X
    Categories: columns

എല്ലാം മായ

 

കബീര്‍ അഗര്‍വാള്‍

ബാബരി മസ്ജിദ് പൊളിച്ചുമാറ്റുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടമാകാന്‍ ഇടയായ, അതിന് മുമ്പും ശേഷവുമുള്ള അക്രമങ്ങള്‍ക്കും കറാച്ചിയില്‍ ജനിച്ച മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയേക്കാള്‍ മറ്റാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്തമില്ല. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ജഡ്ജി രോഹിണ്ഠന്‍ നരിമാന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് 2017ല്‍ അദ്വാനിക്കെതിരായ കുറ്റപത്രം സി.ബി. ഐ സമര്‍പ്പിച്ചത്. രാമ ക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്ക ഭൂമി ഹിന്ദു വാദികള്‍ക്ക് കൈമാറിയ 2019 നവംബറിലെ സുപ്രീംകോടതി വിധിന്യായത്തെത്തുടര്‍ന്ന് താന്‍ കുറ്റക്കാരനല്ലെന്ന് അദ്ദേഹം സ്വയം ന്യായീകരിച്ചിരുന്നു.
1980 ലാണ് ഭാരതീയ ജനതാപാര്‍ട്ടി സ്ഥാപിതമായത്. 1986 ല്‍ പാര്‍ട്ടി പ്രസിഡന്റാകുന്നതിന് മുമ്പ് അദ്വാനി 1984 ല്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു. രാമന്‍ ജനിച്ചുവെന്ന് അവര്‍ വിശ്വസിക്കുന്ന സ്ഥലത്ത് – 400 വര്‍ഷത്തിലേറെയായി ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് – രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നതാണ് തങ്ങളുടെ പ്രധാന രാഷ്ട്രീയ അജണ്ടയെന്ന് 1989 ല്‍ ബി.ജെ.പി പ്രഖ്യാപിച്ചു. 1990 ലെ ശരത്കാലത്താണ് അദ്വാനി സോമനാഥില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തിയത്. ലക്ഷ്യം പള്ളി നിലകൊള്ളുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന ആവശ്യത്തിന് പിന്തുണ തേടുക എന്നതായിരുന്നു. സോമനാഥില്‍നിന്ന് യാത്ര ആരംഭിക്കാനും അയോധ്യയില്‍ അവസാനിപ്പിക്കാനുമുള്ള അദ്വാനിയുടെ തീരുമാനത്തിനുപിന്നില്‍ ശക്തമായ പ്രതീകാത്മക മൂല്യമുണ്ടായിരുന്നു. സോമനാഥില്‍ ചെയ്തതുപോലെ അയോധ്യയിലെ ക്ഷേത്രം ‘വീണ്ടെടുക്കുക’ എന്നതായിരുന്നു അത്. അദ്വാനിയുടെ ‘എന്റെ രാജ്യം എന്റെ ജീവിതം’ എന്ന പുസ്തകത്തില്‍ രഥയാത്ര സോമനാഥില്‍ നിന്ന് തുടങ്ങാനുണ്ടായ കാരണം വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ‘മുസ്‌ലിം സ്വേച്ഛാധിപതികള്‍ നടത്തിയ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രതീകമെന്ന നിലയില്‍ സോമനാഥ ക്ഷേത്രത്തെ ഉയര്‍ത്തികാണിച്ചായിരുന്നു രഥയാത്ര അവിടെ നിന്നും ആരംഭിച്ചത്. അതുകൊണ്ട് തന്നെ സോമനാഥ ക്ഷേത്രത്തിന് രഥയാത്രയില്‍ ശക്തമായ പ്രതീകാത്മക മൂല്യമുണ്ടായിരുന്നു. സോമനാഥ ക്ഷേത്രത്തോട് സാമ്യപ്പെടുത്തികൊണ്ട് അയോധ്യക്ക് മുസ്‌ലിം കടന്നുകയറ്റ ചരിത്രത്തില്‍ ഒരു സ്ഥാനം നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു നീക്കം. ഇതുവഴി രാം മന്ദിര്‍ പ്രസ്ഥാനത്തിന് സാധുത നല്‍കുകയായിരുന്നു ലക്ഷ്യം. സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തോട് പുനര്‍നിര്‍വചനപ്പെടുത്തുകയായിരുന്നു സംഘപരിവാര്‍’.
സമാധാനത്തിന്റെ സന്ദേശമല്ല താന്‍ നല്‍കുന്നതെന്ന് അദ്വാനിയുടെ രഥയാത്ര വ്യക്തമാക്കിയിരുന്നു. ത്രിശൂലം, കോടാലി, വാള്‍, അമ്പും വില്ലും തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബജ്രംഗ്ദളിലെയും വിശ്വ ഹിന്ദു പരിഷത്തിലെയും പ്രവര്‍ത്തകര്‍ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ ചിത്രവും മുസ്്‌ലിംകളുടെ ‘വഞ്ചന’യും വിവരിച്ച് യാത്രയുടെ വഴിയിലുടനീളം പോസ്റ്ററുകള്‍ ഒട്ടിച്ചു. യാത്രക്കിടെ വലിയ തോതിലുള്ള അക്രമങ്ങളും കലാപങ്ങളും കൊലപാതകങ്ങളും നടന്നു. 1990 ഒക്ടോബറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാര്‍ അദ്വാനിയെയും കൂട്ടാളികളെയും തടഞ്ഞു. അദ്വാനിയെ അറസ്റ്റുചെയ്തതിനുശേഷവും ആയിരക്കണക്കിന് കാര്‍ സേവകര്‍ അയോധ്യയിലെത്തി.
രണ്ടുവര്‍ഷത്തിനുശേഷം, 1992 ഡിസംബര്‍ 6 ന് ബി.ജെ.പി നേതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചുനീക്കി, അദ്വാനിയുടെ നേതൃത്വത്തിലായിരുന്നു ഇത്. നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ പങ്ക് വ്യക്തമായിരുന്നു. കര്‍സേവകര്‍ പള്ളി പൊളിക്കുന്നതിനു മുമ്പ് അദ്വാനി വളരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നതായി ഡിസംബര്‍ 6 ന് അദ്വാനിക്കൊപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഞ്ജു ഗുപ്ത സി.ബി.ഐ പ്രത്യേക കോടതിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചുതുടങ്ങിയപ്പോള്‍ അദ്വാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളാരും അവരെ തടയാന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പള്ളി പൊളിച്ചുമാറ്റിയ ശേഷം ബി. ജെ.പി നേതാക്കള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുവെന്ന് ഗുപ്തയുടെ സാക്ഷ്യപത്രം പറയുന്നു. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ പള്ളി പൊളിച്ചുമാറ്റാന്‍ പറഞ്ഞിരുന്നതായി പള്ളി പൊളിച്ച കര്‍സേവകരില്‍ ചിലര്‍ 2017ല്‍ വ്യക്തമാക്കിയിരുന്നു. ‘ഭജനയും കീര്‍ത്തനവും മാത്രമല്ല ഡിസംബര്‍ 6ലെ കര്‍സേവയെന്നും ശ്രീരാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണവും ഉള്‍ക്കൊള്ളുന്നുവെന്ന് അദ്വാനി പറഞ്ഞതായി സി.ബി.ഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി പൊളിക്കുന്നത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാറിന്റെ വസതിയില്‍ അദ്വാനി പങ്കെടുത്ത രഹസ്യ യോഗത്തിലാണ് ബാബരി പള്ളി പൊളിക്കാനുള്ള അന്തിമ തീരുമാനം എടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം 2001 ല്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും 2017ല്‍ സുപ്രീംകോടതി പുനസ്ഥാപിച്ചു. പള്ളി പൊളിച്ചുമാറ്റിയത് ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്ന കുറ്റകൃത്യമായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തതാണ്.
നേരത്തെതന്നെ വിശ്വഹിന്ദു പരിഷത്ത് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അജണ്ടയായി സ്വീകരിച്ചിരുന്നുവെങ്കിലും ബി.ജെ.പി ഇതില്‍ സജീവമായി ഇടപെടുന്നത് എല്‍.കെ അദ്വാനി പ്രസിഡന്റായപ്പോഴാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന സംഭവങ്ങളാണ് 80കളില്‍ ഹിന്ദു സമൂഹത്തില്‍ ഉണ്ടായത്. ജാതി പീഡനത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ മതം മാറ്റങ്ങളിലൂടെയൊക്കെ പ്രതിഫലിച്ചു തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിത് സംഘടനകളും ശക്തിപ്പെട്ടതും ഇക്കാലത്താണ്. ഈ സാഹചര്യത്തിലാണ് എല്‍.കെ അദ്വാനി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ രാമജന്മഭൂമി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയത്. മുസ്‌ലിംകളെ പൂര്‍ണമായി അപരവത്കരിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്വാനിയെ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ പ്രധാനിയാക്കുന്നത്.
മുസ്‌ലിംളെ ബാബറിന്റെ കുട്ടികളെന്നായിരുന്നു അദ്വാനിയുടെ യാത്രാവേളയില്‍ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും മുസ്‌ലിംകളെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളെല്ലാം അദ്വാനിയുടെ കാലത്താണ് ആദ്യം ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നത്. 1980കളും 90കളും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാന കാലമായിരുന്നു. അദ്വാനിയുണ്ടായിരുന്നില്ലെങ്കില്‍ നരേന്ദ്ര മോദി സാധ്യമാകുമായിരുന്നില്ല.
ആദ്യ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി 1989 ആകുമ്പോഴെക്കും 85 സീറ്റിലെത്തിയിരുന്നു. ഹിന്ദുത്വം തീവ്രത ആര്‍ജ്ജിച്ചുവരുന്ന കാലമായിരുന്നു അത്. എല്‍.കെ അദ്വാനിയുടെ അധ്യക്ഷതയില്‍ നേരിട്ട ആദ്യ തെരഞ്ഞെടുപ്പ്. 1991 ലും ബി.ജെ.പി തെരഞ്ഞെടുപ്പ് നേരിട്ടത് അദ്വാനിയുടെ നേതൃത്വത്തില്‍ തന്നെ. അപ്പോഴെക്കും ബാബ്‌രി പള്ളി പൊളിക്കാനുള്ള സംഘ്പരിവാര്‍ നീക്കം രാജ്യത്തെ ധ്രുവീകരിച്ചു തുടങ്ങിയിരുന്നു. അന്ന് 120 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. പിന്നിട് പള്ളി പൊളിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1996ല്‍ 161 സീറ്റും 98 ല്‍ 182 സീറ്റുമായി വര്‍ധിച്ചു. ഹിന്ദുത്വ ശക്തികള്‍ അധികാരത്തില്‍ വിളഞ്ഞാടുന്ന മോദിക്കാലത്ത് പക്ഷേ ഇതേ അദ്വാനി മൂലയിലാണെന്നത് കാലം നല്‍കിയ തിരിച്ചടിയാകാം.

 

web desk 1: