X

വെടിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി

കെ.എന്‍.എ ഖാദര്‍

കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 1964 ല്‍ രൂപം കൊണ്ടതാണ്. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരില്‍ വച്ച് രൂപീകരിക്കപ്പെട്ട സി.പി.ഐ പിളരുകയും ഒരു വിഭാഗം സി.പി.ഐ (മാര്‍ക്‌സിസ്റ്റ്) എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം കൊണ്ടത് ഏതു വര്‍ഷമാണ് എന്ന വിഷയം സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ക്കിടയില്‍ ഈ അടുത്ത കാലത്തും വിവാദത്തിന് വഴി വച്ചിരുന്നു. 1920 കളില്‍ ഇന്ത്യയിലും വിദേശത്തുമായി ചില ഇന്ത്യക്കാര്‍ കമ്യൂണിസ്റ്റ് ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്നു എന്നത് സത്യമാണ്. പക്ഷെ അതൊരു പുതിയ പാര്‍ട്ടിയായി മാറിയത് 1925 ല്‍ ഇന്ത്യയില്‍ വച്ചു തന്നെയാണ്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തായാലും ജനിച്ചത് 1964 ല്‍ മാത്രമാണ്. സി.പി.ഐയുടെ ആവിര്‍ഭാവ ചരിത്രത്തില്‍ കാണപ്പെടുന്ന തിയ്യതികളുമായി അതിന് ബന്ധമില്ല. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയ 32 പേരടങ്ങുന്ന ന്യൂനപക്ഷമാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിമാറിയത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മഹാഭൂരിപക്ഷം അംഗങ്ങളും ഇന്ത്യയില്‍ കമ്യൂണിസ്റ്റായി കണക്കാക്കിയത് സി.പി.ഐയെയായിരുന്നു.
ചൈനയുടെ പിന്തുണ സി.പി.എമ്മിന് ഉണ്ടായിരുന്നുവെങ്കിലും 1967ല്‍ അവരും സി. പി.എമ്മിനെ തള്ളിപ്പറയുകയാണ് ചെയ്തത്. ഇന്ത്യന്‍ വിപ്ലവത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അവര്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പു നക്കികളാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രം മുഖപ്രസംഗമെഴുതുകയുണ്ടായി. ഒരിക്കല്‍ പിളര്‍ക്കപ്പെട്ട ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വീണ്ടും പിളര്‍ത്തിക്കൊണ്ടാണ് ചൈനീസ് പിന്തുണയോടെ ശരിയായ കമ്യൂണിസ്റ്റ് വിപ്ലവകാരികളായി കണക്കാക്കപ്പെട്ട മാവോയിസ്റ്റ് കക്ഷി രൂപം കൊണ്ടത്. പിന്നീടും പല പേരുകളില്‍ ചെറിയ ചെറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായി. 2004 ല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് തീവ്രവാദി ഗ്രൂപ്പുകള്‍ ഒന്നുചേര്‍ന്നാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ എന്നറിയപ്പെടുന്ന പാര്‍ട്ടിയായി പരിണമിച്ചത്. ആന്ധ്രപ്രദേശ് ഉള്‍പ്പടെയുള്ള ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിലും അവരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ സുമാര്‍ 250 ജില്ലകളിലെങ്കിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കരുതപ്പെടുന്നു.
കൊല്ലും കൊലയും ആക്രമണങ്ങളുമൊക്കെ വിവിധ ഭാഗങ്ങളില്‍ അവര്‍ ഇടക്കിടെ നടത്താറുണ്ട്. പ്രധാനമായും വര്‍ഗശത്രുക്കളെയും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പൊലീസിനെയും മുതലാളിവര്‍ഗ വലതുപക്ഷ രാഷ്ട്രീയ ചിന്താഗതിക്കാരായ നേതാക്കളെയും അവര്‍ സായുധമായി നേരിട്ടിട്ടുണ്ട്. കേരളത്തില്‍ കുന്നിക്കല്‍ നാരായണനും അജിതയും മന്ദാകിനിയും ഫിലിപ്പ് എം പ്രസാദും വെള്ളത്തൂവല്‍ സ്റ്റീഫനുമൊക്കെ പ്രസിദ്ധിയാര്‍ജ്ജിച്ച നക്‌സലൈറ്റ് പക്ഷത്ത് അണിനിരന്നവരാണ്. കോങ്ങാട് ഒരു ജന്മിയായ നാരായണന്‍കുട്ടിനായരുടെ തലയറുത്തതുപോലെയുള്ള സംഭവങ്ങളും ചില പൊലീസ്‌സ്റ്റേഷന്‍ ആക്രമണവുമൊക്കെ ഇവിടെയും നടന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റ പാര്‍ട്ടിയായിരുന്ന കാലത്തും ഇതുപോലുള്ള സായുധ സമരങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ട്. അത്തരം ഏറ്റുമുട്ടലില്‍ പങ്കെടുത്തവരെയെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയുമാണ് കേരളം പിന്നീട് ചെയ്തിട്ടുള്ളത്. ഈ സമരങ്ങളെയെല്ലാം വര്‍ഗസമരങ്ങളുടെ പട്ടികയില്‍പെടുത്തി അഭിമാനത്തോടെയും ബഹുമാനത്തോടെയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സി.പി.ഐ, സി.പി.എം പാര്‍ട്ടികള്‍ യഥാര്‍ത്ഥ മാര്‍ക്‌സിസം ഉപേക്ഷിച്ച് പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടവരാണ്. അവരില്‍നിന്ന് യാതൊരുവിധ വര്‍ഗ സമരവും പ്രതീക്ഷിക്കേണ്ടതില്ല എന്നും അവര്‍ വിപ്ലവ പാര്‍ട്ടികളേ അല്ലെന്നും വാദിച്ചുകൊണ്ടാണ് മാവോയിസ്റ്റുകള്‍ യഥാര്‍ത്ഥ വിപ്ലവകാരികളായി സ്വയം അവരോധിക്കുന്നത്. ഇതൊക്കെയാണെങ്കിലും കേരളത്തിലും ബംഗാളിലും ബീഹാറിലും ഒക്കെ സി.പി.എം നടത്തിയ രാഷ്ട്രീയ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം നോക്കിയാല്‍ മാവോയിസ്റ്റുകള്‍ ഇക്കാര്യത്തില്‍ പിറകിലായിപ്പോകും.
സി.പി.ഐ ദേശീയ ജനാധിപത്യ വിപ്ലവമെന്ന മുദ്രാവാക്യവും സി.പി.എം ജനകീയ ജനാധിപത്യവിപ്ലവവും പരിപാടികളായി സ്വീകരിച്ചിരുന്നതാണ്. ഇതെല്ലാം വെറും വാചകമടികള്‍ മാത്രമായി അവശേഷിക്കുകയാണ് ചെയ്തത്. പാര്‍ലമെന്ററി ജനാധിപത്യം സ്വീകരിച്ച ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തിന്റെ ഇതരവേദികളെയും പരമാവധി പ്രയോജനപ്പെടുത്തുക മാത്രമാണ് ഇന്നോളം ചെയ്തത്. വര്‍ഗ സമരങ്ങള്‍ ഉപേക്ഷിക്കുകയും വര്‍ഗശത്രുവിനെ വിസ്മരിക്കുകയും അവരുമായി കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെടുകയും ശത്രുവര്‍ഗത്തിന്റെ പണം വാങ്ങി മിനുങ്ങി നടക്കുകയുമാണ് ഇന്ന് ചെയ്തു വരുന്നത്. കമ്യൂണിസ്റ്റ് വിപ്ലവത്തിനുപകരം ജനാധിപത്യരഹിതമായി പ്രവര്‍ത്തിച്ച് രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ യാതൊരു മടിയും കാണിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. അവരാല്‍ കൊല ചെയ്യപ്പെട്ടവരില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലുള്ള സി.പി.ഐക്കാരും ആര്‍.എസ്.പിക്കാരും നക്‌സലൈറ്റുകരാരുമൊക്കെയുണ്ട്. വന്‍കിടക്കാരായ ജന്മിമാരെയോ കുത്തക മുതലാളിമാരെയോ കോര്‍പറേറ്റ് ഭീമന്മാരെയോ ദ്രോഹിക്കുന്ന ഒരു നിലപാടും ഇന്നുവരെ സി.പി. എം പോലുള്ള പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടില്ല. സാധാരണക്കാരും തൊഴിലാളികളും താഴെ തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും അവരുടെ കത്തിക്ക് എന്നും ഇരയായിട്ടുണ്ട്. ഒരു വര്‍ഗപരമായ ഉള്ളടക്കം ഈ നടപടികളില്‍ ഒന്നും ചികഞ്ഞു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല.
മാവോയിസ്റ്റ് നക്‌സലൈറ്റ് പക്ഷത്ത്ഏര്‍പ്പെടുന്ന കമ്യൂണിസ്റ്റുകാരുടെ മാര്‍ഗങ്ങള്‍ ഒരിക്കലും യോജിക്കാനാവാത്തതാണ്. സാമൂഹ്യപരിവര്‍ത്തനത്തിനും സോഷ്യലിസം സ്ഥാപിക്കുന്നതിനും അവര്‍ സ്വീകരിക്കുന്ന തീവ്രവാദ നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. എങ്കിലും അടുത്ത കാലത്തായി ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് എട്ട് മാവോയിസ്റ്റുകളെ നിഷ്ഠൂരമായി വെടിവെച്ചു കൊന്ന നടപടികളെ ഒരിക്കലും ന്യായീകരിക്കാനാവുകയില്ല. സി.പി.ഐ ഉള്‍പ്പടെയുള്ള ഭൂരിപക്ഷം പാര്‍ട്ടികളും ഇടതു മുന്നണി ഗവണ്‍മെന്റിന്റെ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എതിര്‍ത്തവരാരും തന്നെ മാവോയിസ്റ്റുകളോട് യോജിപ്പുള്ളവരല്ല. വാളയാറിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ രക്ഷിച്ചെടുക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിന് മടിയില്ല. പ്രഗത്ഭനായ ഒരു പത്രപ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ ഐ.എ. എസ് ഓഫീസര്‍ കാറിടിച്ച് കൊലപ്പെടുത്തിയ വിഷയം ഈ സര്‍ക്കാരും പൊലീസും പൂര്‍ണ്ണമായി നിസ്സാരവത്കരിച്ചു. കൃപേഷ്, ശരത് ലാല്‍, ഷുക്കൂര്‍, ഷുഹൈബ് ചന്ദ്രശേഖരന്‍ തുടങ്ങിയ നല്ല രാഷ്ട്രീയപ്രവര്‍ത്തകരെ കൊന്നൊടുക്കിയിട്ടും കുറ്റവാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നെഹ്‌റു കോളജിലെ പീഢനത്തില്‍ മരണമടഞ്ഞ ജിഷ്ണു പ്രണോയിയുടെ ഘാതകരെ നേരിടാന്‍ ഈ സര്‍ക്കാരിന് ത്രാണിയില്ല. അട്ടപ്പാടിയിലെ മലയില്‍ ഒളിച്ചിരുന്ന മാവോയിസ്റ്റുകളെ കൂട്ടത്തോടെ വളഞ്ഞ് വെടിവച്ചു കൊന്ന ശേഷം ഏറ്റുമുട്ടലെന്ന കള്ളക്കഥ ചമച്ച പിണറായി സര്‍ക്കാര്‍ ആരുടെ പക്ഷത്താണ്?
കോഴിക്കോട്ടെ രണ്ടു എസ്.എഫ്.ഐ പ്രവര്‍ത്തകരെ സ്വന്തം പാര്‍ട്ടിക്കാരായിട്ടുപോലും അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയ ഈ സര്‍ക്കാര്‍ ഏകാധിപത്യ ഫാസിസ്റ്റ് മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത്. വായനാശീലമുള്ളവര്‍ക്ക് ഏതു പുസ്തകവും കൈവശം വക്കാനും വായിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ലഘുലേഖകളോ മഹാ ഗ്രന്ഥങ്ങളോ എത്രയോ വിജ്ഞാനകുതുകികളായ മനുഷ്യരുടെ ഗ്രന്ഥശേഖരത്തില്‍ കാണും. അതെല്ലാം തപ്പിയെടുത്ത് ഉടമസ്ഥരെയും കൈവശക്കാരെയും ജയിലിലടക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. പൊലീസിനെ കണ്ടപ്പോള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുവത്രെ. മുദ്രവാക്യം വിളിക്കുന്നതും പാട്ടു പാടുന്നതും നാടകങ്ങള്‍ അവതരിപ്പിക്കുന്നതും കുറ്റകരമായി കണ്ട് എത്രയോ ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയും അവരെല്ലാം ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഢിപ്പിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. രാജാക്കന്‍മാരും സര്‍ സി.പിയുമൊക്കെ നടപ്പിലാക്കിയ നയങ്ങളുടെ പിന്തുടര്‍ച്ചയാണ് പിണറായി വിജയനും ഇന്നത്തെ ഇടതു ഗവണ്‍മെന്റും നടപ്പിലാക്കുന്നത്. നരേന്ദ്ര മോദിയെയും അമിത് ഷായെയുമൊക്കെ കുറ്റപ്പെടുത്താന്‍ ധാര്‍മ്മികമായി എന്തവകാശമാണ് സി.പി.എമ്മിനും പിണറായി വിജയനും ഉള്ളത്? അനേകം സംസ്ഥാനങ്ങളും ഇന്ത്യയും ഭരിക്കുന്ന ഒരു പാര്‍ട്ടി കുമിഞ്ഞുകൂടിയ അധികാരവും പണവും ആള്‍ബലം നല്‍കിയ അഹങ്കാരവും കൊണ്ടു ചെയ്യുന്ന പ്രവൃത്തികളുടെ ചെറിയ പതിപ്പ് തന്നെയല്ലേ പിണറായി കേരളത്തില്‍ നടത്തുന്നത്. ഇന്ന് ബി.ജെ.പി ഭരിക്കുന്ന അത്രയും സംസ്ഥാനങ്ങളും കേന്ദ്രവും സി.പി.എമ്മിന്റെ കൈകളിലായിരുന്നുവെങ്കില്‍ ഹിറ്റ്‌ലറെയും സ്റ്റാലിനെയും കവച്ചുവെക്കാന്‍ അവര്‍ക്ക് മടിയുണ്ടാകുമായിരുന്നില്ല. തന്റെ എല്ലാ ദുഷ് പ്രവൃത്തികളെയും പൊലീസ് അതിക്രമങ്ങളെയും മുഖ്യമന്ത്രി ന്യായീകരിച്ച് കൊണ്ടിരിക്കുന്നു. നിയമസഭയില്‍പോലും തന്റെ സുദീര്‍ഘമായ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് ഭരണകാലത്താണ് ഈ നിയമങ്ങളൊക്കെ ഉണ്ടാക്കിയത് എന്നാണ്. അതുകൊണ്ട് യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തി ചെറുപ്പക്കാരെ തടവിലാക്കാനും മാവോവാദികളെ വെടിവച്ചുകൊല്ലാനുമൊക്കെ അദ്ദേഹത്തിന് ന്യായീകരണമുണ്ട്. ഏതോ ഒരു കൊല്ലന്‍ എന്നോ ഒരു കത്തി ഉണ്ടാക്കിയതു കൊണ്ടാണ് താന്‍ മറ്റവനെ കുത്തിക്കൊന്നതെന്ന് വാദിക്കുന്ന കുറ്റവാളിയെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഓരോ പുതിയ പുതിയ സംഭവങ്ങള്‍ വരുമ്പോഴും പഴയതെല്ലാം ജനം മറന്നു പോകും എന്ന ആശ്വാസം ഈ സര്‍ക്കാരിനുണ്ടായിരിക്കാം. എന്നാല്‍ ചിലതൊന്നും മറക്കാന്‍ ആര്‍ക്കും സാധ്യമാകാത്തവിധം ഭരണകൂട ഭീകരത വിശ്വരൂപം കാണിച്ചുതുടങ്ങിയിരിക്കുന്നു എന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

web desk 1: