X
    Categories: columns

വ്യക്തിത്വ വികാസവും സൗന്ദര്യബോധവും

പ്രൊഫ. പി.കെ.കെ. തങ്ങള്‍

ആധുനിക കാലഘട്ടത്തില്‍ നാഴികക്കു നാല്‍പതുവട്ടം പ്രയോഗിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമായ പ്രയോഗമാണ് വ്യക്തിത്വ വികാസം എന്നത്. അടുത്ത ഒരു കാലഘട്ടംവരെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട സാങ്കേതിക വിഷയമാണിത്. ഒരാള്‍ കാഴ്ചയില്‍ നല്ല ആകാരസൗഷ്ടവവും അതിനൊത്ത വേഷവിധാനങ്ങളുമാണെങ്കില്‍ ആ വ്യക്തിയെപ്പറ്റി ആളുകള്‍ പറഞ്ഞിരുന്നത് ‘അയാള്‍ ഉഗ്രന്‍ പേഴ്‌സണാലിറ്റി’ (വല്ലാത്ത വ്യക്തിത്വത്തിനുടമ) യാണെന്നായിരുന്നു. അത്തരരഭരു ധാരണക്ക് ചെറിയൊരു അടിസ്ഥാനവുമുണ്ടായിരുന്നു. മുന്‍കാലങ്ങള്‍ ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ഉന്നത പദവികളില്‍ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ എഴുത്തുപരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയോടൊപ്പം ‘പേഴ്‌സണാലിറ്റി’ ടെസ്റ്റ് എന്ന കടമ്പ കൂടിയുണ്ടായിരുന്നു. വ്യക്തികളുടെ ബാഹ്യഘടനയും നടപ്പും വെടിപ്പും ഊര്‍ജ്ജവും ഉണര്‍വുമൊക്കെ പരിശോധിക്കപ്പെടുന്ന ഒരു രീതിയാണിത്. അക്കാരണത്താല്‍തന്നെ മെലിഞ്ഞവനും കുറിയവനുമൊന്നും അതിന് പറ്റില്ലെന്ന ധാരണയുമുണ്ടായിരുന്നു. അടുത്ത കാലത്താണ് ഈ വികല വ്യാഖ്യാനത്തിന് മാറ്റം സംഭവിച്ചത്. മനസ്സും ബുദ്ധിയും നാവുമാണ് വ്യക്തിത്വത്തിന്റെ ഘടകങ്ങളെന്നും അവയൊന്നും പ്രാപ്തമല്ലെങ്കില്‍ മറ്റെന്ത് തിളക്കങ്ങള്‍ ഒരാളിലുണ്ടെങ്കിലും അവ മാത്രം ഒന്നുമല്ലെന്ന തിരിച്ചറിവ് സമൂഹത്തിലുടലെടുത്തു. പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും മുഖ്യമായ സത്ത മനുഷ്യന്‍ തന്നെയാണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും ശക്തിക്കും മുന്നേറ്റത്തിനും ഉതകുന്ന സര്‍ഗശേഷികളും ശാരീരിക പാകതയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണല്ലോ, മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യന്റെ രൂപപ്പെടുത്തല്‍ (ഡിസൈനിങ്) നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുത, ശരിയായി തിരിച്ചറിയപ്പെട്ടതിന്റെ തെളിവായി കാണാന്‍ കഴിയുന്ന വസ്തുതയാണ്, എഴുത്തും വായനയും അധ്യയനവും അധ്യാപനവും പരീക്ഷയുമായി ‘വിദ്യാഭ്യാസ വകുപ്പ്’ നിലനിന്നിടത്തുനിന്ന്, അത് മനുഷ്യന്റെ പൂര്‍ണ്ണസത്തയുടെ സങ്കേതമെന്ന നിലിയില്‍ ‘മനുഷ്യവിഭവശേഷി വകുപ്പ്’ എന്നാക്കി മാറ്റിയതിലുള്ള പരിവര്‍ത്തനം.
തിരിച്ചറിവും കണ്ടെത്തലുകളുമാണല്ലോ നാഗരിക മനുഷ്യന്റെ ഗുണകരമായ മുന്നേറ്റത്തിന്റെ അടിത്തറ. അത്തരം ശക്തമായ അടിത്തറയില്‍നിന്നാണ് വളര്‍ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിച്ചേരുന്നത്. ആ പ്രക്രിയ കൊടിപിടിച്ച് കൂട്ടംകൂടി മുദ്രാവാക്യം വിളിച്ച് ആയിരങ്ങളോ ലക്ഷങ്ങളോ പ്രകടനം നടത്തിയാല്‍ സാധിതമാകുന്നതല്ല മറിച്ച് ഓരോ വ്യക്തിയും സ്വന്തമായി ആര്‍ജ്ജിച്ചെടുക്കേണ്ടതും വളര്‍ത്തിക്കൊണ്ടുവരേണ്ടതുമാണ്. അതിനാവശ്യമായ അടിത്തറയും വിത്തും വളവും വെള്ളവും വെളിച്ചവും ലഭ്യമാക്കേണ്ടത് രക്ഷിതാക്കളില്‍ നിന്നും. വളര്‍ന്നുവരുന്നതിനനുസരിച്ച്, സമൂഹത്തിലേക്കിറങ്ങിച്ചെന്ന്, വലിയ ഒരു സമൂഹത്തില്‍ സ്വന്തം ‘മിടുക്കിലൂടെ നിലനില്‍പ്’ (സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്) ഭദ്രമാക്കേണ്ടവനാണ് മനുഷ്യന്‍. അതിന്റെ വിളനിലമെന്ന നിലയില്‍ പാകപ്പെടുത്തികൊണ്ടുവരേണ്ടത് മനസ്സിനെയാണ്. മനസ്സിനെ നേരെയും ഉറപ്പിച്ചും നിര്‍ത്താനുള്ള ശേഷി, ഗുണകരമായതും നേട്ടമുണ്ടാക്കുന്നതും മനസ്സിലാക്കി നേടിയെടുക്കാനുള്ള ആര്‍ജ്ജവം എന്നിവയായിരിക്കണം അടിസ്ഥാന മുടക്കുമുതല്‍.
നല്ലതിനെ (ഗുണകരമായവ) തെരഞ്ഞെടുക്കുക. അതിനായി ആദ്യം തിരിച്ചറിയുക. അതിനായി മനസ്സിനെ മുന്‍കൂട്ടി ഒരുക്കിനിര്‍ത്തുക. മനസ്സ് നേരത്തെ മലിനപ്പെട്ടിട്ടില്ലെങ്കില്‍ അഥവാ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍, വിധേയപ്പെട്ടിട്ടില്ലെങ്കില്‍, തുറന്ന, തെളിഞ്ഞ മനസ്സായിരിക്കുമല്ലോ. കറപുരളാത്ത മനസ്സുകള്‍ നല്ലതു കണ്ടാല്‍, കേട്ടാല്‍, അറിഞ്ഞാല്‍ അതില്‍ ആകൃഷ്ടരാകും. അപ്പോള്‍ മനസ്സിലുദിക്കുന്ന തെളിമയെയാണല്ലോ സന്തോഷം എന്ന് വിളിക്കുന്നത്. അതിനെതിരായിട്ടുള്ളത് കാണുമ്പോള്‍, അനുഭവിക്കുമ്പോള്‍ മനസ്സിലുറഞ്ഞുകൂടുന്നത് ഭീതിയും ആശങ്കയും നിരാശയുമൊക്കെയായിരിക്കും ആകാശത്തില്‍ മാരിവില്ലു കാണുമ്പോള്‍ മനസ്സില്‍ സന്തോഷം വിടരും. ഇരുണ്ട കാര്‍മേഘക്കൂട്ടങ്ങളെ കാണുമ്പോള്‍ മനസ്സ് വിഭ്രാന്തിപ്പെടും. അപ്രകാരംതന്നെ നിത്യജീവിതത്തില്‍ ഭംഗിയാര്‍ന്നതും ആകൃഷ്ടമായതും കാണുമ്പോള്‍, മധുരമാര്‍ന്ന സംഗീതം കേള്‍ക്കുമ്പോള്‍ മനസ്സ് സന്തോഷത്താല്‍ പുളകിതമാകും. അത്തരം സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മിടുക്കും അതിനനുസൃതമായ ഭാവനാശീലവും വളര്‍ത്തിക്കൊണ്ടുവരണം. അങ്ങനെ നന്മയാല്‍ ആകൃഷ്മാകുന്ന സങ്കേതമായി മനസ്സിനെ നിലനിര്‍ത്തണം. ‘സൗന്ദര്യാസ്വാദനം’ (ഈസ്തറ്റിസം) എന്നത് മനസ്സിന്റെ സ്വഭാവമായിത്തീരണം ബാഹ്യമായ ആകര്‍ഷണത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന അത്യാകര്‍ഷണത്വവും അതിലൊളിഞ്ഞിരിക്കുന്ന അപകടസാധ്യതകളേയും വിവേകംകൊണ്ട് നേരിടേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരുപാട് അനുകൂല സ്വഭാവങ്ങളും ആസ്വാദനരീതികളും വ്യക്തിസ്വരൂപവുമെല്ലാം ഉണ്ടെങ്കിലും അതോടൊപ്പം മനസ്സിന്റെ സ്ഥിരത, പ്രതികൂല സാഹചര്യങ്ങളെ അനുകൂലങ്ങളാക്കി മാറ്റാനുള്ള മിടുക്ക് എന്നിവ വ്യക്തിത്വത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. എന്തെങ്കിലും നിസ്സാര പ്രതികൂല കാര്യങ്ങള്‍ നേരിടുമ്പോഴേക്ക് ആകെത്തകര്‍ന്നുപോവുകയും മുഖം കുത്തിവീഴുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ല. കാര്യങ്ങളെയും കാരണങ്ങളെയും വകതിരിഞ്ഞു വിലയിരുത്താനും കൊള്ളേണ്ടതുകൊള്ളാനും തള്ളേണ്ടത് തള്ളാനുമുള്ള ത്രാണി വ്യക്തിത്വത്തിന്റെ പ്രധാനമായ മറ്റൊരു ഭാഗമാണ്. നല്ലത് കണ്ടെത്താനും ഉള്‍ക്കൊള്ളാനും ശീലമാക്കാനും ശീലിപ്പിക്കാനും തുറന്ന മനസ്സിനേ കഴിയൂ. ആരുടെയും മുഖത്ത് നോക്കാതെയും ചുണ്ടുതുറക്കാതെയും സംവദിക്കാതെയും പേശികടുപ്പിച്ചും പെരുമാറുന്ന പലരെയും കാണാന്‍ കഴിയും. മാതാപിതാക്കളെയോ ഭാര്യാ സന്താനങ്ങളെയോ സൗഹൃദപരമായ പുഞ്ചിരിയോടെ അഭിമുഖീകരിക്കാത്തവരെയും കാണാനാവും. ഏതു കടുത്ത പ്രതിസന്ധിഘട്ടത്തെയും ലളിതമായ പുഞ്ചിരികൊണ്ട് അലിയിച്ചില്ലാതാക്കാന്‍ സഹൃദയന് കഴിയും. കാഠിന്യത്തെ കാഠിന്യംകൊണ്ടും ഗൗരവത്തെ ഗൗരവും കൊണ്ടും പാരുഷ്യത്തെ പരുഷതകൊണ്ടുമല്ല നേരിടേണ്ടത്, മറിച്ച്; നബി തിരുമേനി പഠിപ്പിച്ച പ്രകാരം ‘ഒരു ചെറു പുഞ്ചിരികൊണ്ടെങ്കിലും’ അത്തരക്കാരെ സല്‍ക്കരിച്ച് ഉരുക്കി, മെരുക്കിയെടുക്കുകയാണ് വേണ്ടത്. മനസ്സുവെച്ചാല്‍ സാധിക്കുന്നതു മാത്രമാണിത്. പൊതുസമൂഹത്തെ പരക്കെ ബാധിച്ചിരിക്കുന്ന മാനസികാവസ്ഥ ‘ഞാന്‍ തെറ്റൊന്നും ചെയ്തില്ല, അവന് വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ’യെന്ന അഹങ്കാരത്തിന്റെ ഭാവമാണ്. എന്തു കാരണവശാലാണെങ്കിലും രണ്ടാളുകള്‍ തമ്മില്‍ മൂന്ന് ദിവസത്തിലധികം മിണ്ടാതിരിക്കരുത്. ചെറു പിണക്കമുണ്ടായാല്‍ ‘ഇണക്കത്തിന് മുന്‍കൈയെടുക്കുന്നവനാണ് ഉത്തമന്‍’ എന്നും തിരുമേനി പഠിപ്പിക്കുകയുണ്ടായി. സമൂഹത്തില്‍ പുലരേണ്ട അനിവാര്യ വസ്തുതയാണിവിടെ വ്യക്തമാവുന്നത്.
ആകാശത്തും കടലിലും കരയിലും ശാന്തതയുടെയും സൗന്ദര്യത്തിന്റെയും അലയൊലികള്‍ കാണാന്‍ കഴിയും. കടലിന്റെ ശാന്തതയും ആകാശത്തിന്റെ നൈര്‍മ്മല്യവും ഭൂമിയുടെ താങ്ങും തണലും അനുഭവിക്കുന്നവരാണ് മനുഷ്യര്‍. അതേസമയം ഇവയെല്ലാറ്റിലും അതിനു വിപരീത അപകടവശങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മനുഷ്യന് ലഭ്യമായ വിശേഷബുദ്ധിയും ആര്‍ജ്ജിതപരിജ്ഞാനവും ഗുണവും ദോഷവും തിരിച്ചറിയാനും തെരഞ്ഞെടുക്കാനുമായി വിനിയോഗിച്ചു വിജയിക്കേണ്ടതാണ്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പ്രകാരം തിളങ്ങി കാണപ്പെടുന്ന എല്ലാം നല്ലതായിക്കൊള്ളണമെന്നില്ല. തിളക്കം മാത്രമല്ല സൗന്ദര്യം, അതിന്റെ സത്തകൂടി ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ സൗന്ദര്യബോധം എന്നത് നിറങ്ങളെയോ തിളക്കങ്ങളെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല; അതിന്റെ ഫലങ്ങളെ (റിസള്‍ട്ട്) കൂടി കണക്കിലെടുത്താണ്. വ്യക്തിത്വമെന്നത് ഉയരവും വണ്ണവും നിറവും വേഷവും മാത്രമല്ലെന്നത്‌പോലെതന്നെ സൗന്ദര്യം (സൗന്ദര്യബോധം) എന്നത് മനുഷ്യന്റെ തൊലി നിറത്തെയോ രൂപത്തെയോ ചുറ്റുപാടുകളിലെ കൗതുകകരങ്ങളായ നിറങ്ങളെയോ ഈണങ്ങളെയോ ചലനങ്ങളെയോ, സ്പന്ദനങ്ങളെയോ മാത്രം പരാമര്‍ശിക്കുന്നതല്ല, നേരെമറിച്ച് ഇപ്പറഞ്ഞ സര്‍വതിന്റെയും ഒരു വ്യക്തിയുള്‍ക്കൊള്ളുന്ന സത്തയാണ്. മനുഷ്യനെന്നാല്‍ ഹൃദയമാണെന്ന ഭാഷ്യം എത്രമാത്രം അര്‍ത്ഥവത്താണോ അപ്രകാരം തന്നെയാണ് മനുഷ്യനെന്നാല്‍ അവന്റെ മുഖമാണെന്ന വസ്തുതയും. മുഖം താഴ്ത്തിയോ, മറച്ചുപിടിച്ചോ ഒഴിഞ്ഞുമാറിയോ പെരുമാറുന്നവരുടെ വ്യക്തിത്വം എവിടെയായിരിക്കും? അകത്തേക്കും പുറത്തേക്കും ഒന്നും പ്രകടിപ്പിക്കാതെ, എല്ലാം ഉള്ളിലൊതുക്കി ഞെരുക്കി ശ്വാസംമുട്ടിക്കഴിയുന്ന അധോമുഖന്മാരുടെ (ഇന്‍ട്രോവര്‍ട്ട്) ഹൃദയത്തില്‍ എങ്ങനെയാണ് ലാളിത്യവും തെളിമയുമുണ്ടാവുക? സഹജീവിതത്തിന്റെ അടിസ്ഥാനമായ കരുത്ത് സഹൃദയത്വമാണെന്ന് തിരിച്ചറിയണം മനസ്സിന്റെ സ്വഭാവം ഇളകിമറിയുന്നതാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ, അതിനെ ശാന്തവും സുന്ദരവും, ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തേണ്ടതാണ്. പുറംഭംഗി ‘കൊള്ളാ’മെന്ന് പറയാമെന്നല്ലാതെ മനസ്സിന്റെ ഭംഗിയാണ് യഥാര്‍ത്ഥ മൂലധനം പരമമായ യാഥാര്‍ത്ഥ്യമാണ് മനുഷ്യന്‍ ഏതു വിഷയത്തിലും ഉള്‍ക്കൊള്ളേണ്ടത്. പൗഡറിട്ട് മിനുക്കുന്നതുകൊണ്ട് ആകര്‍ഷം കൂടിയേക്കാമെന്നല്ലാതെ, പൗഡറിടാത്ത മുഖമാണ് യാഥാര്‍ത്ഥ്യം, അതാണ് സംസ്‌കാരം (തനിമ). ഷേക്‌സ്പിയര്‍ പറഞ്ഞപോലെ, ‘മുഖം സംസ്‌കാരവും പൗഡര്‍ പരിഷ്‌ക്കാരവുമാണ്. സംസ്‌ക്കാരത്തിനാണ് നിലനില്‍പുണ്ടാവുക, പരിഷ്‌ക്കാരം താല്‍ക്കാലികമോ നശ്വരമോ ആണ്, വന്നും പോയുമിരിക്കും.’ അതുകൊണ്ട് നാഗരികത പിന്‍പറ്റുമ്പോള്‍തന്നെ വ്യക്തിവികാസത്തിനും അതുമൂലം നേടാവുന്ന നേട്ടങ്ങള്‍ക്കും പ്രഥമ സ്ഥാനവും സൗന്ദര്യാംശത്തിന് അനുബന്ധ സ്ഥാനവും കല്‍പിക്കുക. സൗന്ദര്യബോധവും സൗന്ദര്യവത്കരണവും ദൈവത്തിനിഷ്ടമാണെന്നും സാക്ഷാല്‍ ദൈവം അഴകാണെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. നല്ലതെല്ലാം സ്വീകരിച്ച് നല്ലവനും സ്വീകാര്യനുമാവുക ‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന അവസ്ഥയിലേക്ക് ആരും സ്വയം താഴ്ത്തിക്കെട്ടാതിരിക്കുക.

web desk 1: