പി. ഇസ്മായില്‍ വയനാട്
കോവിഡിനെതിരായി മികച്ച പോരാട്ടം നടത്തിയ ജസീന്ത ആര്‍ഡന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് ന്യൂസിലാന്റിലെ പൊതു തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയമാണ് വോട്ടര്‍മാര്‍ സമ്മാനിച്ചത്. 49.2 ശതമാനം വോട്ടുകളോടെ 120 സീറ്റില്‍ 64 സീറ്റുകളും ജസീന്തയുടെ പാര്‍ട്ടി സ്വന്തമാക്കി. ലേബര്‍ പാര്‍ട്ടിയുടെ സഖ്യകക്ഷികളായ ഗ്രീന്‍ പാര്‍ട്ടി 7.6 ശതമാനവും ഫസ്റ്റ് പാര്‍ട്ടി 2.6 ശതമാനം വോട്ടും നേടിയിട്ടുണ്ട്. 80 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുപോലെ വ്യക്തമായ മുന്‍തൂക്കം ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ലെന്നാണ് വെല്ലിങ്ടണ്‍ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകനായ ബ്രൈസ് എഡ്വാര്‍ഡിന്റെ വിലയിരുത്തല്‍. ആനുപാതിക വോട്ടിങ് സമ്പ്രദായം നടപ്പിലാക്കിയതിന്‌ശേഷം ന്യൂസിലാന്റില്‍ ആദ്യമായാണ് ഒരു കക്ഷിക്ക് ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടുന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിംകളില്‍ കൂട്ടക്കൊല നടന്നപ്പോള്‍ ഇരകളെ ചേര്‍ത്തുപിടിച്ചതിന്റെയും പരിസ്ഥിതി വിഷയത്തിലെ നിലപാടിന്റെയും പേരിലായിരുന്നില്ല ജസീന്ത വോട്ടുകള്‍ ചോദിച്ചത്. കോവിഡിന്റെ സാമൂഹ്യ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ തന്റെ സര്‍ക്കാര്‍ ചെയ്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജനകീയ കോടതിയില്‍ ജസീന്തയും ലേബര്‍ പാര്‍ട്ടിയും ചര്‍ച്ചയാക്കിയത്. പൊതുതെരഞ്ഞെടുപ്പിനെ ജസീന്ത വിശേഷിപ്പിച്ചത് പോലും കോവിഡ് തെരഞ്ഞെടുപ്പ് എന്നായിരുന്നു.
അമേരിക്കയും ബ്രിട്ടനുമടക്കം ലോകത്തെ മുന്‍നിര രാഷ്ട്രങ്ങള്‍ കോവിഡിനുമുന്നില്‍ പകച്ചു നിന്നപ്പോഴാണ് ജസീന്ത ആര്‍ഡന്‍ ന്യൂസിലാന്റിനെ കഴിഞ്ഞ ജൂണ്‍ എട്ടിന് കോവിഡ് മുക്ത രാഷ്ട്രമായി പ്രഖ്യാപിച്ചത്. ന്യൂസിലാന്റിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ഇതുവരെയായി 1569 കോവിഡ് കേസുകളും 25 മരണവുമാണ് അവിടം സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 50 മാത്രമാണ്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റിന്റെ നേട്ടത്തില്‍ ഇതത്ര വലിയ കാര്യമില്ലന്ന് പറയുന്നവര്‍ സമാനമായ അവസ്ഥയിലുള്ള അയര്‍ലണ്ടില്‍ 25,000 ത്തോളം ആളുകള്‍ രോഗബാധിതരായതും 2000 ത്തോളം പേര്‍ മരിച്ചതും അറിഞ്ഞില്ലെന്ന് നടിക്കുന്നവരാണ്. മാസ്‌ക് ധരിച്ചും ആളകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ലോകത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളും കോവിഡിനോട് എട്ട് മാസമായി യുദ്ധം ചെയ്യുമ്പോഴാണ് കഴിഞ്ഞ വാരത്തില്‍ 30000 ത്തോളം വരുന്ന ജനകൂട്ടത്തെ ന്യൂസിലാന്റിലെ വെല്ലിങ്ടണ്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ബ്ലെഡിസ്ലോ കപ്പിനായുള്ള റഗ്ബി മത്സരം കാണാനാണ് ആള്‍ക്കൂട്ടം തടിച്ചുകൂടിയത്. ഏഴു മാസത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യത്തെ മത്സരമാണ് സ്റ്റേഡിയത്തില്‍ നടന്നതെന്ന് ന്യൂസിലാന്റ് ഹെറാള്‍ഡ് അഭിപ്രായപ്പെട്ടത്. റസ്റ്റോറന്റുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സ്റ്റേഡിയങ്ങളും തുറക്കുകയും പൊതുഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തുകൊണ്ട് കോവിഡിന്മുമ്പുള്ള ജീവിതത്തിലേക്ക് കിവീസ് ജനതക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡിന്റെ തുടക്കംമുതല്‍ സര്‍ക്കാര്‍ തീര്‍ത്ത പ്രതിരോധമാണ് ജനജീവിതം സാധാരണ നിലയിലെത്തിച്ചത്. ലോകതലത്തില്‍ മറ്റു രാജ്യങ്ങള്‍ ചെയ്തതുപോലെ അതിര്‍ത്തികളില്‍ നിയന്ത്രണവും സമ്പൂര്‍ണ്ണ ലോക്ക്ഡൗണുംപരിശോധനയും ക്വാറന്റൈനുമൊക്കെയാണ് ന്യൂസിലാന്റില്‍ ജസീന്തയുടെ ഭരണകൂടവും നടപ്പിലാക്കിയത്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി ശാസ്ത്രജ്ഞനായ മിഷേല്‍ ഡിക്കന്‍സിനൊപ്പം നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനം അന്താരാഷ്ട്ര തലത്തില്‍വരെ ശ്രദ്ധിക്കുകയുണ്ടായി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവരോടും കോവിഡ് നിയമം ലംഘിച്ചവരോടും ജസീന്ത ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറായില്ല. കോവിഡ് നിയമം ലംഘിച്ച ആരോഗ്യ മന്ത്രി ഡേവിഡ് ക്ലര്‍ക്കിന് രാജിവെക്കേണ്ടി വന്നത് ഉദാഹരണമാണ്. കോവിഡിനെ ഫലപ്രദമായി എങ്ങിനെ നേരിടാമെന്ന് മാതൃക തീര്‍ത്തതില്‍ ജസീന്തയെ അഭിനന്ദിച്ചും രണ്ടാം ഇന്നിങ്‌സിന് ആശംസ അറിയിച്ചും കേരളത്തിന്റെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ ട്വീറ്റ് ചെയ്യുമ്പോള്‍ മറുതലക്കലില്‍നിന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദനന്‍ കേരളത്തിലെ കോവിഡ് പാളിച്ചയെ പറ്റിയാണ് ചോദിക്കുന്നത്. കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ അന്താരാഷ്ട്ര മാര്‍ഗരേഖക്ക് വിരുദ്ധമായ കാര്യങ്ങളാണ് പിണറായി സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളിലും കാണുന്നത്. ഓരോ ദിവസവും രാവിലെ 11 മണി വരെ പോസിറ്റീവ് ആകുന്ന രോഗികളുടെ കണക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്തകളില്‍ കേള്‍ക്കാറുള്ളത്. അന്നേദിവസം രോഗബാധിതരാവുന്നവരെ അടുത്ത ദിവസത്തെ കണക്കിലാണ് ചേര്‍ത്താറുള്ളത്. മരണക്കണക്കിലും ഈ മറിമായം കാണാന്‍ കഴിയും. കാന്‍സര്‍ പോലുള്ള രോഗങ്ങളുള്ളവര്‍ കോവിഡ് ബാധിച്ചു മരിക്കുമ്പോള്‍ അവ കോവിഡ് മരണമായി കണക്കാക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്‌പോലും കോവിഡ് പ്രതിരോധത്തില്‍ മികവുറ്റ സര്‍ക്കാര്‍ എന്ന ഖ്യാതിക്കായി സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. കോവിഡ് രോഗബാധ മൂലം മരണമടയുന്ന വ്യക്തികളുടെ മൃതദേഹ സംസ്‌കരണത്തിന്റെ കാര്യത്തിലും ആരോഗ്യ വകുപ്പ് ഇരട്ടത്താപ്പ് തുടരുകയാണ്. ഉറ്റവര്‍ക്ക് മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം പോലും കേരളീയര്‍ക്കില്ല. സെപ്തംബറില്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ക്ക് നല്‍കിയ അനുമതിയും ഇവിടെ യാഥാര്‍ത്ഥ്യമായിട്ടില്ല. എന്‍ 95 മാസ്‌കും കാല്‍ മറക്കുന്ന ബൂട്ടും ഉള്‍പ്പെടെയുള്ള പി.പി.ഇ കിറ്റുകള്‍ ധരിച്ച വ്യക്തികള്‍ക്ക് മൃതദേഹത്തെ കുളിപ്പിക്കാനും വസ്ത്രം മാറ്റാനും മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥയുണ്ട്. ബോഡി ബാഗിലാക്കിയശേഷം മാസ്‌കും ഗ്ലൗസും ധരിച്ച വളണ്ടിയര്‍മാര്‍ വഴി ബന്ധുക്കള്‍ക്ക് മുഖം കാണാനും അവസരം നല്‍കണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത്. കോവിഡ് രോഗബാധിതരായി മരിക്കുന്നവര്‍ക്ക് സ്വന്തം മതവിശ്വാസ പ്രകാരമുള്ള മൃതദേഹ പരിപാലനം പോലും ഒരു മാസമായിട്ടും യാഥാര്‍ത്ഥ്വമാക്കാന്‍ കഴിയാത്തവര്‍ക്ക് ജസീന്തയെ അഭിനന്ദിക്കാന്‍ എന്തവകാശമാണുള്ളത്. ആറന്‍മുളയില്‍ കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടതും പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ച് കോവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കിയതും കോവിഡ് ഡ്യൂട്ടിയിലേര്‍പ്പെട്ട പൊലീസ് സേനക്കാര്‍ക്കായി പ്രഖ്യാപിച്ച കോവിഡ് വാരിയര്‍ പതക്കത്തിന് പൊലീസുകാരില്‍ നിന്ന് പണം ഈടാക്കിയതടക്കമുള്ള എത്രയോ പാളിച്ചകളാണ് ആരോഗ്യവകുപ്പില്‍ നടമാടിയത്. ഇത്രത്തോളം വീഴ്ച വരുത്താത്ത ഡേവിഡ് ക്ലര്‍ക്കെന്ന ആരോഗ്യമന്ത്രിയെ മാറ്റിനിര്‍ത്തിയ ജസീന്തയെ അഭിനന്ദിക്കാന്‍ ടീച്ചര്‍ക്ക് എങ്ങിനെ സാധിച്ചുവെന്നാണ് മലയാളികള്‍ അത്ഭുതം കൂറുന്നത്. ഞങ്ങളുടെ കോവിഡ് പ്രതിരോധം ബഹു കേമമാണെന്ന് നമ്മള്‍ മാത്രം പറഞ്ഞതുകൊണ്ടായില്ലല്ലോ. കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക തീര്‍ത്തവരെ ജനങ്ങള്‍ വാരിപ്പുണരുന്നത്‌പോലെ കണക്കില്‍ കൃത്രിമം കാട്ടി മികവ് അവകാശപ്പെടുന്നവരെ മാറ്റിനിര്‍ത്താനും ജനങ്ങള്‍ക്ക് കഴിയും.