എ.കെ ആന്റണി
ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കോ കേരളത്തിനോ മാത്രമുണ്ടായ നഷ്ടമല്ല; മറിച്ച് രാജ്യത്തിനാകമാനമുണ്ടായ തീരാ നഷ്ടമാണ്. ഞാനോര്‍ക്കുകയാണ,് നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിപിടിക്കാന്‍ രാജ്യം അഹമ്മദ് സാഹിബിനെയായിരുന്നു നിയോഗിക്കാറുണ്ടായിരുന്നത്. അത് കശ്മീര്‍ വിഷയമാകട്ടെ, മറ്റ് സങ്കീര്‍ണമായ പ്രശ്‌നങ്ങളാവട്ടെ, അവയെല്ലാം യുക്തിഭദ്രമായി ലോക വേദികളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതായുണ്ട്.
ചില വിഷയങ്ങളില്‍ അദ്ദേഹം വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് കാലാകാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ശുഷ്‌ക്കാന്തി പോരെന്ന് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നു. എന്നാല്‍ ലോക വേദികളില്‍ അഹമ്മദ് സാഹിബ് ഇന്ത്യന്‍ താല്‍പര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിക്കുമായിരുന്നു. അതിനി അദ്ദേഹത്തിനു വ്യക്തിപരമായി വിയോജിപ്പുള്ളതാണെങ്കിലും ശരി കൂട്ടായ തീരുമാനങ്ങളെ മാനിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കുമായിരുന്നു.
ലോക നേതാക്കളുമായി പ്രത്യേകിച്ചു അറബ് രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ തിളങ്ങുന്ന മുഖമായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയായിരിക്കെ അവിടങ്ങളിലെ ഉന്നത നേതൃത്വങ്ങള്‍ അദ്ദേഹത്തെ പറ്റി ചോദിക്കാറുള്ളത് ഞാന്‍ ഓര്‍ക്കുകയാണ്. ഗള്‍ഫ് രാജ്യ തലവന്‍മാരുമായുള്ള ചങ്ങാത്തം മറ്റാരേക്കാളും സഹായകമായത് മലയാളികള്‍ക്കാണ്. നൂറുകണക്കിനു അനുഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും. ഞാന്‍ തന്നെ പലപ്പോഴും നാട്ടില്‍ നിന്നും പ്രവാസികളുമായി ബദ്ധപ്പെട്ട ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഷയം വരുമ്പോള്‍ അഹമ്മദ് സാഹിബിനെ ബന്ധപ്പെടാറുണ്ടായിരുന്നു.
അതുപോലെ ഡല്‍ഹി മലയാളികളുടെ അഭയ കേന്ദ്രം കൂടിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഡല്‍ഹിയില്‍ അനുഭവിച്ചിരുന്ന പല പ്രധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ഞാനോര്‍ക്കുന്നു. 2004 ലെ ഇലക്ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചു കറിയത് ഇ. അഹമ്മദ് മാത്രമായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയാണ് മുസ്‌ലിം ലീഗ്. അതിന്റെ ശക്തിയില്‍ ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. അതിന്റെ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭമായിരുന്നു അഹമ്മദ് സാഹിബിന്റെ മന്ത്രി സ്ഥാനം. അത് പാര്‍ട്ടിക്കു മാത്രമല്ല, മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും അതോടപ്പം അഹമ്മദ് സാഹിബിനും കൂടിയുള്ള അംഗീകാരമായിരുന്നു.
മതേതര പാരമ്പര്യമുള്ള ഇന്ത്യാ രാജ്യത്ത് മതേതര സത്ത ഉയര്‍ത്തിപ്പിടിച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് കേന്ദ്ര ഗവണ്‍മെന്റ് കാണിച്ച അപമര്യാദയില്‍ അമര്‍ഷവുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചില ആരോഗ്യ കാരണങ്ങളാല്‍ പരിപാടികളില്‍ അധികമായി പങ്കെടുക്കാറില്ല. അവര്‍ക്ക് കൊടും തണുപ്പത്ത് അര്‍ധരാത്രി ആര്‍.എം.എല്‍ ഹോസ്പിറ്റലില്‍ കുത്തിയിരിക്കേണ്ടിവന്നു. അഹമ്മദ് സാഹിബിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നത് എത്ര പ്രതിഷേധാര്‍ഹമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.
എങ്ങനെ സംഭവിച്ചു എന്നറിയാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു അവകാശമുണ്ട്, കേരളത്തിനു അവകാശമുണ്ട്. അത് പുറത്ത്‌കൊണ്ട് വരിക എന്നത് അദ്ദേഹത്തിന്റെ പാവന സ്മരണയോടുള്ള നമ്മുടെ കടപ്പാടുകൂടിയാണ്. അഹമ്മദ് സാഹിബിനെ പറ്റി മണിക്കൂറുകളോളം സംസാരിക്കാന്‍ എനിക്കു കഴിയും. അഹമ്മദ് സാഹിബിന്റെ പാവന സ്മരണക്കുമുന്നില്‍ തലകുനിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. (ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.
തയ്യാറാക്കിയത്: ഷംസീര്‍ കേളോത്ത്)