പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സി.എച്ച് മുഹമ്മദ് കോയസാഹിബിന്റെ രാഷ്ട്രീയ ജീവ ചരിത്ര ഗ്രന്ഥം രചിച്ച ചരിത്രകാരനും പണ്ഡിതനുമായ എം.സി വടകര പുസ്തകത്തിന്റെ ആദ്യ വരികള്‍ തുടങ്ങുന്നത് ഇങ്ങിനെയാണ്. ‘ഞങ്ങള്‍ ഉറങ്ങുകയായിരുന്നു. കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്‍പ്പെരുമാറ്റത്തിനു കാതോര്‍ക്കാതെ മൂഢസങ്കല്‍പ്പങ്ങളില്‍ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍’. അതേ പുസ്തകത്തിന്റെ അവസാന വരികള്‍ ഇങ്ങിനെയാണ്. ‘ഞങ്ങള്‍ക്കിനി ഉറങ്ങാനാവില്ല. ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചാട്ടുളിപോലെ ചീറി വന്നു ഞങ്ങളെ കര്‍മ്മനിരതരാക്കും. ഞങ്ങള്‍ക്ക് ഉണര്‍ന്നിരിക്കാനേ കഴിയൂ. ഉണര്‍വ്വിന്റെ സന്ദേശം ഞങ്ങളുടെ ചെവികളില്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ടാണ് അദ്ദേഹം പോയത്. അദ്ദേഹം പോയി.. അപ്പോഴേക്കും ഞങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞിരുന്നു’
‘തമസോമാ ജ്യോതിര്‍ ഗമയാ’ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന മന്ത്രം പോലെ ഉറക്കില്‍നിന്ന് ഉണര്‍വ്വിലേക്ക് കേരളത്തിലെ മുസ്‌ലിം സമുദായത്തെ നയിച്ച ശേഷമാണ് സി.എച്ച് കടന്നുപോയത്. ഒരു സമൂഹത്തെ അപകര്‍ഷതയില്‍നിന്നും ആത്മാഭിമാനത്തിലേക്ക് വഴി നടത്തിയ സഞ്ചാരിയുടെ പേരാണ് സി.എച്ച്. ആ രണ്ടക്ഷരം ഇന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആവേശവും കര്‍മ്മരംഗത്തിറങ്ങാനുള്ള ഉന്‍മേശവുമാണ്. ഒരു സമൂഹത്തെ പ്രചോദിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രതീക്ഷയുടെ സ്വപ്‌നങ്ങള്‍ കാണാന്‍ അവരെ പഠിപ്പിക്കുകയും ആ സമൂഹത്തിന്റെ ഇന്നലെകളെ കുറിച്ചുള്ള ആവേശം തുളുമ്പുന്ന ചരിത്രം അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുക എന്നുള്ളതുമാണ്. കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ സി.എച്ച് നിര്‍വഹിച്ച പ്രധാനദൗത്യം അതു തന്നെയായിരുന്നു. ആരുടേയും വിറകുവെട്ടികളും വെള്ളം കോരികളുമല്ലാത്ത ഒരു സമുദായത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു സി.എച്ചിന്റേത്. അതിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇബ്‌നുസീനയും ഇബ്‌നുഖല്‍ദൂനും അല്‍ബറൂനിയുമടക്കം ലോകത്തിന് സംഭാവന നല്‍കിയ മുസ്‌ലിം ലോകത്തെ പ്രതിഭകളെ കുറിച്ചും ലോകത്തിന്റെ മുമ്പില്‍ വൈജ്ഞാനിക വെളിച്ചം വിതറിയ കൊര്‍ദോവയുടേയും ബഗ്ദാദിന്റെയുമടക്കം വിസ്മയകരമായ ചരിത്രങ്ങളും മലബാറിലെ ഗ്രാമഗ്രാമാന്തരങ്ങളിലെത്തി മാപ്പിള സമൂഹത്തിനുമുന്നില്‍ വിവരിച്ചു കൊടുത്തു.
ഗതാഗത സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നന്നേ കുറവായിരുന്ന ആ കാലത്ത് വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ഉള്ളവര്‍ വിരളമായ ആ കാലത്ത് ജോലിയും കൂലിയുമില്ലാത്ത അര്‍ധ പട്ടിണിക്കാരും അത്താഴപട്ടിണിക്കാരുമായ ആ സമൂഹത്തിന്റെ മുന്നിലെത്തി അവരെ ഉണര്‍ത്താനും സംഘടിപ്പിക്കാനും പരിശ്രമിക്കുക എന്നത് ആത്മാര്‍ത്ഥതയും ത്യാഗസന്നദ്ധതയുമുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു. അത് സി.എച്ചിനുണ്ടായിരുന്നു. പ്രസംഗത്തിന്റെ മാസ്മരികതയില്‍ വാക്കുകള്‍ ആ സമൂഹത്തിന്റെ കാതുകളിലേക്കല്ല ഖല്‍ബകങ്ങളിലേക്കാണ് പ്രവഹിച്ചത്. അതു കൊണ്ടാണ് ആ വാക്കുകള്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. താജ്മഹല്‍ പോലെ സുന്ദരവും ചെങ്കോട്ട പോലെ ഭദ്രവും ഖുതുബ്മിനാറിനെപോലെ ഉന്നതവുമായ സമുദായം എന്ന വാക്കുകള്‍ കേട്ടിരിക്കുന്ന മാപ്പിള സമൂഹത്തില്‍ ആത്മാഭിമാനത്തിന്റെ തിരയടിച്ചു. കാലൂന്നിനില്‍ക്കുന്ന ഈ മണ്ണെടുത്ത് മണത്തുനോക്കാന്‍ മാപ്പിള സമൂഹത്തോട് സി.എച്ച് പറയുമായിരുന്നു. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച പൂര്‍വ്വികരുടെ രക്തഗന്ധമുണ്ട് ആ മണ്ണിനെന്ന് വിശദീകരിച്ചുകൊടുത്തു. അധിനിവേശ ശക്തികള്‍ക്കെതിരെ ജീവിതവും ജീവനും സമര്‍പ്പിച്ച് പോരാടിയ മാപ്പിള പോരാളികളുടെ വീര കഥകള്‍കൂടി ആവേശകരമായി അവതരിപ്പിച്ചതായിരുന്നു നയാഗ്ര വെള്ളചാട്ടം പോലെ വാക്കുകള്‍ ഒഴുകിവന്ന ആ പ്രഭാഷണം. സാമൂതിരിയുടെ സാമ്രാജ്യത്തിനു കാവലിരുന്ന കുഞ്ഞാലിമരക്കാരും പഴശ്ശി രാജയുടെ പോരാളികളായ ഉണ്ണിമൂസയും അത്തന്‍കുരിക്കളും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജീവന്‍ സമര്‍പ്പിച്ച ആലിമുസ്‌ല്യാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും ചെമ്പ്രശ്ശേരി തങ്ങളുടേയും പിന്‍മുറക്കാരെന്ന അഭിസംബോധന ആ സമൂഹത്തില്‍ ആത്മവിശ്വാസം നിറച്ചു. അഭിമാനകരമായ അസ്തിത്വത്തിനുവേണ്ടി അവര്‍ സംഘടിതരായി, രാഷ്ട്രീയ ശക്തിയായി.
സംഘടിത ശക്തി, വിദ്യാഭ്യാസം, അധികാരപങ്കാളിത്തം എന്നിവ ഒരു സമൂഹത്തിന്റെ വളര്‍ച്ചക്കുള്ള ഉപാധികളില്‍ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവ് സി.എച്ചിനുണ്ടായിരുന്നു. ന്യൂനപക്ഷ പിന്നാക്ക സമുദായത്തെ സംഘടിപ്പിച്ചു നിര്‍ത്തിയ രാഷ്ട്രീയ നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഗല്‍ഭനായ ഭരണാധികാരി എന്നീനിലയില്‍ സി.എച്ചിന്റെ കൈപുണ്യം അനുഭവിക്കാന്‍ മലയാളിക്ക് പ്രത്യേകിച്ച് സമുദായത്തിന് ഭാഗ്യമുണ്ടായി. എഴുത്തുകാരനായും പത്രപ്രവര്‍ത്തകനായും ഗ്രന്ഥകാരനായും സി. എച്ചിന്റ പ്രൊഫൈലില്‍ വൈവിധ്യങ്ങള്‍ ജ്വലിച്ചു നില്‍ക്കുന്നുണ്ട്. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ശബ്ദിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും സഹോദര സമുദായത്തെ വേദനിപ്പിക്കാതെ സൂഷ്മത പാലിച്ചു.
സി.എച്ചിന്റെ മരണാനന്തരം എന്‍.വി കൃഷ്ണവാരിയര്‍ എഴുതി: സ്വന്തം സമുദായത്തിനുവേണ്ടി പ്രവര്‍ത്തികുമ്പോഴും മറ്റു സമുദായങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ സി.എച്ച് മുഹമ്മദ് കോയക്ക് സാധിച്ചു. തലനാരിഴ അവകാശം വിട്ടുതരാനോ മുടിനാരിഴ അവകാശം അപഹരിക്കാനോ അനുവദിക്കില്ലെന്ന് സി.എച്ച് തന്നെ സാക്ഷ്യപ്പെടുത്തിയ വാക്കുകള്‍ അവകാശബോധം മാത്രമല്ല കറകളഞ്ഞ മത വിശ്വാസി എന്ന നിലയിലുള്ള നീതി ബോധംകൂടിയാണ്. അത് വെറും വാക്കുകള്‍ മാത്രമായിരുന്നില്ല, പൊതു സമൂഹത്തിനു ബോധ്യപ്പെട്ട യാഥാര്‍ത്ഥ്യമായിരുന്നു. അവകാശങ്ങളെ കുറിച്ച് മാത്രം സമുദായത്തെ ബോധ്യപ്പെടുത്തിയ നേതാവല്ല അദ്ദേഹം. സമൂഹത്തോടും സമുദായത്തോടും രാഷ്ട്രത്തോടും നിര്‍വഹിക്കേണ്ട കടമകളെ പഠിപ്പിക്കുകയും നിര്‍വഹിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. സമുദായ ഐക്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. ഉലമ ഉമറ ബന്ധത്തിന്റെ ഇഹപര വിജയം അറിയുകയും ആവര്‍ത്തിച്ച് പറയുകയും ചെയ്തു. പൂക്കോയതങ്ങളുടെ വിയോഗ ശേഷം ശിഹാബ്തങ്ങള്‍ മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ സി.എച്ച് ആവശ്യപ്പെട്ടത് ശൈഖുനാ ചാപ്പനങ്ങാടി ബാപ്പുമുസ്‌ല്യാരോടായിരുന്നു. ബാപ്പുമുസ്‌ല്യാരുടെ വാക്കും പ്രാര്‍ത്ഥനയും കര്‍മ്മ രംഗത്തിറങ്ങാന്‍ ശിഹാബ് തങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്നിരിക്കാം. പണ്ഡിതന്മാരോടുള്ള ആത്മ ബന്ധം ദൃഢമായിരുന്നു സി.എച്ചിന്. ശരിയെന്ന് തോന്നുന്നതിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ച അദ്ദേഹം സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ സാമൂഹ്യവിരുദ്ധര്‍ ശ്രമിച്ചപ്പോഴൊക്കെ സമാധാന സന്ദേശവുമായി ഓടിയെത്തി. സ്റ്റേജിലും പേജിലും സമാധാനത്തിന്റെ അക്ഷരങ്ങള്‍ നിറഞ്ഞൊഴുകി. മതമൈത്രിയുടെ ആകാര രൂപമാണ് കോയ എന്ന് ബി.ജെ.പി നേതാവ് പോലും പ്രഖ്യാപിച്ചു. സി.എച്ച് മുഹമ്മദ് കോയ എന്നാല്‍ സി.എച്ച്.എം കോയ എന്നും സി=ക്രിസ്ത്യന്‍, എച്ച്=ഹിന്ദു, എം=മുസ്‌ലിം എന്നു പറഞ്ഞത് മാരാരായിരുന്നു. ഇങ്ങനെയൊക്കെയാണ് സി.എച്ച് സമുദായത്തെ ഉണര്‍ത്തിയത്.
1983 സെപ്തംബര്‍ 28 ന് അദ്ദേഹം പോയി. അപ്പോഴേക്കും ഞങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞിരുന്നു. ‘ഇനി നമ്മിലൊരാളിന്റെ നിദ്രക്ക് മറ്റെയാള്‍ കണ്ണിമ ചിമ്മാതെ കാവല്‍ നിന്നീടണം’- ഒ.എന്‍.വി