എം. ജോണ്‍സണ്‍ റോച്ച്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സി.പി.ഐ പറയുന്നത് ‘അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണമെന്നാണ്.’ ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌കന്റില്‍ 1920 ഒക്‌ടോബര്‍ 17ന് രൂപീകൃതമായെന്നാണ് സി.പി.എമ്മിന്റെ വാദം. അതല്ല, കാണ്‍പൂരില്‍ 1925 ഡിംസബര്‍ 25 മുതല്‍ 28 വരെ ഔപചാരികമായിചേര്‍ന്ന സമ്മളേനത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തതെന്നാണ് സി.പി.ഐ പറയുന്നത്. ഈ തര്‍ക്കം എന്തുമാകട്ടെ സി.പി.എമ്മിന്റെ നൂറാം വാര്‍ഷികാചരണം സമ്മതിച്ചു കൊടുത്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറുവര്‍ഷം ചുരുക്കത്തിലൊന്ന് വിലയിരുത്താം.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന 16 ഓളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ഇന്ത്യയിലുണ്ട്. അതില്‍ പ്രധാനം സി.പി.എമ്മും സി.പി.ഐയും നക്‌സല്‍ ഗ്രൂപ്പുകളുമാണ്. ഇവരുടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംതന്നെ ഒരു ഉട്ടോപ്യന്‍ ആശയമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അന്ന് പശ്ചാത്യരാജ്യങ്ങളില്‍ നിലനിന്നിരുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിന്‍മേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാറല്‍മാര്‍ക്‌സ് എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്നത്തെ ലോകത്ത് ഒട്ടും പ്രസക്തിയില്ല. ഇപ്പോള്‍ ലോകത്ത് മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനില്‍പ്പും രീതിയും പാടെ മാറി മറിഞ്ഞിരിക്കുന്നു. റോബോട്ടുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിയുടെയും കംപ്യൂട്ടറുകളുടെയും വിവിധ മേഖലകളിലെ പുത്തന്‍ ടെക്‌നോളജികളുടെയും ലോകത്ത് മാര്‍ക്‌സിന്റെ അന്നത്തെ മുതലാളി-തൊഴിലാളി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഒരര്‍ഥവുമില്ല.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ചൂഷിതര്‍ സംഘടിച്ച് ചൂഷകര്‍ക്കെതിരെ വിപ്ലവത്തിലൂടെ അധികാരം കൈയ്യടക്കുകയെന്നതാണ് ദൗത്യം. ഇതിന്റെ താത്വിക അടിത്തറ വൈരുധ്യാത്മിക ഭൗതികവാദത്തില്‍ അതിഷ്ഠിതവുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കേരളത്തിലുടനീളം ഇവര്‍ ബോധവത്കരണം നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ വൈരുധ്യാത്മിക ഭൗതികവാദത്തെക്കുറിച്ച് ഉരിയാടുന്നില്ല. ഒരു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള വിപ്ലവത്തിലൂടെ ഭരണം കൈയ്യടക്കുകയെന്നത് ഇന്നത്തെ ലോക സാഹചര്യത്തില്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. നിലവിലെ വ്യവസ്ഥിതിയിലെ പാളിച്ചകള്‍ തീര്‍ത്ത് മുന്നോട്ടു പോകുകയെന്നതാണ് പ്രായോഗികതയും അഭികാമ്യവുമെന്ന തിരിച്ചറിവ് എവിടെയും മനുഷ്യന് ഉണ്ടായിട്ടുണ്ട്. വിപ്ലവത്തിലൂടെ ഭരണം കൈയ്യാളുകയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത തെക്കന്‍ അമേരിക്കയിലെ രാജ്യങ്ങള്‍ വികസനത്തില്‍ പിറകിലും ദാരിദ്ര്യത്തിന്റെ പട്ടികയില്‍ മുന്നിലുമാണ്.
കമ്യൂണിസം നടപ്പിലാക്കാനായി ലോകം കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ മനുഷ്യകുരുതി നടത്തിയ സ്റ്റാലിന്റെ റഷ്യ, കമ്യൂണിസം ഉപേക്ഷിച്ച് ഇപ്പോള്‍ ലോകത്തോടൊപ്പം ആഗോളവത്കരണത്തിന്റെ പാതയിലാണ്. ചൈന മുതലാളിത്തം പുനഃസ്ഥാപിച്ചിരിക്കുന്നു. കമ്യൂണിസത്തിന്റെ അടിസ്ഥാനശിലയായ ‘ഉത്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനായിരിക്കണ’മെന്നത് മറന്നുകൊണ്ട് ചൈന സ്വകാര്യസ്വത്തുക്കള്‍ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും റഷ്യയുടെ നവ ഉദാരവത്കരണനയവും ചൈനയിലെ മുതലാളിത്തപുനഃസ്ഥാപനവും ഉയര്‍ത്തിയിട്ടുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ കമ്യൂണിസ്റ്റുകാരെ ലക്ഷ്യബോധമില്ലാത്തവരാക്കിത്തീര്‍ത്തിരിക്കുകയാണ്. ഈ ലക്ഷ്യബോധമില്ലായ്മ സൃഷ്ടിച്ച പ്രതിസന്ധിയില്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട് തോന്നിയപോലെ പ്രവര്‍ത്തിക്കുന്നവരായി ഇവര്‍ പരിണമിച്ചിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മറവില്‍ മാഫികളും കോര്‍പറേറ്റ് മൂലധനശക്തികളും പടര്‍ന്ന് പന്തലിക്കുന്നത്. കോര്‍പറേറ്റുകളെ എതിര്‍ക്കുമ്പോഴും ശക്തമായി കോര്‍പറേറ്റുകളെ പിന്തുണക്കുന്നു. ഉദാരവത്ക്കരണത്തെ തള്ളിപ്പറയുമ്പോഴും ഉദാരവത്കരണത്തിന്റെ പിറകിലാണ്.
ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവലംബിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെഴുതിയ കാറല്‍മാര്‍ക്‌സ് സ്വപ്‌നത്തില്‍പോലും കണ്ടിരിക്കില്ല. എങ്കിലും, ഈ വഴിയിലൂടെ സഞ്ചരിച്ച് ലോക്‌സഭയില്‍ ആദ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിത്തീര്‍ന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി. പാര്‍ട്ടിക്കുള്ളില്‍ റഷ്യയെയും ചൈനയെയും ചൊല്ലി തര്‍ക്കമുണ്ടായി. അങ്ങനെ 1964-ല്‍ പാര്‍ട്ടി പിളര്‍ന്ന് സി.പി.ഐയും സി.പി.എമ്മുമായി. ഇന്ന് ലോക്‌സഭയില്‍ അഞ്ചംഗം മാത്രമുള്ള ഒരു പാര്‍ട്ടിയായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചുരുങ്ങിയിരിക്കുന്നു. ഭരണം ഉണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുക മാത്രമല്ല അടുത്ത കാലത്തൊന്നും തിരിച്ചുവരാനാവാത്തവിധം പാര്‍ട്ടി തകര്‍ന്നിരിക്കുന്നു. നൂറുകൊല്ലമായിട്ടും മൂന്ന് സ്റ്റേറ്റുകള്‍ ഒഴിച്ചാല്‍ ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകളില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാനുമായില്ല.
ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചകാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുവര്‍ണ്ണകാലമായിരുന്നു. അവര്‍ ഭരണത്തില്‍ കിങ്‌മേക്കറിന്റെ സ്ഥാനം വഹിച്ചിരുന്നുവെന്ന് മാത്രമല്ല, 2004ല്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടിയ 59 സീറ്റ് നേടാനായതും ഈ കാലഘട്ടത്തിലാണ്. ആണവ കരാറിന്റെ കാര്യം പറഞ്ഞ് യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചതോടെ ഇടതുപക്ഷ പാര്‍ട്ടികളുടെ കഷ്ടകാലം തുടങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയെ എതിര്‍ത്തു കോണ്‍ഗ്രസിന് ബദലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരികയും ആധിപത്യം ഉറപ്പിക്കുകയും ചെയ്യുക എന്ന നയവും തന്ത്രവും പ്രവര്‍ത്തന ശൈലിയുമാണ് സി.പി.എം സ്വീകരിച്ചുപോന്നിട്ടുള്ളത്. ഈ ഒരു നയം നിമിത്തം ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ത്തു മുന്നേറുക എന്ന ലക്ഷ്യം പശ്ചിമബംഗാളില്‍ ആദ്യം വിജയം കണ്ടെങ്കിലും പിന്നീടത് പാളുക മാത്രമല്ല, സി.പി.എമ്മിന്റെ പ്രവര്‍ത്തനഫലമായി അവിടെ പ്രാദേശിക പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുകയും ചെയ്തു. ഇതേനയം ത്രിപുരയില്‍ സ്വീകരിച്ചതിന്റെ ഫലമായി ബി.ജെ.പിക്ക് ഭരണത്തില്‍ എത്താനായി.
1984-ലെ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുമായാണ് ബി.ജെ.പി പാര്‍ലമെന്റില്‍ രംഗപ്രവേശനം ചെയ്തത്. 1989-91ലെ ലോക്‌സഭയില്‍ ബി.ജെ.പിയും ഇടതുപക്ഷവും വി.പി സിങ് മുന്നണി ഭരണത്തിലെത്താന്‍ ഒന്നുപോലെ സഹകരിച്ചതിന്റെ ഫലമായി 86 സീറ്റ് ബി.ജെ.പി നേടി. അന്ന് കോണ്‍ഗ്രസിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണം ബി.ജെ.പിയുടെ സീറ്റ് വര്‍ധനവിനു പ്രധാന കാരണമായി. രണ്ട് സീറ്റില്‍ നിന്നു തുടങ്ങി പടിപടിയായി ഉയര്‍ന്ന് ഭരണത്തിലെത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ കോണ്‍ഗ്രസ് വിരുദ്ധപ്രചാരണവും നിലപാടുകളുംകൂടി ബി.ജെ.പിക്ക് സഹായകരമായിത്തീര്‍ന്നു. ഇടതുപക്ഷങ്ങളുടെ മുന്‍നിലപാടുകള്‍ ബി.ജെ.പിയെ വളര്‍ന്ന് പന്തലിക്കാന്‍ സഹായിച്ചതാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറുവര്‍ഷത്തെ ബാക്കിപത്രം.
സൈദ്ധാന്തിക-രാഷ്ട്രീയ-സംഘടനാ വിഷയങ്ങളിലെ നൂറു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ പരാജയങ്ങള്‍ ഒത്തിരി നിരത്താനുണ്ട്. സൈദ്ധാന്തികത നോക്കിയാല്‍ സര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട വന്‍ തിരിച്ചടികളെ ഇനിയും മറികടക്കാന്‍ കഴിയാതെയായിരിക്കുന്നു. രാഷ്ട്രീയമായി നോക്കിയാല്‍ പാര്‍ട്ടിക്ക് തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും ജനാധിപത്യകേന്ദ്രീകരണസ്വഭാവവും നഷ്ടപ്പെട്ടിരിക്കുന്നു. വര്‍ഗരാഷ്ട്രീയത്തിന്റെ ചലനാത്മകത വിട്ടൊഴിഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ മാലിന്യകൂമ്പാരത്തില്‍ പുതഞ്ഞുനില്‍ക്കുന്നു. സൈദ്ധാന്തിക രംഗത്തെ വെല്ലുവിളികളെ നേരിടുന്നതിലും ജനാധിപത്യ വിപ്ലവ പാത ഒരുക്കുന്നതിലും പാര്‍ട്ടി രാഷ്ട്രീയമായി പരാജയപ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ നിലപാടുകളിലേക്ക് പാര്‍ട്ടി അധഃപതിക്കുകയും ചെയ്തിരിക്കുന്നു. ദേശീയ സാഹചര്യങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശരിയായി വിലയിരുത്താനോ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ അവക്കനുസരിച്ച് രാഷ്ട്രീയലൈന്‍ വികസിപ്പിക്കാനോ കഴിയാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് ഇക്കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ദര്‍ശിക്കാനാവുന്നത്. ജനകീയ ജനാധിപത്യവിപ്ലവ പാര്‍ട്ടിയായി മാറുന്നതില്‍ പരാജയപ്പെട്ടു. ഇന്നത്തെ പതനത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് പാര്‍ട്ടി ശരിയായി വിലയിരുത്തുന്നുമില്ല. കോര്‍പറേറ്റ് കൊള്ളയും വര്‍ഗീയവത്കരണവും അടിച്ചമര്‍ത്തലുകളും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ ചോര്‍ച്ചയും നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയുന്നുള്ളൂ. നവ ഉദാരീകരണവും കോര്‍പറേറ്റുകളുമായി കൈകോര്‍ത്തുള്ള വികസന സങ്കല്‍പവുമാണ് നവകേരളമെന്നപേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വപ്‌നം കാണുന്നത്. കോര്‍പറേറ്റുപദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കുന്നതിനും ബഹുരാഷ്ട്ര കുത്തകളുടെ പ്രകൃതി ചൂഷണത്തിനു കൂട്ടുനില്‍ക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മടിയും കാണിക്കുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകരെയും കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരരംഗത്ത്‌വരുന്നവരെയും വികസന വിരോധികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നു.
സംഘടനപരമായി വിലയിരുത്തിയാല്‍ സമ്പാദ്യത്തോടുള്ള ആര്‍ത്തി പുരളാത്ത ഒരു നേതാവും സി.പി.എമ്മില്‍ ഇല്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നണി പോരാളികളാകേണ്ട പാര്‍ട്ടി അംഗങ്ങളെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ അറപ്പാണ് തോന്നുക. വൈരുധ്യാത്മക ഭൗതികവാദവും മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കമ്യൂണിസ്റ്റുകാരന്റെ വേദപുസ്തകങ്ങളാണെന്നറിയാത്തവരാണ് ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും. ഇവരില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കണ്ടിട്ടുള്ളവര്‍ ചുരുങ്ങും. പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മോഹവലയത്തിലാണ്. ഏതെങ്കിലുമൊരു പാര്‍ലമെന്ററി ജനാധിപത്യത്തിലെ സീറ്റില്‍ കണ്ണും നട്ടാണ് ഓരോ കമ്യൂണിസ്റ്റുകാരനും പാര്‍ട്ടിയില്‍ തുടരുന്നത്. താഴെതട്ടിലെ സഖാക്കള്‍ താഴെ തട്ടിലുള്ള പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പണം ആര്‍ജ്ജിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് ഇവര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. അതിനായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെയും സഹകരണസ്ഥാപനങ്ങളെയും കൃത്യമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
നൂറു വര്‍ഷത്തിനിടയില്‍ കാട്ടികൂട്ടിയ മണ്ടത്തരങ്ങള്‍ നിരവധിയുണ്ടെങ്കിലും അവയില്‍ ചുരുക്കം ചിലത് ശ്രദ്ധേയമാണ്. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. യു.പി.എ സര്‍ക്കാരില്‍ കിട്ടാവുന്ന ഭരണപങ്കാളിത്തം വേണ്ടെന്നുവെച്ചു. ആണവ കരാറിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ശ്രീനാരായണഗുരുവിനെ സിമന്റ് ദൈവമെന്ന് വിളിച്ച് അണികള്‍ കളിയാക്കി. ഗുരുവിനെ ബൂര്‍ഷ്വ പരിഷ്‌ക്കാരിയെന്ന് വിളിച്ച് അക്ഷേപിച്ചു. കുമാരനാശനെ ബ്രിട്ടീഷ് ഏജന്റാണെന്ന് വിളിച്ചുകൊച്ചാക്കി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു. ഇന്ത്യന്‍ ഭരണഘടന ബൂര്‍ഷ്വാ ഭരണഘടനയാണെന്ന് വിളിച്ചുപറഞ്ഞു. കോടതിയെ ബൂര്‍ഷ്വാ കോടതിയെന്ന് വിളിച്ച് അക്ഷേപിച്ചു. ജനമനസ്സുകളില്‍ നിന്നും അകന്നു. ഏറെകൊട്ടിഘോഷിക്കുന്ന ഭൂ പരിഷ്‌ക്കരണം ദലിതരോടുകാണിച്ച വഞ്ചനയാണ്. ഭൂരിപരിഷ്‌കരണ നിയമത്തില്‍ ഭൂമിയില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് കൃഷിഭൂമി പറഞ്ഞിട്ടില്ലായിരുന്നു. പാട്ടകുടിയാന്‍മാര്‍ക്കാണ് കൃഷിഭൂമി ഈ നിയമത്തില്‍ പറഞ്ഞത്. ഭൂമിയില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകന്‍ പാട്ടകുടിയാനല്ലായിരുന്നു. ഈ നിയമത്തിലൂടെ ഭൂമിയില്‍ പണിയെടുത്തിരുന്ന ദലിതരെ കോളനികളിലേക്കും ആറ്റിന്‍ പുറമ്പോക്കുകളിലേക്കും മൊട്ടകുന്നുകളിലേക്കും ഒതുക്കി.
ഈ വ്യവസ്ഥിതി തകര്‍ന്ന് ഉടന്‍ അതിന്‍മേല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് പറഞ്ഞു നടന്നവര്‍ക്ക് ഇനി ഒരടിമുന്നോട്ടുപോകാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ ചെന്നുമുട്ടി നില്‍ക്കുന്നു. നൂറു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനക്രമങ്ങളെ ശരിയായും ശാസ്ത്രീയമായും വിലയിരുത്തി രാഷ്ട്രീയമായി മുന്നോട്ടുപോകുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ഇന്ത്യയില്‍ അവശേഷിക്കുന്ന കേരളത്തിലെ ഭരണം അഴിമതിയിലും മാഫിയ ബന്ധങ്ങളിലുംപെട്ട് ഉഴലുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ അവസാനത്തെ ഭരണമായി കേരളം മാറാനാണ് സാധ്യത.