പി. ഇസ്മായില്‍ വയനാട്
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ. പി.ജെ അബ്ദുല്‍ കലാം പരിചയപ്പെടുത്തിയ വിദ്യാര്‍ത്ഥിയാണ് വി.കതിരേശന്‍. 1982-92 കാലയളവില്‍ കലാം ഹൈദരാബാദിലെ ഡി.ആര്‍.ഡി.എല്ലില്‍ ജോലി ചെയ്യുമ്പോള്‍ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു കതിരേശന്‍. ഒഴിവു സമയങ്ങളിലെല്ലാം തന്റെ ഡ്രൈവര്‍ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും മുടക്കംകൂടാതെ വായിക്കുന്നത് കലാമിന്റെ ശ്രദ്ധയില്‍പെട്ടു. ഡ്രൈവറുടെ വായനാശീലത്തില്‍ കലാം ആകൃഷ്ടനായി. വായനയുടെ പ്രേരണ സംബന്ധിച്ച് കലാം അദ്ദേഹത്തോട് ആരാഞ്ഞു. മക്കള്‍ തന്നോട് പഠനകാര്യങ്ങളിലെ സംശയ നിവാരണത്തിനായി ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്നും അവര്‍ക്ക് തന്നാലാവുംവിധം മികച്ച ഉത്തരങ്ങള്‍ നല്‍കാനാണ് വായിക്കുന്നതെന്നുമായിരുന്നു അയാളുടെ വിശദീകരണം. കതിരേശ ന്റെ വിദ്യാര്‍ത്ഥിത്വത്തില്‍ കലാം ഉലയൂതി. വിദൂര വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തിയതോടൊപ്പം പഠനത്തിനായി കൂടുതല്‍ സമയം അനുവദിച്ചു. കലാമിന്റെ പ്രചോദനത്തില്‍ പത്താംതരക്കാരന്‍ പന്ത്രണ്ടാം ക്ലാസ് പാസ്സായി. തുടര്‍ന്ന് ബി.എ (ചരിത്രം) എം.എ (ചരിത്രം) എം.എ (രാഷ്ട്ര മീമാംസ) ബി .എഡ്, എം.എഡ് എന്നിവ പൂര്‍ത്തീകരിച്ച് കതിരേശന്‍ കലാമിനൊപ്പം ജോലിക്കാരനായി. തമിഴ്‌നാട്ടിലെ കോവില്‍പട്ടിയിലെ യു.പി.എം.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടാണ് വേദിയിലിരിക്കുന്ന കതിരേശനെ ചൂണ്ടി ഡ്രൈവറായ അദ്ദേഹം അധ്യാപകനായതും ഡോക്ടറേറ്റ് നേടി വളര്‍ന്നതുമായ കഥ കലാം പറഞ്ഞത്.
വിദ്യാര്‍ത്ഥി എന്ന വാക്ക് വിദ്യ+ അര്‍ത്ഥി എന്നീ രണ്ടു പദങ്ങള്‍ കൂടിചേര്‍ന്നുണ്ടായതാണ്. ഇതിനര്‍ത്ഥം വിദ്യ നേടാന്‍ ആഗ്രഹമുള്ളവന്‍ എന്നാണ്. കോളജിലും സ്‌കൂളിലും പോകുന്നവര്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെന്നും കലാലയ ജീവിതത്തിന് തിരശീല വീഴുന്നതോടെ പഠനം അവസാനിക്കുമെന്ന ധാരണക്ക് തിരുത്തെഴുതിയ ജുസപ്പേ പാറ്റേര്‍ണോയെന്ന 96 വയസ്സുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇറ്റലിക്കാരനായ ഈ വിദ്യാര്‍ത്ഥി ഹിസ്റ്ററി, ഫിലോസഫി വിഷയങ്ങളിലാണ് ഡിഗ്രി കരസ്ഥമാക്കിയത്. ലോകതലത്തില്‍ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയായ ജുസപ്പേ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങാതെ അറ്റന്‍ഡ് ചെയ്താണ് ചരിത്ര നേട്ടത്തിനുടമയായത്. ബിരുദത്തിനുപുറമെ ബിരുദാനന്തര ബിരുദമെന്ന ലക്ഷ്യ പ്രഖ്യാപനത്തിലൂടെ വീണ്ടും ജുസപ്പേ ലോകത്തെ വിസ്മയപ്പിക്കുകയാണ്. പത്താം വയസ്സില്‍ വധുവും പതിനഞ്ചാം വയസ്സില്‍ അമ്മയുമായിമാറിയ ഇന്ത്യക്കാരി സേതുരാമസ്വാമിയും വിദ്യാര്‍ത്ഥി ലോകത്തെ മികച്ച മാതൃകയാണ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം പിന്നിടുമ്പോള്‍ അവര്‍ ഭാര്യയായി. ആറ് കുട്ടികളുടെ അമ്മയായിട്ടും എം.എ ബിരുദമെന്ന ബാല്യകാല സ്വപ്‌നം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. എണ്‍പതാമത്തെ വയസ്സില്‍ അണ്ണാമല സര്‍വകലാശാലയുടെ ഡല്‍ഹി കേന്ദ്രത്തിന്‍ നിന്നാണ് മാസ്റ്റര്‍ ഡിഗ്രി പാസ്സായത്. മഹാരാഷ്ട്രയിലെ ഫാംഗ് നേ എന്ന ഗ്രാമത്തില്‍ ആജിഭായ്ചി എന്ന പേരില്‍ ഒരു മുത്തശ്ശി പള്ളിക്കൂടം പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട പത്രക്കടലാസുകളും മിഠായി കവറുകളും ശേഖരിച്ച് അതില്‍ എഴുതിയത് വായിക്കാന്‍ ശ്രമിച്ച് വിജയിച്ച 65 കാരി ഗംഗുബായും കഴിഞ്ഞ ഒരു വര്‍ഷമായി എ എന്ന ക്ഷരം എഴുതാന്‍ കഠിന പ്രയത്‌നം നടത്തുന്ന 90 കാരി സീതാഭായി ഉള്‍പ്പെടെയുള്ള 28 ഓളം വിദ്യാര്‍ത്ഥികളാണ് അവിടെ അധ്യായനം നടത്തുന്നത്. ദിവസവും രണ്ട് മണി മുതല്‍ നാല് മണി വരെയാണ് ക്ലാസ്. കേരളത്തിലും സാക്ഷരതാ ക്ലാസുകളിലൂടെ വയോധികയായ ചേലക്കോടന്‍ ആയിഷയെ പോലുള്ള നിരവധി മുത്തശ്ശിമാരും മുത്തച്ഛന്‍മാരും സാക്ഷരരായിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തൂമ്പയും കത്രികയും വളയവും കയ്യിലേന്തുന്നതിനിടയിലും പേനയും പുസ്തകവും ചേര്‍ത്തു പിടിച്ച് വിദൂര വിദ്യാഭ്യാസംവഴി ബിരുദ പട്ടവും ഡോക്ടറേറ്റും നേടുന്ന ധാരാളം പേരെ കാണാന്‍ സാധിക്കും.
പ്രശസ്ത ചിന്തകന്‍ ആല്‍വിന്‍ ടോ#റുടെ അഭിപ്രായത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിരക്ഷരര്‍ എഴുതാനോ വായിക്കാനോ അറിയാത്തവരല്ല. പുതിയ പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറാവത്തവരാണ്. വിജ്ഞാനപ്രളയത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നീന്താന്‍ കഴിയാത്തവര്‍ വ്യക്തിയോ പ്രസ്ഥാനമോ കമ്പനിയോയാവട്ടെ വിസ്മൃതിയിലാവും. ചിലര്‍ അറിവുകള്‍ക്ക്‌നേരെ വാതിലുകള്‍ അടച്ചുവെക്കും. മറ്റു ചിലര്‍ പുതിയ അറിവുകളെ കുറിച്ച് സൂചന കിട്ടിയാല്‍ കൂടുതലറിയാന്‍ ശ്രമിക്കും. ഇവരെ യഥാക്രമം പുള്ളിമാനോടും കടുവയോടും ഉപമിക്കാം. ഇലയനക്കം കേട്ടാല്‍ ഹിംസ്രജന്തുവാണെന്ന് കരുതി പുള്ളിമാന്‍ ഓടിയകലും. കടുവയാണെങ്കില്‍ തനിക്ക് ഭക്ഷണത്തിന് ഉപകരിക്കുന്ന വല്ല മൃഗവുമുണ്ടോയെന്ന പരിശോധന നടത്തും. അറിവിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കടുവയായി തീരണം. യുവജനങ്ങളെ വഴി പിഴപ്പിക്കുന്നു എന്ന കുറ്റത്തിന് അധികാരിവര്‍ഗം സോക്രട്ടീസിനെ വധശിക്ഷക്ക് വിധിച്ചു. ജയിലില്‍ കിടക്കുന്ന കാലം. വിധി നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്റെ തലേദിവസം സഹതടവുകാരില്‍ ഒരാള്‍ ജെസി കോറസ് രചിച്ച പ്രയാസമേറിയ ഒരു ഗാനം ഈണത്തില്‍ പാടുന്നത് സോക്രട്ടീസ് കേട്ടു. പാടിക്കഴിഞ്ഞപ്പോള്‍ സോക്രട്ടീസ് ഗായകനെ അഭിനന്ദിച്ചു. പിന്നീട് എന്നെ ആ പാട്ടു പഠിപ്പിച്ചു തരുമോയെന്ന് ചോദിച്ചു. മറുപടിയായി സഹതടവുകാരന്‍ പറഞ്ഞു. നാളെ നിങ്ങള്‍ മരിക്കാന്‍ പോവുകയല്ലേ, പിന്നെന്തിനാണ് പാട്ടു പഠിക്കുന്നത്. സോക്രട്ടീസ്. അത് ശരിവെച്ചു. പക്ഷേ മരിക്കുന്നതിന്മുമ്പ് എനിക്ക് പുതിയൊരുകാര്യംകൂടി പഠിക്കാന്‍ അവസരം കിട്ടുന്നില്ലേ. ഈ പാട്ടുകൂടി പഠിച്ചുവെന്ന സന്തോഷത്തില്‍ മരിക്കാന്‍ കഴിയുമെന്നുമായിരുന്നു പ്രതികരിച്ചത്. മരണം മാടിവിളിക്കുന്ന നിമിഷം വരെയും പഠിതാവായി മാറാനാണ് വിദ്യാര്‍ത്ഥികള്‍ സ്വപ്‌നം കാണേണ്ടത്. ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോവുകയും ചെയ്യുന്നതല്ല സ്വപ്‌നം. ഉറങ്ങാന്‍ അനുവദിക്കാത്ത തരത്തില്‍ ഓരോരുത്തരെയും വേട്ടയാടുന്നതാണ് യഥാര്‍ത്ഥ സ്വപ്‌നമെന്ന് പഠിപ്പിച്ച എ.പി.ജെ അബ്ദുല്‍ കലാം ജനിച്ച ദിവസം ലോക വിദ്യാര്‍ത്ഥി ദിനമായി അംഗീകരിച്ചതും വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രചോദനമാണ്.