X

അവധാനതയും സാവകാശവും

ടി.എച്ച് ദാരിമി

ഒരു കൊച്ചു കളവ് തമാശയും ദുരന്തവും പാഠവുമായിമാറി ഇയ്യിടെ ശ്രദ്ധ നേടുകയുണ്ടായി. സംഭവം വിഷണ്ണതയോടും വിഷമത്തോടുംകൂടി വരവുവെക്കപ്പെട്ടു എങ്കിലും അതൊരു പ്രധാന സാമൂഹ്യപാഠം പഠിപ്പിക്കുന്നുണ്ട്. ഓണപ്പരീക്ഷയുടെ മാര്‍ക്ക് കുറയും എന്നോ മറ്റോ ഭയന്ന് ഒരു കുട്ടി തല്‍ക്കാലം സ്‌കൂളില്‍നിന്ന് രക്ഷപ്പെടാന്‍ കള്ളം പറഞ്ഞതും അത് ദാരുണമായ ആള്‍ക്കൂട്ട ആക്രമണമായി പരിണമിച്ചതുമായിരുന്നു സംഭവം. കാറില്‍ വന്ന രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നു പറഞ്ഞ് കുട്ടി ബസ്‌സ്റ്റോപ്പില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയതോടെയായിരുന്നു രംഗങ്ങളുടെ തുടക്കം. വീട്ടുകാര്‍ വിവരം പൊലീസിലറിയിച്ചു. കുട്ടിക്കാര്യമായതിനാല്‍ പൊലീസ് ജാഗ്രതയോടെ വലവീശി. പ്രതികളെ കണ്ടെത്തി. കാറിലെ രണ്ടു ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വിവരം നാട്ടില്‍ പരക്കുകയും പ്രകോപിതരായ നാട്ടുകാര്‍ അവര്‍ക്കെതിരെ സംഘടിക്കുകയും ചെയ്തു. പൊലീസിന്റെ കയ്യില്‍ കിട്ടും മുമ്പെ അവര്‍ രണ്ടുപേരെയും നന്നായി കൈകാര്യം ചെയ്തു. മൃതപ്രായരായ അവരെ പൊലീസ് വളരെ ശ്രമിച്ചായിരുന്നു ആള്‍ക്കൂട്ടത്തില്‍നിന്നും മോചിപ്പിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ കുട്ടി കളവു പറഞ്ഞതായിരുന്നു എന്നു വ്യക്തമായി. അതോടെ എല്ലാവരും വിഷണ്ണരായി. നാല്‍പത്തി ആറു പേര്‍ പിടിയിലായി. പാവപ്പെട്ട രണ്ടു ചെറുപ്പക്കാര്‍ ആസ്പത്രിയിലും. മുന്നും പിന്നും ആലോചിക്കാതെ എന്തോ ഒന്ന് കേട്ടതും ചാടിവീണതിന്റെ അനന്തര ഫലം.
സംഭവം ഓര്‍മ്മിപ്പിക്കുന്നത് വിശുദ്ധ ഖുര്‍ആനിലെ അല്‍ ഹുജറാത്ത് അധ്യായത്തിലെ ആറാം വചനത്തിന്റെ പൊരുളിനെയാണ്. അതില്‍ അല്ലാഹു പറയുന്നു: ‘ഓ വിശ്വസിച്ചവരെ ഏതെങ്കിലുംഒരു വൃത്താന്തവുമായി ഒരു അധര്‍മ്മകാരി നിങ്ങളെ സമീപിച്ചാല്‍ നിങ്ങള്‍ സ്പഷ്ടമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് അപകടം വരുത്തുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യാതിരിക്കാനാണിത് (49: 06). ആയത്തില്‍ പറയുന്ന അധര്‍മ്മകാരി ദുഷ്ടലാക്കോടെയും ദുരുദ്ദേശത്തോടെയും വര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആ അര്‍ഥത്തില്‍ ഈ കുട്ടിയും അതില്‍പെടും. ഏതുവാര്‍ത്ത കേള്‍ക്കുമ്പോഴും അതിന്റെ സത്യാവസ്ഥയും നിജസ്ഥിതിയും ഉറപ്പുവരുത്തണമെന്നും അല്ലാതെ പ്രഥമദൃഷ്ട്യാ പ്രതികരിച്ചാല്‍ അത് ഖേദത്തിനിടവരുത്തും എന്നാണ് ഈ ആയത്ത് പറയുന്നത്. അതു ശരിയാണ് എന്ന് ഈ ചെറിയ സംഭവം വിളിച്ചുപറയുന്നു. സമൂഹത്തില്‍ ഇതേ കാരണത്താല്‍ ഉണ്ടാകുന്നതാണ് ഏറിയ പങ്കും അനിഷ്ട സംഭവങ്ങള്‍ എന്നത് മറ്റൊരു സത്യമാണ്. അതുകൊണ്ടാണ് ഇസ്‌ലാം ഇക്കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്‌ബോധിപ്പിക്കുന്നത്. നബി(സ) ഇക്കാര്യത്തില്‍ പറഞ്ഞത് ‘അവധാനത അല്ലാഹുവില്‍ നിന്നുള്ളതും ധൃതി പിശാചില്‍ നിന്നുള്ളതുമാണ്’ എന്നാണ് (മുസ്‌ലിം). ഏതു കാര്യവും ഒന്നാലോചിച്ചു അവധാനതയോടുംസാവകാശത്തോടും കൂടി മാത്രം തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അല്ലാതെ വന്നാല്‍ അത് ഏറ്റവും കുറഞ്ഞത് ചില തെറ്റുധാരണകളെങ്കിലും ഉണ്ടണ്ടാക്കും. ഈ സൂക്തം ഇറങ്ങിയ സാഹചര്യം തന്നെ അത്തരമൊന്നായിരുന്നു എന്ന് ത്വബരി(റ) പറയുന്നുണ്ട്. വലീദ് ബിന്‍ ഉഖ്ബയെ നബി തിരുമേനി ബനൂ മുസ്വ്ഥലഖ് എന്ന കുടുംബത്തിലേക്ക് സകാത്ത് പിരിക്കാന്‍ പറഞ്ഞയച്ചതായിരുന്നു. അടുത്തിടെ മാത്രം ഇസ്‌ലാമിലെത്തിയ അവര്‍ സകാത്ത് വിഹിതം ചോദിക്കുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് വലീദ് ആലോചിച്ചുകൊണ്ടേയിരുന്നു. അവസാനം അയാളോട് അയാളുടെ മനസ്സ് പറഞ്ഞത്, അവര്‍ ഒരുപക്ഷേ, തന്നെ കൊന്നു കളഞ്ഞേക്കാം എന്നായിരുന്നു. അതോടെ അയാള്‍ വഴിയില്‍ നിന്നുമടങ്ങി. നബി(സ)യോട് അയാള്‍ പറഞ്ഞത് അവര്‍ സകാത്ത് തരാന്‍ വിസമ്മതിച്ചു എന്നായിരുന്നു. ഇതു വലിയ ഖേദങ്ങള്‍ക്കുവഴിവെച്ചു. ഇതായിരുന്നു ഇങ്ങനെ ഒരു ആയത്ത്ഇറങ്ങിയ പശ്ചാതലം.
ഈ വിഷയം കൂടുതല്‍ അടുത്തുപഠിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ഗ്രഹിച്ചിരിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. അവയിലൊന്ന് മനുഷ്യന്റെ പ്രകൃതമാണ്. അല്ലാഹു പറയുന്നു: ‘നിശ്ചയം മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ (4:28). വിശാലമായ ജന്തു കുടുംബത്തില്‍ ആപേക്ഷികമായി കരുത്തനും ശക്തനും മിടുക്കനുമാണ്. എന്നിട്ടും അവന്‍ ദുര്‍ബലനാണ് എന്നു പറയുമ്പോള്‍ ആ ദുര്‍ബ്ബലത എവിടെയാണ് എന്നു നാം തെരയേണ്ടിവരുന്നു. അതു രണ്ടു കാര്യങ്ങളിലാണ്. ഒന്ന്മറ്റൊന്നിനെ ആശ്രയിക്കാതെ ഒന്നിനെയും അവനു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. അവന്റെ ഒന്നിനും സ്വയം പര്യാപ്തതയില്ല എന്നര്‍ഥം. ഓരോ കാര്യങ്ങളേയും സ്രൃഷ്ടാവ് മറ്റൊന്നിനോടുള്ള ആശ്രയത്വവുമായി കെട്ടിക്കൂട്ടിവെച്ചിരിക്കുന്നു. രണ്ടാമത്തേത് വളരെ പെട്ടെന്ന് ശരിയിലും സത്യത്തിലും എത്തിച്ചേരാന്‍ അവന്റെ ബുദ്ധിക്കു കഴിയില്ല എന്നതാണ്. ആലോചിച്ചും ചിന്തിച്ചും മനനം ചെയ്തുമല്ലാതെ ഒരു സത്യത്തിലേക്കും കണ്ണിമ അടച്ചുതുറക്കുന്ന സമയത്തിനുള്ളില്‍ അവന് എത്തിച്ചേരാന്‍ കഴിയില്ല. അതിനവന്‍ ശ്രമിക്കുകയാണ് എങ്കില്‍ അതില്‍ പിഴവു പറ്റാനാണ് സാധ്യത കൂടുതല്‍. മസ്തിഷ്‌കത്തിലെഒരുപാട് ന്യൂറോണുകള്‍ ഒരു ക്രമാനുഗതത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരുകാര്യം നിശ്ചയിക്കപ്പെടുന്നത് എന്ന് ശരീര ശാസ്ത്രവും പറയുന്നുണ്ടല്ലോ. സ്രൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും അതുതന്നെയാണ്. സ്രഷ്ടാവിന്റെ ഗുണങ്ങളും ശേഷികളുമെല്ലാം സ്വയം പര്യാപ്തമാണ് എന്ന് വിശ്വാസ ശാസ്ത്രത്തിലെ പണ്ഡിതര്‍ വിവരിക്കുന്നുണ്ട്. ആ അടിസ്ഥാനത്തിലാണ് ഏതു കാര്യത്തിലും ഒരു അവധാനത വേണം എന്നു ഇസ്‌ലാം പറയുന്നത്.
രണ്ടാമത്തേത്, അവധാനത പുലര്‍ത്താതെ തീരുമാനങ്ങളുമായി എടുത്തുചാടാന്‍ പ്രേരിപ്പിക്കുന്നത് പിശാചാണ്എന്നതാണ്. ഒന്നാലോചിക്കാന്‍ തയ്യാറായാല്‍ മനുഷ്യന്‍ ശരിയില്‍എത്തിച്ചേരും എന്നത് പിശാചിനറിയാം. അതിനാല്‍ ഒരു വിഷത്തിന്റെ തീപ്പൊരി വീഴുമ്പോള്‍തന്നെ അവന്‍ അത് പെട്ടെന്ന് ഊതിക്കത്തിക്കുന്നു. ഊതിക്കത്തിക്കുന്നതിലല്ലാതെ മറ്റൊന്നിലും ശ്രദ്ധ വരാത്തവിധം അവന്റെ വികാരങ്ങളെ അവന്‍ ഉത്തേജിപ്പിച്ചു നിര്‍ത്തുന്നു. വികാരത്തിന്റെ സമ്മര്‍ദ്ദം ഇരച്ചുകയറാന്‍ ഇടവരുമ്പോള്‍ ചിന്തയുടേയും ആലോചനയുടെയും കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്നു. മനസ്സിനെ സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നതുതന്നെ അങ്ങനെയാണ്. രക്തം ചൂടുപിടിക്കുന്നതോടെ അതിനനുസരിച്ച് ചിന്താശേഷി കുറയുന്നു. മനുഷ്യനെ തെറ്റിലും കുറ്റത്തിലുമെത്തിക്കാന്‍ ശപഥം ചെയ്തിട്ടുള്ള അവന്റെ ശ്രമം അങ്ങനെ വിജയിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ ഈ സ്വഭാവം കലാപമായി പരിണമിക്കുന്നു. കലാപമാവട്ടെ അതടങ്ങിയാലും അടങ്ങാതെ ഒരു വിവാദവും പ്രശ്‌നവും പകയുമൊക്കെയായി നിലനില്‍ക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രകൃതം ധൃതിയുടേതാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ‘മനുഷ്യനെ ധൃതിയാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ (അന്‍ബിയാഅ്: 37). ‘മനുഷ്യന്‍ ധൃതിപുലര്‍ത്തുന്നവനായിരിക്കുന്നു’ ( അല്‍ ഇസ്‌റാഅ്: 11). ഇത്തരം ചീത്ത പ്രകൃതങ്ങള്‍ അവനു നല്‍കിയിരിക്കുന്നത് അവ കാണിക്കാതെ അതിന്റെ നേര്‍ വിപരീതം പുലര്‍ത്താന്‍ അവന്‍ ശ്രമിക്കുന്നുണ്ടോ എന്ന പരിശോധനയുടെയും പരീക്ഷണത്തിന്റെയും ഭാഗമായാണ്. അത്തരം പരീക്ഷകളാണ് ഈ ജീവിതത്തിന്റെ അടിസ്ഥാനവും. ഇവയില്‍ വിജയിക്കുന്നവന്‍ അല്ലാഹുവിന്റെ സംതൃപ്തിക്കും പ്രതിഫലത്തിനും അര്‍ഹനായിത്തീരുന്നു. അല്ലാത്തവരാവട്ടെ പരാജയപ്പെടുകയും ചെയ്യുന്നു.
പെട്ടെന്ന് ഒരു തീരുമാനത്തിലെത്തേണ്ട വിഷയങ്ങളിലാണ് ഈ അവധാനത ഇസ്‌ലാം ആവശ്യപ്പെടുന്നത്. അപ്രകാരംതന്നെ സാമൂഹ്യബന്ധിയായി പ്രത്യക്ഷപ്പെടുന്ന വിഷയങ്ങളിലും. അഥവാ നിലവില്‍ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളില്‍. അതല്ലാത്ത വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ താല്‍പര്യം ഒട്ടും അവധാനതയും അമാന്തവുംകാണിക്കരുത് എന്നാണ്. ആരാധനകള്‍ അതിനുദാഹരണമാണ്. അവ ശറഇനാല്‍ നേരത്തെ നിശ്ചയിക്കപ്പെട്ടവയാണ്. അതിനാല്‍ അത് വൈകിപ്പിക്കാന്‍ പാടില്ല. മാത്രമല്ല, അവ ഏറ്റവും ആദ്യംതന്നെ ചെയ്യുന്നതിലാണ് പുണ്യവും. നബി(സ) ഒരിക്കല്‍ ഏതാണ് ഏറ്റവും മഹത്തായ കര്‍മ്മം എന്നു ചോദിക്കപ്പെടുകയുണ്ടായി. അതിനു നബി (സ) പറഞ്ഞത് ആദ്യ സമയത്തുതന്നെ നമസ്‌കാരം നിര്‍വഹിക്കുന്നതാണ് എന്നായിരുന്നു. അപ്രകാരംതന്നെ വൈകിപ്പിക്കാന്‍ പാടില്ലാത്ത ചിലസുപ്രധാന അവസരങ്ങളുമുണ്ട്. അവിടെ ആശയം ധൃതിയെയാണ് പ്രോത്‌സാഹിപ്പിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വേഗംതന്നെ അതു ചെയ്യണം. അലി(റ)വിനോട് നബി(സ) പറയുന്ന ഒരു ഹദീസില്‍ ഇതില്‍ മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. സമയമായാല്‍ ഉടന്‍ നമസ്‌കരിക്കുക, മരണം സംഭവിച്ചാല്‍ ഉടന്‍ മറവുചെയ്യുക, വിധവക്ക്‌വിവാഹം വന്നാല്‍ ഉടന്‍ അതു നടത്തുക എന്നിവയാണവ. ഇമാം ഗസ്സാലി തന്റെ ഇഹ്‌യായിലും ഇമാംഇസ്ബഹാനി തന്റെ ഹില്‍യയിലും പിന്തിപ്പിക്കുവാന്‍ പാടില്ലാത്ത കാര്യങ്ങളെ ഉദാഹരിക്കുന്നത്അഞ്ചു കാര്യങ്ങള്‍ കൊണ്ടാണ്. അതിഥി വന്നുകയറിയാല്‍ നല്‍കേണ്ട ആതിഥ്യം, മയ്യിത്ത് സംസ്‌കരണം, അനുയോജ്യനായ വരനെ ലഭിച്ച കന്യകയുടെ വിവാഹം, അവധിയെത്തിയ കട ബാധ്യത, പാപിയുടെ പശ്ചാതാപം എന്നിവയാണ് ആ അഞ്ചു കാര്യങ്ങള്‍. അടിയന്തിര പ്രാധാന്യം കല്‍പ്പിക്കേണ്ട സ്വഭാവത്തിലുള്ള വിഷയങ്ങളില്‍ ധൃതി ആകാം പക്ഷെ, ഒരു നിര്‍ണ്ണായക തീരുമാനം എടുക്കേണ്ട സാഹചര്യങ്ങളില്‍ അവധാനതയോടെ മാത്രമേ അതാകാവൂ എന്നാണ് ഇസ്‌ലാമിക പക്ഷവും പാഠവും.

web desk 1: