മിസ്ഹബ് കീഴരിയൂര്‍
നീതിരഹിതമായ വ്യവസ്ഥകാളാല്‍ പുറന്തള്ളപ്പെട്ട സമൂഹത്തിന് ഭരണ, സാമ്പത്തിക, വിദ്യാഭ്യാസ, ഉേദ്യാഗ മേഖലകളില്‍ ഉയര്‍ന്നുവരാനുള്ള ഭരണഘടനാപരിരക്ഷയാണ് സംവരണം. സംവരണത്തിന്റെ സാമൂഹ്യ പ്രാധാന്യം മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് 1958 ലെ ഭരണപരിഷ്‌കരണ സമിതി ചെയര്‍മാനായ ഇ.എം.എസ് നമ്പൂതിരിപ്പാട് ശിപാര്‍ശ ചെയ്ത സാമ്പത്തിക സംവരണവാദം മുതല്‍ മുന്നാക്ക സംവരണം ധൃതിയില്‍ നടപ്പിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയന്‍ വരെയുള്ളവരുടെ സമീപനങ്ങള്‍ തെളിയിക്കുന്നു. 2019 ജനുവരി 7 ന് കേന്ദ്ര മന്ത്രിസഭ പാസ്സാക്കുകയും 8, 9 തിയ്യതികളില്‍ ഇരുസഭകളും കടന്ന ഈ നിയമം അതിവേഗതയില്‍ നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായത് പിന്നാക്ക വിഭാഗങ്ങളോട് സ്വീകരിച്ച തികഞ്ഞ അനീതിയാണ്.
നാളിതുവരെ സമര്‍പ്പിക്കപ്പെട്ട മുഴുവന്‍ റിപ്പോര്‍ട്ടുകളിലും സംവരണീയ സമൂഹം അര്‍ഹമായ അവസ്ഥയില്‍ എത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണമെന്ന യാഥാര്‍ഥ്യം പുറത്തു കൊണ്ടുവന്നിരിക്കെ ഏത് വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്ര ധൃതിയില്‍ ഈ അനീതിക്ക് കുടപിടിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാവസ്ഥ മറന്നുകൊണ്ടാണ് സംവരണീയ സമൂഹം ഈ വാദമുന്നയിക്കുന്നതെന്ന ആരോപണങ്ങള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്നുവരാറുണ്ട്. പിന്നാക്ക ജാതിയില്‍പെട്ടവര്‍ മുന്നാക്ക ജാതിയിലെ ചിലരേക്കാള്‍ സാമ്പത്തിക സുസ്ഥിതി അനുഭവിക്കുന്ന ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാറുമുണ്ട്. ഈ യാഥാര്‍ഥ്യം നിഷേധിക്കാനോ മുന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ സവര്‍ണ അവര്‍ണ വ്യത്യാസമില്ലാതെ നടപ്പിലാക്കണമെന്ന കാര്യത്തിലോ ആര്‍ക്കും ഭിന്നാഭിപ്രായമില്ല.
സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവപ്പെടുന്നത് ആരാണോ അവര്‍ക്ക് ജാതി മാനദണ്ഡമില്ലാതെ അര്‍ഹമായ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ഗുണം ലഭിക്കുകയും വേണം. പൂര്‍വ്വപിതാക്കളുടെ സാമ്പത്തിക ഔന്നത്യവും ജാതി മേല്‍ക്കോയ്മയും ഒരാളുടെയും വിശപ്പ് മാറ്റില്ലെന്നതും തിരിച്ചറിയുന്നുണ്ട്. ലോക വിശപ്പ് സൂചികയില്‍ അപകടകരമാംവിധം ഇടം കണ്ടെത്തുന്ന നമ്മുടെ രാജ്യത്ത് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ കൂടുതല്‍ അനിവാര്യവുമാകണമെന്നത് തന്നെയാണ് ഏവരുടെയും താല്‍പര്യം. എന്നാല്‍ ഉയര്‍ന്ന ഉദേ്യാഗം നേടിയ വ്യക്തി വിരമിക്കുന്നദിനം അദ്ദേഹത്തിന്റെ കസേരയില്‍ ചാണകം തെളിക്കുന്ന ചടങ്ങ് പൂര്‍ണമായും ഉപേക്ഷിക്കപ്പെടാത്ത, കേരള സംഗീത നാടക അക്കാദമിയുടെ നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ ജാതി വ്യവസ്ഥ കാരണം സാധിച്ചില്ലെന്ന് മനംനൊന്തു കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ച, ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ സ്വാഭാവിക പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യങ്ങള്‍ ഒന്നും ഒരു മുന്നാക്ക വിഭാഗക്കാരന്‍ നേരിടേണ്ടിവരില്ലെന്നത് യാഥാര്‍ഥ്യമാണ്.
വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിലൊക്കെ ഈ സാമൂഹിക പിന്നാക്കാവസ്ഥ ചരിത്രപരമായി നേരിടുന്ന പിന്നാക്ക, ദലിത്, മുസ്‌ലിം, ഈഴവ അനുബന്ധ വിഭാഗങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുമ്പോള്‍ വീണ്ടും അവര്‍ക്കിടയില്‍ അന്തരം വര്‍ധിപ്പിക്കാനുള്ള നീക്കം ചെറുക്കേണ്ടതാണ്. നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണം എത്രമാത്രം വിവേചന ഭീകരത സൃഷ്ടിക്കുന്നു എന്നത് പുറത്തുവന്ന കണക്കുകള്‍ ഞെട്ടിച്ചി രിക്കുകയാണ്. മെഡിക്കല്‍ യു.ജി, പി.ജി സീറ്റുകള്‍ പ്ലസ്ടു സീറ്റുകള്‍ എന്നിവയില്‍ മുന്നാക്ക സംവരണം സൃഷ്ടിച്ച വിവേചനത്തിന് അധികാരികള്‍ മറുപടി പറയണം. നിലവിലുള്ള സംവരണ സീറ്റുകള്‍ മാറ്റിനിര്‍ത്തി അവശേഷിക്കുന്ന സീറ്റുകളുടെ പത്ത് ശതമാനം എന്നത്തന്നെ ചതിയാണെങ്കിലും മുഴുവന്‍ ജനറല്‍ സീറ്റുകള്‍ മാനദണ്ഡമാക്കി പത്തു ശതമാനം എന്നത് വഞ്ചനയാണ്. എന്നുവെച്ചാല്‍ ‘ചതിയില്‍ വഞ്ചന’ നടന്നിട്ടുണ്ടെന്നു ചുരുക്കം.
സംസ്ഥാന ജനസംഖ്യയില്‍ 23 ശതമാനം വരുന്ന പിന്നാക്ക സമൂഹമാണ് ഈഴവര്‍. മുസ്്‌ലികള്‍ 26 ശതമാനവും. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെ പി.ജി സീറ്റുകള്‍ 849. അതില്‍ ഈഴവര്‍ക്ക് സംവരണ പ്രകാരം 13 സീറ്റുകളും മുസ്‌ലിംകള്‍ക്ക് സംവരണപ്രകാരം ഒമ്പതുമാകുമ്പോള്‍ 20 ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണപ്രകാരം 30 സീറ്റുകളും ലഭിച്ചു. ചുരുക്കിപറഞ്ഞാല്‍ മുഴുവന്‍ പിന്നാക്കക്കാര്‍ക്കുള്ളതിലും അധികം മുന്നാക്ക വിഭാഗം നേടിയിരിക്കുന്നു എന്നത് തന്നെയാണ് മുന്നാക്ക സംവരണം യുക്തിരഹിതമാണെന്നതിന്റെ തെളിവ്. മെഡിക്കല്‍ പി.ജിയിലെ സംവരണ തോത് ശതമാനക്കണക്കില്‍ ഇങ്ങനെയാണ്. ഈഴവര്‍ (മൂന്ന്), മുസ്‌ലിം (രണ്ട്), പിന്നാക്ക ഹിന്ദു (ഒന്ന്), ലത്തീന്‍ (ഒന്ന്), മുന്നാക്ക സമുദായം (പത്ത്) മെഡിക്കല്‍ പി.ജിയില്‍ നേരത്തെതന്നെ പിന്നാക്ക സംവരണ തോത് കുറവായിരുന്നു. അഖിലേന്ത്യാക്വാട്ടയും സര്‍വീസ് ക്വാട്ടയും ഉള്ളതു കൊണ്ടാണ് ഈ കുറവ് സംഭവിച്ചത്. ഇവിടെയും മുന്നാക്ക സംവരണം നിശ്ചയിച്ചത് മുഴുവന്‍ സീറ്റുകളെയും മാനദണ്ഡമാക്കിയാണ്.
എം.ബി.ബി.എസ് പ്രവേശനത്തിനും ഇങ്ങനെത്തന്നെയാണ് കാര്യങ്ങള്‍. അവിടെ ഈഴവനും മുസ്‌ലിമിനും യഥാക്രമം 94ഉം 84ഉം സീറ്റുകളില്‍ സംവരണാവകാശം ലഭിക്കുമ്പോള്‍ മുന്നാക്ക ജാതിക്കാര്‍ക്ക് 130 സീറ്റുകളാണ് നീക്കിവെച്ചിരിക്കുന്നത്. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ 8416 സ്ഥാനത്തുള്ള മുന്നാക്ക ജാതിക്കാരന് എം. ബി.ബി.എസ് പ്രവേശനം ലഭിച്ചപ്പോള്‍ 1654ാം റാങ്കുകാരനായ പിന്നാക്ക വിദ്യാര്‍ത്ഥിക്കേ സംവരണം ലഭിക്കുന്നുള്ളൂ. സംവരണം ഗുണമേന്മ കുറയ്ക്കുമെന്ന സംവരണ വിരുദ്ധര്‍ കാലങ്ങളായി ഉയര്‍ത്തികൊണ്ടിരിക്കുന്ന വാദങ്ങള്‍ ഇവിടെ തിരിഞ്ഞുകൊത്തുകയാണ്. ഹയര്‍ സെക്കന്ററി സീറ്റുകളുടെ കാര്യത്തിലും പ്രതിസന്ധി രൂക്ഷമാണ്. അവിടെ ഈഴവ, മുസ്‌ലിം സമുദായങ്ങള്‍ക്കായി യഥാക്രമം 13002, 11313 സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നതെങ്കില്‍ മുന്നാക്ക ജാതിക്കാര്‍ക്ക് 16711 സീറ്റുകള്‍ നീക്കിവെച്ചിരിക്കുകയാണ്. ഇതില്‍തന്നെ പല സീറ്റുകളിലും അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.
മലബാറിലെ നിരവധി കണക്കുകള്‍ പുറത്തുവരാനിരിക്കുകയാണ്. ഉേദ്യാഗ നിയമനങ്ങളിലും ഈ രീതി തുടര്‍ന്നാല്‍ അതുണ്ടാക്കുന്ന സാമൂഹ്യ വിവേചനം വലുതായിരിക്കും. സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളില്‍, ബിരുദ, ഹയര്‍ സെക്കന്ററി പ്രവേശനങ്ങളിലും അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ട പ്രവേശനം നടത്തി സംവരണ അട്ടിമറികള്‍ എന്നിവ ഒരു ഭാഗത്ത് തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. ജാതിയടിസ്ഥാനത്തില്‍ ഉദേ്യാഗസ്ഥ കണക്ക് സമയ പ്രകാരം പുറത്തുവിട്ടാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യത കൈവരിക്കാന്‍ ഇനിയും സംവരണങ്ങള്‍ നടത്തേണ്ടിവരുമെന്നിരിക്കെ യാതൊരടിസ്ഥാനവുമില്ലാതെ മുന്നാക്ക സംവരണം നടപ്പിലാക്കുന്നവരെ നയിക്കുന്നത് ഏത്തരം മനോനിലയാണ്. ഓരോ ഘട്ടങ്ങളിലും കമ്മീഷനുകളുടെ സംവരണ തോത് വര്‍ധിപ്പിച്ചിട്ടും പിന്നാക്ക വിഭാഗത്തിന് കാര്യമായ ഉയര്‍ച്ച നേടാന്‍ സാധിച്ചില്ലെയെന്നത് സംവരണം ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നത് ആലോചിക്കേണ്ടതുണ്ട്.
സാമ്പത്തിക സംവരണമെന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍തന്നെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. 1958ല്‍തന്നെ പ്രമേയത്തിലൂടെ വിയോജിക്കുകയും ശിപാര്‍ശ തള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും അവസാനം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലിനെതിരെ ഉത്തരവാദിത്വപ്പെട്ട പലരും മൗനമവലംബിച്ചപ്പോള്‍ 323 നെതിരെ വോട്ട് ചെയ്ത 3 അംഗങ്ങളില്‍ രണ്ടു പേര് മുസ്്‌ലിംലീഗ് പ്രതിനിധികളായിരുന്നു. സംവരണ പോരാട്ടങ്ങളുടെ രക്തസാക്ഷികളുടെ രക്തംകൊണ്ട് അധികാര കയ്യിലാക്കിയ അവര്‍ണ വിഭാഗത്തിലെ ചില സവര്‍ണര്‍ ഈ നിയമം നടപ്പിലാക്കുമ്പോള്‍ ഉറക്കം തൂങ്ങിയതിന് കാലം അവര്‍ക്ക് മറുപടി നല്‍കും. അനീതിയുടെ കണക്ക് പുസ്തകങ്ങള്‍ വായിച്ചുതീരുമ്പോള്‍ ചെയ്ത പാതകമോര്‍ത്ത് അവര്‍ ഖേദിക്കേണ്ടി വരും. പൂര്‍വ്വകാല സമരങ്ങളുടെ പാരമ്പര്യം വഹിക്കാന്‍ മാത്രം ഇത്തരക്കാരുടെ നട്ടെല്ലിന് ബലമുണ്ടോയെന്ന് അവര്‍ക്ക് പിന്നില്‍ അണിനിരന്നവര്‍കൂടി ആലോചിക്കേണ്ടതാണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരം കുറയ്ക്കാന്‍ മാത്രമാണ് സംവരണമെന്ന സംഘ്പരിവാരങ്ങളുടെയും കമ്യൂണിസ്റ്റ്കാരുടെയും അയുക്തി നിറഞ്ഞ നിര്‍വചനങള്‍ ഈ കണക്കുകള്‍ക്കു മുമ്പിലെങ്കിലും തിരുത്തേണ്ടാതാണ്. ചൂഷണം ചെയ്യപ്പെട്ട മനുഷ്യരുടെ കഠിനമായ അധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ രാഷ്ട്രം. അവര്‍ക്കര്‍ഹമായത് പുതിയ നിയമങ്ങള്‍ സൃഷ്ടിച്ച് കവര്‍ന്നെടുക്കാനുള്ള സമ്മതപത്രമാണ് മുന്നാക്ക സംവരണം.
ഒപ്പമെത്താന്‍ ഓടി തളരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇനിയുമേറെ ദൂരപരിധി നിശ്ചയിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ പൊതുവായ വികസനത്തിന് തടസ്സമാകും. ഈ ആനുകൂല്യം അര്‍ഹതപ്പെട്ട മുന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ പോലും ഈ സാമ്പത്തിക സംവരണ വ്യവസ്ഥയെ പ്രതികൂലിച്ചത് സാമൂഹ്യ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടത് കൊണ്ടാണ്. പ്രബുദ്ധമായി ചിന്തിക്കുന്ന എല്ലാവരുടെയും പിന്തുണയാണ് ഈ അനീതികള്‍ക്ക് പരിഹാരം. അതിന് സംവരണീയ സമൂഹത്തിന്റെ ഐക്യം അനിവാര്യമാണ്. അവര്‍ അനുഭവിച്ച ചൂഷണങ്ങള്‍ക്ക് അവരോടുള്ള രാഷ്ട്രത്തിന്റെ കടം വീട്ടലാണ് സംവരണമെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിയണം, അല്ലാതെ അതൊരു ഔദാര്യമല്ല.