില്‍ അവരെ സഹായിക്കുകയുംചെയ്യുന്ന കുടുംബനാഥനായിരുന്നു. പള്ളിക്കുള്ളില്‍ ഇമാമും അധ്യാപകനും ഉപദേശിയും സമൂഹത്തില്‍ നീതി വിധിക്കുകയും നടപ്പാക്കുകയും ചെയ്ത ന്യായാധിപനുമായിരുന്നു. പട്ടണത്തില്‍ റോന്തു ചുറ്റുകയും വീടുകളില്‍ രോഗികളെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന നബി(സ) കൃഷിയിടങ്ങളില്‍ചെന്ന് കര്‍ഷകരുമായി ആശയവിനിമയം നടത്തുമായിരുന്നു. സാമൂഹ്യസേവന മേഖലകളില്‍ നബി(സ) സജീവമായിരുന്നു. അവര്‍ പറയുകതന്നെയുണ്ടായി, ‘എന്റെ ഒരു സഹോദരനോടൊപ്പം അവന്റെ ഒരുകാര്യം നിവൃത്തി ചെയ്യുന്നതിനായി പുറപ്പെടുന്നത് എനിക്ക് ഈ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിലേറെ സന്തോഷമുള്ള കാര്യമാണ്’. നാടിന്റെ ജീവല്‍ സംബന്ധിയായ കാര്യങ്ങളോരോന്നും അവര്‍ നേരിട്ടുവന്നും നിന്നും നയിക്കുകയായിരുന്നു. അതിനുള്ള മികച്ച ഉദാഹരണമാണ് മദീനയിലെ ജലനയത്തിന്റെ ആവിഷ്‌കരണം. ഭൂവുടമകളായിരുന്ന ജൂതരുടെ കൈവശമായിരുന്നു മദീനയിലെ ഏറിയ പങ്ക് ജലസ്രോതസ്സുകളും. അവര്‍ വെള്ളം വിറ്റു ജീവിക്കുന്നവരായിരുന്നു. ജലം പൊതുമുതലാണ് എന്നു നബി(സ) തന്റെ ജലനയത്തില്‍ വ്യക്തമാക്കി. അതു നടപ്പിലാക്കുന്നതിന് ആവശ്യമായ നീക്കങ്ങള്‍ നടത്തുകയുംചെയ്തു. റൂമ എന്ന ജൂതന്റെ കൈവശമുണ്ടായിരുന്ന കിണര്‍ പന്ത്രണ്ടായിരം ദിനാര്‍ നല്‍കി ഉസ്മാന്‍(റ) വാങ്ങിയതും അത് നബി(സ) പൊതുസ്വത്തായി പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. മുഹാജിറുകളെയും അന്‍സ്വാറുകളെയും മാത്രമല്ല മുന്നൂറോളം വരുന്ന മദീനയിലെ ഗോത്ര വര്‍ഗങ്ങളെയും പത്തുകൊല്ലംകൊണ്ട് ഏകോപിപ്പിക്കാന്‍ നബി(സ) ക്ക് കഴിഞ്ഞത് ഒരിടത്തു ഇരുന്നുകൊണ്ട് നടത്തിയ ആഹ്വാനത്താല്‍ മാത്രമായിരുന്നില്ല. അതിനുവേണ്ടി പുറത്തിറങ്ങി കഠിനമായി യത്‌നിച്ചതുകൊണ്ടുകൂടിയായിരുന്നു. സമൂഹത്തിന്റെ എല്ലാമേഖലകളെയും സ്പര്‍ശിച്ചു എന്നതുമാത്രമല്ല ആ ഇടപടലുകളെല്ലാം സര്‍വാംഗീകൃതവും സര്‍വകാല പ്രസക്തവുമായിരുന്നു എന്നതുകൂടിയാണ് ആ മഹദ് ജീവിതത്തിന്റെ പ്രത്യേകത. അതുപറയുമ്പോള്‍ ആധുനിക ലോകത്തിനു മനസ്സിലാക്കാന്‍ ഏറ്റവും സരളമായ ഉദാഹരണമാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിക്കാലം. പകര്‍ച്ചവ്യാധിപോലെ മഹാമാരിയുണ്ടായാല്‍ അനുവര്‍ത്തിക്കേണ്ട മുറകള്‍ ലോകം ആദ്യമായികേള്‍ക്കുന്നതും വായിക്കുന്നതും പ്രവാചകന്‍ മുഹമ്മദ് നബി(സ)യില്‍ നിന്നാണ്. അതിന്റെ ആകെത്തുക രോഗവ്യാപനം തടയാന്‍ കരുതിയിരിക്കുക എന്നതാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഒട്ടും വികാസം പ്രാപിച്ചിട്ടില്ലായിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ പരിതസ്ഥിതിയില്‍ പറഞ്ഞ ആ നിര്‍ദ്ദേശം തന്നെയാണ് ലോകംകണ്ട മഹാമാരികളില്‍ ഫലപ്പെട്ട പ്രതിരോധം. അനന്തരം ഹിജ്‌റ 16ല്‍ ഫലസ്തീനിലെ അംവാസില്‍ ഉണ്ടായ പ്ലേഗ് രോഗത്തെ നേരിട്ടതുമുതല്‍ ഇന്ന് ആകാശച്ചുവടാകെ പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയില്‍ നാം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുവരെയുള്ളവയെല്ലാം അതേ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ്. നബി(സ)യുടെ അധ്യാപനങ്ങള്‍ സാര്‍വകാലികമാണ്എന്നതിന് മറ്റൊരു തെളിവിന്റെ ആവശ്യം വേണ്ടിവരില്ല. മനുഷ്യരെ സൃഷ്ടിച്ച സ്രഷ്ടാവ് നേരിട്ടു നല്‍കിയതായതിനാല്‍ അങ്ങനെയല്ലാതെവരാന്‍ ന്യായവുമില്ലല്ലോ. മനുഷ്യരുടെ എല്ലാകാര്യങ്ങളിലും ഇടപെടലുകള്‍ നടത്തിയ മുഹമ്മദ് നബി(സ)യുടെ സന്ദേശങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മിക്കുന്നതും ഓര്‍മ്മപ്പെടുത്തുന്നതും കാലം പിന്നിടുംതോറും പ്രസക്തമായിവരികയാണ്. കാരണം ഇന്നു നേരിടുന്ന പല പ്രശ്‌നങ്ങളുടെയും ബുദ്ധിപരവും യുക്തിസഹവുമായ പരിഹാരങ്ങള്‍ നബി (സ)യുടെ ഉപദേശങ്ങളിലുണ്ട്. ശാക്തിക ചേരികള്‍ പിന്നിലോ മുന്നിലോ നിന്നുകൊണ്ടുള്ള വിവിധതരം യുദ്ധങ്ങള്‍, നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള ഉച്ചനീചത്വങ്ങള്‍, ലോകമാസകലം വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക മാന്ദ്യം, ഉഗ്രരൂപം പൂണ്ടുവരുന്ന കാലാവസ്ഥാവ്യതിയാനം, ഉലച്ചില്‍തട്ടിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങള്‍, തകര്‍ച്ചനേരിടുന്ന കുടുംബ ബന്ധങ്ങള്‍ തുടങ്ങി ഭീതികളുടെ പട്ടിക നീണ്ടുകിടക്കുകയാണ്. ഇക്കാര്യങ്ങളിലൊക്കയും പരിഗണിക്കാവുന്ന പാഠങ്ങള്‍ നബി(സ)യുടെ അധ്യാപനങ്ങളിലുണ്ട്. അവ പഠിക്കാനും പരിഗണിക്കാനും മനുഷ്യമനസ്സുകള്‍ തയ്യാറായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരളവുവരെ പരിഹാരമാകും. ഈ നബിദിന ചിന്ത അതിനു പ്രചോദനമാകണം. ആ വഴിയെ കടുകിട വ്യതിചലിക്കാതെ നാം സഞ്ചരിക്കണം. അതാണു വിജയ പാത. മുഹമ്മദ് നബി(സ)യുടെസമഗ്രവും സമ്പൂര്‍ണ്ണവുമായ വ്യക്തിത്വത്തെ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങള്‍ വ്യാപകമാകേണ്ടതുണ്ട്.

 

 

web desk 1: