ഫിര്‍ദൗസ് കായല്‍പ്പുറം
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും മയക്കുമരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന ചോദ്യം ഉയരുന്നു.
ഇതുവരെ കാണാത്ത സംഭവവികാസങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്. ഇടതു ഭരണത്തില്‍
മുഖ്യമന്ത്രിയുടെ ഓഫീസും എ.കെ.ജി സെന്ററും തമ്മില്‍ ഒരു പാലമുണ്ട്. അതു പാര്‍ട്ടിയെയും സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ്. രണ്ടറ്റവും തകര്‍ന്നാല്‍ പിന്നെ പാലത്തിന് എന്തു പ്രസക്തി? ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെയാണ് സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കോടിയേരി ബാലകൃഷ്ണന് അതില്‍ കാര്യമായ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പിണറായി ഒരേസമയം നയിച്ചു എന്നുതന്നെ പറയാം. പിണറായിക്ക് കരുത്തു നല്‍കിയത് ശിവശങ്കരന്റെ ‘അസാമാന്യ പ്രതിഭ’യായിരുന്നു. ശിവശങ്കരന്‍ സര്‍വ്വ സമ്മതന്‍ ആയിരുന്നു.പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനും ആയിരുന്നു. കസ്റ്റംസും ഇടിയും ചോദ്യം ചെയ്തശേഷം ദുരൂഹതകളുടെ വലിയൊരു ബുദ്ധികേന്ദ്രമായി ശിവശങ്കരന്‍ മാറിയിരിക്കുന്നു. എല്ലാം തന്റെ കൈവെള്ളയില്‍ ആണെന്ന് കരുതിയിരുന്ന മുഖ്യമന്ത്രി ശിവശങ്കരന്‍ വഴിവിട്ട യാത്രകള്‍ ഒന്നും അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതില്‍ അതിശയോക്തി ഇല്ലാതില്ല. സ്പ്രിംഗഌ ഇടപാടില്‍ പ്രതിപക്ഷം ശിവശങ്കരനെ ചെറുതായൊന്നു തൊട്ടപ്പോള്‍ പിണറായിക്ക് വല്ലാതെ നൊന്തു.ആ നോവിന്റെ രാഷ്ട്രീയം പിണറായിയെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെങ്കില്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ശിവശങ്കരന് വിശുദ്ധ പരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ ആവില്ല. ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ചെയ്യുന്നതിനെല്ലാം സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്ന് മുഖ്യമന്ത്രി കഴുകുന്നു. അതുപോലെതന്നെയാണ് കോടിയേരിയും. മക്കള്‍ ചെയ്യുന്നതിനെല്ലാം താന്‍ ഉത്തരവാദിയല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് തന്നെയാണ് പ്രശ്‌നവും. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ മുഖ്യമന്ത്രിക്ക് കഴിയാത്തത് ഭരണ പരാജയത്തിന്റെ ഒന്നാമത്തെ ദൃഷ്ടാന്തം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നുകൊണ്ട് തന്റെ മക്കളെ കുറ്റകൃത്യങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനെങ്കിലും കോടിയേരിക്ക് കഴിയാതിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദയനീയ മുഖവും.
എ.കെ.ജി സെന്ററിന്റെ മൂടികെട്ടിയ അന്തരീക്ഷത്തില്‍ ഇരുന്ന് കോടിയേരി ബാലകൃഷ്ണന്‍ എല്ലാത്തിനും സാക്ഷിയായിരുന്നു. എന്നാല്‍ കോടിയേരിയിലെ പിതാവിനെ പോലെ വേദനിക്കുന്ന ഒരു നേതാവ് വേറെയാരുണ്ട്. എല്ലാ ഇടപാടുകള്‍ക്കും കയ്യൊപ്പ് ചാര്‍ത്തിയ ശിവശങ്കരന്‍ പിണറായി ഭരണത്തിന്റെ അവസാന നാളുകളില്‍ പ്രതിനായകനായപ്പോഴും പിടിച്ചുനില്‍ക്കാന്‍, പ്രതിരോധിക്കാന്‍ സി.പി.എമ്മിന്റെ കൈവശം അത്യാവശ്യം ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഇ.ഡിയുടെ വാഹനത്തിലേക്ക് ബിനീഷ് കോടിയേരിയെ പിടിച്ചു കയറ്റിയ ആ നിമിഷം മുതല്‍ അതും നഷ്ടമായി.
ബിനീഷ് കോടിയേരി ഒരു പതിറ്റാണ്ടിലേറെയായി കേരളത്തില്‍ നടക്കുന്ന എല്ലാ ക്രിമിനല്‍ ആക്ടിവിറ്റികളിലും പങ്കാളിയാണ്. എന്നാല്‍ ബിനീഷ് ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വലയില്‍ വീഴുമെന്ന് ആരും കരുതിയില്ല. സംസ്ഥാനത്തു നിന്ന് സി.ബി.ഐയെ ഒഴിവാക്കാനുള്ള നിയമനിര്‍മാണത്തിന്റെ കടലാസ് പണികളില്‍ മുഴുകിയിരിക്കെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയായ ഇ.ഡി ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. ശിവശങ്കരന്റെയും ബിനീഷിന്റെയും കേസുകളുടെ ഭാവി എന്താകുമെന്നല്ല നിലവില്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃപദവി അലങ്കരിക്കുന്ന സി.പി.എമ്മിന്റെ മൂല്യച്യുതി തന്നെയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നസുരേഷ് പ്രധാന പ്രതിയാണ്. സ്വപ്‌നക്ക് ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധം എന്തുതന്നെയായാലും മുഖ്യമന്ത്രിയുടെ ഓഫീസ് ഈ രാജ്യദ്രോഹക്കുറ്റത്തിന് ഒത്താശ ചെയ്തു എന്നുതന്നെയാണ് ശിവശങ്കരന്റെ അറസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. അതിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ബിനീഷ് കോടിയേരി സി.പി.എമ്മിന് എന്നും ഒരു കറുത്ത പാടായി അവശേഷിക്കും.
ബിനീഷിന്റെ അറസ്റ്റ് സി.പി.എം രാഷ്ട്രീയത്തെ അതെ ഏതുതരത്തില്‍ സ്വാധീനിക്കും എന്നതാണ് ഈ ഘട്ടത്തില്‍ പ്രസക്തം. തദ്ദേശ തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം അകലമേ ഇനിയുള്ളൂ. അതു കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു. സി.പി.എം കേരളത്തില്‍ അത്യാവശ്യം അടിത്തറയുള്ള, ശക്തിയുള്ള പാര്‍ട്ടിയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഏറ്റവും വലിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഈ പാര്‍ട്ടിയെ വിശ്വസിച്ചവര്‍, പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവര്‍, രക്തസാക്ഷിയായവര്‍ തുടങ്ങി വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഇടതു ബോധത്തിന്റെ അകത്തളങ്ങളില്‍ നിന്നുകൊണ്ടുതന്നെ അവര്‍ ചോദിക്കുന്നു ‘ഇനിയും ഈ പാര്‍ട്ടി വിശ്വസിക്കണോ’ എന്ന്. സിപിഎം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി അതുതന്നെയാണിത്. ഈ ആപത്തില്‍നിന്ന് സിപിഎമ്മിനൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.