X

ശക്തിപ്പെടുന്ന ദലിത് രാഷ്ട്രീയം

ഉബൈദുല്ല കോണിക്കഴി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദലിത് ബഹുജന്‍ രാഷ്ട്രീയ ധ്രുവം ശക്തി പ്രാപിച്ചു വരികയാണ്. രോഹിതിന്റെ രക്തസാക്ഷിത്വത്തിനു ശേഷം ക്യാമ്പസുകളിലും അതോടൊപ്പം തന്നെ പൊതു മണ്ഡലങ്ങളിലും ദലിത് ബഹുജന്‍ രാഷ്ട്രീയം ഇടം കണ്ടെത്തുകയും പുതിയ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കു തിരി കൊളുത്തുകയും ചെയ്തിട്ടുണ്ട്. സവര്‍ണ-വലതു പക്ഷ രാഷ്ട്രീയത്തോടൊപ്പം തന്നെ ഇടതു പക്ഷ ധ്രുവങ്ങളെയും ഈ പുതിയ രാഷ്ട്രീയ ധാര ഉലക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എം ജി യൂണിവേഴ്സിറ്റിയില്‍ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി സംഘടനക്ക് നേതൃത്വം നല്‍കിയ വിവേക് കുമാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവമടക്കം ഇടതു- ദലിത് രാഷ്ട്രീയങ്ങളുടെ പൊരുത്തക്കേടുകളെ പുറത്തുകൊണ്ട് വരുന്ന നിരവധി സംഭവങ്ങള്‍ക്കു കഴിഞ്ഞ ഒരു വര്‍ഷത്തെ രാഷ്ട്രീയ മണ്ഡലം സാക്ഷിയായിട്ടുണ്ട്.ദലിത് രാഷ്ട്രീയത്തിനു പുതിയ തലങ്ങളും ധാരകളും രൂപപ്പെടുന്നത് രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെയാണ്.

ദലിത് പീഡനങ്ങളുടെ കഥകള്‍ അക്കാദമിക തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും സ്വത്വ രാഷ്ട്രീയം, സാമൂഹ്യ നീതി, ജാതി വ്യവസ്ഥ തുടങ്ങിയ പദങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തതാണ് കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ അനുഭവം. ദലിത് പ്രശ്‌നങ്ങളെ ഏറ്റെടുക്കാനുള്ള ഇടതു രാഷ്ട്രീയ സങ്കല്‍പങ്ങളുടെ അപര്യാപ്തതയും ഇക്കൂട്ടത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ദലിത് ബഹുജന്‍ വൃത്തങ്ങളില്‍ ഇന്ത്യന്‍ ഇടതു പക്ഷത്തെ ബ്രാഹ്മണിക്കല്‍ ഇടതു പക്ഷമെന്നു വിളിക്കപ്പെടാനും ആ അര്‍ത്ഥത്തില്‍ ദലിത് ബഹുജന്‍ മുന്നേറ്റങ്ങളുടെ ഊര്‍ജ്ജം വലതു പക്ഷ ബ്രാഹ്മണിസത്തോടൊപ്പം തന്നെ ഇടതു ബ്രാഹ്മണിസത്തെയും പ്രതിരോധിക്കാന്‍ ചെലവഴിക്കേണ്ടതായി വരുന്നതായി കാണാം.

കാലങ്ങളായി തുടരുന്ന ദലിത് സമൂഹങ്ങളുടെ ഇടത് വിധേയത്വത്തിനു ഉലച്ചിലുണ്ടാക്കുമെന്ന നിലയില്‍ ദലിത് സ്വത്വ വ്യവഹാരങ്ങളെ ഭീതിയോടെയാണ് ഇടത് വൃത്തങ്ങള്‍ നോക്കിക്കാണുന്നത്. പലപ്പോഴും ദലിത് സംഘാടനങ്ങളെ കായികമായി നേരിടുന്നതിലേക്ക് വരെ ഈ ഭീതി നയിക്കുന്നു എന്നതിലേക്ക് ചിത്രലേഖയുടെയും വിവേക് കുമാരന്റെയുമടക്കും സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു.
സൈദ്ധാന്തികമായി തന്നെ ഇന്ത്യന്‍ ഇടതു പക്ഷം ദലിത് പ്രശ്‌നങ്ങളെ സംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് മാര്‍ക്‌സിസ്റ്റ് അംബേദ്കറൈറ്റ് രാഷ്ട്രീയ ധാരകളെ നിര്‍മിക്കുന്നത്.

വര്‍ഗ സമരം പ്രത്യയ ശാസ്ത്ര അടിത്തറയായ മാര്‍ക്‌സിസവും സാമൂഹ്യ നീതി പ്രത്യയ ശാസ്ത്ര അടിത്തറയായ അംബേദ്കറിസവും എന്ന രണ്ടു ധാരകളായി തന്നെ ഇടത്-ദലിത് രാഷ്ട്രീയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ദലിത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന അധീശത്വ മനോഭാവം ഇടത് സംഘടനകള്‍ തുടരുകയും ദലിത് ശബ്ദങ്ങളെ ജാതീയ വര്‍ഗീയ സംഘടനകളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് വഴിയാണ് ഇത്തരം സംഘട്ടനങ്ങള്‍ക്കു വഴി തുറക്കുന്നത്. വര്‍ഗ സമരമാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ മൗലിക ആയുധം.

ഏക ജാതീയമായ പല സമൂഹങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞേക്കാവുന്ന വര്‍ഗ സമര സിദ്ധാന്തം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഗൗരവപൂര്‍വം പിന്തുടരുന്നതില്‍വിജയിക്കാതിരിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ്. ഒന്ന് ജാതി ബന്ധങ്ങളും നിരവധി സാമൂഹിക ഉള്‍പ്പിരിവുകളുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുന്നതിലെ സൈദ്ധാന്തിക പരിമിതി. രണ്ട് പ്രഗത്ഭ മതികളായ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതരുടെ ജാതി വര്‍ഗ താല്‍പര്യങ്ങള്‍.
ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മാവു തന്നെ ജാതിയാണ്.

മനുഷ്യ ബന്ധങ്ങളുടെ നിര്‍മാണവും നില നില്‍പുമെല്ലാം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമാണ്. ഇവിടുത്തെ സാമൂഹിക തട്ടുകളും തൊഴില്‍ വ്യവസ്ഥിതികളും ഗ്രാമ, നഗര നിര്‍മിതികളുമെല്ലാം ചാതുവര്‍ണ്യത്തിന്റെ തറയില്‍ നിന്ന് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ക്ക് മൂര്‍ത്തമായി വിശകലനം ചെയ്യാനും ഇടപെടാനും കഴിയാതെ പോയൊരു സാമൂഹ്യ പ്രതിഭാസമാണത് .വര്‍ഗ വിഭജനത്തിന്റെയും സംഘട്ടനത്തിന്റെയും ദര്‍പ്പണത്തിലൂടെയാണ് മാര്‍ക്‌സിസ്റ്റുകള്‍ ഇന്ത്യന്‍ സാമൂഹിക പ്രശ്‌നങ്ങളെ നോക്കിക്കണ്ടത്. ഇന്ത്യന്‍ വര്‍ഗ വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്നതാവട്ടെ ജാതിയിലും.

ആ നിലക്ക് അടിസ്ഥാനമായി അഭിമുഖീകരിക്കേണ്ടത് ജാതിയെ തന്നെയാണ്. വര്‍ഗ സമരത്തിലൂടെ ജാതിയും ഇല്ലാതാവും എന്ന മിഥ്യാ സങ്കല്‍പത്തിനപ്പുറം ഏതെങ്കിലും വര്‍ഗ ഗണത്തില്‍പെടാത്ത ജാതീയതയുടെ ഇരകളായ ദലിത് സമൂഹത്തിനു മുന്നില്‍വെക്കാന്‍ മാര്‍ക്‌സിസത്തിനു മറ്റൊന്നുമില്ലായിരുന്നു. മുതലാളികള്‍ തൊഴിലാളികള്‍, ഉള്ളവര്‍ ഇല്ലാത്തവര്‍ തുടങ്ങിയ വൈരുധ്യ ഇരട്ടകളില്‍ പരിമിതപ്പെട്ട വര്‍ഗ സമരം ഇവയെ ഭേദിച്ച് പോകുന്ന ജാതീയ രേഖകളെ അഭിമുഖീകരിക്കുകയോ പരിഹരിക്കുകയോ ചെയ്തില്ല എന്നിടത്താണ് മാര്‍ക്‌സിസം അംബേദ്കറിസത്തിനു മുന്നില്‍ പരാജയപ്പെടുന്നത്.

സാമൂഹ്യ നീതി അടിസ്ഥാനപ്പെടുത്തി ജാതിയുടെ സ്വത്വ ത്തില്‍ നിന്ന് കൊണ്ട് തന്നെ ജാതീയ പീഡനങ്ങളെയും വിവേചനങ്ങളെയും പ്രതിരോധിക്കുക എന്നതിലാണ് ദലിത് സ്വത്വ രാഷ്ട്രീയം വേരുറപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന മൗലിക തത്വങ്ങളില്‍ നിന്നുകൊണ്ട് സ്വത്വ ബോധവും ആത്മാഭിമാനവും വളര്‍ത്തുകയാണ് ദലിത് രാഷ്ട്രീയം ചെയ്യുന്നത്. ജാതീയ വ്യവസ്ഥിതിയുടെ ബലിയാടുകളായ ദലിത് പിന്നാക്ക സമൂഹങ്ങള്‍ക്ക് സംവരണമടക്കമുള്ള പ്രായോഗിക മാര്‍ഗങ്ങളിലൂടെ സാമൂഹിക പുരോഗതി സൃഷ്ടിക്കുന്നതടക്കം ദലിത് രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഉള്‍പ്പിരിവുകള്‍ക്കു യോജിച്ച രാഷ്ട്രീയ സങ്കല്‍പങ്ങളാണ്.

എന്നാല്‍ ദലിത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാവാത്തതിന്റെ സൈദ്ധാന്തിക പരിമിതികളെ മനസിലാക്കുകയും സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിലേക്ക്ഇടതുപക്ഷം ഉയരുകയും ചെയ്യുന്നതിന് പകരം ദലിത് രാഷ്ട്രീയത്തെ അപഹസിക്കുകയോ കായിക മായി നേരിടുകയോ ചെയ്യുന്നതാണ് കാലങ്ങളായി ഇടത് ക്യാമ്പുകളില്‍ കണ്ടുവരുന്നത്. മുസ്‌ലിം ലീഗ് അടക്കമുള്ള മുസ്‌ലിം -ന്യൂനപക്ഷ രാഷ്ട്രീയങ്ങളോടും ഇടതു പക്ഷം പലപ്പോഴും ഈ സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണ ഘടനാനുസൃതമായി തന്നെ സാമുദായിക സ്വത്വങ്ങള്‍ സംഘടിക്കുന്നത് ഇടതു പക്ഷത്തിനൊരിക്കലും ദഹിച്ചിരുന്നില്ല.

സംരക്ഷണ വേഷം കെട്ടിയ അവരാവട്ടെ പലപ്പോഴും ബ്രാഹ്മണ താല്‍പര്യങ്ങള്‍ക്കു കീഴടങ്ങുകയും വേറിട്ട അളവുകളില്‍ മര്‍ദകരുടെ പക്ഷം ചേരുകയും ചെയ്തിട്ടുണ്ട്. ഇടതു പക്ഷത്തിന്റെ ബ്രാഹ്മണ സ്വഭാവത്തെക്കുറിച്ചും സവര്‍ണാധിപത്യത്തെ കുറിച്ചുമെല്ലാം പഴയ കമ്മ്യൂണിസ്റ്റ് സഹയാത്രികനും ദലിത് ചിന്തകനുമായ എസ്.കെ ബിശ്വാസിനെപ്പോലുള്ളവരുടെ പഠനങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അത്തരം വസ്തുതകളൊക്കെ ദലിത് സമൂഹത്തിനു ഇടതു പക്ഷത്തോടുള്ള അവിശ്വാസ്യതക്ക് കാരണമാകുന്നുണ്ടെന്ന യാഥാര്‍ത്യം കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാനാഗ്രഹിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ഇടതുപക്ഷം തിരിച്ചറിയേണ്ടതുണ്ട്.

chandrika: