X

ഡമ്മിയില്‍ നിന്നും ഫ്‌ളാറ്റിലേക്കുള്ള ദൂരം

ശാരി പിവി

നേരറിയാന്‍ സി.ബി.ഐ എന്നത് പഴയ വാക്യം. ഇപ്പോ സി.ബി.ഐയുടെ നേരും നെറിയും അറിയാന്‍ നാട്ടിലെ അളവുകാരുടെ സംഘമായ വിജിലന്‍സ് എന്നതാണ് പുതിയ പല്ലവി. പഴയ സി.ബി.ഐയുടെ ഡമ്മി പരീക്ഷണ മാതൃകയില്‍ ഇപ്പോ ഒരു ഫ്‌ളാറ്റില്‍ നിന്നും അടുത്ത ഫ്‌ളാറ്റിലേക്കുള്ള ദുരവും നീളവും വീതിയുമൊക്കെ അളക്കലാണ് വിജിലന്‍സ് ഏമാന്‍മാരുടെ ജോലി. നാട്ടില്‍ നടക്കുന്നതെല്ലാം അഴിമതിയാണെന്നും തന്റെ കാര്യത്തില്‍ ഇക്കാര്യമൊന്നും ബാധകമല്ലെന്നും പറയുന്ന വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാരും സിബിഐയും ഹൈക്കോടതിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ പാതയിലാണു താനും. വിജിലന്‍സ് ഡയരക്ടര്‍ക്കെതിരായ സിബിഐയുടെ സത്യവാങ്മൂലം സംശയകരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സിബിഐയുടെ നടപടി അസ്വാഭാവികമാണെന്ന് സര്‍ക്കാര്‍ സ്വയം വിലയിരുത്തിയതിന് പിന്നാലെയാണ് ചിറ്റപ്പന് പോലും നല്‍കാത്ത സംരക്ഷണ കവചം സര്‍ക്കാര്‍ തീര്‍ത്തത്. ഏകപക്ഷീയമായി നടപടിയുമായി നടക്കുന്ന അളവ് നേതാവ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയ നടപടി തെറ്റാണെന്നാണ് ചിറ്റപ്പന്‍ പോടാ പുല്ലേ എന്നു വിളിച്ച സംഘം പറയുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ പദവി ദുരുപയോഗം ചെയ്‌തെന്നാരോപിച്ചുളള ഹരജിയില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചതോടെയാണ് ഹാലിളകി ഇതിനെ ചോദ്യം ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ തന്നെ രംഗത്തു വന്നത്. സി.ബി.ഐ ചട്ടം ലംഘിച്ചുവെന്നാണ,് ചട്ടം ലംഘിച്ചു സ്വകാര്യ കോളജില്‍ പണിയെടുത്ത ടിയാന്‍ പറയുന്നത്. ജേക്കബ് തോമസ് അവധിയെടുത്ത് അധ്യാപനത്തിന് പോയത് ഗുരുതര തെറ്റാണെന്ന് സിബിഐയും.
കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം നടത്താമെന്നും സിബിഐ വ്യക്തമാക്കിയതോടെയാണ് സി.പി.എം ഓഫീസിനു ചുറ്റും വട്ടമിട്ട് പറക്കുന്ന തത്തക്ക് സര്‍ക്കാറെന്ന പരിരക്ഷകിട്ടിയത്. കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ 2009ലാണ് അവധിയെടുത്ത് കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ചുവപ്പും മഞ്ഞയും കാര്‍ഡുമായി നടക്കുന്ന പുതിയ അളവ് കേന്ദ്ര ഡയരക്ടര്‍ ചുമതലയേറ്റത്. വാഹനമടക്കം സൗകര്യങ്ങളും ഒന്നരലക്ഷത്തിലേറെ രൂപയും അദ്ദേഹം അവിടെ നിന്ന് കൈപ്പറ്റിയതായി അന്ന് കൂട്ടിലടച്ചിരുന്ന തത്തകള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പണം സ്ഥാപനത്തിലേക്ക് തിരിച്ചടച്ചു.
എന്നാല്‍ നടപടി പദവി ദുരുപയോഗമാണെന്നാണ് സിബിഐ ചേട്ടന്‍മാര്‍ കട്ടായം പറയുന്നത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വിവിധ തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതേ കാര്‍ഡ് വിദ്വാനെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധന സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് അമ്പയര്‍ നില്‍ക്കാന്‍ ഞാനില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമം നടത്തിയെങ്കിലും ഉദ്ദിഷ്ട കാര്യം ലഭിച്ച കാസ്‌ട്രോയടക്കമുള്ള എല്ലാ സഖാക്കന്‍മാരും ഉപകാര സ്മരണ പ്രകടിപ്പിച്ചതോടെ ടിയാന്‍ പ്ലേറ്റ് മാറ്റിയടിച്ചു. ഇതിന് പിന്നാലെയാണ് മേപ്പടിയാന്‍ മറ്റൊരു വിവാദത്തില്‍ കൂടി അകപ്പെടുന്നതും വിവാദം ഏതു തന്നെയായാലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സദാ റെഡിയായതിനാല്‍ പിന്നെ നോ പ്രോബ്ലം. എന്തായാലും സംസ്ഥാനത്തിപ്പോള്‍ ഐ.എ.എസ്-ഐ.പി.എസ് മത്സരമാണ് നടക്കുന്നത്. തന്റെ ഗതി കട്ടപ്പൊകയാണെന്ന തിരിച്ചറിവില്‍ കാണുന്നവനെയൊക്കെ അനധികൃതനാക്കാനാണ് വിജിലന്‍സ് മേധാവിയുടെ ശ്രമമെന്നാണ് ഐ.എ.എസ് ഏമാന്‍മാര്‍ പറയുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ജേക്കബ് തോമസിനെതിരെ പരാതിയുമായി എത്തിയത്. ചീഫ് സെക്രട്ടറിയെ നേരിട്ടുകണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അതൃപ്തി അറിയിച്ചതോടെ പേരാട്ടം പുതിയ തലം തുറന്നിട്ടിരിക്കുകയാണ്. സഹാറ കേസിലടക്കം സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥനായ എബ്രഹാമിനെ കുറിച്ച് സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രിക്കു പോലും സംശയമില്ല. പക്ഷേ വിജലന്‍സ് ഏമാന്‍മാര്‍ക്ക് ഡൗട്ടോട് ഡൗട്ട് തന്നെ. എന്തിലും ഏതിലും ചട്ടം പറയുന്ന കാര്‍ഡ് മുതലാളി പക്ഷേ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ ടിയാനില്ലാത്ത സമയം നോക്കിയാണ് മിന്നല്‍ പരിശോധന നടത്തിയത്. മിന്നലാക്രമണ കാലമായതിനാലാവാം ഇതെന്നു ശങ്കിക്കാന്‍ വരട്ടെ വിജിലന്‍സ് ഡയറക്ടര്‍ക്കു ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് ധന അഡീഷനല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ ടിയാന്‍ നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകളുടെ പേരില്‍ ധനകാര്യ പരിശോധനാ വിഭാഗം നടപടി ശിപാര്‍ശ ചെയ്തതാണു പ്രകോപനമെന്നു സംശയമുണ്ടെന്നും എബ്രഹാം പറയുന്നു. ക്രമക്കേട് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം സര്‍ക്കാരിനു സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ മര്യാദയുടെ സീമകള്‍ ലംഘിച്ച്, മൊഴിയെടുക്കുന്നതിനും മുന്‍പു നടത്തിയ പരിശോധന നിഷ്പക്ഷമായി റിപ്പോര്‍ട്ട് നല്‍കുന്നതിനെതിരെ ഭീഷണിപ്പെടുത്താനാണെന്നാണ് എബ്രഹാം സംശയിക്കുന്നത്. തെറ്റു പറയാനാവില്ല താനും. എല്ലാം ശരിയാക്കുന്ന കാലത്ത് ചരിത്രത്തില്‍ ആദ്യമായാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് ഇത്തരം പരാതി നല്‍കുന്നത്. എന്നാല്‍ അളവെടുക്കാനാണ് വന്നതെന്നാണ് വിജിലന്‍സ് പറയുന്നത്. വിജിലന്‍സ് തലവന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീടിന്റെ അളവെടുക്കാന്‍ പാടില്ലെന്നു പറയാനൊക്കില്ലല്ലോ?. നേരറിയാന്‍ നേരിട്ടു ചെല്ലുകയാണല്ലോ അതിന്റെ ഒരു ഇത്. ഇനി അഥവാ നേരിട്ടു ചെന്നില്ലെങ്കില്‍ അളവെല്ലാം മാറ്റിയാലോ. എന്തായാലും എബ്രഹാമിന്റെ വീടിന്റെ അളവെടുത്തതിനു പിന്നാലെ മറ്റൊരു ഐ.എ.എസുകാരനായ ടോം ജോസിന്റെ ഫ്‌ളാറ്റിന്റെ അളവും തത്തകള്‍ എടുത്തിട്ടുണ്ട്.
ടിയാന്റെ വരുമാനത്തില്‍ അനധികൃതമുണ്ടെന്നാണ് തത്തകള്‍ പറയുന്നത്. എന്നാല്‍ ടോം ജോസും പറയുന്നത് തത്തകളുടെ മേലുദ്യോഗസ്ഥന്റേത് പ്രതികാര നടപടിയാണെന്നാണ്. ഇനി വല്ല ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വീടിന്റെ പരിസരത്തെങ്ങാനും ആരേലും ടേപ് പിടിച്ച് അളവെടുക്കുന്നത് കണ്ടാല്‍ തെറ്റിദ്ധരിക്കേണ്ട. അത് കേരള വിജിലന്‍സായിരിക്കും. വിജിലന്‍സ് ഏതോ ഗൂഡാലോചന ടീമാണെന്നാണ് നാട്ടില്‍ മാധ്യമങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് തോന്നുക. ഡിജിപിയും മുന്‍ വിജിലന്‍സ് ഡയറക്ടരുമായ ശങ്കര്‍ റെഡ്ഡി ഇക്കാര്യം കാണിച്ച് അളവ് സംഘം ഡയരക്ടര്‍ക്ക് തന്നെ കത്ത് നല്‍കിയിരിക്കയാണ്. ബാര്‍ കോഴ, സോളാര്‍ കേസുകളില്‍ തനിക്കെതിരെ പരാതി നല്‍കിയ പായിച്ചിറ നവാസും വിജിലന്‍സിലെ ചില ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇയാളെ കൂട്ടുപിടിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നുമാണ് റെഡ്ഢി സാര്‍ പറയുന്നത്. വിവരാവകാശ പ്രകാരം ആവശ്യപ്പെടുമ്പോള്‍ തന്നെ കുറിച്ച് തെറ്റായ വിവരങ്ങളാണ് വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കുന്നതെന്നാണ് ശങ്കര്‍ റെഡ്ഢി പറയുന്നത്. എന്തായാലും ഒരു കാല്‍ ഭരണ പക്ഷത്തും മറു കാല്‍ പ്രതിപക്ഷത്തും വെച്ചിട്ടുണ്ടെന്ന് പറയുന്ന മഹാനില്‍ നിന്നും ഇനി എന്തൊക്കെ കാണൂമോ എന്തോ?.

ലാസ്റ്റ് ലീഫ്:
ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് പാടത്ത് പണിയും വരമ്പത്ത് കൂലിയും തന്നെ കൊടുക്കാന്‍ സമയം തികയണ്ടേ.

chandrika: