എ.എ വഹാബ്
ജീവിത പരീക്ഷണങ്ങള്‍, അതിന് വിധേയരാവാത്തവരായി ഭൂമുഖത്ത് ആരും ഇല്ല. അനന്തമായ ജീവിതത്തിന്റെ ഒന്നാം പാദമാണ് ഭൗതിക കാലം. അതു പരീക്ഷണ ഘട്ടമായാണ് അല്ലാഹു നിശ്ചയിച്ചത്. ജീവനും ജീവിതവും വിഭവങ്ങളും ഒക്കെ നല്‍കുന്നത് ഏകനും സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവാണ്. വിജയത്തിനായി അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അവന്‍ നല്‍കിയിട്ടുണ്ട്. അവയെ അറിയുകയും അതില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള തൗഫീഖിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് മനുഷ്യന് ചെയ്യാനുള്ളത്. അനുഭവങ്ങളിലൂടെ വിശ്വാസ പ്രഖ്യാപനത്തിന്റെ സത്യാസത്യം പുറത്തുകൊണ്ടുവരിക എന്നത് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണ്.
പരീക്ഷണങ്ങളെന്നു പറയുമ്പോള്‍ മനുഷ്യന് ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് നമ്മുടെ മനസ്സുകളില്‍ ആദ്യം ഓടിയെത്തുന്നത്. പക്ഷേ, ഖുര്‍ആന്‍ പഠിപ്പിക്കുന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ‘തിന്മ, നന്മകള്‍ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്, നമ്മുടെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (വിശുദ്ധ ഖുര്‍ആന്‍ 21:35).
ഭൂതല ജീവിതത്തില്‍ മനുഷ്യനുണ്ടാകുന്ന നന്മകളും തിന്മകളും പരീക്ഷണങ്ങളാെണന്നര്‍ത്ഥം. ‘അവനാണ് നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പല പദവികളില്‍ അവര്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് വേഗത്തില്‍ ശിക്ഷാനടപടി എടുക്കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു (6: 165) നന്മകള്‍ നല്‍കിയുള്ള ദൈവിക പരീക്ഷണം ദോഷങ്ങള്‍ നല്‍കിയുള്ള പരീക്ഷണത്തെക്കാള്‍ കഠിനവും അപകട സാധ്യത നിറഞ്ഞതുമാണ്. കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ നടക്കുകയും വിഭവങ്ങള്‍ സുലഭമായി ലഭിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യമനസ്സ് ആലസ്യത്തിലാവുകയും തന്റെ മിടുക്ക് കൊണ്ട് നേടിയതാണെന്ന ചിന്ത ഉതിരുകയും ദാതാവിനെ മറക്കുകയും ചെയ്യും.
മനസ്സിന്റെ പ്രകൃതം അതാണ്. അത്തരക്കാര്‍ അതിക്രമികളാവുമെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ‘തന്റെ ദാസന്മാര്‍ക്ക് അല്ലാഹു വിഭവം വിശാലമാക്കികൊടുത്തിരുന്നുവെങ്കില്‍ ഭൂമിയിലവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇറക്കി കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെക്കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു’ (42:27). മനസ്സിന്റെ സൃഷ്ടാവായ സര്‍വജ്ഞാനിയുടെ പ്രഖ്യാപനമാണിത്.
വിവരിക്കാതെ വ്യക്തമാണ് ഏറെ ആഴത്തിലുള്ള ഈ സൂക്തത്തിന്റെ അര്‍ത്ഥ തലങ്ങള്‍. അതിക്രമികളെ അല്ലാഹു എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നു കളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീര്‍ന്നു.
അങ്ങനെ ആ അക്രമികളായ ജനത നിശേഷം നശിപ്പിക്കപ്പെട്ടു. ലോക രക്ഷിതാവായ അല്ലാഹുവിന് സ്തുതി (6:44,55). ഈ യാഥാര്‍ത്ഥ്യത്തിന് ലോക ചരിത്രത്തില്‍ ഒരു പാട് സാക്ഷ്യങ്ങളുണ്ട്. പലതും ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞു മനുഷ്യന് ഉല്‍ബോധനം നല്‍കുന്നുണ്ട്. അതിലൊന്നാണ് അധികാരവും സമ്പത്തും മറ്റു വിഭവങ്ങളും നല്‍കപ്പെട്ട ഫറോവയുടെയും പ്രഭൃതികളുടെയും പതനത്തിന്റെ കഥ. ‘എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്. കൃഷിയിടങ്ങളും ഉന്നതമായ പാര്‍പ്പിടങ്ങളും ആഹ്ലാദപൂര്‍വം അവരനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍! അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു.
അപ്പോള്‍ അവരുടെ (പതനത്തിന്റെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇട കൊടുക്കപ്പെടുകയുമുണ്ടായില്ല’ (44:25-29). ദൈവിക മാര്‍ഗദര്‍ശനം പാലിക്കാത്തവന് ലഭിക്കുന്ന സുഭിക്ഷത അവന് നഷ്ടവും ആപത്തുമല്ലാതെ വരുത്തിവെക്കുകയുമില്ല. അവനെത്ര ദീര്‍ഘമായി അതൊക്കെ ആഹ്ലാദകരമായി ഇവിടെ അനുഭവിച്ചാലും ശരി. ദൗര്‍ലഭ്യത കൊണ്ടുള്ള പരീക്ഷണം പ്രത്യക്ഷത്തില്‍ ദോഷവും വേദനാജനകവുമായി അനുഭവപ്പെട്ടേക്കാം. അത്തരം പരീക്ഷണങ്ങളെക്കുറിച്ചു അല്ലാഹു പറയുന്നു. ‘ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേനെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുക.
തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ (ആ ക്ഷമാശീലര്‍) പറയുക. ‘ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്, അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്’ എന്നായിരിക്കും. അവര്‍ക്കാണ് രക്ഷിതാവില്‍ നിന്നുള്ള കാരുണ്യവും അനുഗ്രഹവും ലഭിക്കുന്നത്. അവരാണ് സന്മാര്‍ഗം പ്രാപിച്ചവര്‍ (2:155-157). കഷ്ടനഷ്ടങ്ങളും വിഭവക്കമ്മിയും അനുഭവപ്പെടുമ്പോള്‍ സത്യവിശ്വാസിക്കറിയാം അല്ലാഹുവിന്റെ അനുമതി കൂടാതെ തന്നെ ഒരു ആപത്തും ബാധിക്കുകയില്ലെന്ന്. അവനില്‍ വിശ്വസിക്കുന്നവരുടെ ഹൃദയത്തെ സന്മാര്‍ഗത്തിലൂടെ നയിക്കാം എന്നത് അവന്റെ വാഗ്ദാനമാണ്. ഈ ചിന്ത അവന് ആശ്വാസവും സമാധാനവും ക്ഷമയും നല്‍കും. ക്ഷമയോടൊപ്പം പ്രാര്‍ത്ഥനയുമായി അവന്‍ രക്ഷിതാവിന്റെ സഹായം തേടുക.
അതാണ് സത്യവിശ്വാസികള്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. അതവന് കൂടുതല്‍ സന്മാര്‍ഗവും കരുത്തും നല്‍കും. ജീവിതാവസാനം വരെ അങ്ങനെ നീണ്ടാല്‍ പോലും അവന്‍ ആ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കും. അല്ലാഹുവിന്റെ തൃപ്തിയും അനന്ത സൗഭാഗ്യങ്ങളുള്ള നിത്യാനന്ദത്തിന്റെ സ്വര്‍ഗമാണ് അവനുള്ള പ്രതിഫലം. അപ്പോള്‍ പ്രയാസങ്ങളും ദു:ഖവും നല്‍കുന്ന പരീക്ഷണങ്ങള്‍ നല്‍കപ്പെടുന്നത് മനുഷ്യന്റെ ഉത്തമമായ ജീവിത വിജയത്തിനുള്ള സംരക്ഷണമാണ.്
അല്‍പ്പം ആഴത്തില്‍ ആലോചിച്ചാലേ ഇത് ഉള്‍ക്കൊള്ളാനാവൂ. കഷ്ടപ്പാടും ദുരിതവും കൊണ്ട് അല്ലാഹു മനുഷ്യരെ പിടികൂടുന്നത് അവര്‍ വിനയ ശീലരാവാനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (6:42). മനുഷ്യ മനസ്സിന്റെ പ്രകൃതം അറിയുന്ന അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണിത്. സുഭിക്ഷത നല്‍കുന്ന അഹന്തയും പൊങ്ങച്ചവും താന്‍പോരിമയും മിഥ്യാ സങ്കല്‍പ്പങ്ങളും ഇല്ലാതാക്കാനും മനസ്സിനെ ശുദ്ധീകരിച്ച് നന്മകള്‍ പുറത്തെടുക്കാനും ഇതനിവാര്യമാണ്. പ്രവാചകന്മാരാണ് അത്തരത്തില്‍ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരാവുക എന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്. അതിന് ധാരാളം ഉദാഹരണങ്ങളും ഖുര്‍ആന്‍ നിരത്തുന്നുണ്ട്.
മൊത്തം ജനത്തില്‍ അധികമാളുകളും കഷ്ടപ്പാടും ദുരിതവും വേദനയും ഒക്കെയുള്ള പരീക്ഷണങ്ങളിലാണ് പെടുക എന്നത് ഏറെ ശ്രദ്ധേയമാണ്. പരീക്ഷണങ്ങള്‍ കൊണ്ട് അടിമകളെ നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച് അവരെ ശുദ്ധീകരിച്ച് ഉന്നതങ്ങളില്‍ എത്തിക്കാനാണ് അവ. അപ്പോള്‍ സത്യവിശ്വാസികള്‍ക്ക് പരീക്ഷണങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള വേഷം മാറിയെത്തുന്ന അനുഗ്രഹങ്ങളാണ്.
ഈ യാഥാര്‍ത്ഥ്യം മനുഷ്യമനസ്സിന് ബോധ്യമായാല്‍ കാര്യങ്ങളെ ശാന്തതയോടും സംതൃപ്തിയോടും സ്വീകരിക്കാന്‍ അവന് കഴിയും. ദുനിയാവിലും ആഖിറത്തിലും ജീവിതം നല്ലതും നന്മ നിറഞ്ഞതുമാവും. സത്യവിശ്വാസിയാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിക്കുന്നുണ്ടോ? എന്ന ഗൗരവമായ ഒരു ചോദ്യം ഖുര്‍ആന്‍ നമ്മോട് ചോദിക്കുന്നുണ്ട് (29:1).