X
    Categories: columns

നമുക്ക് സഹിഷ്ണുതയുടെ കാതുകൊണ്ട് കേള്‍ക്കാം

 

 

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പൊതുജീവിതത്തിന്റെ നാള്‍വഴിയില്‍ മറവിക്ക് വിട്ടുകൊടുക്കാതെ ഹൃദയാന്തരാളങ്ങളില്‍ അടുക്കിവെച്ച ഓര്‍മ്മകളുടെ ചില സുകൃതങ്ങളുണ്ട്. ഇടക്കിടെ ഓര്‍ത്തെടുക്കുമ്പോള്‍ ആത്മാവിന് സംതൃപ്തിതരുന്ന കാര്യങ്ങള്‍. മനുഷ്യന്റെ വേദനകളോട് ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്നതും സാധാരണക്കാരന്റെ സങ്കടങ്ങളെ മായ്ച്ചുകളയാന്‍ സഹായിക്കുന്നതുമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ നിറവാണത്. കഴിഞ്ഞകാലത്ത് നിര്‍വഹിച്ച്‌പോന്ന കടമകളും കടപ്പാടുകളും ദൗത്യങ്ങളേയുമോര്‍ത്ത് അഭിമാനം തോന്നുന്ന സന്ദര്‍ഭങ്ങളാണവ. ഉപാധിയില്ലാതെ മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയുന്നതു തന്നെയാണ് മഹത്വം. നമ്മുടെ വ്യവസ്ഥിതിയോട് സഹകരിച്ചും വികസനകാര്യത്തില്‍ ഭരണ സംവിധാനങ്ങളെ സഹായിച്ചും മുന്നോട്ടുപോയ പാരമ്പര്യത്തിനും തുടര്‍ച്ചയുണ്ടായിട്ടുണ്ട്. നൂറ്റാണ്ട് മുമ്പുള്ള ഒരു കഥയുണ്ട്, കഥയല്ല, ചരിത്രംതന്നെ. മലപ്പുറത്തിന്റെ നാട്ടുവര്‍ത്തമാനങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കുണ്ട് ‘ക്ണാപ്പന്‍’ എന്നാണത്. ബ്രിട്ടീഷ്ഭരണ കാലത്ത് ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ പകുതിയില്‍ മലബാര്‍ ജില്ലയില്‍ അസിസ്റ്റന്റ് കലക്ടറായിരുന്നു സര്‍ ആര്‍തര്‍ റോളണ്ട് ക്ണാപ്പ് എന്ന സായിപ്പ്. കഴിവുകെട്ട ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ സമൂഹം വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് അക്കാലം മുതല്‍ മലപ്പുറത്തുകാര്‍ കഴിവു കെട്ടവരെ ക്ണാപ്പന്‍ എന്നുവിളിക്കും. സ്വാതന്ത്ര്യം കിട്ടിയതോടെ പൗരബോധവും രാഷ്ട്ര താല്‍പര്യവുമുള്ള മികച്ച കലക്ടര്‍മാരുടെ സേവനം മലയാളക്കരയില്‍ ലഭ്യമായി. പ്രത്യേകിച്ച് മലപ്പുറത്ത് സേവനം ചെയ്ത കലക്ടര്‍മാരില്‍ പലരും കഴിവും ആത്മാര്‍ത്ഥയുമുള്ളവരും ജനപക്ഷത്ത് നിലയുറപ്പിച്ചവരുമായിരുന്നു. സേവനകാലം കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ അവര്‍ മലപ്പുറത്തെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകളോര്‍ത്ത് അഭിമാനം തോന്നിയിട്ടുണ്ട്.
കാലം 2020-നിലവിലുള്ള കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അവര്‍കള്‍ ജില്ലയുടെ വികസനവും ക്ഷേമവും ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ വേഗതകൂടിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലാഭരണകൂടം പൊതുസമൂഹത്തോട് സഹായം തേടിയത്. ഇക്കാര്യം അറിയിക്കാനും മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ സഹായം ഉറപ്പുവരുത്തുന്നതിനുമായി അദ്ദേഹം നേരിട്ടെത്തി. ആ വിശാലമനസിനേയും ആത്മാര്‍ത്ഥതയേയും ആദരിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ അഭിമാനവും തോന്നുന്നു. നാടിന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഭരണ സംവിധാനങ്ങളോടൊപ്പം മുസ്‌ലിംലീഗ് പാര്‍ട്ടി ചേര്‍ന്നുനില്‍ക്കും എന്ന വിശ്വാസം അദ്ദേഹത്തിനുണ്ട് എന്നതാണ് സന്ദര്‍ശനം സാക്ഷ്യപ്പെടുത്തിയത്.
മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ ഏഴു പതിറ്റാണ്ടിന്റെ ചരിത്രം സാമൂഹിക നിര്‍മ്മിതിയുടേയും നാടിന്റെ നിര്‍മ്മാണ പ്രക്രിയയിലെ പങ്കാളിത്തത്തിന്റേതും കൂടിയാണ്. പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ വികസനം മുന്‍നിര്‍ത്തി നിരവധി തവണ കൂട്ടായ്മകള്‍ രൂപപ്പെട്ടിട്ടുണ്ട്. അത്തരം സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് മുസ്‌ലിംലീഗ് നേതൃപരമായ പങ്കുവഹിച്ചു. സാക്ഷരതയും ജനകീയാസൂത്രണവും സംസ്ഥാനത്തിനുതന്നെ മാതൃകയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി അവാര്‍ഡുകള്‍ മലപ്പുറം ജില്ല നേടി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച വനിതാശാക്തീകരണത്തിന്റെ കുടുംബശ്രീയും കമ്പ്യൂട്ടര്‍ സാക്ഷരതയുടെ അക്ഷയ പദ്ധതിയും. വിമാനതാവളത്തിന്റേയും, സര്‍വകലാശാലയുടേയും, ജില്ലാ ആശുപത്രിയുടേയും വികസനത്തിന് ജനകീയ കൂട്ടായ്മകളും സാമ്പത്തിക സഹായങ്ങളുമുണ്ടായിട്ടുണ്ട്. ദേശീയശ്രദ്ധയാകര്‍ഷിച്ച ബൈത്തുറഹ്മ പദ്ധതിയുടെ ആരംഭംകുറിച്ചതും മലപ്പുറം ജില്ലയില്‍നിന്നു തന്നെയായിരുന്നു.
കലക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് മുസ്‌ലിംലീഗ് മലപ്പുറം ജില്ലയില്‍ പ്രത്യേക ക്യാമ്പയിന്‍ തന്നെ ആരംഭിച്ചിരിക്കുകയാണ്. കോവിഡ് സെന്ററുകളിലേക്ക് അത്യാവശ്യമായിവേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുവേണ്ടി പാര്‍ട്ടിയുടെ എം.പി മാരും, എം.എല്‍.എമാരും അവരുടെ ഫണ്ടില്‍നിന്നും അടിയന്തരമായി തുക അനുവദിച്ചു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍തന്നെ ജനപ്രതിനിധികള്‍ ഫണ്ടുകള്‍ അനുവദിച്ചിരുന്നു. അതിനുപുറമേയാണ് ഇപ്പോള്‍ അനുവദിച്ചത്. ജില്ലയിലെ മുസ്‌ലിംലീഗ് ഭരണസമിതിയുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് അനുവദിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഉപകരണങ്ങള്‍ കലക്ട് ചെയ്ത് ജില്ലാഭരണകൂടത്തെ ഏല്‍പ്പിക്കാനും പദ്ധതികളാവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഓര്‍മ്മയുടെ തിരശ്ശീലയില്‍ മറ്റൊരു കലക്ടറുടെ കരുതലിന്റെ സ്‌നേഹ സ്പര്‍ശമുണ്ട്. കാലം 2013- മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഇരിങ്ങാവൂര്‍ പട്ടികജാതി കോളനിയില്‍ നിര്‍മ്മിച്ച ബൈത്തുറഹ്മ വീട് പരേതനായ നമ്പിടിവീട്ടില്‍ രവിയുടെ വിധവ സരോജിനിക്കു കൈമാറുന്ന ചടങ്ങ്. മുസ്‌ലിംലീഗ് നേതാക്കളെ സാക്ഷിനിര്‍ത്തി അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ് നിലവിളക്ക് കത്തിച്ച് പ്രവേശന കര്‍മ്മം നിര്‍വ്വഹിച്ചു. ശേഷം നടന്ന ചടങ്ങില്‍ കലക്ടര്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വാക്കാല്‍ ഒരു അപേക്ഷ നടത്തി. അദ്ദേഹത്തിന്റെ കൈവശം ഒരു പത്ര വാര്‍ത്തയുണ്ടായിരുന്നു. ചുങ്കത്തറ പ്രദേശത്തുള്ള നഫീസ എന്ന സ്ത്രീയെക്കുറിച്ചുള്ള സചിത്ര വാര്‍ത്തയായിരുന്നു അത്. പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന നഫീസ ഒരു വീടിനുവേണ്ടി പലതവണ ഓഫീസില്‍ വന്നിരുന്നു. എന്നാല്‍ അവരുടെകാര്യം പരിഗണിക്കാന്‍ പരിമിതികളുള്ളതിനാല്‍ നിസ്സഹായനാണ്. ബൈത്തുറഹ് മ പദ്ധതിയില്‍ നഫീസയെ കൂടി പരിഗണിക്കണമെന്നായിരുന്നു കലക്ടറുടെ അപേക്ഷ. തുടര്‍ന്നുള്ള എന്റെ പ്രസംഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശിച്ച ആ സഹോദരിക്ക് തീര്‍ച്ചയായും വീട് നല്‍കാമെന്ന് പറയുകയും ഏറ്റെടുക്കുകയും ചെയ്തു. 2014 നവംബര്‍ 30 ന് വികാരനിര്‍ഭരമായ ചടങ്ങില്‍ നബീസക്ക് ബൈത്തുറഹ്മ കൈമാറി. നബീസ ചിരിക്കുന്നുണ്ടായിരുന്നു. ചിരിക്കുമ്പോഴും കണ്ണുകള്‍ നിറഞ്ഞിരുന്നു.
സഹിഷ്ണുതയുടെ
കാതുകൊണ്ട് കേള്‍ക്കുക,
കാരുണ്യത്തിന്റെ
കണ്ണുകൊണ്ട് കാണുക,
സ്‌നേഹത്തിന്റെ
ഭാഷയില്‍ സംവദിക്കുക !
ജലാലുദ്ധീന്‍ റൂമി

 

 

 

web desk 1: