X
    Categories: columns

പി.എഫ് പെന്‍ഷന്‍ കുരുക്കുകള്‍ മുറുകുന്നു

പി എസ് അബ്ബാസ് പാലക്കാട്

രാജ്യത്തെ സോണല്‍ റീജ്യണല്‍ പി.എഫ് കമ്മിഷണര്‍മാര്‍ക്ക് അഡീഷണല്‍ സെന്‍ട്രല്‍ കമ്മിഷണര്‍ (നിയമം) സെപ്തംബര്‍ 16 ന് ചില വിവാദ നിര്‍ദേശങ്ങള്‍ അയച്ചിരിക്കുകയാണ്. പാര്‍ലമെന്റ് പാസ്സാക്കിയ 1995 ലെ എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലെ 11(3) വകുപ്പ് പ്രകാരം മുഴുവന്‍ ശമ്പളം അനുസരിച്ചു നിക്ഷേപിച്ചാല്‍ ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും എന്ന ഓപ്ഷന്‍ ഉപയോഗിക്കുന്നത് തൊഴിലാളികള്‍ ചെയ്യുന്ന വലിയ അപരാധം എന്ന നിലയിലാണ് നിര്‍ദേശങ്ങള്‍.
നാമമാത്രമായി കിട്ടുന്ന സാധാരണ പെന്‍ഷന്‍ പോലും നിക്ഷേപത്തിന്റെ പതിന്മടങ്ങ് വരുമെന്നതിനാല്‍ ഉയര്‍ന്ന പെന്‍ഷന്‍ ബാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും നിര്‍ദേശങ്ങളിലുണ്ട്. അനുബന്ധം 3 മുതല്‍ 9 വരെയായി 7 ഉദാഹരണങ്ങള്‍ കൊടുത്തിരിക്കുന്നു. ഒന്നാമത്തേത് പരിശോധിച്ചാല്‍തന്നെ എത്രമാത്രം നിരുത്തരവാദപരവും തത്വദീക്ഷ ഇല്ലാത്തതും അങ്ങേ അറ്റം തെറ്റിദ്ധാരണ പരത്തുന്നതുമാണ് പി.എഫ് ഓര്‍ഗനൈസേഷന്റെ സമീപനം എന്ന് മനസ്സിലാക്കാം. ആദ്യ ഉദാഹരണം ഇങ്ങനെ. അ. ജനന തിയ്യതി 15/8/1959, പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നത് 16/11/1995, പദ്ധതിയില്‍നിന്ന് വിരമിക്കുന്നത് 14/8/2017 ആകെ സര്‍വീസ് 21 വര്‍ഷം 9 മാസം 15 ദിവസം. (ഇതില്‍ 16 ദിവസം വ്യത്യാസം ഉണ്ട്). ആ. നിക്ഷേപം 16/11/95 മുതല്‍ 31/5/2001 വരെ (66.5 മാസം) പ്രതിമാസം 417 വീതം, 1/6/2001 മുതല്‍ 31/8/2014 വരെ (159 മാസം) 512 വീതം, 1/9/2014 മുതല്‍ 14/8/2017 വരെ (35.45 മാസം) 1250 വീതം. ആകെ നിക്ഷേപം 1,53, 453 എന്ന് കിട്ടും. പി.എഫ് ഓര്‍ഗനൈസേഷന്റെ കണക്കില്‍ ഇത് 1,39,841 മാത്രം. അതായത് 13,612ന്റെ കുറവ് (തെറ്റിദ്ധരിപ്പിക്കല്‍ 1). പെന്‍ഷന്‍ ആയി 2863 വീതം 25 മാസം കൊടുത്തത് 71,575. ബാക്കി 139841 71575 = 68, 266/24 മാസത്തിന് പോലും തികയില്ല പോല്‍! ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ കൊടുത്താല്‍ 1,24,538 അധികമായി പെന്‍ഷന്‍ ഫണ്ടില്‍ വരും. അതോടൊപ്പം പെന്‍ഷന്‍ തുക 2863 എന്നത് 9994 ആയി ഉയരും. 25 മാസം പെന്‍ഷന്‍ കൊടുക്കാന്‍ 2,49,850 വേണം. അധികം വന്ന 1,24,538ല്‍നിന്ന് ഈ തുക കുറക്കുമ്പോള്‍ 1,25,312 ബാധ്യത ആണെന്നാണ് പി.എഫ് കാരുടെ നിലപാട്. ആദ്യനിക്ഷേപം കണക്കിലില്ല. അത്കൂടി ചേരുമ്പോള്‍ നിക്ഷേപം 2,77,991 ആകും. (തെറ്റിദ്ധരിപ്പിക്കല്‍ 2). തുടര്‍ന്ന് 10 വര്‍ഷം പെന്‍ഷന്‍ കൊടുക്കുമ്പോള്‍ വരുന്ന ആകെ ബാധ്യത 11,99, 280. (നിക്ഷേപം 1,24,538 എന്ന അടിസ്ഥാനത്തില്‍). എങ്ങനെയാണ് പെന്‍ഷന്‍ 2863 എന്ന് കണക്കാക്കിയത്? പി.എഫ് ഓര്‍ഗനൈസേഷന്റെ തത്വദീക്ഷ ഇല്ലായ്മയും തെറ്റിദ്ധരിപ്പിക്കലും ഇവിടെയും പ്രകടമാണ്. 2014 ആഗസ്ത് 31 വരെ അവസാന 12 മാസ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയാണ് പെന്‍ഷന്‍ കൊടുത്തിരുന്നത്. ശരാശരി ശമ്പളം കണക്കാക്കാന്‍ 12 മാസത്തില്‍ കൂടുതല്‍ ഒരു പദ്ധതിയിലും എടുക്കുന്നില്ല. എന്നിട്ടും 2014 സെപ്തംബര്‍ മുതല്‍ അവസാനത്തെ 60 മാസശമ്പളശരാശരി ആണ് പി.എഫില്‍ പെന്‍ഷന് എടുക്കുന്നത്. ശമ്പളത്തിന്റെ ശരിയായ ചിത്രം കിട്ടാന്‍ ആണത്രേ ഇത്. ഇതുകൊണ്ട് ഭീമമായ നഷ്ടം തൊഴിലാളിക്ക് വരുന്നത് മനസ്സിലാക്കി അത് പരിഹരിക്കാന്‍ എന്ത് ഫോര്‍മുലയാണ് പി.എഫിന് മുന്നോട്ടു വെക്കാനുള്ളത്?
2014 ആഗസ്ത് വരെ പി.എഫിന്റെ നിയമാനുസൃത ശമ്പളപരിധി (േെമൗേീേൃ്യ രലശഹശിഴ ഹശാശ)േ 6500 ആയിരുന്നത് 1/9/2014 മുതല്‍ 15000 ആയി ഉയര്‍ത്തി. പെന്‍ഷനില്‍ വര്‍ധന വരുത്താന്‍ ആണത്രേ ഇത്. 60 മാസ ശമ്പള ശരാശരി ആദ്യമായി കൊണ്ടുവന്ന റെക്കോര്‍ഡ് മാത്രമല്ല, ഇരട്ട ശരാശരി ലോകത്ത് ആദ്യമായി കൊണ്ടുവന്നതും പി.എഫ് ഓര്‍ഗനൈസേഷന്‍ ആയിരിക്കും. അവസാന 60 മാസത്തെ ശമ്പള ശരാശരി എടുത്താല്‍ ശരിയായ ചിത്രം കിട്ടുമെങ്കില്‍ 2014 ആഗസ്ത് വരെ ഒരു ശരാശരിയും ശേഷം മറ്റൊരു ശരാശരിയും എന്തിന് എടുക്കണം? പെന്‍ഷന്‍ എങ്ങനെയൊക്കെ കുറച്ചുകൊടുക്കാം എന്ന് ഗവേഷണം നടത്തുകയാണ് അവര്‍. 2014 ആഗസ്ത് വരെ ഇപ്രകാരം ശരാശരി എടുത്താല്‍ 6500 എന്ന് കിട്ടും. അതായത് 2001ല്‍ നിക്ഷേപിച്ച 6500/ 2017 ലും അതിനുശേഷവും 6500 തന്നെയായി തുടരുന്ന പലിശ ബാധകമല്ലാത്ത ‘അതിവിചിത്ര ശീതീകൃത സമ്പദ്‌വ്യവസ്ഥ’. 6500 ന് അനുസരിച്ചു നിക്ഷേപിച്ച കാലത്ത് 6500 ന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കൊടുക്കുമ്പോള്‍ 15000 ന് നിക്ഷേപിച്ചപ്പോള്‍ ആ സംഖ്യയെങ്കിലും അടിസ്ഥാനപ്പെടുത്തി പെന്‍ഷന്‍ നല്‍കേണ്ടേ? പക്ഷേ അവസാന 60 മാസശമ്പള ശരാശരി കണക്കാക്കുമ്പോള്‍ 35 ഃ 15000 + 25 ഃ 6500 = 687500 നെ 60 കൊണ്ട് ഹരിച്ച് 11458.33 എന്ന് കിട്ടുന്നു. എന്നുവെച്ചാല്‍ 15000ന് നിക്ഷേപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരിഞ്ച് മുന്നോട്ട്‌പോകുന്നില്ലെന്ന് മാത്രമല്ല താഴോട്ട് പോകുന്ന ഫോര്‍മുലയും പി.എഫിന് മാത്രം സ്വന്തം.
20 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ ഈ തൊഴിലാളിക്ക് ബോണസായി രണ്ട് വര്‍ഷം അധികസര്‍വീസിന് അര്‍ഹതയുണ്ട്. ഇതുപക്ഷേ പി.എഫ് ഓര്‍ഗനൈസേഷന്റെ ഔദാര്യമായി കാണേണ്ട. 33 വര്‍ഷം പൂര്‍ത്തിയാക്കി വിരമിക്കുന്നവരുടെ സര്‍വീസ് പെന്‍ഷന്‍ 50ശതമാനമാണ്. പി.എഫില്‍ പെന്‍ഷന്‍ കണക്കാക്കാനുള്ള ഫോര്‍മുല ശമ്പളം ഃ സര്‍വീസ്/ 70 ആണല്ലോ. 33/70 എന്നതില്‍ 50 ശതമാനം കിട്ടാനുള്ള പോംവഴിയാണ് 33 ല്‍ 2 ചേര്‍ത്ത് 35 ആക്കുക എന്നത്. യഥാര്‍ത്ഥത്തില്‍ 20 വര്‍ഷം സര്‍വീസ് ഉള്ള ആള്‍ക്ക് 2 വര്‍ഷം അധികം കിട്ടുകയല്ല, 20 വര്‍ഷം പൂര്‍ത്തിയാക്കാതെയോ പൂര്‍ത്തിയായാല്‍തന്നെ 58 വയസ്സ് തികയുന്നതിന് മുമ്പോ പിരിയുന്നവര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. 21 വര്‍ഷം 9 മാസം സര്‍വീസ് അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കി അധികമായി കിട്ടുന്ന രണ്ടു വര്‍ഷത്തിന് ആനുപാതികമായി തുക വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ആ രണ്ടുവര്‍ഷം 6500 ന്റെ സര്‍വീസിന് മാത്രമായി പരിമിതപ്പെടുത്തുന്നു. അത്പ്രകാരം 31/8/2014 വരെയുള്ള കാലമായ 18.79ല്‍ 2 ചേര്‍ത്ത്കിട്ടുന്ന 20.79 നെ 6500/70 കൊണ്ട് ഗുണിക്കുമ്പോള്‍ 1930.50 എന്നും 1/9/2014ന് ശേഷമുള്ള സര്‍വീസ് 2.95 നെ 11458.33/70 കൊണ്ട് ഗുണിക്കുമ്പോള്‍ 482.89 എന്നും കിട്ടുന്നു. ഇവ തമ്മില്‍ കൂട്ടിയാല്‍ 2413 എന്നാണ് കിട്ടുക. എന്നിരിക്കെ 16/11/1995 മുതലുള്ള സര്‍വീസിന് 2863 പെന്‍ഷന്‍ കൊടുക്കുന്നു എന്നത് മൂന്നാമത്തെ തെറ്റിദ്ധരിപ്പിക്കലായി എണ്ണാം. 1995 ല്‍ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിന്മുമ്പുണ്ടായിരുന്ന കുടുംബപെന്‍ഷന്‍ പദ്ധതിയിലേക്ക് തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് 3.5 ശതമാനം സംഭാവന നല്‍കിയിരുന്നു. അതിനുള്ള തുകകൂടി ചേരുമ്പോഴാണ് പെന്‍ഷന്‍ 2863 ആകുന്നത്. 16/11/1995 മുതലുള്ള നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനുമുമ്പുള്ള നിക്ഷേപത്തിന്റെ പേരിലുള്ള പെന്‍ഷന്‍ എങ്ങനെ എടുക്കും? അതിനാല്‍ ഇവിടെ പരിഗണിക്കാവുന്ന പെന്‍ഷന്‍ 2413 മാത്രമാണ്. നിക്ഷേപത്തിന്, അംഗം പിരിയുന്നത്‌വരെയും അതിന്‌ശേഷവും പലിശ കണക്കാക്കാതെ മുതല്‍ മാത്രം കണക്കിലെടുക്കുന്നതാണ് നാലാം നമ്പര്‍ ആയി എണ്ണാവുന്ന ഏറ്റവും വലിയ തെറ്റിദ്ധരിപ്പിക്കല്‍. പദ്ധതി തുടങ്ങുന്ന 1995 മുതല്‍ 2000 വരെയുള്ള 5 വര്‍ഷം പി.എഫ് നല്‍കിയ പലിശ 12 ശതമാനമായിരുന്നു. കുറഞ്ഞു കുറഞ്ഞ് അതിപ്പോള്‍ 8.5 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. ഇതിന്റെ ശരാശരി 9.975 ശതമാനം വരും. ഇത് മുതലിനോട് ചേര്‍ത്താല്‍ നിക്ഷേപം 3 ഇരട്ടിയാവും.
പി.എഫ് പെന്‍ഷന്‍കാര്‍ക്ക് സാധാരണ കൊടുക്കുന്ന പെന്‍ഷന്‍ ന്യായമാണെന്നും പദ്ധതിയിലെ 11(3) പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ കൊടുക്കുന്നത് പി.എഫിലെയും പെന്‍ഷന്‍ ഫണ്ടിലെയും തുകകള്‍കൊണ്ട് സാധ്യമാവില്ലെന്നുമുള്ള വാദഗതി വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതാത്‌സമയം പി.എഫ് നല്‍കുന്ന പലിശ ചേര്‍ക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ടിലെ തുക എത്ര വരുമെന്നും ബാങ്ക് ലോണിന് ഇ.എം.ഐ കണക്കാക്കുന്ന രീതിയില്‍ എത്രകാലംകൊണ്ട് ഇത് കൊടുത്തുതീരുമെന്നും പിന്നെയും ബാധ്യത വരുന്ന കേസുകളില്‍ അവകാശപ്പെടാതെ നീക്കിയിരുപ്പുള്ള ഫണ്ടില്‍നിന്ന് അഡ്ജസ്റ്റ് ചെയ്താല്‍ എന്ത് സംഭവിക്കുമെന്നുമുള്ള സുതാര്യമായ വിവരണം പി.എഫ് ഓര്‍ഗനൈസേഷന്‍ നല്‍കട്ടെ. സാമൂഹ്യ സുരക്ഷാനിയമത്തിന്റെ പരിധിയില്‍വരുന്ന പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയ തൊഴിലാളികളെ സ്വകാര്യ പണമിടപാട് സ്ഥാപനം പോലെ കബളിപ്പിക്കുകയല്ല വേണ്ടത്.

 

 

 

 

 

web desk 1: