കരുത്താര്‍ജ്ജിക്കുന്ന തുനീഷ്യന്‍ ജനാധിപത്യം

കെ. മൊയ്തീന്‍കോയ

അറബ് വസന്തത്തിന്റെ ഇടിമുഴക്കത്തിലൂടെ ഏകാധിപതിയെ തൂത്തെറിഞ്ഞ തുനീഷ്യയില്‍ ജനാധിപത്യം കരുത്താര്‍ജിക്കുന്നതിന്റെ തെളിവാണ് പ്രസിഡന്റ് – പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍. ഏകാധിപതിക്ക് എതിരെ ജനങ്ങള്‍ സ്വന്തം ഭാഗധേയം നിര്‍ണ്ണയിച്ച മുല്ലപ്പൂവിപ്ലവത്തിന് 2011ല്‍ തുടക്കംകുറിച്ച തൂനീഷ്യ അറബ് ലോകത്തിന് മാതൃകയായി. സ്വതന്ത്രവും നീതിപൂര്‍വവുമായി നടന്ന തെരഞ്ഞെടുപ്പില്‍ നിയമ പ്രൊഫസര്‍ കൈസ് സയിദ് 70 ശതമാനത്തിലേറെ വോട്ട് നേടി അട്ടിമറി വിജയം കരസ്ഥമാക്കി. ആദ്യ റൗണ്ടില്‍ 26 സ്ഥാനാത്ഥികള്‍ രംഗത്തുണ്ടായിരുന്നു. രണ്ടാം റൗണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് പേര്‍ തമ്മിലാണ് മത്സരിച്ചത്. മാധ്യമ രാജാവായി അറിയപ്പെടുന്ന നബില്‍ കാറായ് തോല്‍വി ഏറ്റുവാങ്ങി. പരമ്പരാഗത പാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൂക്കുസഭയാണ് നിലവില്‍ വന്നത്. മുസ്ലിം ജനാധിപത്യ പാര്‍ട്ടി എന്നറിയപ്പെടുന്ന അന്നഹ്ദ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തെരഞ്ഞെടുപ്പിനെക്കുറിച്ച് ആര്‍ക്കും പരാതിയൊന്നുമില്ല. പതിവായി കേള്‍ക്കാറുള്ള ആക്ഷേപമൊന്നും ഇത്തവണയുണ്ടായില്ല. പുതിയ തെരഞ്ഞെടുപ്പിനെ രണ്ടാം മുല്ലപ്പൂ വിപ്ലവം എന്ന് വിശേഷിപ്പിക്കാനാണ് അറബ് ലോകത്തെ രാഷട്രീയ നിരീക്ഷകര്‍ക്ക് താല്‍പര്യം. അഴിമതി അവസാനിപ്പിക്കുകയും തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുകയും വേണമെന്നാണ് തൂനിഷ്യന്‍ യുവാക്കളുടെ ആവശ്യം. ഈ ആവശ്യം മുന്നോട്ട്‌വച്ച് യുവാക്കള്‍ രംഗത്തുണ്ട്. പ്രാഫ. കൈസിന് ഈ അട്ടിമറി വിജയം കരസ്ഥമാക്കാന്‍ സഹായിച്ചത് യുവാക്കളാണ്. 70 ശതമാനം യുവാക്കളും വോട്ട് ചെയ്തതാകട്ടെ മിതഭാഷിയായ പ്രൊഫസര്‍ക്കാണ്.
അതേസമയം, പാര്‍ലമെന്റില്‍ ഒരു കക്ഷിക്കും സ്വന്തമായി ഭൂരിപക്ഷമില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നബിലിന്റെ ഹാര്‍ട്ട് ഓഫ് തുനിഷ്യ പാര്‍ട്ടി 38 സീറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 217 അംഗ പാര്‍ലമെന്റില്‍ 52 സീറ്റ് ലഭിച്ച അന്നഹ്ദ പാര്‍ട്ടി നിര്‍ണ്ണായക ഘടകമാണ്. അവര്‍ക്ക് കഴിഞ്ഞ സഭയില്‍ 69 സീറ്റ് ഉണ്ടായിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടി 22, ഡിഗ്നിനിറ്റി സഖ്യം 21 ഇങ്ങനെയാണ് കക്ഷിനില. ദേശീയ ഐക്യ സര്‍ക്കാറിന് വേണ്ടിയാണ് പ്രസിഡന്റ് ശ്രമം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ നീക്കം അനിവാര്യമാണെന്നാണ് പൊതു വിലയിരുത്തല്‍. ‘എല്ലാത്തിലും ഉപരി തുനീഷ്യ’ എന്നാണ് ജനകീയ മുദ്രാവാക്യം. ഇസ്‌ലാമിസ്റ്റ് കക്ഷിയായി അറിയപ്പെട്ടിരുന്ന അന്നഹ്ദ പാര്‍ട്ടി രാഷ്ട്രീയത്തേയും മതത്തേയും വേര്‍തിരിച്ച് പുതിയ നിലപാട് പ്രഖ്യാപിച്ച ശേഷമാണ് മത്സരരംഗത്ത്‌വന്നത്. 1988-ല്‍ ഈജിപതിലെ ബ്രദര്‍ഹുഡില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് രൂപീകരിക്കപ്പെട്ട അന്നഹ്ദ മാറിയ സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളേയും സഹകരിപ്പിക്കാന്‍ പുതിയ സമീപനം സ്വീകരിച്ചു. അത്തരമൊരു സമീപനം തുനീഷ്യന്‍ രാഷ്ട്രീയത്തെ കെട്ടുറപ്പുള്ളതാക്കി. 2011ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് അന്നഹ്ദക്ക് മേല്‍കൈ ലഭിച്ചതായിരുന്നുവെങ്കിലും എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അവര്‍ പിന്‍മാറി. മറ്റ് പാര്‍ട്ടികളുമായി സഹകരിച്ചു. അന്നഹ്ദ തന്നിഷ്ടം കാണിച്ചിരുന്നുവെങ്കില്‍ ഈജിപ്തിലെപോലെ സൈന്യം അധികാരം കയ്യടക്കുമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പക്വതയോടെയും വിട്ടുവീഴ്ചയോടെയുമുള്ള സമീപനം ജനാധിപത്യ പ്രക്രിയ ശക്തമാക്കുമെന്ന് തുനീഷ്യ തെളിയിക്കുന്നു. ഈ കാര്യത്തില്‍ ശ്രദ്ധേയമായത് അന്നഹ്ദയുടെ നേതാവ് റാശിദുല്‍ ഗനൂഷി തന്നെയാണ്. തത്വശാസ്ത്ര പ്രൊഫസറായ ഗനൂഷി ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ വളരെയേറെ മര്‍ദ്ദനത്തിന് വിധേയനായിട്ടുണ്ട്. അന്നഹ്ദ (നവോത്ഥാനം) എന്ന പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് ഗനൂഷി വഹിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടയിലാണ് സ്ഥാനഭ്രഷ്ടനായി സഊദിയില്‍ അഭയം തേടിയിരുന്ന സൈനല്‍ അബ്ദീന്‍ ബിന്‍ അലിയുടെ വിയോഗ വാര്‍ത്ത പുറത്ത്‌വന്നത്.
ഏകാധിപത്യ വാഴ്ചക്ക് അന്ത്യം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ വടക്കേ ആഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍നിന്ന് ആഞ്ഞടിച്ചു. ഈജിപ്ത് വഴി ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റെടുത്തതാണ്. യൂസുഫുല്‍ഖര്‍ദാവിയെ പോലെ സമുന്നതര്‍ പിന്തുണ നല്‍കി. നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ബാഹ്യശക്തികള്‍ രംഗം കയ്യടക്കി. ഈജിപ്തില്‍ 30 വര്‍ഷത്തെ ഏകാധിപത്യവാഴ്ച തകര്‍ത്ത് ഹുസ്നി മുബാറക്കിനെ പുറത്താക്കിയെങ്കിലും പാശ്ചാത്യ പിന്തുണയുള്ള സൈന്യം ഒരു വര്‍ഷത്തിനകം അട്ടിമറിച്ചു. ഖദ്ദാഫിയെ പുറത്താക്കിയെങ്കിലും എട്ട് വര്‍ഷം പിന്നിടുമ്പോഴും ലിബിയയില്‍ ഏകീകൃത ഭരണമില്ല. സിറിയയിലും യമനിലും ആഭ്യന്തര യുദ്ധം തുടരുന്നു. രക്തപ്പുഴ ഒഴുകുന്നു. പതിനായിരങ്ങള്‍ മരിച്ചുവീണു. തകര്‍ന്നടിഞ്ഞ നഗരങ്ങള്‍. എവിടേയും ശ്മശാന മൂകത. തുനീഷ്യയില്‍ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ച സമീപനം മറ്റ് നാടുകളില്‍ ദൃശ്യമായില്ല. 1934ല്‍ ഉസ്മാനിയ കാലഘട്ടം മുതല്‍ ശ്രദ്ധ ആകര്‍ഷിച്ച നാടാണ്. 1881-ല്‍ ഫ്രാന്‍സ് കീഴടക്കി. ഫ്രഞ്ച് ഭരണത്തിന് എതിരെ നിരന്തര പോരാട്ടം. 1919ല്‍ ദസ്തൂര്‍ പാര്‍ട്ടി നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന് പോരാട്ടം. ഹബീബ് ബുര്‍ഖിബ നേതാവ്. ദസ്തൂര്‍ പാര്‍ട്ടി പിളര്‍ന്നു. ബുര്‍ഖിബയുടെ നേതൃത്വത്തില്‍ നവദസ്തൂര്‍ പാര്‍ട്ടി. 1956 മാര്‍ച്ച് 20ന് സ്വതന്ത്ര രാജ്യമായി. ബുര്‍ഖിബ പ്രധാനമന്ത്രിയായി. പിന്നീട് ബുര്‍ഖബയുടെ ഭരണം മര്‍ദ്ദക ഭരണമായി. 1987 നവംബറില്‍ പുറത്താകുന്നത് വരെ ഏകാധിപത്യവാഴ്ച. മഹാ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ക്ക് എതിരെ നിയമനിര്‍മ്മാണം. വ്യക്തിനിയമം പൊളിച്ചെഴുതി. എതിര്‍ത്ത മത പണ്ഡിതര്‍ ജയിലില്‍. അവസാനം നവംബറില്‍ പ്രധാനമന്ത്രി ബിന്‍ അലി അധികാരം പിടിച്ചെടുത്തു.
അധികാരം കയ്യടക്കിയ ശേഷം ബിന്‍ അലിയുടെ ഭരണം ബുര്‍ഖിബ ഭരണത്തിന്റെ രണ്ടാം പതിപ്പായി. 2011-ലെ മുല്ലപ്പൂ വിപ്ലവം ബിന്‍ അലിയുടെ ഏകാധിപത്യ ഭരണത്തിന്‍ അന്ത്യം കുറിച്ചു. തികച്ചും ആകസ്മികമായിരുന്നു വിപ്ലവത്തിന്റെ തട്ടകം സീദിബു സൈദ് നഗരത്തില്‍ ബിരുദധാരിയായ മുഹമ്മദ് ബൂഅസീസി എന്ന യുവാവിന്റെ ആത്മഹത്യയാണ് യുവാക്കളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ബിരുദധാരിയായിരുന്നിട്ടും തൊഴിലില്ലാത്തതിനാല്‍ ഉന്തുവണ്ടി കച്ചവടമായിരുന്നു അസീസി നടത്തിവന്നത്. മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്നതിനിടയില്‍ യുവാവിന്റെ മുഖത്തടിക്കുകയും ഉന്തുവണ്ടിമറിച്ചിടുകയും ചെയ്തപ്പോള്‍ അപമാനിതനായ അസീസി പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തു. ഈ അഗ്നിയാണ് വിപ്ലവ ജ്വാലയായത്. തുനിഷ്യയുടെ ദേശീയ പുഷപമാണ് ജാസ്മിന്‍ (മുല്ലപ്പു). അതുകൊണ്ട് ഈ ജനാധിപത്യ മുന്നേറ്റത്തെ മുല്ലപ്പൂവിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മുല്ലപ്പൂവിന്റെ പരിമളം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ തുനീഷ്യന്‍ ജനത പ്രതിജ്ഞാബദ്ധമാണെന്ന് തെരഞ്ഞെടുപ്പ് തെളിക്കുന്നു. തുനീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ലീഗ് മേധാവി അബ്ദുല്‍ സത്താര്‍ ബന്‍മാസിന്റെ പ്രഖ്യാപനം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു: ‘ആയുധങ്ങള്‍ ഒരിക്കലും പരിഹാരമാകില്ല. സിറിയയോ ലിബിയയോ അല്ല, തുനിഷ്യ…. ഇവിടെ രക്തമില്ല, പോരാളികളില്ല’.. ജനാധിപത്യ തുനീഷ്യ അറബ് ലോകത്തിന് മാതൃകയാകുമെന്ന് പ്രത്യാശിക്കാം.

web desk 1:
whatsapp
line