X
    Categories: columns

ചന്ദ്രികയെക്കുറിച്ച് സീതിസാഹിബ്

ഇ സാദിഖ് അലി

ഹാജി അബ്ദുസ്സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടും പൊന്നാനിക്കാരന്‍ അബ്ദുല്ലക്കുട്ടി ഹാജിയും കതിരൂര്‍ ഹൈസ്‌കൂളില്‍ അറബി അധ്യാപകനായിരുന്ന മൗലവി പി.എം മുഹമ്മദ് ഫലക്കിയും പൊലീസ് സൂപ്രണ്ട് കരീമുല്ലയും പി.ഐ കുഞ്ഞഹമ്മദ്കുട്ടിയും വിദ്യാഭ്യാസ നവോത്ഥാന ശില്‍പി സി.ഒ.ടി കുഞ്ഞിപ്പക്കിയും ഇ.കെ മൗലവിയും മലബാര്‍ ജില്ലാ ജഡ്ജി നിയമജ്ഞനായ മീര്‍ ഷംസുദ്ദീനുമെല്ലാം ഇവിടെയാണ് സമ്മേളനം കൂടിയിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കെ.എം മൗലവിയുടെ ഉല്‍ബോധന പ്രസംഗങ്ങളും റമസാന്‍ മാസത്തില്‍ തറാവീഹിന്‌ശേഷം പണ്ഡിതന്മാരുടെ പ്രാര്‍ത്ഥനയും പൗരപ്രമുഖരുടെ സംഗമവും ഇവിടെ പതിവായിരുന്നുവത്രെ. മുസ്‌ലിം ദിനപ്പത്ര പ്രസിദ്ധീകരണവും വിദ്യാഭ്യാസ പ്രചാരണവും ഉയര്‍ന്ന്‌വന്നതിങ്ങനെയാണ്. മഹത്തായ ലക്ഷ്യത്തോടെയുള്ള സീതി സാഹിബിന്റെയും ചന്ദ്രികയുടെയും പ്രവര്‍ത്തനത്തെ കെ.പി കുഞ്ഞിമ്മൂസയുടെ ഭാഷയില്‍ വിലയിരുത്തിയാല്‍ അച്ച് നിരത്തലിന് ശാരീരിക പ്രയത്‌നം മാത്രം പോരെന്നും കലാകാരന്റെ ഭാവനാപാടവവും ആവശ്യമാണെന്നും പള്ളിയില്‍ പറഞ്ഞ് കൊടുത്തത് കെ.എം സീതി സാഹിബ്. മുസ്‌ലിം ക്ലബ്ബ്, മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി എന്നിവയുടെ സാരഥികളും പ്രവര്‍ത്തകരും പ്രിന്റിങിനെ സംബന്ധിച്ചും കമ്പോസിങിനെക്കുറിച്ചും കേട്ടത് പള്ളിയില്‍നിന്ന്. ചന്ദ്രിക പ്രതിവാര പത്രമായി അച്ചടിക്കാന്‍ ട്രെഡല്‍ മെഷീന്‍ സ്ഥാപിച്ചത് പള്ളിക്കരികിലുള്ള കെട്ടിടത്തില്‍. അച്ചുകള്‍ വിഭജിച്ചിരുന്ന മരം കൊണ്ടുണ്ടാക്കിയ കള്ളറകളുള്ള കെയ്‌സുകള്‍ കാണാന്‍ കടവത്തൂര്‍, കരിയാട്, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ആളുകള്‍ യുനൈറ്റഡ് പ്രസ്സിലെത്തിയിരുന്നുവത്രെ. ആലിഹാജി പള്ളിക്ക് സമീപം ആ പഴയ കെട്ടിടത്തില്‍ തന്നെയാണ് യുസുഫിയ മദ്രസ്സയും പ്രവര്‍ത്തിച്ചിരുന്നത്.
പള്ളിക്കഭിമുഖമായി നില്‍ക്കുന്ന ഉമ്മര്‍ ആന്റ് സണ്‍സിന്റെ കെട്ടിടത്തില്‍ തന്നെയാണ് മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ വൈദ്യുതി മീറ്റര്‍ ഘടിപ്പിച്ചിരുന്നത്. തൊട്ടടുത്ത മാളികയില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിംലീഗ് കമ്മിറ്റി ഓഫീസിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത് പള്ളിക്ക് സമീപം ശര്‍ക്കരക്കച്ചവടം നടത്തിയിരുന്ന സി. കെ അബൂട്ടിയുടെ കടയിലായിരുന്നു. ആലിഹാജിപ്പള്ളിയുടെ ചരിത്രം ചന്ദ്രികയുടെ ചരിത്രത്തിന്റെ തങ്കത്താളുകളായി മാറുന്നതങ്ങനെയാണ്. മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ പ്രഥമ മാനേജിങ് ഡയറക്ടായി അവരോധിക്കപ്പെട്ട ചെയര്‍മാന്‍ മമ്മുക്കേയി എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന, മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് പ്രഥമ ഖജാന്‍ജിയുമായിരുന്ന സി. പി മമ്മുക്കേയിയുടെ ചരിത്രം അനാവരണം ചെയ്യപ്പെട്ടെങ്കില്‍ മാത്രമേ ചന്ദ്രികയുടെ അടിത്തറയുടെ ഉറപ്പ് തിരിച്ചറിയാനാവൂ. അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്ന ബുദ്ധി വൈഭവമുള്ള മുക്കാട്ടില്‍ മൂസാസാഹിബ്, സേവന തല്‍പരനായ ഏ.കെ കുഞ്ഞിമായിന്‍ ഹാജി, ദീര്‍ഘ ദൃഷ്ടിയുള്ള കിടാരന്‍ അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരെല്ലാം സീതിസാഹിബില്‍ ഭരമേല്‍പിക്കുകയായിരുന്നു. മത പ്രചാരണവും സാമൂഹ്യ പുരോഗതിയും രാഷ്ട്രീയ നവോത്ഥാനവും സാംസ്‌കാരികാഭിവൃദ്ധിയും ലക്ഷ്യംവെച്ച കേരള മുസ്‌ലിംകളുടെ മൗലാനാ മുഹമ്മദ് അലിയും സര്‍ സയ്യിദും അല്ലാമാ ഇഖ്ബാലുമൊക്കെയായ കെ.എം സീതി സാഹിബ് ചന്ദ്രികയുടെ ചരിത്ര വഴിയില്‍ പുതിയ നാഴികക്കല്ലുകള്‍ നാട്ടാന്‍ അക്ഷരങ്ങളെ സ്‌നേഹിച്ച മുഴുവനാളുകളുടെയും സഹകരണത്തിനായി കരുക്കള്‍ നീക്കി.
ചന്ദ്രികയുടെ സേവനങ്ങളെക്കുറിച്ച് കെ.എം സീതി സാഹിബ് ഒരിക്കല്‍ രേഖപ്പെടുത്തിയതിങ്ങനെ: ‘വിഭജനത്തിന് മുമ്പ് പൊതുവിലും അതിന്‌ശേഷം പ്രത്യേകിച്ചും മുസ്‌ലിംലീഗിന്റെ സന്ദേശം ഏറ്റവും ശക്തിയോട്കൂടി മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും കുപ്രചാരണങ്ങളെ തകര്‍ക്കാനും ചന്ദ്രിക ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അമൂല്യ സേവനങ്ങളെ മുസ്‌ലിംകള്‍ കൃതജ്ഞതയോടെ എന്നും സ്മരിക്കുന്നതാണ്. വിഭജനത്തിന്‌ശേഷം എല്ലാ ശക്തികളുമൊരുമിച്ച് മുസ്‌ലിംലീഗിന്റെ നേര്‍ക്ക് ഭയങ്കരമായൊരാക്രമണം നടത്തിയ ആ ഇരുണ്ട കാലഘട്ടത്തില്‍ മുസ്‌ലിംലീഗിന്റെ സന്ദേശം സധൈര്യം മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അവരുടെ ആത്മവിശ്വാസവും ധൈര്യവും നിലനിര്‍ത്താനും മുസ്‌ലിംലീഗിന്റെ ജിഹ്വയായ ചന്ദ്രിക മാത്രമേയുണ്ടായിരുന്നുള്ളൂ. വിഭജനത്തെതുടര്‍ന്ന് ഉത്തരേന്ത്യയിലുണ്ടായ കൂട്ടക്കൊലകളെ സംബന്ധിച്ച് ചില ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചതിന് ചന്ദ്രികയുടെമേല്‍ ഗവണ്‍മെന്റ് നടപടിയെടുക്കുകയും 1000 രൂപ ജാമ്യം കെട്ടിവെക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഇതിനെതിരില്‍ ചന്ദ്രിക മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചെങ്കിലും സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ ഒരു കൊല്ലത്തിന്‌ശേഷം പ്രസ്തുത ജാമ്യസംഖ്യ ചന്ദ്രികക്ക് തിരിച്ച്‌കൊടുക്കാന്‍ കല്‍പിച്ചുവെന്നത് പത്രത്തിന്റെ നേര്‍ക്കുണ്ടായ ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലായിരുന്നുവെന്ന് വ്യക്തമാക്കി. മുസ്‌ലിംകളുടെ വിദ്യാഭ്യാസവും സാമൂഹികവുമായ പുരോഗതിക്ക് വേണ്ടി ചന്ദ്രിക ചെയ്ത്‌കൊണ്ടിരിക്കുന്ന അനര്‍ഘ സേവനങ്ങളെ മുസ്‌ലിം സമുദായം രാഷ്ട്രീയ പരിഗണന കൂടാതെ സന്തോഷപൂര്‍വം അംഗീകരിക്കുമെന്നറിയാം. ചന്ദ്രികയുടെ മാനേജിങ് ഡയരക്ടറായിരുന്ന സി.പി മമ്മുക്കേയിയുടെ മരണത്തിന്‌ശേഷം മാനേജിങ് ഡയരക്ടറായി വന്ന ഏ.കെ കുഞ്ഞിമായിന്‍ ഹാജി സാഹിബ് പത്രത്തിന്റെ ഭദ്രതക്കും പ്രചാരണത്തിനുംവേണ്ടി അഭിനന്ദനീയമായ സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നത് വിസ്മരിക്കാവുന്നതല്ല. അദ്ദേഹം പ്രായാധിക്യം നിമിത്തമുള്ള കാരണങ്ങളാലും അനാരോഗ്യം ഹേതുവായും സ്ഥാനം ഒഴിഞ്ഞതിന്‌ശേഷം ചന്ദ്രികയുടെ നിലനില്‍പ്പിന് എപ്പോഴും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മാനേജിങ് ഡയരക്ടര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

 

web desk 1: