യൂനുസ് അമ്പലക്കണ്ടി
സ്ത്രീകളുടെ വിലാപങ്ങളാല്‍ കണ്ണീര്‍ മുഖരിതമാണ് രാജ്യം. ഒന്നിനുപിറകെ മറ്റൊന്നായി പുറത്തുവരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകവും ആശങ്കാജനകവുമാണ്. ന്യൂനപക്ഷങ്ങളും ദലിതരും വിശിഷ്യാ ഈ വിഭാഗങ്ങളിലെ സ്ത്രീകളും വര്‍ത്തമാന ഇന്ത്യയില്‍ അനുഭവിച്ച്‌കൊണ്ടിരിക്കുന്ന കൊടിയ ദുരിതങ്ങള്‍ക്ക്ഇനിയും ഒരറുതിയുമില്ല. നാള്‍ക്കു നാള്‍ അത് ഭീകരമാംവിധം വര്‍ധിച്ചുവരുന്നു. സവര്‍ണ്ണ ജാതി മേല്‍ക്കോയ്മയുടെ അധീശത്വത്തിനുമുന്നില്‍ നിസ്സഹായരായി പകച്ചുനില്‍ക്കുകയാണ് അശക്തരും അബലരുമായ പാവങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പത്തൊമ്പത് വയസ്സുള്ള ദലിത് യുവതി നാലു സവര്‍ണ്ണരുടെ ക്രൂര പീഡനത്തിന് ഇരയായി അന്ത്യശ്വാസം വലിച്ച ദയനീയ സംഭവം രാജ്യത്ത് വലിയകോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഈ ദുരന്തത്തിന്റേയും ആത്യന്തികമായ പരിണിതി പ്രതികള്‍ക്കനുകൂലമാവുമെന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയാന്‍ പാകത്തിലുള്ള ഇടപെടലുകളാണ് അധികാരികളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അണിയറയിലും അരങ്ങത്തും ഇടതടവില്ലാതെ തുടക്കം മുതല്‍ നിര്‍ലജ്ജം ഭരണകൂടവും സംവിധാനങ്ങളും പ്രതികള്‍ക്കൊപ്പമാണ് ഇഴചേര്‍ന്നുനില്‍ക്കുന്നത്. യോഗി ആദിത്യനാഥ് ഉള്‍പ്പെടുന്ന താക്കൂര്‍ വിഭാഗത്തില്‍പെട്ട പ്രതികളെ എന്തു വില കൊടുത്തും സംരക്ഷിക്കാനും ഇരയേയുംകുടുംബത്തേയും അവരെ ആശ്വസിപ്പിക്കുന്നവരേയും വേട്ടയാടാനുമാണ് ഭരണകൂടം പരസ്യമായി നേതൃത്വം നല്‍കുന്നതെന്ന് വ്യക്തം.
പശുവിന് പുല്ലരിയാന്‍ പോയ വാല്മീകി ജാതിയില്‍പെട്ട കൗമാരക്കാരി ക്രൂരമായ ലൈംഗിക പീഡനവും കടുത്ത ശാരീരികോപദ്രവങ്ങളുമേറ്റാണ് അന്ത്യശ്വാസം വലിച്ചത്. നാവരിഞ്ഞും നട്ടെല്ല് തകര്‍ത്തും മൃതപ്രാണയാക്കിയപാവം പെണ്‍കുട്ടി ജീവിതത്തിനും മരണത്തിനുമിടയില്‍ അനുഭവിച്ച കൊടിയ പ്രയാസങ്ങള്‍വിവരണാതീതമാണ്. ഇരകള്‍ക്ക് താങ്ങും ശക്തിയുമാവേണ്ട ഭരണസംവിധാനങ്ങള്‍ തന്നെ പ്രതികള്‍ക്കായി നിലകൊള്ളുന്ന വിരോധാഭാസങ്ങള്‍ക്കിടയില്‍ നിസ്വരുടെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാനാരുമില്ല. ജാതിയും മതവും വര്‍ഗവും തിരിച്ച് തെറ്റിനെ ശരിയാക്കിയും ഇരകളെ പ്രതിയാക്കിയുമുള്ള ഉത്തരേന്ത്യയിലെ പതിവ് കാഴ്ച നിയമ വ്യവസ്ഥിതിയെത്തന്നെ വെല്ലുവിളിക്കുന്നതാണ്. മരണമടഞ്ഞവര്‍ക്ക് നല്‍കേണ്ട സ്വാഭാവിക നീതിപോലും ഹതഭാഗ്യയായ ആ പെണ്‍കുട്ടിക്ക് ഹനിക്കപ്പെട്ടു എന്നുവരുമ്പോള്‍ എത്രമാത്രം വേദനാജനകമാണത്. കുടുംബത്തിനെ അന്ത്യ കര്‍മ്മങ്ങള്‍ക്കനുവദിക്കാതെ മരണപ്പെട്ട ദിവസം തിടുക്കപ്പെട്ട് അര്‍ധ രാത്രിയില്‍ പൊലീസിന്റെ കാര്‍മ്മികത്വത്തില്‍ മൃതദേഹം ചുട്ടെരിച്ചത് ഭയാനകമായ മറ്റൊരു ക്രൂരതതന്നെയാണ്. ഭരണാധികാരികളുടെ താളത്തിനൊത്ത് മാത്രം തുള്ളുന്ന പൊലീസും സംവിധാനങ്ങളും നീതിയുടെ ആരാച്ചാര്‍മാരാകുന്ന ബീഭല്‍സമായ കാഴ്ചകള്‍ പുതുമയല്ലാതാവുകയാണ് നാട്ടില്‍. സ്വന്തം മകളുടെ ചേതനയറ്റ ശരീരം അന്ത്യകര്‍മ്മങ്ങള്‍ക്ക് അനുവദിക്കാതെ പൊലീസ് പിടിച്ചെടുത്ത് ദഹിപ്പിക്കുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന മാതാപിതാക്കള്‍ വര്‍ത്തമാന ഇന്ത്യയുടെ ദീനരോദനമാണ്. കലി തീരാത്ത അധികാരി വര്‍ഗം ആ ദുര്‍ബല കുടുംബത്തിനെ സകല സ്വാതന്ത്ര്യങ്ങളും നിഷേധിച്ച് ദിവസങ്ങളോളം വീട്ടില്‍ തടങ്കലിലുമാക്കി. ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും വരെ യു.പി പൊലീസ് ഉരുക്ക് മുഷ്ടികൊണ്ട് നേരിട്ടുവെന്നത് ഭരണകൂട ഭീകരതയുടെ ആഴവും വ്യാപ്തിയുമാണ് ബോധ്യപ്പെടുത്തുന്നത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീ പീഡനങ്ങളും ദലിത് ന്യൂനപക്ഷവേട്ടയും അനവരതം തുടരുകയാണ്. ഹാഥ്‌റസ് സംഭവം കത്തിനില്‍ക്കുന്ന വേളയില്‍പോലും നിര്‍ബാധം ഇത്തരംഅരുതായ്മകള്‍ അരങ്ങേറുകയുണ്ടായി എന്നത് എത്രമാത്രം ഭീതിജനകമാണ്. വലിയ വോട്ട് ബാങ്കായ ദലിത് വിഭാഗത്തെ കേവലം അധികാരത്തിലെത്താനുള്ള ചവിട്ടുപടി മാത്രമായിട്ടാണ് സംഘ്പരിവാര്‍ എക്കാലവും കണക്കാക്കുന്നത്. ഇത് തിരിച്ചറിയാനും ജാത്യാധിപത്യത്തിനുമുമ്പില്‍ തങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാനുമുള്ള കരുത്താര്‍ജ്ജിച്ചില്ലെങ്കില്‍ സവര്‍ണ്ണ മാടമ്പിമാരുടെ ഇംഗിതങ്ങള്‍ക്കിടയില്‍ ജീവനും മാനവുമുള്‍പ്പടെ ഇനിയും ത്യജിക്കേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. ദലിതുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാഥ്‌റസിലെഎം. പി ബി.ജെ.പിയിലെ ദലിത് നേതാവാണ്. ജാതിക്കോമരങ്ങളുടെ മേല്‍ക്കോയ്മയെ വകവെച്ചു കൊടുക്കാനേ ദീര്‍ഘ കാലം എം.എല്‍.എയുള്‍പ്പടെ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇദ്ദേഹത്തിനു പോലും ഇന്നും കഴിയുന്നുള്ളൂ. മേല്‍ ജാതിയില്‍പെട്ടവരുടെ വീട്ടില്‍ ചെന്ന് തറയിലിരുന്നാണത്രെ രാജ്‌വീര്‍ ദിലര്‍ എന്ന ഹാഥ്‌റസ്എം.പി തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കാറ്. സവര്‍ണ്ണനു അയിത്തമാവാതിരിക്കാന്‍ വെള്ളം കുടിക്കാനുള്ള ഗ്ലാസ് പോലും കയ്യില്‍ കൊണ്ടു നടക്കുന്ന ഈ ദലിത് ജനപ്രതിനിധി പറയാതെ പറയുന്നത് വര്‍ത്തമാന ഇന്ത്യയുടെ നാണിപ്പിക്കുന്ന നേര്‍ചിത്രമാണ്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പി യിലെ ഹാഥ്‌റസ് കൊടും ഹത്യയും പരസ്യമായ നീതി നിഷേധവും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്നെ പിണറായി വിജയന്‍ ഭരണം നയിക്കുന്ന കേരളത്തില്‍ മക്കളിരയായ പീഡനക്കേസില്‍ രണ്ടമ്മമാര്‍ നീതിതേടി അലയുന്നതും കാണേണ്ടി വന്നു. യു.പിയിലായാലും കേരളത്തിലായാലും ഭരണകൂടവും പൊലീസും തന്നെയാണ് ഇരകളെ വീണ്ടും വീണ്ടും വേട്ടയാടുന്നത്. രണ്ടു മാസത്തിനുള്ളില്‍ രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വാളയാറിലെ മാതാവ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ വിലപിച്ചത് നീതിക്കു വേണ്ടിയാണ്. മരിച്ചാലും പ്രശ്‌നമില്ല, നീതി കിട്ടുംവരെ പോരാടുമെന്ന ആ അമ്മയുടെ വാക്കിന് തീരാത്ത വേദനയുടെ മൂര്‍ച്ചയുണ്ട്. മൂത്ത മകള്‍ മരണമടഞ്ഞ ദിവസം രണ്ടാളുകള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് പൊലീസിനോട് ഇളയ പെണ്‍ക്കുട്ടി പറഞ്ഞതാണ്. ആദ്യം മരിച്ച മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ്്‌സ്റ്റേഷനില്‍ നിരവധി തവണ കയറിയിറങ്ങിയ മാതാവിന് നിരാശ മാത്രമായിരുന്നു ഫലം. ഒരു കുട്ടി മരണമടഞ്ഞപ്പോള്‍ അന്വേഷണത്തില്‍ വലിയ അപാകത വരുത്തിയ പൊലീസാണ് രണ്ടാമാത്തെ കുട്ടി നഷ്ടപ്പെടാന്‍ കാരണമെന്ന് മാതാവ് പറയുന്നു. പ്രതികളാരും രക്ഷപ്പെടില്ലെന്നും ഒപ്പമുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വഞ്ചിക്കുകയായിരുന്നുവെന്ന് വാളയാറിലെ മാതാവ് ഭരണ സിരാകേന്ദ്രത്തിനുമുന്നിലെ സത്യഗ്രഹത്തില്‍ വിളിച്ചുപറഞ്ഞു. പ്രതികളെ മുഴുവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നല്‍കിയതിനെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ ഭരണ കര്‍ത്താക്കളുടെ നെഞ്ചകത്താണ് ആ ചോദ്യശരങ്ങള്‍ ചെന്ന് പതിക്കുന്നത്.
കണ്ണൂരിലെ പാലത്തായി പീഡന കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് സത്യഗ്രഹമിരുന്ന അതേ ദിവസമാണ്. സ്‌കൂളില്‍ പഠിക്കുന്ന പിഞ്ചു ബാലികയെ നിരവധി തവണമാനഭംഗപ്പെടുത്തിയ അധ്യാപകനെ സംരക്ഷിക്കാനാണ് അന്വേഷണസംഘം തുടക്കം മുതല്‍ ശ്രമിച്ചത്. ബി.ജെ.പി നേതാവായ പ്രതിയെ വെള്ളപൂശാനും ഇരയെ അപകീര്‍ത്തിപ്പെടുത്താനുംവരെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്നവര്‍തന്നെ തുനിഞ്ഞിറങ്ങിയത് വലിയ ചര്‍ച്ചയും വിവാദവുമായെങ്കിലും ഇരയുടെ നീതി ഇപ്പോഴും തുലാസില്‍ തന്നെയാണ്. താരതമ്യേന നിസ്സാരമായ വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ തൊണ്ണൂറാം ദിവസം പ്രതി സ്വാഭാവിക ജാമ്യം നേടി ജയില്‍ മോചിതനായി. പൊതു ജനം അതീവ ജാഗ്രതയോടെ കേസ് നിരീക്ഷിച്ചുകൊണ്ടിരുന്ന കാലയളവിലാണ് ഇതെന്ന് ഓര്‍ക്കണം. സംഭവം പുറത്ത്‌വന്ന് ആറു മാസം കഴിഞ്ഞെങ്കിലും നീതി തേടി അലയുകയാണ് പരിഷ്‌കൃതമെന്നും പ്രബുദ്ധമെന്നും ആവര്‍ത്തിച്ചുപറയുന്ന മലയാളക്കരയില്‍ ഒരു അനാഥകുടുംബം. നിലവിലെ അന്വേഷണ സംവിധാനത്തില്‍ തൃപ്തിയില്ലെന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും ഭരണകൂടത്തോട് കെഞ്ചിപ്പറഞ്ഞെങ്കിലും ഫലമില്ലാതെ വന്നപ്പോഴാണ് ബധിരകര്‍ണ്ണങ്ങളെ തൊട്ടുണര്‍ത്താന്‍ വീണ്ടും മാതാവിന് നീതിപീഠങ്ങള്‍ കയറേണ്ടിവന്നത്. വ്യത്യസ്ത താല്‍പര്യങ്ങളാണ് നീതിക്കെതിര് പ്രവര്‍ത്തിക്കുന്നതിന് ഭരണ കൂടങ്ങളെ പ്രേരിപ്പിക്കുന്നത്. പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിനു കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ്. ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അതിനെതിരില്‍ അപ്പീല്‍ നല്‍കുകയായിരുന്നു പിണറായി സര്‍ക്കാര്‍. ഡിവിഷന്‍ ബെഞ്ചും സി.ബി.ഐ അന്വേഷണത്തെ സാധൂകരിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ സ്റ്റേ ചെയ്യാന്‍ ഹരജിയുമായി നില്‍ക്കുയാണ് സംസ്ഥാന ഗവര്‍മെന്റ്. കോടതി വ്യവഹാരത്തിനുള്ള കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ചെലവഴിക്കുന്നത്. പാര്‍ട്ടിയേയും പാര്‍ട്ടിപ്രവര്‍ത്തകരേയും നേതാക്കളേയും സംരക്ഷിക്കാന്‍ പൊതു ജനത്തിന്റെ നികുതിപ്പണം ഗര്‍വ്വോടെഉപയോഗപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഭീകരത.
ഓരോരോ സംഭവ വികാസങ്ങള്‍ക്ക്‌ശേഷവും വലിയ രീതിയിലുള്ള പ്രതിഷേധവും ജന രോഷവും ഉണ്ടാവുമെങ്കിലും പതിയെപ്പതിയെ അവകളത്രയും വിസ്മരിക്കപ്പെടുന്നുവെന്നതാണ് വസ്തുത. ഭരണകൂട സഹായത്താലും മറ്റും പ്രതികളിലേറെയും രക്ഷപ്പെടുന്നു. പിന്നീട് മറ്റൊന്നുണ്ടാവുമ്പോഴാണ്ഒരുണര്‍ച്ചയുണ്ടാവുക. നിയമങ്ങള്‍ കര്‍ശനമാണെങ്കിലും അത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതില്‍ പലകേസുകളിലും പലതുകൊണ്ടും നിയമ പാലകര്‍ക്ക് കഴിയാതെ പോവുന്നത് ഇത്തരം ദുരിതങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. ഭരണകൂടത്തിന്റേയും സംവിധാനങ്ങളുടേയും കലര്‍പ്പില്ലാത്ത പരിരക്ഷ മാത്രമാണ് പതിതരായ ഇരകള്‍ക്ക് വേണ്ടത്. അതുണ്ടാവുമ്പോള്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ഇരകള്‍ക്ക് നീതി ലഭിക്കുകയും ചെയ്യും. ബി. ജെ. പി ഭരിക്കുന്ന യു.പിയിലായാലും സി.പി.എം ഭരിക്കുന്ന കേരളത്തിലായാലും ഏറ്റക്കുറച്ചിലുകളോടെ ഇല്ലാതെപോകുന്നതും അതുതന്നെയാണ്.