X

രാജ്യാഭിമാന രക്ഷക്ക് ആത്മാഭിമാന യൗവനം

കെ.എം അബ്ദുല്‍ ഗഫൂര്‍

ഇന്ത്യന്‍ ജനാധിപത്യ, മതേതര വ്യവസ്ഥിതി ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത വെല്ലുവിളികള്‍ക്കു മധ്യേയാണ്. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ ഈ വെല്ലുവിളി കൂടുതല്‍ ശക്തമായിരിക്കുന്നു. ദേശീയതക്ക് പുതിയ നിര്‍വചനങ്ങള്‍ ചമക്കുന്ന സംഘ്പരിവാരമാണ് രാജ്യത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നതെന്നത് ഈ സന്ദര്‍ഭത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യം ഇത്രയും ആപത്കരമായ ഒരു ഘട്ടത്തെ അഭിമുഖീകരിച്ചിട്ടില്ല. വര്‍ഗീയ കലാപങ്ങളും സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍ കനത്തതോതില്‍ രൂപപ്പെട്ടിരുന്നുവെങ്കിലും യുഗപ്രഭാവരായ രാഷ്ട്ര നേതാക്കള്‍ ജനങ്ങളെ ഒരുമിച്ചുനിര്‍ത്തി ആ കടമ്പകളെല്ലാം തരണം ചെയ്തു. പക്ഷേ ഇന്ന് രാഷ്ട്രത്തിന്റെ ഭരണ നേതൃത്വം തന്നെ ജനങ്ങളെ വിഭജിച്ചു നിര്‍ത്തുമ്പോള്‍ ജനകീയമായ പ്രതിരോധങ്ങള്‍ മാത്രമാണ് പരിഹാരം.

 
ഇത്തരമൊരു സങ്കീര്‍ണ സന്ധിയിലാണ് ‘രാജ്യാഭിമാനം കാക്കുക; ആത്മാഭിമാനം ഉണര്‍ത്തുക’ എന്ന പ്രമേയവുമായി മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഈ മുദ്രാവാക്യം ഏറ്റെടുത്ത് മുസ്‌ലിം യൂത്ത്‌ലീഗിന്റെ കര്‍മ്മ നിരയില്‍ആവേശപൂര്‍വം അണിചേര്‍ന്ന, ചിന്തയും ഊര്‍ജവുമുള്ള പുതു തലമുറ യൗവനം നവംബര്‍ 10,11,12 തിയ്യതികളില്‍ കോഴിക്കോട് സംഗമിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനത പ്രതിസന്ധികള്‍ക്കു മുഖാമുഖം നില്‍ക്കുമ്പോള്‍ പ്രതീക്ഷയുടെ പച്ചത്തുരുത്താകുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം ആശയംകൊണ്ടും ആള്‍ ബലം കൊണ്ടും യുവജന രാഷ്ട്രീയത്തില്‍ ഒരു ചരിത്ര രേഖയാകും. രാജ്യത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളും യുവാക്കളുടെ ദേശീയോദ്ഗ്രഥന ചിന്തയും ചര്‍ച്ചക്ക് വിധേയമാക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഈ സമ്മേളനം.

 

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന പുതു തലമുറ ഗതകാല ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വര്‍ത്തമാന കാലത്തെ പുഷ്‌കലമാക്കുന്നവരായിരിക്കണമെന്ന ഹൃദയാഭിലാഷത്തിന്റെ മുദ്രാവാക്യമാണ് മുസ്‌ലിം യൂത്ത് ലീഗ് ഉയര്‍ത്തുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ജീവനുകള്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ആ ജന്മങ്ങളുടെ കുരുതിക്കളത്തിലാണ് ഇന്ന് കാണുന്ന ഇന്ത്യ പടുത്തുയര്‍ത്തിയിട്ടുള്ളത്. വൈവിധ്യങ്ങളുടെ ഈ മണ്ണ് ഏറെ പോറലുകളൊന്നും ഏല്‍ക്കാതെ ഏഴു പതിറ്റാണ്ട് പിന്നിടുകയാണ്. ഏഴ് വര്‍ഷം പോലും ഏകഭാവത്തോടെ തുടര്‍ന്ന് പോകില്ല ഈ രാജ്യം എന്നായിരുന്നു ഇവിടം വിട്ട് പോകുമ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ ആഗ്രഹിച്ചതും പ്രവചിച്ചതും.

 

മതകീയവും വംശീയവുമായ പിടിവാശികള്‍ കൊണ്ട് ഉപദേശീയതകള്‍ രൂപപ്പെട്ട് വരികയും രാജ്യത്തിന്റെ ഏകീകൃത രൂപം വലിച്ച് ചീന്തപ്പെടുകയും ചെയ്യുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചത്. എന്നാല്‍ ബഹുസ്വരതയുടെ ഈ മാതൃക പതിറ്റാണ്ടുകളായി അഭിമാനത്തോടെ ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.മതേതര ഇന്ത്യയെ കെട്ടിപ്പടുക്കുകയെന്ന ദൗത്യം ഏറെ സങ്കീര്‍ണ്ണമായിരുന്നുവെങ്കിലും ആ ശ്രമത്തില്‍ അന്നത്തെ നേതൃത്വം വിജയിക്കുക തന്നെ ചെയ്തു. ഓരോ പൗരനിലും ദേശ സ്‌നേഹം ഊട്ടിയുറപ്പിക്കാനുള്ള അവരുടെ പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണ്.ആര്‍.എസ്.എസ്സിന്റെ ജന്മം മുതല്‍ കേട്ട് തുടങ്ങിയ വാചകങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയിലേക്ക് ചേര്‍ത്ത് വെക്കാനുള്ള അവസാന മിനുക്ക് പണിയിലാണ്.

 

ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭരണകൂടത്തിന്റെ ശത്രുപക്ഷത്തേക്ക് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. ഭരണഘടനാ ശില്‍പികള്‍ ഉണ്ടാക്കിവെച്ച ചില ഉറപ്പുകള്‍ മാത്രമാണ് അവര്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്നത്. തങ്ങളുടെ മതവും സംസ്‌കാരവും ഭാഷയും സുരക്ഷിതമായിരിക്കുമെന്ന് അന്ന് ലഭിച്ച ആ ഉറപ്പിന്റെ പിന്‍ബലത്തില്‍ ജീവിക്കുന്ന ഒരു ദുര്‍ബല ജനതയായി മാറിക്കൊണ്ടിരിക്കുകയാണ് ന്യൂനപക്ഷ ജനവിഭാഗം.പതിറ്റാണ്ടുകളുടെ മതേതര പാരമ്പര്യത്തെ അറിയുമ്പോഴും കലാപങ്ങളില്‍ ജീവനൊടുങ്ങിപ്പോയ പതിനായിരക്കണക്കിന് കൂടപ്പിറപ്പുകളുടെ ഓര്‍മ്മ അവര്‍ പേറുന്നുണ്ട്. വിഭജനാനന്തര കലാപങ്ങള്‍ മുതല്‍, ഗുജറാത്ത് വംശഹത്യ വരെയുള്ള ഘട്ടങ്ങള്‍ വലിയ നഷ്ടങ്ങളുടേത് കൂടിയായിരുന്നു. ഫാസിസം രാജ്യം ഭരിക്കുന്ന വര്‍ത്തമാന കാലത്തെ മതേതര വിശ്വാസികള്‍ നോക്കിക്കാണുന്നത് ഭീതിയോട് കൂടിയാണ്.

 

സാംസ്‌കാരികവും സാമൂഹ്യവുമായ ഘടനാ മാറ്റങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രത്തിന്റെ അജണ്ടകള്‍ സംഘപരിവാര്‍ താല്‍പര്യത്താല്‍ പുനര്‍നിര്‍ണയിക്കുന്നു. ഗോ വധം നിരോധിക്കുകയെന്നത് ഒരു ദേശീയ മുന്‍ഗണനയായി മാറും വിധം ഭരണകൂടത്തില്‍ നിന്ന് തന്നെ തീരുമാനങ്ങള്‍ ഉണ്ടാവുന്നു. പൗരത്വം ജന്മസിദ്ധവും കര്‍മ്മപരവുമായ ഒന്നല്ല എന്നും മറിച്ച് അത് മതപരമായതാണ് എന്നും കണക്കാക്കപ്പെടുന്നു.

 

ഫാസിസ്റ്റുകളുടെ നിയന്ത്രണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് ചലിക്കുന്ന ഒരു ഗവണ്‍മെന്റ് നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ഫാസിസം കൊണ്ട് പുണ്ണ് പിടിക്കാത്ത തലച്ചോറുകളുള്ളവരെല്ലാം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ഉത്കണ്ഠയുള്ളവരാണ്. ഫാസിസത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ‘എന്റെ ജന്മമാണ് എന്റെ മാരകമായ അപകടം’ എന്ന രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ വരികള്‍ ഒരു സാധാരണ ദലിത് വിദ്യാര്‍ത്ഥിയുടെ ഒറ്റപ്പെട്ട ശബ്ദമല്ല. ആ ദുരന്തം ഉണ്ടാക്കിയ വിപ്ലവം ഇന്ത്യയാകെ പടര്‍ന്ന് പിടിക്കുകയാണ്.

 

രാജ്യത്താകമാനം ദുര്‍ബലരുടെ ഐക്യനിര രൂപപ്പെട്ട് വരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ആ പ്രതിരോധ സമര മുഖത്ത് കൈക്കോര്‍ക്കുകയെന്നതാണ് മതേതര വിശ്വാസിയായ ഓരോ യുവാവിന്റെയും രാഷ്ട്രീയ ഉത്തരവാദിത്തം. മതേതരത്വത്തിന്റെ മഹത്തായ മാതൃക ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച ഇന്ത്യാ മഹാരാജ്യം നാണക്കേട് കൊണ്ട് തല കുനിച്ച് നില്‍ക്കുമ്പോള്‍ യുവ സമൂഹത്തിന് ചിലതൊക്കെ നിര്‍വഹിക്കാനുണ്ട്. വര്‍ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും കെട്ടുകഥകള്‍ തകര്‍ക്കാനായിരുന്നല്ലോ ഗാന്ധിജി തോട്ടിപ്പണിക്കാരന്റെ ചൂലെടുത്തത്.
ന്യൂനപക്ഷ – ദലിത് – പിന്നാക്ക ജനവിഭാഗങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന അന്യവത്കരണത്തിന് അറുതി വരുത്തേണ്ടതുണ്ട്.

 

അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഢനങ്ങള്‍ക്കെതിരായി പ്രതിരോധം തീര്‍ക്കേണ്ടത് രാഷ്ട്രീയ പ്രബുദ്ധതയിലൂടെയാണ്. ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തിലിടപെടുകയാണ് കരണീയമായത്. ഈ മണ്ണ് എന്റേത് കൂടിയാണെന്ന ഉറച്ച വിശ്വാസം ഉള്ളില്‍ രൂപപ്പെടുത്തിയെടുക്കാനും ഉറക്കെ വിളിച്ച് പറയാനും രാഷ്ട്രീയ ഐക്യപ്പെടല്‍ അനിവാര്യമാണ്. മതവും ജാതിയും വര്‍ഗവും വര്‍ണ്ണവും കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന ഈ രാജ്യത്ത് അവകാശ സംരക്ഷണത്തിനു വേണ്ടി ന്യൂനപക്ഷങ്ങളും ഇതര പിന്നാക്ക ജനവിഭാഗങ്ങളും കൈകോര്‍ത്ത് മുന്നേറണം.

 
അഭിമാനകരമായ നിലനില്‍പ്പിന് വേണ്ടിയാണ് മുസ്‌ലിം ലീഗ് ഇന്ത്യാ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഒരു സംഘ ശക്തിയെന്ന നിലയില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ച് വരികയാണ്. എന്നാല്‍ മതേതരത്വം മുഖമുദ്രയാണെന്ന് അവകാശപ്പെടുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇതിനെ വര്‍ഗീയതയായി ചിത്രീകരിക്കുന്നു. ഇര പിടിക്കാനോടുന്ന വേട്ടപ്പട്ടിയും ജീവനു വേണ്ടി ശ്വാസകോശം തകര്‍ന്ന് പോകും വിധം മുന്നോട്ട് പായുന്ന മുയലും ഒരേ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് പറയുന്നത് പോലെ ക്രൂരമാണ് ഈ താരതമ്യം. മതേതര ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി മുസ്‌ലിം ലീഗ് രൂപപ്പെടുത്തിയെടുത്ത പ്രവര്‍ത്തന പദ്ധതികള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ജീവകാരുണ്യ മേഖലകളില്‍ ഈ പ്രസ്ഥാനത്തിന്റെ പദ്ധതികള്‍ സമാനതകളില്ലാത്തതാണെന്ന് രാഷ്ട്രീയ വിയോജിപ്പുകള്‍ക്കതീതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

 
ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത യുവജന പ്രസ്ഥാനമാണ് മുസ്‌ലിം യൂത്ത് ലീഗ്. കേരളത്തിന്റെ സാമൂഹിക സൗഹൃദത്തെ തകര്‍ക്കും വിധം വര്‍ഗീയത മുളപൊട്ടി വരുമ്പോള്‍ സമുദായത്തിനകത്തും പുറത്തും അതിനെതിരായി നിലപാടെടുക്കാന്‍ മുസ്‌ലിം യൂത്ത് ലീഗിന് സാധിച്ചിട്ടുണ്ട്. രാജ്യം അപകടകരമായ ഒരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ യുവാക്കളെ രാഷ്ട്രീയ മേഖലയില്‍ കര്‍മ്മനിരതരാക്കുകയാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ ദൗത്യം. അതിനായി അവരെ നാടിന്റെ ചരിത്രവും പാരമ്പര്യവും ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കണം. ദേശീയതയെ രാജ്യത്തിന്റെ ബഹുസ്വരതയുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനാകണം. ന്യൂനപക്ഷവും ഭൂരിപക്ഷവും ദലിതരും ആദിവാസികളും ഈ രാഷ്ട്രത്തിന്റെ പൗരന്‍മാരാണെന്ന് പറയാന്‍ സാധിക്കണം.

 

സ്വാതന്ത്ര്യ സമര പോരാട്ട കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഒരു ഘട്ടം സംജാതമായിട്ടുണ്ട്. സമാധാനപരവും ബുദ്ധിപരവുമായ ഒരു അതിജീവന സമരത്തിന് കാലമായിരിക്കുന്നു. അന്യവത്കരിക്കപ്പെട്ട ഇന്ത്യക്കാരന്റെ സ്വത്വം (സ്വാതന്ത്ര്യം, സര്‍ഗാത്മകത, അന്തസ്സ്) തിരിച്ച് പിടിക്കാനുള്ള പോരാട്ടമായാണ് ദേശീയ പ്രസ്ഥാനത്തെ ഗാന്ധിജി വിവക്ഷിച്ചത്. അങ്ങനെയുള്ള ഒരു പോരാട്ടത്തിന്റെ കളമൊരുങ്ങിയിരിക്കുന്നു. യുവാക്കള്‍ സമരസജ്ജരാകണം. ഫാസിസം നമ്മുടെ അടുക്കള വരെ വന്നെത്തി നില്‍ക്കുകയാണ്.

 
ഗാന്ധിജി വെടിയേറ്റു മരിക്കുന്നതിന് അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ ‘ബലിയര്‍പ്പിക്കപ്പെട്ട ജീവിതം’ എന്ന കവിതയിലെ വരികള്‍ ഇങ്ങനെയാണ്
‘ഭയത്തിന്റെ ശവക്കച്ചകളില്‍ പൊതിഞ്ഞ മനസ്സുമായി
തീര്‍ത്ഥാടകര്‍ അപ്പോള്‍ അന്യോന്യം ചോദിച്ചു:
നമ്മെ ഇനി ആരാണ് നയിക്കുക?’
കിഴക്കു നിന്ന് വന്ന വൃദ്ധന്‍ പറഞ്ഞു:
‘നാം ഇപ്പോള്‍ ആരെയാണ് വധിച്ചത്, അയാള്‍.’
മഹാത്മാവിനെ വെടിവെച്ച് കൊന്ന ഗോദ്‌സെയെ ആദരിക്കുന്ന ഭരണകൂടത്തിനെതിരായി നമ്മുടെ പോരാട്ടത്തെ നയിക്കാന്‍ ആ മഹാത്മാവിന്റെ ദര്‍ശനങ്ങള്‍ ഇനിയും ബാക്കിയുണ്ട് എന്നതാണ് ആശ്വാസം. ആ ആശയങ്ങള്‍ക്കൊപ്പം ഇഴചേര്‍ത്തുവെക്കാന്‍ ഹരിത രാഷ്ട്രീയത്തിന്റെ ഒട്ടേറെ മാര്‍ഗ ദര്‍ശനങ്ങള്‍ നമുക്കുണ്ട്. ഏത് കൊടുങ്കാറ്റിലും പേമാരിയിലും അണഞ്ഞ് പോകാതെ ഈ വഴി വിളക്ക് കാത്ത് സൂക്ഷിക്കാം.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററാണ് ലേഖകന്‍)

chandrika: