X

സര്‍ക്കാര്‍ ധൂര്‍ത്തിന് ഇരയാകുന്ന അധ്യാപകര്‍

 

പി.പി മുഹമ്മദ്

ആദ്യം സാലറി കട്ട്, ഇപ്പോള്‍ തസ്തിക വെട്ട്, കൂടാതെ മാനേജറുടെ നിയമനാധികാരം ഔട്ടാക്കി, വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അധികാരം തട്ടി, ഇടത്പക്ഷ ജനാധിപത്യ മുന്നണി (തൊഴിലാളി) സര്‍ക്കാര്‍ നാല് കാര്യങ്ങളും (ശമ്പളം, തസ്തിക, നിയമനം, നിയമനാംഗീകാര അധികാരം) ഏകപക്ഷീയമായാണ് പിടിച്ചെടുത്തിരിക്കുന്നത്. നിയമനിര്‍മ്മാണസഭയായ നിയമസഭ കാണാതെ ജനാധിപത്യം മറികടന്ന് ഓര്‍ഡിനന്‍സിലൂടെയാണിതെല്ലാം നടപ്പാക്കുന്നത്. അതും കോവിഡ് കാലത്ത്.
സംസ്ഥാനത്തെ അധ്യാപക ജീവനക്കാരുടെ മാസ വേതനത്തില്‍നിന്ന് 5 ദിവസങ്ങളിലെ വേതനം 6 മാസംകൊണ്ട് (ഒരു മാസത്തെ) സാലറികട്ട് (പിടിച്ചെടുക്കാന്‍) ചെയ്യാനും എയ്ഡഡ് സ്‌കൂള്‍ കോളജുകളിലെ തസ്തികയിലുള്ള നിയമനാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കാനും (പിടിച്ചെടുക്കാന്‍), വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ മറവിലൂടെ സ്‌കൂള്‍ കോളജുകളിലെ അധ്യാപക തസ്തികകള്‍ വെട്ടികുറക്കാനും സെപ്തംബര്‍ 16ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ പൂര്‍ണ്ണമായും നടപ്പായാല്‍ 25 ശതമാനം അധ്യാപക തസ്തിക കുറവുണ്ടാവുമെന്നും കോടികള്‍ ലാഭിക്കാനാവുമെന്നാണ് ഭരണകൂട കാഴ്ചപ്പാട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കെ.എം അബ്രഹാം കമ്മിറ്റി റിപ്പോര്‍ട്ട്, സാമ്പത്തിക (ചെലവ് ചുരുക്കല്‍) വിദഗ്ധ സമിതി റിപ്പോര്‍ട്ടും മാര്‍ഗ നിര്‍ദ്ദദ്ദേശങ്ങളും എന്നിവയെല്ലാമാണ് ഇതിന് ബലമായി എടുത്തുദ്ധരിക്കുന്നത്. സാമ്പത്തിക നിയന്ത്രണമില്ലാതെ ഇനി മുമ്പോട്ട് പോകാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാമ്പത്തിക കരുതലും അച്ചടക്കമില്ലായ്മയാണ് ഞെരുക്കത്തിന്റെ മുഖ്യകാരണം.
നാലര വര്‍ഷമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും ക്രമക്കേടുകളുമാണ് നടക്കുന്നത്. അക്രഡിറ്റഡ് ഏജന്‍സികളുടെ കടന്ന്കയറ്റവും കണ്‍സള്‍ട്ടന്‍സി ജോലിയും വിരമിച്ച ജീവനക്കാരുടെ പുനര്‍നിയമനവും ജീവനക്കാരെ മുഖവിലക്കെടുക്കാതെയുള്ള ഒരു ഡസന്‍ ഉപദേശകരും മന്ത്രിസഭക്ക് പുറത്തുള്ള അര ഡസനോളം അര മന്ത്രിമാരും പാര്‍ട്ടിക്കാരെ കുടിയിരുത്താന്‍ ആറോളം പ്രത്യേക മിഷനുകളും പാര്‍ട്ടിക്കാര്‍ പ്രതിയായ കേസിനായുള്ള കോടികളും ഇതെല്ലാം കാരണമായി മുമ്പില്ലാത്ത വിധം സാമ്പത്തിക ചോര്‍ച്ചയാണുണ്ടായത്. 2020 മാര്‍ച്ചിലുണ്ടായ മഹാമാരിയായ കോവിഡല്ല കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെയും പ്രതിസന്ധിയുടെയും കാരണമെന്ന് കണ്ടെത്താനാവും. ഇതിനെല്ലാം പരിഹാരമായി അധ്യാപക ജീവനക്കാരുടെ മാസവേതനം പിടിച്ചെടുക്കുക, സ്‌കൂള്‍ കോളജ് അധ്യാപക തസ്തിക വെട്ടികുറക്കുക എന്നിവയിലേക്ക് നീങ്ങുകയാണ് ഭരണകൂടം. പ്രളയങ്ങള്‍, നിപ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഓഖി, സാലറി ചലഞ്ച്, ദുരിതാശ്വാസനിധി എന്നിവയിലെല്ലാം മാസശമ്പളം വാങ്ങുന്നവര്‍ സര്‍ക്കാറിനൊപ്പമായിരുന്നു. എന്നാലിപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ വേതനം പിടിച്ചെടുക്കാനുള്ള രണ്ടാംവരവ് അനുവദിക്കില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. തസ്തിക വെട്ടിക്കുറക്കുന്നതിനുള്ള വാദമാണ് ഏറെ വിചിത്രം. ഒരു കുട്ടി അധികമായാല്‍ സ്‌കൂളുകളിലും ഒരു മണിക്കൂര്‍ അധികമായാല്‍ കോളജുകളിലും ഇനിമുതല്‍ അധിക തസ്തികയുണ്ടാവില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പ്രയോഗമാണിത്. ദേശീയ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചാണ് ഒന്നു മതല്‍ എട്ടാം ക്ലാസുകളിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കണക്കാക്കുന്നത്. യു.ജി.സി മാര്‍ഗരേഖയനുസരിച്ചാണ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ വിദ്യാഭ്യാസത്തിന് തുക നീക്കിവെക്കുന്നത് ലാഭനഷ്ട കണക്ക് നോക്കിയിട്ടല്ല. വിദ്യാഭ്യാസ ചെലവ് നിക്ഷേപമാണ്. ഏതൊരു ജനവിഭാഗത്തിനും വിദ്യാഭ്യാസമുണ്ടെങ്കിലെ പുരോഗതി ഉണ്ടാവൂ. ഇന്ത്യന്‍ ഭരണഘടന 6 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം ഉറപ്പ്‌നല്‍കുന്നത്. വിദ്യാഭ്യാസം കുട്ടിയുടെ മൗലികാവകാശമാണ്. പഠനത്തിനാവശ്യമായ സൗകര്യമൊരുക്കലും അധ്യാപകരെ നിയമിക്കലും ഭരണകൂടത്തിന്റെ ബാധ്യതയാണ്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചാണ് കുട്ടികളുടെ എണ്ണം നിജപ്പെടുത്തിയത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പ്രൈമറിയില്‍ എല്‍.പി സ്‌കൂള്‍ 1:30, യു.പി സ്‌കൂള്‍ 1:35 എന്നാക്കിയത്. കേരളത്തിലിത് 1:36, 1:41 എന്നാക്കി മാറ്റുകയാണ്. പുതിയ വിദ്യാര്‍ത്ഥി അധ്യാപക അനുപാതവും ബജറ്റ് പ്രസംഗവും പ്രാവര്‍ത്തികമായാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അയ്യായിരത്തോളം അധ്യാപകരെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുന:ക്രമീകരിച്ചാല്‍ പുതിയ തസ്തികയും ഇനിയുണ്ടാവില്ല. ഹയര്‍സെക്കന്ററിയിലും തസ്തിക കുറയും. 7 മുതല്‍ 15 വരെ പിരിയിഡുകള്‍ക്ക് ജൂനിയര്‍ തസ്തികയും 16 മുതല്‍ 28 വരെ സീനിയര്‍ തസ്തികയും എന്നത് കൂടിയാല്‍ 31 ആക്കും. അധിക പിരിയിഡുകള്‍ക്ക് താല്‍ക്കാലിക തസ്തിക മാത്രം. സമാനമായ രീതിയില്‍ കോളജുകളിലും മാറ്റങ്ങളുണ്ടാവും. 16 മുതല്‍ 24 മണിക്കൂര്‍ വരെ ജോലി നിര്‍ബന്ധം. പോസ്റ്റ് ഗ്രാജ്വേറ്റ് 1.5 വെയിറ്റേജ് ഒഴിവാക്കും. മണിക്കൂറിനനുസരിച്ചാണ് കോളജുകളിലെ തസ്തിക നിര്‍ണ്ണയം. 9 മണിക്കൂറുണ്ടെങ്കില്‍ തസ്തികയുണ്ടാക്കാമെന്ന നിലവിലെ ഘടന മാറ്റി 16 മണിക്കൂര്‍ എന്നാക്കി മാറ്റും. പുതിയ പരിഷ്‌കാരങ്ങളോടെ കോളജുകളില്‍ 40 ശതമാനം വരെ തസ്തിക ഇല്ലാതെയാവും.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി നടപ്പാക്കുന്നതോടെ അധ്യാപക തസ്തിക ഗണ്യമായി കുറവ് വരും. വിദ്യാഭ്യാസ ഗുണനിലവാരമോ, സമ്പൂര്‍ണ്ണ സ്‌കൂള്‍ പ്രവേശനമോ, ഗുണമേന്മാ വിദ്യാഭ്യാസമോ, കുട്ടികളെ പഠിപ്പിക്കാനായുള്ള മികച്ച അധ്യാപകരെ നിയമിക്കുകയോ അല്ല ലക്ഷ്യം, നിയമവിരുദ്ധമായി തസ്തിക ഇല്ലാതാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുകയെന്നതാണ്. ഖാദര്‍ കമ്മിറ്റിയടെ നിര്‍ദ്ദദ്ദേശം നടപ്പാക്കിയാല്‍ 2,660 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഇല്ലാതാവും. ഹൈസ്‌കൂള്‍ അധ്യാപകരുടെ സ്ഥാനകയറ്റ തസ്തികകളായ ഹെഡ്മാസ്റ്റര്‍, എ.ഇ. ഒ മുതല്‍ എ.ഡി.പി.ഐ വരെയുള്ള 310 ഓഫീസര്‍ തസ്തികകള്‍ ഇല്ലാതാവും. 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ (വി.എച്ച്.എസ്.ഇ) 4,297 അധ്യാപകരുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയെ ഹയര്‍ സെക്കന്ററിയിലേക്ക് ലയിപ്പിക്കുന്നതോടെ നിലവിലുള്ള വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍, ലാബ് അസിസ്റ്റന്റ്, 850 ഓളം വി.എച്ച്.എസ് ഇ ക്ലര്‍ക്ക്, മറ്റ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഇവരെല്ലാം ആശങ്കയിലാണ്.

web desk 1: