എം ഉബൈദുറഹ്മാന്‍
1901 മുതല്‍ സമാധാനത്തിനായുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച, 24 സംഘടനകളും 75 വ്യക്തികളും അടക്കമുള്ള 99 ജേതാക്കളുടെ പട്ടികയില്‍ എത്യോപ്യന്‍ പ്രധാനമന്ത്രി എയ്ബി അഹമദ്അലിയും ഇടം നേടിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ പോര്‍മുഖം തീര്‍ത്ത സ്വീഡിഷ്‌കാരി ഗ്രേറ്റാ തുന്‍ബര്‍ഗ്, ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍, ജര്‍മര്‍ പ്രീമിയര്‍ എയ്ഞ്ചലീന മെര്‍ക്കല്‍, ഹോങ്കോങിലെ ജനാധിപത്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെ സാധ്യത കല്പിക്കപ്പെട്ടിരുന്നെങ്കിലും അവസാനം നറുക്ക് വീണത് എയ്ബിഅഹമദിനാണ്. ‘സമാധാനവും അന്താരാഷ്ട്ര സഹകരണവും നേടിയെടുക്കുന്നതില്‍ നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങളും, അയല്‍ രാജ്യമായ എരിത്രിയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ നിര്‍ണായക ഇടപെടലുകളുമാണ് ‘ എത്യോപ്യന്‍ പ്രസിഡണ്ട് എയ്ബി അഹമദ് അലിയെ 2019- ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കി തീര്‍ത്തത്.
പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് നോര്‍വീജിയന്‍ നൊബേല്‍ സമിതി അദ്ധ്യക്ഷന്‍ ബെറിറ്റ് റെസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘ഒരു രാജ്യം മാത്രം വിചാരിച്ചതു കൊണ്ട് സമാധാനം പുലരുകയില്ല. എയ്ബി കൈ നീട്ടിയപ്പോള്‍ പ്രസിഡണ്ട് അഫ്‌വര്‍ക്കി( എരിത്രിയ) ആ കൈ പിടിച്ചു’ . പുരസ്‌കാരം നേടിയത് എയ്ബിഅഹമദ് ആണെങ്കിലും അതിന്റെ ക്രെഡിറ്റ് എരിത്രിയന്‍ പ്രസിഡണ്ടായ അഫ്‌വര്‍ക്കിക്കും കൂടി അവകാശപ്പെട്ടതാണെന്ന് ചുരുക്കം.
എരിത്രിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട കിഴക്കനാഫ്രിക്കന്‍ രാജ്യമായ എത്യോപ്യയാണ് ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പഴക്കം ചെന്ന സ്വതന്ത്ര രാജ്യം. ജനസംഖ്യാടിസ്ഥാനത്തില്‍ ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ എത്യോപ്യ കേവലം അഞ്ച് വര്‍ഷം നാസി ഭരണത്തിന്‍ കീഴിലായതൊഴിച്ചാല്‍ പിന്നീടൊരു കൊളോണിയല്‍ ശക്തിയും അവിടെ അധിനിവേശം നടത്തിയിട്ടില്ല.
1993 ല്‍ വേര്‍പിരിയുന്നത് വരെ എരിത്രിയയും എത്യോപ്യയുടെ ഭാഗമായിരുന്നു. വിഭജനാനന്തരം രണ്ടു രാജ്യങ്ങളും തമ്മിലുണ്ടായ അതിര്‍തിത്തര്‍ക്കം 1998-ല്‍ ഘോരമായ യുദ്ധത്തിലേക്ക് നയിക്കുകയും തുടര്‍ന്നുള്ള 20 വര്‍ഷത്തോളം രണ്ടുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷങ്ങള്‍ നില നില്‍ക്കുകയും ചെയ്തു. ഈ സംഘര്‍ഷങ്ങള്‍ കുറച്ചൊന്നുമല്ല എരിത്രിയയെയും എത്യോപ്യയേയും ശോഷിപ്പിച്ചത്. രാജ്യവികസനം പോവട്ടെ , രണ്ടുപതിറ്റാണ്ടോളം നീണ്ടു നിന്ന സ്തംഭനാവസ്ഥയില്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കുവരെ ഇരു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ വേണ്ടത്ര പരിഗണന കൊടുക്കാനാവാതെ വന്നപ്പോള്‍ എരിത്രിയും എത്യോപ്യയും പതിറ്റാണ്ടുകള്‍ പിറകോട്ടായിരുന്നു ചിരിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എത്യോപ്യന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എയ്ബിയുടെ പ്രഥമ പരിഗണന രണ്ടുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ച് സമാധാനം സ്ഥാപിക്കുകകയെന്നതായിരുന്നു.
എരിത്രിയന്‍ പ്രസിഡണ്ട് അഫ് വര്‍ക്കിയുടെ അനുഗുണ നിലപാടുകൂടെ ആയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. 1978 – ല്‍ പശ്ചിമ എത്യോപയില്‍ ജനിച്ച എയ്ബി കൗമാരം വിടുന്നതിനുമുമ്പ് തന്നെ ഗവണ്‍മെന്റ് വിരുദ്ധ സമരങ്ങളില്‍ ഭാഗഭാക്കാകാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്ന എയ്ബി ലഫ്.കേണല്‍ പദവി വരെ ഉയര്‍ന്നു. സമാധാനം, സുരക്ഷാ പഠനം എന്നിവയില്‍ ഡോക്ടറല്‍ ബിരുദമുള്ള ഇദ്ദേഹം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. എത്യോപ്യയുടെ ഭരണം കയ്യാളുന്ന ഋജഞഉഎ ന്റെ ഘടകകക്ഷിയായ ‘ഒറോമോ’ വിഭാഗത്തിന്റെ അനിഷേധ്യനായ നേതാവാണിപ്പോള്‍ എയ്ബി അഹ്മദ്.
എയ്ബി അഹമ്മദിന്റെ സമാധാനശ്രമങ്ങള്‍ മാത്രമായിരിക്കില്ല അദ്ദേഹത്തെ ലോകത്തിലെ തന്നെ പരമോന്നത ബഹുമതിക്കായി പരിഗണിക്കാന്‍ നൊബേല്‍ പുരസ്‌കാര സമിതി മാനദണ്ഢമാക്കിയത്. സ്വേച്ഛാധിപത്യ പ്രവണത കാണിച്ചിരുന്ന അദ്ദേഹത്തിന്റെ മുന്‍ഗാമികളൊന്നും തന്നെ പ്രതിപക്ഷ പാര്‍ട്ടികളെ നേരാംവണ്ണം പ്രവര്‍ത്തിക്കാനോ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനോ അനുവദിച്ചിരുന്നില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റയുടന്‍ എയ്ബി അഹമദ് ചെയ്തത് ജയിലിലടക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയെല്ലാം മോചിപ്പിച്ചും തന്റെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിന് രാജ്യത്തോട് മാപ്പ് ചോദിച്ചും ജനങ്ങളെ കൈയിലെടുക്കുകയായിരുന്നു . തന്റെ മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും കാണിച്ചു അദ്ദേഹം തികഞ്ഞ വ്യതിരിക്തത.
എയ്ബി മന്ത്രിസഭയിലെ പകുതിയോളം പേര്‍ സ്ത്രീകളാണെന്നത് ലിംഗ സമത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മററു പല രാഷ്ട്ര നേതാക്കള്‍ക്കും നാണക്കേടാണ്. സെക്രട്ടറിയെ നിയമിക്കുന്നത് ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി നേരിട്ടിടപഴകുന്നതില്‍ വിഘ്‌നം സൃഷ്ടിക്കുമെന്ന് ഭയന്ന് അതും വേണ്ടെന്നു വച്ചു അദ്ദേഹം. എത്യോപ്യയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാതിലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജനങ്ങള്‍ക്കായി എപ്പോഴും തുറന്നിടപ്പെട്ടു കിടക്കുന്നു.
എയ്ബി അഹ്മദിന്റെ നേതൃപാടവത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു സുഡാന്‍ വിഷയത്തില്‍ അദ്ദേഹം ഇടപെട്ട രീതി . ഉമര്‍ അല്‍ ബഷീറിന്റെ പതനത്തിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സുഡാനിലുടലെടുത്ത രാഷ്ട്രീയ അസ്ഥിരതയെഅനുഭവ പരിജ്ഞാനമുള്ള ഒരു രാഷ്ട തന്ത്രജ്ഞന്റെ മിടുക്കോടെയായിരുന്നു ഈ 43 കാരന്‍ കൈ കാര്യം ചെയ്തത്. ഇപ്പോള്‍ സുഡാന്‍ ഭരിക്കുന്ന മിലിട്ടറി- സിവിലിയന്‍ സംയുക്ത ഇടക്കാല സര്‍ക്കാറിന് രൂപം കൊടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് അദ്ദേഹം വഹിച്ചത്. യു.എന്‍ സെക്രട്ടരി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടതുപോലെ പ്രതീക്ഷയുടെ കാറ്റ് മുമ്പെന്നെത്തേതിനേക്കാള്‍ ശക്തമായി ആഫ്രിക്കക്ക് കുറുകെ അടിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പ്രധാനപ്പെട്ട ഒരു കാരണമാവട്ടെ, പ്രധാനമന്ത്രി എയ്ബി അഹ്മദും.
ഇങ്ങിനെയൊക്കെ ആണെങ്കിലും, നൊബേല്‍ പുരസ്‌കാരത്തിന്റെ പ്രഭയില്‍ വെയില്‍ കായാനാവാത്ത വിധം കടുത്ത വെല്ലുവിളികളാണ്എയ്ബി അഹ്മദ് സ്വന്തം രാഷ്ട്രത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. എരിത്രിയയുമായുള്ള സംഘര്‍ഷത്തില്‍ ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ട 30 ലക്ഷത്തോളം എത്യോപ്യക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുറമേ അമിത സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഉന്‍മാദത്തില്‍ നിലവിട്ട് പെരുമാറുന്ന രാഷ്ട്രീയ കക്ഷികളെയും അദ്ദേഹത്തിന് നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അഴിമതിയാരോപണം മൂലം പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ ഒരു ഭാഗത്ത് കലാപക്കൊടിയുയര്‍ത്തുമ്പോള്‍ മറ്റൊരു ഭാഗത്ത് അധികാരം നഷ്ടപ്പെട്ട് മോഹഭംഗം നേരിടുന്ന ചെറുകിട രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു. തന്റെ തന്നെ പട്ടാളത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് നേരെ ഒരു വധശ്രമം നടന്നിട്ട് അധിക നാളായിട്ടില്ല.
പ്രതിസന്ധികളിലും അവസരങ്ങള്‍ കണ്ടെത്തുന്നവരാണല്ലോ മഹാന്‍മാര്‍. എയ്ബി അഹ്മദും എല്ലാ വെല്ലുവിളികളെയും മെയ് വഴക്കത്തോടെ നേരിടുമെന്നാണു ലോകം പ്രത്യാശിക്കുന്നത്.
കടുത്ത വരള്‍ച്ച, ഭക്ഷ്യക്ഷാമം , നിരക്ഷരത, ഭരണ രംഗത്തെ അഴിമതി, ഗോത്രീയ വംശീയ കലാപങ്ങള്‍ പോലെ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന മഹാമാരികള്‍ തുടങ്ങിയവയെല്ലാം എത്യോപ്യയടക്കമുള്ള ‘കാപ്പിരികളുടെ നാടി’ ന്റെ തീരാശാപമാണ്. ഈ പ്രശ്‌നങ്ങളെല്ലാം അഭിസംബോധന ചെയ്യാന്‍ ഇതര ആഫ്രിക്കന്‍ രാഷ്ട്ര നേതാക്കളുമായി എയ്ബി കൈകോര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
നൊബേല്‍ പുരസ്‌കാരത്തിലെ ‘രാഷ്ട്രീയം’ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് പലപ്പോഴും വിഷയമാവാറുണ്ട്. സാഹിത്യ നൊബേല്‍ പുരസ്‌കാരം ‘ യൂറോ കേന്ദ്രീകൃത’ മായെന്നും 2019 -ലെ സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവ് ബോസ്‌നിയന്‍ മുസ്‌ലിംങ്ങള്‍ക്കെതിരായി സെര്‍ബ് സേന നടത്തിയ അതിക്രമങ്ങളെ നിസാരവത്കരിച്ച എഴുത്തുകാരനാണെന്നുമുള്ള കടുത്ത വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. 2018 ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപനം ലൈംഗിക വിവാദങ്ങളില്‍ കുരുങ്ങി ഒരു വര്‍ഷത്തോളമാണ് നീണ്ടതെന്നതും പുരസ്‌കാരത്തിന്റെ നിറം കെടുത്തുന്നു. എന്നാല്‍ ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കൊന്നും തിരികൊളുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
എയ്ബി അഹമദ് അലിക്ക് ലഭിച്ച ഈ ആദരം കേവലം എത്യോപ്യ- എരിത്രിയ രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ട സമാധാനത്തിനുള്ള അംഗീകാരം മാത്രമായി മാറാതെ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ മുഴുവനായും സമാധാന വഴിയില്‍ കൊണ്ടു വരാനുള്ള പ്രചോദനമായിത്തീരണം.