X
    Categories: columns

സി.എച്ചിന്റെ സ്വപ്‌നസാക്ഷാത്കാരം

എസ്. കൂട്ടുമ്മുഖം

പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഒരു മുസലിയാര്‍ തന്റെ രണ്ട് മക്കളുടെ പഠന കാര്യത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി തൊട്ടടുത്ത പട്ടണത്തിലെ വ്യാപാരിയെ സമീപിച്ചു. ജന്മനാട്ടില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള പട്ടണത്തിലെ ഹൈസ്‌കൂളില്‍ തോണിയില്‍ കയറി കടവ്കടന്ന് കാല്‍നടയായെത്താന്‍ മക്കള്‍ പുലര്‍ച്ചെ സുബഹി നമസ്‌കാര ശേഷം പുറപ്പെടേണ്ടതുണ്ടെന്നും അവര്‍ രാത്രി ഇഷാക്ക് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തുന്നതെന്നും സ്‌കൂളിനടുത്ത് എവിടെയെങ്കിലും താമസിച്ചുപഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പറ്റുമോയെന്നുള്ള മുസ്‌ലിയാരുടെ വിവരണം കേട്ട ആ വ്യാപാരി സന്തോഷപൂര്‍വ്വം രണ്ട് മക്കളെയും കൂട്ടിവരാന്‍ പറഞ്ഞു. ലോക മഹായുദ്ധത്തെതുടര്‍ന്ന് ജന്മനാട്ടില്‍ തിരിച്ചെത്തുകയും കൊയിലാണ്ടിയില്‍ പഞ്ചസാര വ്യാപാരം ആരംഭിക്കുകയും ചെയ്ത പ്രസ്തുത വ്യാപാരിയുടെ അടുക്കല്‍ രണ്ട് കൊച്ചു മക്കളുമായി പിതാവെത്തി.
കാലചക്രക്കറങ്ങലിനിടയില്‍ ദ്വയാക്ഷരത്താല്‍ ജനലക്ഷങ്ങളുടെ മനസ്സിന്റെ കൊട്ടാരത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു മഹാന്റെ ജീവിതത്തിന് വഴിത്തിരിവാകുകയായിരുന്നു ആ നിമിഷങ്ങള്‍. അത്തോളിക്കാരനായിരുന്ന പിതാവിന്റെ പേര് അലി മുസലിയാര്‍. മക്കളില്‍ മൂത്തയാളുടെ പേര് മുഹമ്മദ് കോയ. ഇളയവന്‍ അബ്ദുള്ളക്കോയ. രണ്ട് പേര്‍ക്കും ഒരേ ഇനീഷ്യലായിരുന്നില്ല. മൂത്തയാളുടെ ഇനീഷ്യല്‍ സി.എച്ച്. ഇളയയാളുടേത് സി.കെ. കുടുംബത്തിലെയും മറ്റുമുള്ള വിദ്യാര്‍ത്ഥികളുടെ ക്ഷേമ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്ന കൊയിലാണ്ടിയിലെ ആ വ്യാപാരി എന്റെ വന്ദ്യപിതാവ് എ.വി ഹുസൈനായിരുന്നു. അത്തോളിക്കാരായ ആ രണ്ട് കുട്ടികളുമായി കൊല്ലത്തെത്തിയ പിതാവ് ഞങ്ങളുടെ വീടായ കൂട്ടുമ്മുഖത്ത് ഇളയ കുട്ടിയേയും മൂത്തയാളെ ഉപ്പയുടെ ബര്‍മയിലെ ബോസായിരുന്ന ബീരാന്‍ കുട്ടി ഹാജിയുടെ വീടായ മാണിക്കം വീട്ടിലുമാക്കി. അങ്ങിനെയവര്‍ കൊല്ലത്തിന്റെ ഭാഗമായി മാറി. പഠിച്ചു കൊണ്ടിരിക്കെ മുഹമ്മദ്‌കോയ കൊയിലാണ്ടിയില്‍ എം. അബ്ദുള്ള കുട്ടി ഹാജിയടക്കമുള്ള വലിയൊരു സുഹൃദ് വലയത്തിലെ ഇഷ്ട കനിയായി മാറി. പിന്നീട് ഈസ്റ്റ് റോഡരികിലുള്ള അമേത്ത് എന്ന വീട്ടിലേക്ക് താമസം മാറ്റി. പ്രമുഖ സാഹിത്യകാരനായിമാറിയ യു.എ ഖാദര്‍ അമേത്ത് കുടുംബാംഗമായിരുന്നു. കൂട്ടുകാരുമൊത്ത് പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഘട്ടത്തിലാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുമായി മുഹമ്മദ് കോയ പരിചയപ്പെടുന്നത്. സി.എച്ചിലെ കഴിവിനെ മണത്തറിഞ്ഞ തങ്ങള്‍ പില്‍ക്കാലത്തു നാം കണ്ട സി.എച്ചിനെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.
വായില്‍ സ്വര്‍ണ്ണ കരണ്ടിയില്ലാതെ ജനിച്ചു വളര്‍ന്ന സി.എച്ച് തൊട്ടതെല്ലാം പൊന്നാക്കി. മുസ്‌ലിംലീഗിലും മുഖപത്രമായ ചന്ദ്രികയിലും മനസ്സും ശരീരവും തളച്ചിട്ട സി.എച്ച്് ഏതൊക്കെ സ്ഥാനത്ത് എത്തിയെന്നത് അന്വേഷിക്കുന്നതിന്പകരം ഏതിലൊക്കെയായില്ല എന്നത് പരതുന്നതാകും എളുപ്പം. ബ്രിട്ടീഷ് വിരോധത്താല്‍ ഭൗതിക വിദ്യാഭ്യാസത്തില്‍നിന്നും അകന്നുകഴിഞ്ഞിരുന്ന മലയാളി മുസ്‌ലിം സമൂഹത്തെ പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായിരുന്നു സി.എച്ച്് പ്രാമുഖ്യം നല്‍കിയിരുന്നത്.
ഒരിക്കല്‍ സീതിസാഹിബുമൊത്ത് കാറില്‍ സഞ്ചരിക്കവേ കോളജില്‍ നിന്നുമിറങ്ങി കൂട്ടത്തോടെ നടന്നുനീങ്ങുന്ന പെണ്‍കുട്ടികളെ നോക്കി നമ്മുടെ മക്കള്‍ എന്നാണിങ്ങനെയാകുക എന്ന അര്‍ത്ഥഗര്‍ഭമായ ചോദ്യം ഉരുവിട്ടുകൊണ്ട് രണ്ട്‌പേരും ആലോചനാനിമഗ്‌നരായി. സമൂലമായ മാറ്റത്തിനുള്ള തീവ്ര ശ്രമങ്ങളായിരുന്നു അടുക്കും ചിട്ടയോടുംകൂടി പിന്നീട് അരങ്ങേറിയത്. ഇന്ന് പഠന കാര്യത്തില്‍ ആണ്‍ കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് മുന്നേറുന്നത് എന്ന് കണ്ടെത്താന്‍ കോളജ് ക്യാമ്പസുകളുലൂടെ നെട്ടോട്ടം നടത്തിയാല്‍ മതി.
2020ലെ നീറ്റ് പരീക്ഷാഫലത്തിലൂടെ അഖിലേന്ത്യ തലത്തില്‍ പന്ത്രണ്ടാം സ്ഥാനവും ഒ. ബി.സിയില്‍ രണ്ടാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും അലങ്കരിച്ചത് കൂടാതെ എഴുന്നൂറ്റിയിരുപതില്‍ എഴുന്നൂറ്റിപ്പത്ത് മാര്‍ക്ക് കരഗതമാക്കിയ വിദ്യാര്‍ത്ഥിയെന്ന ചരിത്രം കുറിക്കാനും എന്റെ പേരക്കിടാവായ (മകളുടെ മകള്‍) ആയിഷക്ക് ഭാഗ്യം തുണച്ചതില്‍ ചില നിമിത്തങ്ങളുണ്ട്. കുട്ടിക്കാലത്ത് കൊയിലാണ്ടി കൊല്ലത്തെ കൂട്ടുമ്മുഖം മൈതാനിയിലെ സ്വര്‍ണ്ണ മണല്‍ത്തരികളെ ഉഴുത് മറിച്ചു കളിച്ചും പഠിച്ചും ചിന്തകളെ ഉദ്ധീപിപ്പിച്ച സി.എച്ചിന്റെ സ്വപ്‌ന സാക്ഷാത്കാരമാണ് സി.എച്ച് ചിലവഴിച്ച കൂട്ടുമ്മുഖം തറവാടിന്റെ തിരുമുറ്റത്തേക്ക് വന്നണഞ്ഞതെന്നത് ആശ്ചര്യത്തിന് വകയേകുന്നു. സി.എച്ചിന്റെ ഓമന പുത്രന്‍ ഡോ. എം.കെ മുനീര്‍ ആയിഷയെ ആദരിക്കാന്‍ എത്തിയതിലും ചിന്തക്ക് വകയേകുന്നുണ്ട്.

web desk 1: